പ്രധാനമന്ത്രിയുടെ ഓഫീസ്
ക്വാഡ് നേതാക്കളുടെ ഉച്ചകോടിയ്ക്കായി പ്രധാനമന്ത്രി ജപ്പാൻ സന്ദർശിക്കും
Posted On:
19 MAY 2022 10:00PM by PIB Thiruvananthpuram
ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയുടെ ക്ഷണപ്രകാരം, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2022 മെയ് 24-ന് ടോക്കിയോയിൽ നടക്കുന്ന ക്വാഡ് നേതാക്കളുടെ മൂന്നാമത് ഉച്ചകോടിയിൽ യു.എസ്.എയുടെ പ്രസിഡന്റ് ജോസഫ് ആർ. ബൈഡൻ, ആസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ എന്നിവരോടൊപ്പം പങ്കെടുക്കും.
2021 മാർച്ചിലെ ആദ്യ വെർച്വൽ സമ്മേളനം , 2021 സെപ്റ്റംബറിൽ വാഷിംഗ്ടൺ ഡി.സി.യിലെ വ്യക്തിഗത ഉച്ചകോടി, 2022 മാർച്ചിൽ വെർച്വൽ മീറ്റിംഗ് എന്നിവയ്ക്ക് ശേഷം ക്വാഡ് നേതാക്കളുടെ നാലാമത്തെ ആശയവിനിമയമാണ് ടോക്കിയോയിലെ ഉച്ചകോടി. ഇൻഡോ-പസഫിക് മേഖലയിലെ സംഭവവികാസങ്ങളെക്കുറിച്ചും പരസ്പര താൽപ്പര്യമുള്ള സമകാലിക ആഗോള പ്രശ്‌നങ്ങളെക്കുറിച്ചും കാഴ്ചപ്പാടുകൾ കൈമാറാൻ ഈ ക്വാഡ് ഉച്ചകോടി, നേതാക്കൾക്ക് അവസരമൊരുക്കുന്നു.
നേതാക്കൾ ക്വാഡ് സംരംഭങ്ങളുടെയും വർക്കിംഗ് ഗ്രൂപ്പുകളുടെയും പുരോഗതി അവലോകനം ചെയ്യും. സഹകരണത്തിന്റെ പുതിയ മേഖലകൾ തിരിച്ചറിയുകയും ഭാവി സഹകരണത്തിനുള്ള തന്ത്രപരമായ മാർഗനിർദേശവും കാഴ്ചപ്പാടും നൽകുകയും ചെയ്യും.
മെയ് 24 ന് പ്രധാനമന്ത്രിയും ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയും തമ്മിൽ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും. 2022 മാർച്ചിൽ പ്രധാനമന്ത്രി കിഷിദ ഇന്ത്യ സന്ദർശിച്ചപ്പോൾ നടന്ന 14-ാമത് ഇന്ത്യ-ജപ്പാൻ വാർഷിക ഉച്ചകോടിയിൽ നിന്ന് ഇരു നേതാക്കൾക്കും അവരുടെ സംഭാഷണങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ പ്രധാനമന്ത്രി കിഷിദയുമായുള്ള കൂടിക്കാഴ്ച അവസരമൊരുക്കും. സന്ദർശന വേളയിൽ, പ്രധാനമന്ത്രി ജപ്പാനിലെ വ്യവസായ പ്രമുഖരുമായി ഒരു ബിസിനസ് പരിപാടിയിൽ പങ്കെടുക്കുകയും ജപ്പാനിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുകയും അവരുമായി സംവദിക്കുകയും ചെയ്യും.
2022 മെയ് 24 ന് പ്രധാനമന്ത്രി യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയുടെ പ്രസിഡന്റ് ജോസഫ് ആർ. ബൈഡനുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും. ഇക്കഴിഞ്ഞ ഏപ്രിൽ 11-ന് വെർച്വലായി നടന്ന അവരുടെ പതിവ് സംഭാഷണത്തിന്റെ തുടർച്ചയാണ് ഈ കൂടിക്കാഴ്ച . ഇന്ത്യ-യുഎസ് തന്ത്രപരമായ പങ്കാളിത്തം രണ്ട് നേതാക്കളും അവലോകനം ചെയ്യുമെന്നും 2021 സെപ്റ്റംബറിൽ പ്രസിഡന്റ് ബൈഡനുമായുള്ള പ്രധാനമന്ത്രിയുടെ ഉഭയകക്ഷി കൂടിക്കാഴ്ചയിൽ നടന്ന ചർച്ചകളുടെ തുടർനടപടികൾ ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു. മേഖലാതലത്തിലും ആഗോളവുമായ സംഭവവികാസങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും അവർ കൈമാറും.
2022 മെയ് 21 ന് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഓസ്‌ട്രേലിയയിലെ പ്രധാനമന്ത്രിയുമായി ശ്രീ. നരേന്ദ്ര മോദി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തിയേക്കും. രണ്ട് നേതാക്കളും ഇന്ത്യ-ഓസ്‌ട്രേലിയ സമഗ്ര പങ്കാളിത്തം അവലോകനം ചെയ്യുകയും മേഖലയിലെയും , ആഗോളതലത്തിലെയും സംഭവവികാസങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ കൈമാറുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. രണ്ട് പ്രധാനമന്ത്രിമാരും തമ്മിലുള്ള അവസാന ഉഭയകക്ഷി കൂടിക്കാഴ്ച 2022 മാർച്ച് 21 ന് വെർച്വലായി നടന്നു, തുടർന്ന് 2022 ഏപ്രിൽ 2 ന് ഇന്ത്യ-ഓസ്‌ട്രേലിയ സാമ്പത്തിക , വ്യാപാര, സഹകരണ കരാറും ഒപ്പുവച്ചു.
-ND-
(Release ID: 1826894)
Visitor Counter : 170
Read this release in:
Kannada
,
Marathi
,
English
,
Urdu
,
Hindi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu