വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

ഇന്ത്യയില്‍ നിന്നുള്ള ഉള്ളടക്കങ്ങള്‍ ആഗോള തലത്തില്‍ പ്രേക്ഷക ഹൃദയങ്ങളെ കീഴടക്കുന്നു: കേന്ദ്ര മന്ത്രി ശ്രീ അനുരാഗ് താക്കൂര്‍



ലോകത്തിന്റെ  സ്വന്തം പോസ്റ്റ് പ്രൊഡക്ഷന്‍ ഹബ്ബായി ഇന്ത്യ മാറും: കേന്ദ്ര മന്ത്രി

Posted On: 19 MAY 2022 4:31PM by PIB Thiruvananthpuram

ലോകം മുഴുവനുമുള്ള പ്രേക്ഷകര്‍ ഇന്ത്യയില്‍ നിന്നുള്ള ഉള്ളടക്കങ്ങള്‍ക്കായി കാതോര്‍ത്തു നില്‍ക്കുകയാണെന്ന് കേന്ദ്ര വാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രി ശ്രീ അനുരാഗ് താക്കൂര്‍ പറഞ്ഞു. ലോക പ്രസിദ്ധമായ കാനിലെ 'പലെ ഡേ' ചലച്ചിത്ര മേളയുടെ ഭാഗമായി സംഘടിപ്പിച്ച ഇന്ത്യ ഫോറത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു കേന്ദ്ര മന്ത്രി. 

ആഗോള തലത്തില്‍ പ്രേക്ഷക ഹൃദയത്തെയും മനസിനെയും ഇന്ത്യയില്‍ നിന്നുള്ള ഉള്ളടക്കങ്ങള്‍ കീഴടക്കുന്നുവെന്ന് കേന്ദ്ര മന്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യക്കു വേണ്ടി സ്വന്തമായി ഒ ടി ടി പ്ലാറ്റ്‌ഫോം സൃഷ്ടിക്കാനുള്ള മത്സരത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് ബ്രോഡ്കാസ്റ്റര്‍മാരും ടെലികോം കമ്പനികളും. ലോകം മുഴുവനുള്ള സിനിമാ പ്രവര്‍ത്തകര്‍ക്ക് സഹ നിര്‍മാണ സഹകരണം സാധ്യമാക്കാന്‍, പറ്റാവുന്ന എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്നും ശ്രീ അനുരാഗ് താക്കൂര്‍ പറഞ്ഞു. വരുന്ന അഞ്ചു കൊല്ലത്തിനുള്ളില്‍ ഏറെ ഗുണനിലവാരമുള്ള വിഷയങ്ങളും ഉള്ളടക്കങ്ങളും സൃഷ്ടിക്കുന്നതില്‍ ലോകത്തെ ഏറ്റവും മികച്ച രാജ്യമായി ഇന്ത്യ മാറും. ലോകം തെരഞ്ഞെടുക്കുന്ന പോസ്റ്റ് പ്രൊഡക്ഷന്‍ ഹബ്ബായി ഇന്ത്യയെ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.

കാന്‍ ചലച്ചിത്ര മേളയുടെയും ഇന്ത്യ - ഫ്രാന്‍സ് നയതന്ത്ര ബന്ധങ്ങള്‍ക്കു തുടക്കം കുറിച്ചതിന്റെയും 75-ാം വാര്‍ഷികം ആഘോഷിക്കുകയാണ് ഇക്കൊല്ലം എന്ന പ്രത്യേകതയുണ്ട്. ഇന്ത്യ - ഫ്രാന്‍സ് ബന്ധത്തിന് കരുത്ത് പകരുന്നതില്‍ 'ഫെസ്റ്റിവല്‍ ഡി കാന്‍സ്' നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ടെന്ന് ശ്രീ അനുരാഗ് താക്കൂര്‍ പറഞ്ഞു. 1946 ല്‍ പ്രശസ്ത ഇന്ത്യന്‍ ചലച്ചിത്രകാരന്‍ ചേതന്‍ ആനന്ദിന്റെ 'നീച നഗര്‍' എന്ന ചിത്രത്തിന് കാന്‍ ചലച്ചിത്ര മേളയില്‍ 'പാം ഡി ഓര്‍' ലഭിച്ചു. ഒരു ദശാബ്ദത്തിനു ശേഷം 1956 ല്‍ സത്യജിത് റേയുടെ 'പഥേര്‍ പാഞ്ചാലി'യും 'പാം ഡി ഓര്‍' നേടി. നമ്മുടെ സിനിമാ മികവിനുള്ള അംഗീകാരം രാജ്യത്തെ 'ലോകത്തിന്റെ ഉള്ളടക്ക കേന്ദ്രമായി' വര്‍ത്തിക്കാന്‍ സജ്ജമാക്കിയിരിക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. രാജ്യത്തിന്റെ സിനിമാ മേഖലയോടുള്ള അഭിനിവേശവും സാങ്കേതിക വൈദഗ്ധ്യവും സമ്പന്നമായ സംസ്‌കാരവും കഥ പറച്ചിലിന്റെ മഹത്തായ പൈതൃകവും ലോകത്തിനു മുഴുവന്‍ പകര്‍ന്നു നല്‍കാന്‍ ഇന്ത്യ ലക്ഷ്യമിടുന്നുവെന്നും മന്ത്രി പറഞ്ഞു. 

