മന്ത്രിസഭ

1957ലെ കോള്‍ ബെയറിങ് ഏരിയാ (ഏറ്റെടുക്കലും വികസിപ്പിക്കലും) നിയമം അനുസരിച്ച് ഏറ്റെടുക്കുന്ന ഭൂമി ഉപയോഗിക്കുന്നതിനുള്ള നയത്തിന് മന്ത്രിസഭയുടെ അംഗീകാരം


ഈ മാറ്റത്തിലൂടെ ഖനനയോഗ്യമല്ലാത്ത ഭൂമിയില്‍ ഖനനവും ഊര്‍ജ്ജവുമായി ബന്ധപ്പെട്ട വികസന പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള വഴി തുറക്കും

Posted On: 13 APR 2022 3:26PM by PIB Thiruvananthpuram

മുമ്പ് ഖനനം നടത്തിയിട്ടുള്ളതോ കല്‍ക്കരി ഖനനം നടത്താന്‍ പ്രായോഗികമായി ബുദ്ധിമുട്ടുള്ള തോ ആയ പ്രദേശങ്ങളിലെ ഭൂമി ഉപയോഗപ്പെടുത്തുന്നതിനെ പ്രോത്സാഹിപ്പിക്കാനും കല്‍ക്കരി മേഖലയില്‍ നിക്ഷേപവും തൊഴിലവസരങ്ങളും വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം 1957ലെ കോള്‍ ബെയറിങ് ഏരിയാ (ഏറ്റെടുക്കലും വികസിപ്പിക്കലും) നിയമം (സിബിഎ) അനുസരിച്ച് ഏറ്റെടുക്കുന്ന ഭൂമി ഉപയോഗിക്കുന്നതിനുള്ള നയത്തിന് അംഗീകാരം നല്‍കി. ഈ നയം അംഗീകരിക്കുക വഴി ഖനനയോഗ്യമല്ലാത്ത ഭൂമിയില്‍ ഖനനവും ഊര്‍ജവുമായി ബന്ധപ്പെട്ട വികസന പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള വഴി തുറക്കും.

സിബിഎ നിയമത്തിന് കീഴില്‍ കല്‍ക്കരി ഖനനത്തിനായി ഗവണ്‍മെന്റ് കമ്പനികള്‍ക്ക് തടസം കൂടാതെ ഏത് സ്ഥലം ഏറ്റെടുക്കാനും അധികാരമുണ്ട്. സിബിഎ നിയമത്തിനുകീഴില്‍ ഏറ്റെടുക്കുന്ന ഇനിപ്പറയുന്ന തരത്തിലുള്ള ഭൂമി പുതിയ നയപ്രകാരം ഉപയോഗിക്കാം.

a) കല്‍ക്കരി ഖനനത്തിന് നിലവില്‍ അനുയോജ്യമല്ലാത്തതോ സാമ്പത്തിക നഷ്ടം വരുത്തുന്നതോ ആയ ഭൂമി     അല്ലെങ്കില്‍

b) മുമ്പ് കല്‍ക്കരി ഖനനം നടത്തിയിട്ടുള്ളതും ഉടമസ്ഥാവകാശം ഗവണ്‍മെന്റ് തിരികെ നേടിയതുമായ ഭൂമി

സിബിഎ നിയമത്തിനു കീഴില്‍ ഗവണ്‍മെന്റ് ഉടമസ്ഥതയിലുള്ള കോള്‍ ഇന്ത്യ ലിമിറ്റഡ് (സിഐഎല്‍), അതിന്റെ ഉപവിഭാഗങ്ങള്‍ പോലുള്ള കമ്പനികളില്‍ ഏറ്റെടുത്ത സ്ഥലങ്ങളുടെ ഉടമസ്ഥാവകാശം നിക്ഷിപ്തമായിരിക്കും. നയത്തില്‍ പറയുന്ന വിധത്തിലുള്ള നിര്‍ദ്ദിഷ്ട ഉപയോഗങ്ങള്‍ക്കായി ഭൂമി പാട്ടത്തിനു നല്‍കാന്‍ മാത്രമേ അധികാരമുണ്ടായിരിക്കൂ. കല്‍ക്കരി-ഊര്‍ജ അനുബന്ധ അടിസ്ഥാനസൗകര്യ വികസനപ്രവര്‍ത്തനങ്ങളില്‍ ഗവണ്‍മെന്റ് കല്‍ക്കരി കമ്പനികള്‍ക്ക് സ്വകാര്യമൂലധനം സംയുക്ത പദ്ധതികള്‍ക്കായി ഉപയോഗിക്കാനാകും.

