പ്രധാനമന്ത്രിയുടെ ഓഫീസ്‌

ന്യൂഡല്‍ഹിയില്‍ പ്രധാനമന്ത്രി സംഗ്രഹാലയ പ്രധാനമന്ത്രി മോദി ഉദ്ഘാടനംചെയ്തു


'ഓരോ ഗവണ്‍മെന്റിന്റെയും പൈതൃകാംശങ്ങളുടെ ജീവസ്സുറ്റ പ്രതിഫലനമാണ് ഈ മ്യൂസിയം''

''ആസാദി കാ അമൃത് മഹോത്സവത്തിന്റെ കാലത്ത് മഹത്തായ പ്രചോദനേമകുന്നതാണ് ഈ മ്യൂസിയം''



''സ്വതന്ത്ര ഇന്ത്യ കണ്ട എല്ലാ ഗവണ്‍മെന്റുകളും രാജ്യത്തെ ഇന്നത്തെ നിലയിലെത്തിക്കുന്നതില്‍ പങ്കുവഹിച്ചിട്ടുണ്ട്. ചുവപ്പുകോട്ടയില്‍ ഇക്കാര്യം ഞാന്‍ പലതവണ പറഞ്ഞിട്ടുണ്ട്''



''സാധാരണ കുടുംബത്തില്‍ ജനിച്ച ഒരാള്‍ക്കുപോലും ഇന്ത്യന്‍ ജനാധിപത്യസംവിധാനത്തിലെ ഏറ്റവും ഉയര്‍ന്ന പദവിയിലെത്താന്‍ കഴിയുമെന്നതു രാജ്യത്തെ യുവാക്കള്‍ക്ക് ആത്മവിശ്വാസമേകുന്നു''



''രണ്ടുകാര്യങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍, ജനാധിപത്യരീതിയില്‍ ജനാധിപത്യത്തിനു കരുത്തുപകരുന്നതിന്റെ അഭിമാനകരമായ പാരമ്പര്യം ഇന്ത്യക്കുണ്ട്''


''ഇന്ന്, പുതിയ ലോകക്രമം ഉയര്‍ന്നുവരുമ്പോള്‍, ഇന്ത്യയെ പ്രതീക്ഷയോടെയും ആത്മവിശ്വാസത്തോടെയുമാണു ലോകം നോക്കിക്കാണുന്നത്. അതുകൊണ്ടുതന്നെ, അവസരത്തിനൊത്ത് ഉയരുന്നതിനുള്ള ശ്രമങ്ങള്‍ ഇന്ത്യയും ഊര്‍ജിതമാക്കണം''

Posted On: 14 APR 2022 2:24PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡല്‍ഹിയില്‍ പ്രധാനമന്ത്രി സംഗ്രഹാലയ ഉദ്ഘാടനംചെയ്തു.

ഇന്നത്തെ ദിവസത്തിന്റെ വിവിധ പ്രത്യേകതകളെക്കുറിച്ചും ചടങ്ങില്‍ പ്രധാനമന്ത്രി സംസാരിച്ചു. ബാബാസാഹെബ് അംബേദ്കറിനു ശ്രദ്ധാഞ്ജലി അര്‍പ്പിച്ച അദ്ദേഹം ബാബാസാഹെബ് മുഖ്യശില്‍പ്പിയായിരുന്ന ഭരണഘടനയാണു നമുക്കു പാര്‍ലമെന്ററി സംവിധാനത്തിന്റെ അടിസ്ഥാനമേകിയതെന്നു വ്യക്തമാക്കി. ''ഈ പാര്‍ലമെന്ററി സംവിധാനത്തിന്റെ പ്രധാന ഉത്തരവാദിത്വം രാജ്യത്തെ പ്രധാനമന്ത്രിയുടെ ഓഫീസിനാണ്. പ്രധാനമന്ത്രിമാരുടെ മ്യൂസിയം രാജ്യത്തിനു സമര്‍പ്പിക്കാന്‍ അവസരം ലഭിച്ചതു ഭാഗ്യമായി കരുത്തുന്നു.''- ശ്രീ മോദി പറഞ്ഞു. ചടങ്ങില്‍ പങ്കെടുത്ത മുന്‍ പ്രധാനമന്ത്രിമാരുടെ കുടുംബാംഗങ്ങള്‍ക്ക് അദ്ദേഹം ആശംസകള്‍ അറിയിക്കുകയും ചെയ്തു.

