പ്രധാനമന്ത്രിയുടെ ഓഫീസ്‌

രണ്ടാമത് ആഗോള കോവിഡ് വെര്‍ച്വല്‍ ഉച്ചകോടിയുടെ ഉദ്ഘാടന സമ്മേളനത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

Posted On: 12 MAY 2022 8:18PM by PIB Thiruvananthpuram

പ്രസിഡന്റ് ബൈഡന്‍

വൈസ് പ്രസിഡന്റ് ഹാരിസ്

ബഹുമാന്യരേ,

നമസ്‌കാരം!

കോവിഡ് മഹാമാരി ജനജീവിതത്തെയും വിതരണശൃംഖലയേയും ദോഷകരമായി ബാധിക്കുകയും ആഗോള സമൂഹങ്ങളുടെ സഹനശക്തി പരീക്ഷിക്കുകയും ചെയ്യുന്നത് തുടരുകയാണ്. ഇന്ത്യയില്‍ ഞങ്ങള്‍ ഈ മഹാമാരിക്കെതിരെ ജനകേന്ദ്രീകൃത തന്ത്രം നടപ്പിലാക്കിയിരിക്കുന്നു. ഞങ്ങള്‍ ഈ വര്‍ഷം ആരോഗ്യരംഗത്തിനായി ബജറ്റില്‍ ഏറ്റവും ഉയര്‍ന്ന തുക നിക്കിവച്ചിരിക്കുന്നു.

ആഗോളതലത്തിലെ ഏറ്റവും വലിയ വാക്സിന്‍ വിതരണ പരിപാടിയാണ് ഞങ്ങളുടേത്. രാജ്യത്തെ പ്രായപൂര്‍ത്തിയായവരില്‍ 90 ശതമാനത്തിനും 50 ദശലക്ഷം കുട്ടികള്‍ക്കും ഞങ്ങള്‍ വാക്സിന്‍ നല്‍കിക്കഴിഞ്ഞു. ലോകാരോഗ്യ സംഘടനയുടെ അംഗീകാരമുള്ള നാല് വാക്സിനുകള്‍ വികസിപ്പിച്ച ഇന്ത്യക്ക് ഈ വര്‍ഷം 5 ബില്യണ്‍ ഡോസുകള്‍ ഉല്‍പാദിപ്പിക്കാനുള്ള ശേഷിയുമുണ്ട്.

കോവാക്സ് വഴി 98 രാജ്യങ്ങള്‍ക്ക് 200 ദശലക്ഷത്തിലധികം ഡോസുകള്‍ ഞങ്ങള്‍ വിതരണം ചെയ്തു. പരിശോധന, ചികിത്സ, വിവരവിശകലനം എന്നിവയ്ക്കായി കോവിഡുമായി ബന്ധപ്പെട്ട കുറഞ്ഞ ചെലവിലുള്ള സാങ്കേതിക വിദ്യകള്‍ ഇന്ത്യ വികസിപ്പിച്ചു ഈ സാങ്കേതികവിദ്യ ഞങ്ങള്‍ മറ്റു രാജ്യങ്ങളുമായി പങ്കിടാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്.

വൈറസിനെ സംബന്ധിച്ച ആഗോള ഡാറ്റാബേസിലേക്ക് ഇന്ത്യയുടെ ജെനോമിക്സ് കണ്‍സോര്‍ഷ്യം നിര്‍ണായക സംഭാവന നല്‍കിയിരിക്കുന്നു. ഞങ്ങളുടെ അയല്‍രാജ്യങ്ങളുമായി ഈ ശൃംഖല വ്യാപിപ്പിക്കുമെന്ന വിവരം ഞാന്‍ സന്തോഷത്തോടെ നിങ്ങളുമായി പങ്ക് വയ്ക്കുന്നു.

ഇന്ത്യയില്‍ കോവിഡ് 19നെതിരായ പോരാട്ടത്തിലും രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും നിരവധി ജീവനുകള്‍ രക്ഷിക്കാനും ഞങ്ങള്‍ പരമ്പരാഗത മരുന്നുകള്‍ വ്യാപകമായി ഉപയോഗപ്പെടുത്തി.

ഞങ്ങളുടെ ഈ പാരമ്പര്യ ചികിത്സാ രീതി ലോകത്തിനാകെ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഞങ്ങള്‍ കഴിഞ്ഞ മാസം ''പരമ്പരാഗത മരുന്നുകള്‍ക്കുള്ള ലോകാരോഗ്യ സംഘടന കേന്ദ്ര''ത്തിന്റെ ശിലാസ്ഥാപനം നടത്തി.

ബഹുമാന്യരേ,

ഭാവിയില്‍ വരാനിരിക്കുന്ന ആരോഗ്യ രംഗത്തെ വെല്ലുവിളികളെ നേരിടുന്നതിന് ആഗോളതലത്തില്‍ കൂട്ടായ ശ്രമങ്ങള്‍ ആവശ്യമാണെന്ന കാര്യം വ്യക്തമാണ്. നാം കുറ്റമറ്റ ആഗോള വിതരണശൃംഖല സൃഷ്ടിക്കുകയും വാക്സിനുകള്‍ക്കും മരുന്നുകള്‍ക്കും എല്ലാവര്‍ക്കും തുല്യ അവസരം നല്‍കുകയും വേണം.

ഡബ്ല്യുഎച്ച്ഒയുടെ നിയമങ്ങള്‍, പ്രത്യേകിച്ച് 'ട്രിപ്സ്' പോലുള്ളവ കൂടുതല്‍ ലളിതമാക്കേണ്ടതുണ്ട്. ആഗോളതലത്തില്‍ ആരോഗ്യരംഗം കൂടുതല്‍ ഘടനാപരവും കുറ്റമറ്റതുമാക്കുന്നതിന് ലോകാരോഗ്യ സംഘടന കരുത്താര്‍ജിക്കുകയും പരിഷ്‌കരിക്കപ്പെടുകയും ചെയ്യേണ്ടതുണ്ട്.

വിതരണശൃംഖലകള്‍ സുസ്ഥിരവും സുതാര്യവുമാക്കി നിലനിര്‍ത്തുന്നതിന് ചികിത്സകള്‍ക്കും വാക്സിനുകള്‍ക്കുമുള്ള അംഗീകാര നടപടികള്‍ വേഗത്തിലാക്കാനും ഞങ്ങള്‍ ലോകാരോഗ്യസംഘടനയോട് അഭ്യര്‍ത്ഥിക്കുന്നു. ആഗോള സമൂഹത്തിലെ ഒരു ഉത്തരവാദിത്തപ്പെട്ട അംഗമെന്ന നിലയില്‍ ഈ ശ്രമങ്ങളില്‍ നിര്‍ണായക പങ്കുവഹിക്കുന്നതിന് ഇന്ത്യ സജ്ജമാണ്.

നന്ദി.

വളരെയധികം നന്ദി.

-ND-



(Release ID: 1824903) Visitor Counter : 108