ഭൂമിയുടെ ഉടമസ്ഥാവകാശമുള്ള ഗവണ്‍മെന്റ് കമ്പനികള്‍ നയത്തില്‍ പറയുന്ന തരത്തിലുള്ള ഉപയോഗങ്ങള്‍ക്കായി നിര്‍ദ്ദിഷ്ട കാലയളവിലേക്ക് ഏറ്റവും മികച്ച മൂല്യം ലഭിക്കുന്നതിനായി സുതാര്യവും നീതിയുക്തവും മത്സരാധിഷ്ഠിതവുമായ ലേലം വിളിയിലൂടെ സ്ഥലം പാട്ടത്തിനു നല്‍കും. ഇനിപ്പറയുന്ന പ്രവര്‍ത്തനങ്ങള്‍ക്കായി ഭൂമി ഉപയോഗിക്കാം:

i) കല്‍ക്കരി വാഷറികള്‍ നിര്‍മിക്കുന്നതിന്

ii) വാഹകസംവിധാനങ്ങള്‍ സജ്ജമാക്കുന്നതിന്

iii) കല്‍ക്കരി കൈകാര്യം ചെയ്യല്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന്

iv) റെയില്‍വേ ജോലികളുമായി ബന്ധപ്പെട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക്

v) സിബിഎയ്ക്ക് കീഴില്‍ സ്ഥലം ഏറ്റെടുത്ത കുടുംബങ്ങളുടെ പുനരധിവാസത്തിനും മറ്റും

vi) തെര്‍മല്‍-പുനരുപയോഗ ഊര്‍ജ പദ്ധതികള്‍ ആരംഭിക്കുന്നതിന്

vii) വനവല്‍ക്കരണം ഉള്‍പ്പെടെ ഖനനവുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ കൊണ്ടുണ്ടായ പാരിസ്ഥിതിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും കല്‍ക്കരി ഖനനവുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും

viii) വഴിക്കുള്ള അവകാശം നല്‍കുന്നതിന്

ix) കല്‍ക്കരി വാതകരൂപത്തിലാക്കലിനും രാസപ്ലാന്റുകള്‍ക്ക് കല്‍ക്കരി എത്തിക്കുന്നതിനും

x) ഊര്‍ജവുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യം സജ്ജമാക്കുന്നതിനോ നല്‍കുന്നതിനോ

കല്‍ക്കരി ഖനനം നടത്തിയ ശേഷം ഉപയോഗശൂന്യമായതോ പ്രായോഗികമായി ഖനനത്തിന് പറ്റാത്തതോ ആയ സ്ഥലങ്ങള്‍ നിയമവിരുദ്ധമായ കൈയേറ്റങ്ങള്‍ക്ക് സാധ്യതയുള്ളതാണ്. ഇത്തരം സ്ഥലങ്ങളില്‍ സുരക്ഷയ്ക്കും പരിചരണത്തിനുമായുള്ള ഒഴിവാക്കാവുന്ന ചെലവ് ഉണ്ടാകുകയും ചെയ്യുന്നു. അംഗീകരിക്കപ്പെട്ട പുതിയ നയത്തിന് കീഴില്‍ ഗവണ്‍മെന്റ് കമ്പനികള്‍ക്ക് ഉടമസ്ഥാ വകാശം മാറാതെ തന്നെ വിവിധ കല്‍ക്കരി-ഊര്‍ജ അനുബന്ധ വികസനപ്രവര്‍ത്തനങ്ങള്‍ വഴി നിരവധി നേരിട്ടുള്ളതും അല്ലാതെയുമുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാകും.

 ഖനനം നടത്താന്‍ കഴിയാത്ത സ്ഥലങ്ങള്‍ ഇത്തരത്തില്‍ ഉപയോഗപ്രദമാക്കുന്നതോടെ സൗരോര്‍ജ പ്ലാന്റുകള്‍ പോലുള്ള അനുബന്ധ ഊര്‍ജ സ്രോതസുകള്‍ സ്ഥാപിക്കുക വഴി സിഐഎല്ലിനെ പ്രവര്‍ത്തന ചെലവ് കുറയ്ക്കാന്‍ സഹായിക്കുന്നു. കല്‍ക്കരി ദൂരദേശങ്ങളിലേക്ക് കൊണ്ടു പോകേണ്ട ആവശ്യമില്ലാത്തതിനാല്‍ കല്‍ക്കരി വാതകമാക്കുന്ന പ്രക്രിയയ്ക്ക് ചെലവ് കുറയ്ക്കുന്നതിനും ഇത് വഴിവയ്ക്കും.

പുനരധിവാസ ആവശ്യത്തിനായി ഭൂമി ഉപയോഗിക്കാനുള്ള നിര്‍ദ്ദേശം ഭൂമിയുടെ ശരിയായ വിനിയോഗം ഉറപ്പാക്കുകയും പ്രധാനപ്പെട്ട ഭൂവിഭവങ്ങള്‍ പാഴാക്കുന്നത് ഇല്ലാതാക്കുകയും ചെയ്യും. പദ്ധതിയുടെ ഭാഗമായി സ്ഥലം ഏറ്റെടുക്കപ്പെട്ട കുടുംബങ്ങളുടെ പുനരധിവാസത്തിനായി പുതുതായി ഭൂമി ഏറ്റെടുക്കുന്നത് ഒഴിവാക്കുകയും പദ്ധതികള്‍ക്കായി അധിക സാമ്പത്തിക ബാധ്യത ഇല്ലാതാക്കുകയും ലാഭം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. സ്ഥലമേറ്റെടുത്ത  കുടുംബങ്ങളുടെ ആവശ്യവും ഇത് പരിഗണിക്കും,  കല്‍ക്കരി പദ്ധതികള്‍ക്ക് പ്രാദേശിക പിന്തുണ ലഭിക്കുന്നതിനും കല്‍ക്കരി ഖനനത്തിനായി ഉപയോഗിക്കുന്ന വനഭൂമിക്ക് പകരമായി വനവല്‍ക്കരണത്തിനായി സംസ്ഥാന ഗവണ്‍മെന്റിന് ഭൂമി നല്‍കുന്നതിനും ഇത് സഹായിക്കും.

ആഭ്യന്തര ഉല്‍പാദനം പ്രോത്സാഹിപ്പിക്കുക, ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുക, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക തുടങ്ങിയവയിലൂടെ സ്വയംപര്യാപ്ത ഇന്ത്യയെന്ന ലക്ഷ്യം സാക്ഷാല്‍ക്കരിക്കാന്‍ ഈ നയം സഹായിക്കും. രാജ്യത്തെ പിന്നോക്ക മേഖലകളില്‍ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്ന വിവിധ കല്‍ക്കരി, ഊര്‍ജ അടിസ്ഥാനസൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഭൂമി ഈ നയത്തിലൂടെ ലഭ്യമാകും.  ഇതിനകം ഏറ്റെടുത്ത ഭൂമിയുടെ ഉപയോഗം ഭൂമി പുതുതായി ഏറ്റെടുക്കുന്നതും ബന്ധപ്പെട്ട കുടിയൊഴിപ്പിക്കലും തടയുകയും പ്രാദേശിക ഉല്‍പാദനത്തെയും വ്യവസായങ്ങളെയും പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

--ND--



(Release ID: 1816440) Visitor Counter : 128