പ്രധാനമന്ത്രിയുടെ ഓഫീസ്
സംസ്ഥാന മുഖ്യമന്ത്രിമാരുടെയും ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെയും സംയുക്തയോഗം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
'സ്വാതന്ത്ര്യാനന്തരമുള്ള 75 വര്‍ഷം ജുഡീഷ്യറിയും എക്സിക്യൂട്ടീവും തങ്ങളുടെ പങ്കും ചുമതലകളും നിരന്തരമായി അവലോകനം ചെയ്യുകയും നിര്‍വഹിക്കുകയുമാണ്; ആവശ്യമുള്ളിടത്തെല്ലാം രാജ്യത്തിനു ദിശാബോധം നല്‍കുന്നതിനായി ഈ ബന്ധം തുടര്‍ച്ചയായി വികസിക്കുന്നു''
''2047ലെ നമ്മുടെ നീതിന്യായ വ്യവസ്ഥയുടെ ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ എങ്ങനെ പ്രാപ്തമാകുമെന്നതിനെക്കുറിച്ചുള്ള ആലോചനകള്‍ക്കാകണം ഇന്ന് നാം പ്രാധാന്യം നല്‍കേണ്ടത്''
''എളുപ്പത്തിലും വേഗത്തിലും എല്ലാവര്‍ക്കും നീതി ലഭിക്കുന്ന ഇത്തരത്തിലുള്ള നീതിന്യായ വ്യവസ്ഥയാകണം അമൃതകാലത്തില്‍ നമ്മുടെ ലക്ഷ്യം''
''ഡിജിറ്റല്‍ ഇന്ത്യ മിഷന്റെ അനിവാര്യ ഘടകമാക്കി നീതിന്യായവ്യവസ്ഥയില്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിന്റെ സാധ്യകള്‍ ഗവണ്‍മെന്റ് പരിഗണിക്കുന്നു''
''കോടതികളില്‍ പ്രാദേശിക ഭാഷകള്‍ പ്രോത്സാഹിപ്പിക്കേണ്ടത് അനിവാര്യമാണ്. ഇതിലൂടെ രാജ്യത്തെ സാധാരണക്കാര്‍ക്കും കോടതി നടപടികള്‍ മനസിലാക്കാന്‍ കഴിയും''
''രാജ്യത്തെ ജയിലുകളില്‍ വിചാരണ കാത്ത് കഴിയുന്ന 3.5 ലക്ഷം പേരില്‍ ഭൂരിഭാഗവും പാവപ്പെട്ട കുടുംബങ്ങളില്‍ നിന്നുള്ളവരാണ്''
''മാനുഷികമായ പരിഗണനകളോടെ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഈ കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്നു മുഖ്യമന്ത്രിമാരോടും ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരോടും ഞാന്‍ അഭ്യര്‍ഥിക്കുന്നു''
Posted On:
30 APR 2022 12:04PM by PIB Thiruvananthpuram
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സംസ്ഥാന മുഖ്യമന്ത്രിമാരുടെയും ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെയും സംയുക്ത സമ്മേളനം ഉദ്ഘാടനം ചെയ്തു. ന്യൂഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ നടന്ന സമ്മേളനത്തില്‍ ചീഫ് ജസ്റ്റിസ് എന്‍ വി രമണ, സുപ്രീം കോടതി ജസ്റ്റിസ് യു യു ലളിത്, കേന്ദ്രമന്ത്രിമാരായ കിരണ്‍ റിജിജു, പ്രൊഫ. എസ് പി സിംഗ് ബാഗല്‍, സുപ്രീം കോടതി ജഡ്ജിമാര്‍, ഹൈക്കോടതി ചീഫ് ജസ്റ്റിസുമാര്‍, സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യമന്ത്രിമാര്‍, ലഫ്റ്റനന്റ് ഗവര്‍ണര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ചടങ്ങില്‍ സംസാരിക്കവെ പ്രധാനമന്ത്രി, നമ്മുടെ രാജ്യത്ത് ജുഡീഷ്യറിയുടെ പങ്ക് ഭരണഘടനയെ സംരക്ഷിക്കുകയാണെങ്കില്‍ നിയമനിര്‍മ്മാണസഭ പൗരന്മാരുടെ അഭിലാഷങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നതെന്ന് പറഞ്ഞു. ഭരണഘടനയുടെ ഈ രണ്ട് മേഖലകളുടെയും യോജിച്ച പ്രവര്‍ത്തനം രാജ്യത്ത് ഫലപ്രദവും സമയബന്ധിതവുമായ നീതിന്യായ വ്യവസ്ഥയ്ക്കുള്ള മാര്‍ഗ്ഗരേഖ തയ്യാറാക്കുമെന്ന് താന്‍ വിശ്വസിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ 75ാം വര്‍ഷം ആഘോഷിക്കുന്ന ഈ വേളയില്‍ നീതിന്യായ വ്യവസ്ഥയുടേയും എക് സിക്യൂട്ടീവിന്റെയും പങ്കും ചുമതലകളും നിരന്തരമായി അവലോകനം ചെയ്യുകയും നടപ്പിലാക്കുകയുമാണെന്ന് അദ്ദേഹം പറഞ്ഞു. ആവശ്യമായ സന്ദര്‍ഭങ്ങളിലെല്ലാം രാജ്യത്തിന് ദിശാബോധം നല്‍കുന്നതിനായി ഈ ബന്ധം വികാസം പ്രാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. യോഗത്തെ ഭരണഘടനയുടെ സൗന്ദര്യത്തിന്റെ പ്രതീകമെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി താന്‍ മുഖ്യമന്ത്രിയെന്ന നിലയിലും പ്രധാനമന്ത്രിയെന്ന നിലയിലും ഈ യോഗത്തില്‍ പങ്കെടുത്തിട്ടുണ്ടെന്ന് പറഞ്ഞു. ''ഒരര്‍ത്ഥത്തില്‍ ഈ സമ്മേളനത്തില്‍ മുതിര്‍ന്ന അംഗമാണ് ഞാന്‍'' - പ്രധാനമന്ത്രി പറഞ്ഞു.
''2047ല്‍ ഇന്ത്യ സ്വാതന്ത്ര്യലബ്ധിയുടെ 100ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ നീതിന്യായ വ്യവസ്ഥ എങ്ങനെയായിരിക്കാനാണ് നാം ആഗ്രഹിക്കുന്നത്? 2047ലെ ഇന്ത്യയുടെ അഭിലാഷങ്ങള്‍ നിറവേറ്റാന്‍ കഴിയുന്ന തരത്തില്‍ നമ്മുടെ നീതിന്യായ വ്യവസ്ഥയെ എങ്ങനെ മാറ്റും, ഈ ചോദ്യങ്ങള്‍ ഇന്ന് നമ്മുടെ മുന്‍ഗണനയായിരിക്കണം''- അദ്ദേഹം പറഞ്ഞു. ''എളുപ്പത്തിലും വേഗത്തിലും എല്ലാവര്‍ക്കും നീതി ലഭിക്കുന്ന ഇത്തരത്തിലുള്ള നീതിന്യായ വ്യവസ്ഥയാകണം അമൃത കാലത്തില്‍ നമ്മുടെ ലക്ഷ്യം''- അദ്ദേഹം പറഞ്ഞു.
നീതിനിര്‍വഹണത്തിലെ കാലതാമസം കുറയ്ക്കാന്‍ ഗവണ്‍മെന്റിന്റെ ഭാഗത്ത് നിന്ന് ശക്തമായ നടപടികള്‍ പുരോഗമിക്കുന്നുണ്ടെന്ന് പറഞ്ഞ പ്രധാനമന്ത്രി ജുഡീഷ്യറിയുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യ വികസന ശ്രമങ്ങള്‍ നടന്നുവരികയാണെന്നും പറഞ്ഞു. കേസ് നടത്തിപ്പിനായി ഐസിടിയെ വിന്യസിച്ചിട്ടുണ്ടെന്നും ജുഡീഷ്യറിയുടെ വിവിധ തലങ്ങളിലെ ഒഴിവുകള്‍ നികത്താനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
നീതിന്യായ സംവിധാനങ്ങളില്‍ സാങ്കേതിക വിദ്യയുടെ ഉപയോഗത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് ആവര്‍ത്തിച്ച് വ്യക്തമാക്കിയ പ്രധാനമന്ത്രി ജുഡീഷ്യറിയില്‍ ഡിജിറ്റല്‍ ഇന്ത്യ ദൗത്യത്തിന്റെ അവിഭാജ്യഘടകമായി സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന കാര്യം ഗവണ്‍മെന്റ് പരിഗണിക്കുന്നതായും പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട നടപടികളുമായി മുന്നോട്ട് പോകാന്‍ മുഖ്യമന്ത്രിമാരോടും ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരോടും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. 'ഇ-കോടതി' പദ്ധതി ഇന്ന് മിഷന്‍ മോഡില്‍ നടപ്പാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചെറിയ പട്ടണങ്ങളിലും ഗ്രാമങ്ങളിലും പോലും ഡിജിറ്റല്‍ പണമിടപാടുകള്‍ വിജയകരമായിക്കഴിഞ്ഞെന്ന് വ്യക്തമാക്കിയ ശ്രീ നരേന്ദ്ര മോദി അതിനുള്ള ഉദാഹരണങ്ങളും നല്‍കി. കഴിഞ്ഞ വര്‍ഷം ആഗോള തലത്തില്‍ നടന്ന ആകെ ഡിജിറ്റല്‍ ഇടപാടുകളില്‍ 40 ശതമാനവും ഇന്ത്യയിലാണ് നടന്നതെന്നും പ്രധാനമന്ത്രി അറിയിച്ചു. സാങ്കേതിക വിദ്യയുടെ ഉപയോഗത്തെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി ബ്ലോക്ക് ചെയിന്‍, ഇലക്ട്രോണിക് ഡിസ്‌കവറി, സൈബര്‍ സുരക്ഷ, റോബോട്ടിക്സ്, നിര്‍മിതബുദ്ധി, ബയോ എത്തിക്സ് തുടങ്ങിയ വിഷയങ്ങള്‍ പല രാജ്യങ്ങളിലെയും നിയമ സര്‍വകലാശാലകളില്‍ പഠിപ്പിക്കുന്നുണ്ടെന്ന് പറഞ്ഞു. ''നമ്മുടെ രാജ്യത്തും നിയമവിദ്യാഭ്യാസം ഈ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായിരിക്കണം എന്നത് നമ്മുടെ ഉത്തരവാദിത്വമാണ്''- അദ്ദേഹം പറഞ്ഞു.
കോടതികളില്‍ പ്രാദേശിക ഭാഷകളെ പ്രോത്സാഹിപ്പിക്കേണ്ടത് പ്രാധാന്യമുള്ള വിഷയമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇതിലൂടെ രാജ്യത്തെ സാധാരണക്കാര്‍ക്കും കോടതി നടപടികള്‍ മനസിലാക്കാന്‍ കഴിയും. അതിലുള്ള അവരുടെ വിശ്വാസം വര്‍ധിക്കും. നീതിന്യായ പ്രക്രിയയിലുള്ള ജനങ്ങളുടെ അവകാശവും പങ്കാളിത്തവും ഇതിലൂടെ ശക്തിപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. സാങ്കേതിക വിദ്യാഭ്യാസത്തിലും പ്രാദേശിക ഭാഷകളെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും മോദി പറഞ്ഞു.
നിയമങ്ങളിലെ സങ്കീര്‍ണതകളെയും കാലഹരണപ്പെടലിനെയുംകുറിച്ചുൃ സംസാരിച്ച പ്രധാനമന്ത്രി അപ്രസക്തമായ 1800 നിയമങ്ങള്‍ 2015-ല്‍ തിരിച്ചറിഞ്ഞ ഗവണ്‍മെന്റ് 1450 നിയമങ്ങള്‍ ഇതിനകം റദ്ദാക്കിയതായും അറിയിച്ചു. ഇത്തരം 75 നിയമങ്ങള്‍ മാത്രമാണ് സംസ്ഥാനങ്ങള്‍ ഇതുവരെ നീക്കം ചെയ്തതെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി എല്ലാ മുഖ്യമന്ത്രിമാരോടും തങ്ങളുടെ സംസ്ഥാനത്തെ പൗരന്മാരുടെ അവകാശങ്ങള്‍ക്കും അവരുടെ സുഗമമായ ജീവിതത്തിനും വേണ്ടി സമാന നടപടികള്‍ സ്വീകരിക്കണമെന്നും അഭ്യര്‍ത്ഥിച്ചു.
നീതിന്യായ മേഖലയുടെ പരിഷ്‌കരണം കേവലം നയപരമായ കാര്യം മാത്രമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യത്തില്‍ മാനുഷികമായ ഘടകങ്ങള്‍ ഉള്‍പ്പെടുന്നു. ഇന്ന് 3.5 ലക്ഷത്തോളം തടവുകാരാണ് രാജ്യത്ത് വിചാരണ നേരിടുന്നതും ജയിലില്‍ കഴിയുന്നതും. ഇവരില്‍ ഭൂരിഭാഗവും ദരിദ്ര കുടുംബങ്ങളില്‍ നിന്നോ സാധാരണ കുടുംബങ്ങളില്‍ നിന്നോ ഉള്ളവരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എല്ലാ ജില്ലകളിലും ജില്ലാ ജഡ്ജിയുടെ നേതൃത്വത്തിലുള്ള ഒരു കമ്മിറ്റിയുണ്ട്. അതിനാല്‍ ഈ കേസുകള്‍ അവലോകനം ചെയ്യാനും സാധ്യമാകുന്നിടത്തെല്ലാം അത്തരം തടവുകാരെ ജാമ്യത്തില്‍ വിടാനും കഴിയും. മാനുഷികമായ പരിഗണനകളോടെ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഈ കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് എല്ലാ മുഖ്യമന്ത്രിമാരോടും ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരോടും അഭ്യര്‍ത്ഥിക്കന്നതായും പ്രധാനമന്ത്രി പറഞ്ഞു.
കോടതികളില്‍ കെട്ടിക്കിടക്കുന്ന കേസുകള്‍ തീര്‍പ്പാക്കുന്നതിനുള്ള ഒരു പ്രധാന മാര്‍ഗ്ഗം കൂടിയാണ് മധ്യസ്ഥതയെന്ന് പ്രധാനമന്ത്രി പറഞ്ഞു. നമ്മുടെ സമൂഹത്തില്‍ മധ്യസ്ഥതയിലൂടെ തര്‍ക്കങ്ങള്‍ പരിഹരിക്കുന്ന ആയിരക്കണക്കിന് വര്‍ഷം പഴക്കമുള്ള പാരമ്പര്യമുണ്ട്. പരസ്പര സമ്മതവും പരസ്പര പങ്കാളിത്തവും നീതിയെക്കുറിച്ചുള്ള മാനുഷിക സങ്കല്‍പ്പമാണെന്നും അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തിലാണ് ഗവണ്‍മെന്റ് മധ്യസ്ഥ ബില്‍ ഒരു നിയമമായി പാര്‍ലമെന്റില്‍ അവതരിപ്പിച്ചിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ''നമ്മുടെ സമ്പന്നമായ നിയമ വൈദഗ്ധ്യം ഉപയോഗിച്ച്, മധ്യസ്ഥതയിലൂടെയുള്ള പ്രശ്നപരിഹാരരംഗത്ത് ആഗോളതലത്തില്‍ മുന്‍നിരയിലെത്താന്‍ നമുക്ക് കഴിയും. ലോകത്തിന് മുഴുവന്‍ ഒരു മാതൃക അവതരിപ്പിക്കാനും നമുക്ക് കഴിയും''- അദ്ദേഹം പറഞ്ഞു.
-ND-
(Release ID: 1821537)
Visitor Counter : 217
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada