ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

രണ്ട് മാസം നീണ്ടുനിൽക്കുന്ന "ഹർ ഘർ ദസ്തക് 2.0" പരിപാടിക്ക്  തുടക്കമായി

Posted On: 01 JUN 2022 1:16PM by PIB Thiruvananthpuram
സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമുള്ള കോവിഡ് 19 വാക്സിനേഷന്റെ നിരക്കും  വേഗതയും ത്വരിതപ്പെടുത്തുന്നതിനുള്ള “ഹർ ഘർ ദസ്തക് 2.0" രാജ്യത്തുടനീളം ആരംഭിച്ചു. മിഷൻ മോഡിൽ നടപ്പിലാക്കിയ ഈ പദ്ധതി വഴി അർഹരായ എല്ലാ ഗുണഭോക്താക്കൾക്കും വാക്സിൻ നൽകിക്കൊണ്ട് കോവിഡ്-19 വാക്സിനേഷൻ പൂർണ്ണമാക്കുന്നതിന് പരിശ്രമിക്കാൻ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ആരോഗ്യ സെക്രട്ടറിമാരുമായും എൻഎച്ച്എം എംഡിമാരുമായും കഴിഞ്ഞ ആഴ്ച കോവിഡ് പ്രതിരോധ കുത്തിവെയ്പ്പിന്റെ സ്ഥിതി അവലോകനം ചെയ്ത കേന്ദ്ര ആരോഗ്യ സെക്രട്ടറി ശ്രീ രാജേഷ് ഭൂഷൺ ഇത് സംബന്ധിച്ച നിർദേശം നൽകി.
 
'ഹർ ഘർ ദസ്തക് 2.0' 2022 ജൂൺ 1 മുതൽ 2022 ജൂലൈ 31 വരെ നടപ്പിലാക്കും. 'ഹർ ഘർ ദസ്തക് 2.0' പരിപാടിയുടെ ലക്ഷ്യം അർഹരായ വിഭാഗങ്ങളിൽപ്പെടുന്നവർക്ക് പ്രതിരോധ കുത്തിവയ്പ്പിന്റെ ഒന്ന് , രണ്ട്, മുൻകരുതൽ ഡോസുകൾ വീടുകളിൽ  എത്തി  നൽകുക എന്നതാണ്. 60 വയസും അതിനു മുകളിലും പ്രായമുള്ള വ്യക്തികളുടെ മുൻകരുതൽ ഡോസ്  നിരക്ക് മെച്ചപ്പെടുത്തുന്നതിന് പ്രധാനമായും ശ്രദ്ധ നൽകും. കൂടാതെ വൃദ്ധസദനങ്ങൾ, സ്‌കൂൾ/കോളേജുകൾ,  ജയിലുകൾ മുതലായ ഇടങ്ങളിൽ കേന്ദ്രീകൃത കാമ്പെയ്‌നുകൾ നടത്തും. 18-59 വയസ് പ്രായമുള്ളവർക്കുള്ള മുൻകരുതൽ ഡോസിന്റെ ഫലപ്രദമായ നിർവഹണവും പുനരവലോകനവും  സ്വകാര്യ ആശുപത്രികളുമായി ചേർന്ന് നിരന്തരം നടത്തണമെന്ന് സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും അഭ്യർത്ഥിച്ചു.
 
രാജ്യത്തുടനീളം ഇതുവരെ 193.57 കോടി ഡോസുകൾ നൽകിയിട്ടുണ്ട്. 15 വയസ്സിന് മുകളിലുള്ളവരിൽ 96.3% പേർക്കും കോവിഡ് -19 വാക്‌സിന്റെ കുറഞ്ഞത് ഒരു ഡോസ് എങ്കിലും 86.3% പേർക്ക് രണ്ട് ഡോസുകളും ലഭിച്ചിട്ടുണ്ട്.
****
 


(Release ID: 1830127) Visitor Counter : 162