പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ശ്രീ ഗണപതി സച്ചിദാനന്ദ സ്വാമി ജിയുടെ എണ്‍പതാം ജന്‍മദിനാഘോഷത്തില്‍ പ്രധാനമന്ത്രി നല്‍കിയ സന്ദേശം

Posted On: 22 MAY 2022 12:00PM by PIB Thiruvananthpuram

ബഹുമാനപ്പെട്ട ശ്രീ ഗണപതി സച്ചിദാനന്ദ സ്വാമിജി,

ഇവിടെ സന്നിഹിതരായിരിക്കുന്ന സന്യാസിമാരെ, ദത്തപീഠം അനുയായികളെ, മഹതികളെ, മഹാന്‍മാരെ!

एल्लरिगू …

जय गुरु दत्त!

अप्पाजी अवरिगे,

एम्भत्तने वर्धन्ततिय संदर्भदल्लि,

പ്രണാമം! ആശംസകള്‍!

സുഹൃത്തുക്കളെ,

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് എനിക്ക് ദത്തപീഠം സന്ദര്‍ശിക്കാന്‍ അവസരം ലഭിച്ചു. അപ്പോഴാണ് നിങ്ങള്‍ എന്നോട് ഈ പരിപാടിക്ക് വരാന്‍ ആവശ്യപ്പെട്ടത്. നിങ്ങളുടെ അനുഗ്രഹം തേടി വീണ്ടും വരുമെന്ന് അന്ന് തന്നെ മനസ്സില്‍ ഉറപ്പിച്ചിരുന്നുവെങ്കിലും വരാന്‍ കഴിഞ്ഞില്ല. എനിക്ക് ഇന്ന് ജപ്പാനിലേക്ക് ഒരു യാത്രയുണ്ട്. ദത്തപീഠത്തിന്റെ ഈ മഹത്തായ ചടങ്ങില്‍ ഞാന്‍ ശാരീരികമായി ഇല്ലായിരിക്കാം, പക്ഷേ എന്റെ ആത്മാവും മനസ്സും നിങ്ങളോടൊപ്പമുണ്ട്.

ഈ നല്ല അവസരത്തില്‍ ശ്രീ ഗണപതി സച്ചിദാനന്ദ സ്വാമി ജിക്ക് ഞാന്‍ എന്റെ ആശംസകളും അഭിവാദനങ്ങളും നേരുന്നു. ജീവിതത്തിന്റെ 80-ാം വര്‍ഷമെന്ന ഈ ഘട്ടം വളരെ പ്രധാനമാണ്. നമ്മുടെ സാംസ്‌കാരിക പാരമ്പര്യത്തില്‍ 80-ാം വര്‍ഷവും സഹസ്ര ചന്ദ്രദര്‍ശനം അഥവാ, ഒരു വ്യക്തിയുടെ ജീവിതകാലത്ത് ആയിരാമതു പൗര്‍ണ്ണമി ആഘോഷമായി കണക്കാക്കപ്പെടുന്നു. പൂജ്യ സ്വാമിജിക്ക് ദീര്‍ഘായുസ്സ് നേരുന്നു. അദ്ദേഹത്തിന്റെ അനുയായിളെയും ഞാന്‍ എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു.

ഇന്ന്, 'ഹനുമത് ദ്വാര്‍' പ്രവേശന കമാനം ബഹുമാനപ്പെട്ട സന്യാസിമാരും വിശിഷ്ടാതിഥികളും ചേര്‍ന്ന് ആശ്രമത്തില്‍ ഉദ്ഘാടനം ചെയ്തു. ഇതിനും ഞാന്‍ നിങ്ങളെ എല്ലാവരെയും അഭിനന്ദിക്കുന്നു. സാമൂഹ്യനീതിക്കായുള്ള ഗുരുദേവ് ദത്തിന്റെ ആഹ്വാനത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നിങ്ങള്‍ ചെയ്യുന്ന പ്രവര്‍ത്തനത്തിന് അനുബന്ധമായുള്ളതാണ് ഇത്. ഇന്ന് മറ്റൊരു ക്ഷേത്രം കൂടി ഉദ്ഘാടനം ചെയ്യപ്പെട്ടു.

