ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം
azadi ka amrit mahotsav

ഭക്ഷ്യ-പൊതുവിതരണ വകുപ്പിന് 'ഒരു രാജ്യം ഒരു റേഷൻ കാർഡ്' പദ്ധതിക്ക് 2020-ലെ പൊതുഭരണത്തിലെ മികവിനുള്ള പ്രധാനമന്ത്രിയുടെ അവാർഡ് ലഭിച്ചു

Posted On: 22 APR 2022 4:52PM by PIB Thiruvananthpuram

ഭക്ഷ്യ-പൊതുവിതരണ വകുപ്പിന് (DFPD) ‘ഒരു രാജ്യം ഒരു റേഷൻ കാർഡ്’ (ONORC) പദ്ധതിക്ക്, 2020 ലെ പൊതുഭരണ മികവിനുള്ള പ്രധാനമന്ത്രിയുടെ പുരസ്‌കാരം ലഭിച്ചു. 21.04.2022 ന് ന്യൂ ഡൽഹിയിൽ 15-ാമത് സിവിൽ സർവീസ്സ് ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പൊതുഭരണത്തിലെ മികവിനുള്ള പ്രധാനമന്ത്രിയുടെ പുരസ്കാരങ്ങൾ സമ്മാനിച്ചു. ഇന്നവേഷൻ (ജനറൽ)-സെൻട്രൽ എന്ന വിഭാഗത്തിലാണ്  ഭക്ഷ്യ-പൊതുവിതരണ വകുപ്പിന് പുരസ്കാരം.

ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം അനുസരിച്ചുള്ള എല്ലാ ഗുണഭോക്താക്കൾക്കും, പ്രത്യേകിച്ച് കുടിയേറ്റ ഗുണഭോക്താക്കൾക്കും, ബയോമെട്രിക്/ആധാർ ആധികാരികതയോടെ നിലവിലുള്ള റേഷൻ കാർഡ് മുഖേന രാജ്യത്തെ ഏതെങ്കിലും ന്യായവില കടയിൽ നിന്ന് (FPS) പൂർണ്ണമായോ ഭാഗികമായോ ഭക്ഷ്യധാന്യം വാങ്ങാൻ അനുവദിക്കുന്ന രാജ്യവ്യാപകമായ ഒരു നൂതനാശയ പദ്ധതിയാണ് 'ഒരു രാജ്യം ഒരു റേഷൻ കാർഡ്'. നാട്ടിലുള്ള അവരുടെ കുടുംബാംഗങ്ങൾക്ക്, അതേ റേഷൻ കാർഡിൽ അനുവദനീയമായ ഭക്ഷ്യധാന്യത്തിന്റെ അവശേഷിക്കുന്ന അളവ് വാങ്ങാനും ഈ സംവിധാനം അനുവദിക്കുന്നു.

 

 


ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതി, നിലവിൽ 2022 ഫെബ്രുവരി വരെ 35 സംസ്ഥാനങ്ങളിലും/കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി ഏകദേശം 77 കോടി ഗുണഭോക്താക്കളെ (എൻ എഫ് എസ് എ ഗുണഭോക്താക്കളുടെ ഏകദേശം 96.8%) ഉൾക്കൊള്ളുന്നു.

2019 ഓഗസ്റ്റിൽ ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതി ആരംഭിച്ചതുമുതൽ, ഇതുവരെ 65 കോടിയിലധികം പോർട്ടബിലിറ്റി ഇടപാടുകൾ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ  ഏകദേശം 36,000 കോടി രൂപയ്ക്ക് തുല്യമായ 121 LMT ഭക്ഷ്യധാന്യങ്ങൾ സബ്‌സിഡിയായി വിതരണം ചെയ്തു. ഒരു പ്രധാന സൂചകമെന്ന നിലയിൽ, ഈ പദ്ധതിക്ക് കീഴിൽ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും നിലവിൽ പ്രതിമാസം ശരാശരി 2.7 കോടി പോർട്ടബിലിറ്റി ഇടപാടുകൾ (പതിവ് എൻ എഫ് എസ് എ, പി എം ജി കെ എ വൈ ഭക്ഷ്യധാന്യ ഇടപാടുകൾ ഉൾപ്പെടെ) രേഖപ്പെടുത്തുന്നു.

ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതിയുടെ ഭാഗമായി പ്രത്യേകം രൂപകൽപ്പന ചെയ്ത ആൻഡ്രോയിഡ് മൊബൈൽ ആപ്പ് 13 ഭാഷകളിൽ ലഭ്യമാണ്. ഇത് ഏകദേശം 20 ലക്ഷം തവണ ഡൗൺലോഡ് ചെയ്‌തു. കൂടാതെ, കുടിയേറ്റ എൻ എഫ് എസ് എ ഗുണഭോക്താക്കൾക്കായി 5 അക്കമുള്ള ‘14445’ ടോൾ ഫ്രീ നമ്പറും ഈ പദ്ധതിക്ക് കീഴിൽ മിക്ക സംസ്ഥാനങ്ങളിലും/കേന്ദ്രഭരണ പ്രദേശങ്ങളിലും ലഭ്യമാണ്.

----


(Release ID: 1819146) Visitor Counter : 251