കാന്‍ ചലച്ചിത്ര മേളയുടെ ഭാഗമായി എത്തിയ മാധ്യമ, വിനോദ മേഖലകളില്‍ നിന്നുള്ള ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ തങ്ങളുടെ സാങ്കേതിക വൈദഗ്ധ്യവും എവിജിസി (അനിമേഷന്‍, വിഷ്വല്‍ എഫക്ട്‌സ്, ഗെയ്മിങ് ആന്‍ഡ് കോമിക്‌സ്) മേഖലയിലെ മികവും വെളിവാക്കുമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ എട്ടു വര്‍ഷമായി സിനിമാ നിര്‍മാണ മേഖലയില്‍ കേന്ദ്ര സര്‍ക്കാര്‍ നിരവധി സൗകര്യങ്ങളാണ് കൊണ്ടു വന്നത്. ഉത്തര്‍ പ്രദേശ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ സ്വന്തം ചലച്ചിത്ര മേഖലയ്ക്കായി പ്രത്യേക നയങ്ങള്‍ക്കു രൂപം നല്‍കി. ചലച്ചിത്ര നിര്‍മാണത്തില്‍ സഹകരിച്ചു. 2025 ഓടെ പ്രതിവര്‍ഷം 53 ബില്യണ്‍ ഡോളര്‍ വരുമാനം പ്രതീക്ഷിക്കുന്ന ഇന്ത്യയുടെ മാധ്യമ, വിനോദ ആവാസ വ്യവസ്ഥയെ ഉത്തേജിപ്പിക്കാനാണ് ഈ ശ്രമങ്ങള്‍ ലക്ഷ്യം വയ്ക്കുന്നതെന്നും ശ്രീ അനുരാഗ് താക്കൂര്‍ പറഞ്ഞു.

 

ഇന്ത്യയെ ഒരു ആഗോള ഉള്ളടക്ക ഉപഭൂഖണ്ഡമാക്കി മാറ്റുന്നതിന് ആവശ്യമായ എല്ലാ നടപടികളും ഗവണ്‍മെന്റ് സ്വീകരിക്കും. ഇന്ത്യയെ എവിജിസി മേഖലയുടെ മികച്ച പോസ്റ്റ് പ്രൊഡക്ഷന്‍ ഹബ്ബാക്കി മാറ്റുമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. മനോഹരമായ ലൊക്കേഷനുകളാണ് രാജ്യത്തുള്ളത് എന്നതിനാല്‍ സിനിമാ ചിത്രീകരണങ്ങള്‍ക്കായി ഇന്ത്യയിലേക്ക് വരണമെന്ന് വിദേശ ചലച്ചിത്ര നിര്‍മാതാക്കള്‍ക്കു ക്ഷണം നല്‍കിയാണ് ശ്രീ അനുരാഗ് താക്കൂര്‍ ഉപസംഹരിച്ചത്. 

യോഗത്തില്‍ കുമാരി വാണി ത്രിപാഠി മോഡറേറ്ററായി. കേന്ദ്ര  വാര്‍ത്താവിതരണ - പ്രക്ഷേപണ സെക്രട്ടറി ശ്രീ അപൂര്‍വ ചന്ദ്ര, സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ ചെയര്‍മാനും എഴുത്തുകാരനും കവിയുമായ ശ്രീ പ്രസൂണ്‍ ജോഷി, ചലച്ചിത്ര നിര്‍മാതാവും സംവിധായകനും എഴുത്തുകാരനും നടനുമായ ശ്രീ ആര്‍ മാധവന്‍, ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ചെയര്‍മാനും ഇന്ത്യന്‍ ചലച്ചിത്രകാരനും നടനും ടെലിവഷന്‍ അവതാരകനും സംരംഭകനുമായ ശ്രീ ശേഖര്‍ കപൂര്‍, ഹോളിവുഡ് റിപ്പോര്‍ട്ടര്‍ എഡിറ്റര്‍ സ്‌കോട്ട് റോക്‌സ്ബറോ, നിര്‍മാതാവ് ഫിലിപ്പ് അവ്‌റില്‍ എന്നിവരും  ഇന്ത്യ ഫോറത്തില്‍ സംസാരിച്ചു.

 

 

center">

ND MRD

***


(Release ID: 1826706) Visitor Counter : 202