സുഹൃത്തുക്കളെ,
നമ്മുടെ പുരാണങ്ങളില്‍ പറഞ്ഞിട്ടുണ്ട്: ''परोपकाराय सताम् विभूतयः''।
അതായത്, സന്യാസിമാരും കുലീനരായ പുരുഷന്മാരും ദാനധര്‍മ്മങ്ങള്‍ക്ക് പേരുകേട്ടവരാണ്. സന്യാസിമാര്‍ ജനിക്കുന്നത് ദാനധര്‍മ്മത്തിനും മനുഷ്യരാശിക്കുള്ള സേവനത്തിനുമാണ്. അതുകൊണ്ട് ഒരു സന്യാസിയുടെ ജനനവും ജീവിതവും ഒരു വ്യക്തിഗത യാത്ര മാത്രമല്ല. മറിച്ച്, സമൂഹത്തിന്റെ ഉന്നമനത്തിന്റെയും ക്ഷേമത്തിന്റെയും യാത്രയും അതുമായി ബന്ധപ്പെട്ടിരിക്കുന്നു. ശ്രീ ഗണപതി സച്ചിദാനന്ദ സ്വാമിജിയുടെ ജീവിതം അതിനു തെളിവാണ്, ഉദാഹരണമാണ്. രാജ്യത്തിന്റെയും ലോകത്തിന്റെയും വിവിധ കോണുകളിലായി നിരവധി ആശ്രമങ്ങളുണ്ട്. ഇവ വ്യത്യസ്ത പദ്ധതികളുള്ള വലിയ സ്ഥാപനങ്ങളാണ്. എന്നാല്‍ അവയുടെ ദിശയും ലക്ഷ്യവും ഒന്നുതന്നെയാണ് - ജീവജാലത്തിനുള്ള സേവനം, ജീവജാലങ്ങളുടെ ക്ഷേമം.

സഹോദരീ സഹോദരന്മാരേ,

ആത്മീയതയ്ക്കൊപ്പം ആധുനികതയും ഇവിടെ പരിപോഷിപ്പിക്കപ്പെടുന്നു എന്നതാണ് ദത്തപീഠത്തിന്റെ പ്രയത്നങ്ങളില്‍ എനിക്ക് ഏറ്റവും വലിയ സംതൃപ്തി നല്‍കുന്ന കാര്യം. ഇവിടെ ഒരു വലിയ ഹനുമാന്‍ ക്ഷേത്രമുണ്ട്; അതേ സമയം 3 ഡി മാപ്പിംഗ്, സൗണ്ട് ആന്റ് ലൈറ്റ് ഷോ എന്നിവയ്ക്കും സംവിധാനമുണ്ട്. കൂറ്റന്‍ പക്ഷി പാര്‍ക്ക് മാത്രമല്ല, അതു പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള ആധുനിക സംവിധാനവും ഇവിടെയുണ്ട്.

ദത്തപീഠം ഇന്ന് വേദപഠനത്തിന്റെ പ്രധാന കേന്ദ്രമായി മാറിയിരിക്കുന്നു. മാത്രമല്ല, നമ്മുടെ പൂര്‍വ്വികര്‍ നമുക്ക് നല്‍കിയ സംഗീതത്തിന്റെയും ഈണങ്ങളുടെയും ശക്തി ജനങ്ങളുടെ ആരോഗ്യത്തിനായി എങ്ങനെ ഉപയോഗിക്കാമെന്നതിനെക്കുറിച്ചുള്ള ഫലപ്രദമായ നവീകരണങ്ങള്‍ സ്വാമിജിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ നടക്കുന്നു. പ്രകൃതിക്ക് വേണ്ടിയുള്ള ശാസ്ത്രത്തിന്റെ ഈ ഉപയോഗവും ആത്മീയതയുമായുള്ള സാങ്കേതികവിദ്യയുടെ ഈ സംയോജനവും ചലനാത്മക ഇന്ത്യയുടെ ആത്മാവാണ്. സ്വാമിജിയെപ്പോലുള്ള സന്യാസിമാരുടെ പ്രയത്നത്താല്‍, ഇന്ന് രാജ്യത്തെ യുവജനങ്ങള്‍ അവരുടെ പാരമ്പര്യങ്ങളുടെ ശക്തിയെ അടുത്തറിയുകയും അവയെ മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യുന്നു എന്നതില്‍ എനിക്ക് സന്തോഷമുണ്ട്.

സുഹൃത്തുക്കളെ,
രാജ്യം സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം ആഘോഷിക്കുന്ന വേളയിലാണ് ഇന്ന് നാം സ്വാമിജിയുടെ 80-ാം ജന്മദിനം ആഘോഷിക്കുന്നത്. നമ്മുടെ സന്യാസിമാര്‍ എല്ലായ്പ്പോഴും അവനവനു മുകളിലേക്ക് ഉയരാനും എല്ലാത്തിനും വേണ്ടി പ്രവര്‍ത്തിക്കാനും നമ്മെ പ്രചോദിപ്പിച്ചിട്ടുണ്ട്. 'സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ്, സബ്കാ പ്രയാസ്' എന്ന മന്ത്രവുമായി ഒരുമിച്ചു ദൃഢനിശ്ചയങ്ങളെടുക്കാന്‍ ഇന്ന് രാജ്യം നമ്മോട് ആഹ്വാനം ചെയ്യുന്നു. ഇന്ന് രാജ്യം അതിന്റെ പൈതൃകം സംരക്ഷിക്കുകയും അതിനെ പ്രോത്സാഹിപ്പിക്കുകയും അതിന്റെ നവീകരണത്തിനും ആധുനികതയ്ക്കും ഉത്തേജനം നല്‍കുകയും ചെയ്യുന്നു. യോഗയും യുവത്വവുമാണ് ഇന്ന് ഇന്ത്യയെ തിരിച്ചറിയുന്നത്. ഇന്ന് ലോകം നമ്മുടെ സ്റ്റാര്‍ട്ടപ്പുകളെ അതിന്റെ ഭാവിയായിട്ടാണ് കാണുന്നത്. നമ്മുടെ വ്യവസായങ്ങളും നമ്മുടെ 'മേക്ക് ഇന്‍ ഇന്ത്യ'യും ആഗോള വളര്‍ച്ചയുടെ പ്രതീക്ഷയുടെ കിരണമായി മാറുകയാണ്. ഈ തീരുമാനങ്ങള്‍ നേടിയെടുക്കാന്‍ നാം പ്രവര്‍ത്തിക്കണം. നമ്മുടെ ആത്മീയ കേന്ദ്രങ്ങള്‍ ഈ ദിശയിലും പ്രചോദനത്തിന്റെ കേന്ദ്രങ്ങളാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.

സുഹൃത്തുക്കളെ,
സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷത്തില്‍, അടുത്ത 25 വര്‍ഷത്തേക്കുള്ള ദൃഢനിശ്ചയങ്ങളും ലക്ഷ്യങ്ങളും നാം നിശ്ചയിച്ചു. ദത്തപീഠത്തിന്റെ പ്രമേയങ്ങളെ 'അമൃത സങ്കല്‍പ'വുമായി ബന്ധിപ്പിക്കാന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. പ്രകൃതി സംരക്ഷണത്തിനും പക്ഷികള്‍ക്കും വേണ്ടി നിങ്ങള്‍ അസാധാരണമായ പ്രവര്‍ത്തനമാണ് നടത്തുന്നത്. ഈ ദിശയില്‍ നിങ്ങള്‍ കൂടുതല്‍ പുതിയ തീരുമാനങ്ങള്‍ എടുക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. നദികളുടെ സംരക്ഷണത്തിനായി ജലസംരക്ഷണത്തെക്കുറിച്ചും നമ്മുടെ ജലസ്രോതസ്സുകളെക്കുറിച്ചും പൊതുജന അവബോധം വര്‍ദ്ധിപ്പിക്കുന്നതിന് നാമെല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.

അമൃത് മഹോത്സവത്തില്‍ ഓരോ ജില്ലയിലും 75 അമൃത് സരോവരങ്ങള്‍ നിര്‍മിക്കുന്നുണ്ട്. ഈ തടാകങ്ങളുടെ പരിപാലനത്തിനും വികസനത്തിനും നാം സമൂഹത്തെ പങ്കാളികളാക്കേണ്ടതുണ്ട്. അതുപോലെ സ്വച്ഛ് ഭാരത് അഭിയാന്‍ ഒരു അവിരാമമായ ബഹുജന പ്രസ്ഥാനമായി നമുക്ക് മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ട്. ശുചീകരണ തൊഴിലാളികള്‍ക്കായി സ്വാമിജി നല്‍കിയ സംഭാവനകളെയും അസമത്വത്തിനെതിരായ പോരാട്ടത്തെയും പ്രത്യേകം അഭിനന്ദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. സ്വാമിജി പിന്തുടരുന്ന എല്ലാവരെയും ബന്ധിപ്പിക്കുക എന്നതാണ് ഒരു മതത്തിന്റെ യഥാര്‍ത്ഥ പ്രകടീകരണം. സമൂഹനിര്‍മ്മാണം, രാഷ്ട്രനിര്‍മ്മാണം എന്നീ കാര്യങ്ങളില്‍ ദത്തപീഠം അതിന്റെ സുപ്രധാന ഉത്തരവാദിത്തങ്ങള്‍ തുടര്‍ന്നും നിര്‍വഹിക്കുമെന്നും ആധുനിക കാലത്ത് ജീവജാലങ്ങളുടെ സേവനത്തിന് പുതിയ മാനം നല്‍കുമെന്നും എനിക്ക് ഉറപ്പുണ്ട്. ജീവജാലങ്ങളെ സേവിക്കുന്നതിലൂടെ ശിവനെ സേവിക്കുക എന്ന ദൃഢനിശ്ചയം അങ്ങനെയാണ് നിറവേറ്റപ്പെടുന്നത്.

ശ്രീ ഗണപതി സച്ചിദാനന്ദ സ്വാമിജിയുടെ ദീര്‍ഘായുസ്സിനായി ഒരിക്കല്‍ കൂടി ഞാന്‍ സര്‍വ്വശക്തനോട് പ്രാര്‍ത്ഥിക്കുന്നു. അദ്ദേഹത്തിന് നല്ല ആരോഗ്യം നേരുന്നു. ദത്തപീഠത്തിലൂടെ സമൂഹം ഇതേ രീതിയില്‍ വളരുകയും ശാക്തീകരിക്കപ്പെടുകയും ചെയ്യുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ആ ചിന്തയോടെ നിങ്ങള്‍ക്കെല്ലാര്‍ക്കും വളരെ നന്ദി!

--ND--


(Release ID: 1827960) Visitor Counter : 156