രാജ്യം സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവം ആഘോഷിക്കുമ്പോള്‍, മഹത്തായ പ്രചോദനമായി മാറുകയാണ് ഈ മ്യൂസിയമെന്നും പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ 75 വര്‍ഷത്തിനിടെ രാജ്യം നിരവധി അഭിമാനനിമിഷങ്ങള്‍ക്കു സാക്ഷിയായി. ചരിത്രജാലകത്തില്‍ ഇവയുടെ പ്രാധാന്യം താരതമ്യപ്പെടുത്താന്‍ കഴിയാത്തതാണ്. - അദ്ദേഹം പറഞ്ഞു.

സ്വാതന്ത്ര്യം ലഭിച്ചശേഷം ഇന്ത്യ ഭരിച്ച എല്ലാ ഗവണ്‍മെന്റുകളുടെയും സംഭാവനകളെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. ''സ്വതന്ത്ര ഇന്ത്യ കണ്ട എല്ലാ ഗവണ്‍മെന്റുകളും രാജ്യത്തെ ഇന്നത്തെ നിലയിലെത്തിക്കുന്നതില്‍ പങ്കുവഹിച്ചിട്ടുണ്ട്. ചുവപ്പുകോട്ടയില്‍ ഇക്കാര്യം ഞാന്‍ പലതവണ പറഞ്ഞിട്ടുണ്ട്. ഓരോ ഗവണ്‍മെന്റിന്റെയും പൈതൃകാംശങ്ങളുടെ ജീവസ്സുറ്റ പ്രതിഫലനമാണ് ഈ മ്യൂസിയം. ഭരണഘടനാപരമായ ജനാധിപത്യ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ രാജ്യത്തെ എല്ലാ പ്രധാനമന്ത്രിമാരും വളരെയേറെ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. അവരെ ഓര്‍ക്കുക എന്നതു സ്വതന്ത്ര ഇന്ത്യയുടെ പ്രയാണത്തെക്കുറിച്ച് അറിയുന്നതിനു തുല്യമാണ്. ഇവിടം സന്ദര്‍ശിക്കുന്നവര്‍ക്കു രാജ്യത്തെ മുന്‍ പ്രധാനമന്ത്രിമാരുടെ സംഭാവനകള്‍, അവരുടെ പശ്ചാത്തലം, അവരുടെ പോരാട്ടങ്ങള്‍, സൃഷ്ടികള്‍ എന്നിവ പരിചിതമാകും.''- പ്രധാനമന്ത്രി പറഞ്ഞു.


നമ്മുടെ പല പ്രധാനമന്ത്രിമാരും സാധാരണ കുടുംബങ്ങളില്‍ നിന്നുള്ളവരാണെന്നതില്‍ അഭിമാനമുണ്ടെന്നു ശ്രീ മോദി പറഞ്ഞു. തീര്‍ത്തും ദരിദ്രരായ കര്‍ഷക കുടുംബങ്ങളില്‍നിന്നു വരുന്ന ഇത്തരം നേതാക്കള്‍ പ്രധാനമന്ത്രി പദത്തിലെത്തുന്നത് ഇന്ത്യന്‍ ജനാധിപത്യത്തിലും അതിന്റെ പാരമ്പര്യത്തിലും ഉള്ള വിശ്വാസം ദൃഢമാക്കുന്നു. സാധാരണ കുടുംബത്തില്‍ ജനിച്ച ഒരാള്‍ക്കുപോലും ഇന്ത്യന്‍ ജനാധിപത്യസംവിധാനത്തിലെ ഏറ്റവും ഉയര്‍ന്ന പദവിയിലെത്താന്‍ കഴിയുമെന്നതു രാജ്യത്തെ യുവാക്കള്‍ക്ക് ആത്മവിശ്വാസമേകുന്നു. മ്യൂസിയം യുവതലമുറയ്ക്കു മികച്ച അനുഭവം സമ്മാനിക്കും. നമ്മുടെ യുവാക്കള്‍ സ്വതന്ത്ര ഇന്ത്യയുടെ സുപ്രധാന നിമിഷങ്ങളെക്കുറിച്ച് എത്രത്തോളം അറിയുന്നുവോ അത്രത്തോളം അവരുടെ തീരുമാനങ്ങള്‍ക്കു പ്രസക്തിയുണ്ടാകും- അദ്ദേഹം പറഞ്ഞു.


ജനാധിപത്യത്തിന്റെ മാതാവ് എന്നാണ് ഇന്ത്യ അറിയപ്പെടുന്നതെന്നു ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ഇന്ത്യയുടെ ജനാധിപത്യത്തിന്റെ മഹത്തായ സവിശേഷത, കാലക്രമേണ അതു തുടര്‍ച്ചയായി മാറിക്കൊണ്ടിരിക്കുന്നു എന്നതാണെന്നും വ്യക്തമാക്കി. ഓരോ കാലഘട്ടത്തിലും, ഓരോ തലമുറയിലും, ജനാധിപത്യത്തെ കൂടുതല്‍ ആധുനികവല്‍ക്കരിക്കാനും ശാക്തീകരിക്കാനുമുള്ള തുടര്‍ച്ചയായ ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. രണ്ടുകാര്യങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍, ജനാധിപത്യരീതിയില്‍ ജനാധിപത്യത്തിനു കരുത്തുപകരുന്നതിന്റെ അഭിമാനകരമായ പാരമ്പര്യമാണ് ഇന്ത്യക്കുള്ളതെന്നു കാണാമെന്നും പ്രധാനമന്ത്രി പറഞ്ഞു. ''അതുകൊണ്ടുതന്നെ നമ്മുടെ പ്രയത്‌നങ്ങളിലൂടെ ജനാധിപത്യത്തെ ശക്തിപ്പെടുത്താന്‍ നമുക്കും ബാധ്യതയുണ്ട്''- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏവരെയും ഉള്‍ക്കൊള്ളുന്ന തരത്തിലുള്ള ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഘടകങ്ങള്‍ ചൂണ്ടിക്കാട്ടി, ആധുനികവല്‍ക്കരണത്തെയും പുതിയ ചിന്തകളെയും സ്വീകരിക്കാന്‍ നമ്മുടെ ജനാധിപത്യം നമ്മെ പ്രചോദിപ്പിക്കുന്നുവെന്നു ശ്രീ മോദി പറഞ്ഞു.


ഇന്ത്യയുടെ സമ്പന്നമായ ചരിത്രത്തെയും സമൃദ്ധമായ കാലഘട്ടത്തെയും അനുസ്മരിച്ച്, രാജ്യത്തിന്റെ പൈതൃകത്തെയും വര്‍ത്തമാനകാലത്തെയുംകുറിച്ചു ശരിയായരീതിയില്‍ അവബോധമുണ്ടാേക്കണ്ടതുണ്ടെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കവര്‍ച്ചചെയ്യപ്പെട്ട നമ്മുടെ പൂര്‍വികസ്വത്തുക്കള്‍ തിരികെ കൊണ്ടുവരുന്നതിനും സ്വാതന്ത്ര്യസമരസേനാനികളുടെ സ്മരണകള്‍ നിലനിര്‍ത്തുന്ന ജാലിയന്‍ വാലാബാഗ് സ്മാരകം, ബാബാസാഹെബിനെ അനുസ്മരിക്കുന്ന പഞ്ചതീര്‍ഥം, സ്വാതന്ത്ര്യസമരസേനാനി മ്യൂസിയം, ഗോത്ര ചരിത്ര മ്യൂസിയം തുടങ്ങിയ മഹത്തായ പൈതൃകപ്രദേശങ്ങള്‍ ആഘോഷമാക്കുന്നതിനും ഗവണ്‍മെന്റ് നടത്തുന്ന ശ്രമങ്ങള്‍ ആ ദിശയിലേക്കുള്ള ചുവടുവയ്പ്പുകളാണെന്നും അദ്ദേഹം പറഞ്ഞു.

ധര്‍മ്മചക്രമേന്തിയ ജനതയുടെ കൈകളാണു മ്യൂസിയത്തിന്റെ ലോഗോ. 24 മണിക്കൂര്‍ തുടര്‍ച്ചയുടെയും, സമൃദ്ധിക്കും കഠിനാധ്വാനത്തിനുമുള്ള ദൃഢനിശ്ചയത്തിന്റെയും പ്രതീകമാണ് ഈ ലോഗോയെന്നു പ്രധാനമന്ത്രി പറഞ്ഞു. ഈ ദൃഢനിശ്ചയവും ചേതനയും കരുത്തും വരുന്ന 25 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയുടെ വികസനത്തെ നിര്‍വചിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
മാറുന്ന ലോകക്രമത്തെക്കുറിച്ചും അതില്‍ ഇന്ത്യയുടെ വളര്‍ച്ചയെക്കുറിച്ചും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ''ഇന്ന്, പുതിയ ലോകക്രമം ഉയര്‍ന്നുവരുമ്പോള്‍, ഇന്ത്യയെ പ്രതീക്ഷയോടെയും ആത്മവിശ്വാസത്തോടെയുമാണു ലോകം നോക്കിക്കാണുന്നത്. അതുകൊണ്ടുതന്നെ, അവസരത്തിനൊത്തുയരുന്നതിനുള്ള ശ്രമങ്ങള്‍ ഇന്ത്യയും ഊര്‍ജിതമാക്കണം''- ശ്രീ നരേന്ദ്ര മോദി പറഞ്ഞു.

-ND-

(Release ID: 1816823) Visitor Counter : 118