ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം

ചരക്കുകളിലും സേവനങ്ങളിലും ഇന്ത്യയ്ക്ക് ലോകനേതൃത്വം നേടിയെടുക്കാന്‍ ഉയര്‍ന്ന നിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ ആവശ്യപ്പെടാന്‍ഉപഭോക്താക്കളോട് ലോക ഉപഭോക്തൃ അവകാശ ദിനത്തില്‍ ശ്രീ പീയൂഷ് ഗോയല്‍ ആവശ്യപ്പെട്ടു.


എന്തുവിലകൊടുത്തും ഉപഭോക്തൃ താല്‍പ്പര്യം സംരക്ഷിക്കപ്പെടണം, എന്നാല്‍ ചെറുകിട വ്യവസായികളെയും വ്യാപാരികളെയും ഉപദ്രവിക്കാന്‍ നിയമം ദുരുപയോഗം ചെയ്യരുത്: ശ്രീ ഗോയല്‍

ലീഗല്‍ മെട്രോളജി (അളവു തൂക്ക) നിയമത്തിലെ ചില വ്യവസ്ഥകളിലെ നിയമപരമായ വിലക്ക് ഒഴിവാക്കാന്‍ സമവായത്തിന്റെ ആവശ്യകതയ്ക്ക് ശ്രീ ഗോയല്‍ ഊന്നല്‍ നല്‍കി

ഉപഭോക്തൃ അവകാശങ്ങള്‍ നടപ്പിലാക്കുന്നതിനും വില്‍പ്പനക്കാരുടെ നിയമലംഘനങ്ങള്‍ക്ക് പിഴ ചുമത്തുന്നതിനുമുള്ള വകുപ്പിന്റെ ശ്രമങ്ങളെ ശ്രീ ഗോയല്‍ അഭിനന്ദിച്ചു


Posted On: 15 MAR 2022 6:33PM by PIB Thiruvananthpuram

ഉപഭോക്തൃ താല്‍പ്പര്യം സംരക്ഷിക്കുന്നതിനും ഉയര്‍ന്ന നിലവാരമുള്ള ഉല്‍പ്പന്നങ്ങളും സേവനങ്ങളും പ്രോത്സാഹിപ്പിക്കുന്നതിന് നിയമങ്ങള്‍ ഫലപ്രദമായി നടപ്പാക്കേണ്ടത് ആനിവാര്യമാണെന്നും എന്നാല്‍ നിയമപരമായ വ്യവസ്ഥകള്‍ ചെറുകിട വ്യവസായികളേയും വ്യാപാരികളേയും ഉപദ്രവിക്കാന്‍ ഉപയോഗിക്കരുതെന്നും കേന്ദ്ര ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ, ടെക്‌സ്‌റ്റൈല്‍സ്, വാണിജ്യ, വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയല്‍ പറഞ്ഞു.

''ചെറുകിട വ്യാപാരികളേയും ചെറുകിട വ്യവസായികളേയും നിയമത്തിന്റെ പേരില്‍ ഉപദ്രവിക്കുന്നത് അവസാനിപ്പിക്കേണ്ടത് ആവശ്യമാണ്'' ലോക ഉപഭോക്തൃ അവകാശ ദിനത്തോടനുബന്ധിച്ച് 'ഫെയര്‍ ഡിജിറ്റല്‍ ഫിനാന്‍സ്' (ന്യായമായ ഡിജിറ്റല്‍ സമ്പത്ത്) എന്ന വിഷയത്തില്‍ ഒരു ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടിയെ അഭിസംബോധന ചെയ്യുമ്പോള്‍ ചെറുകിട വ്യവസായികളുടെ ദുരവസ്ഥ ഉയര്‍ത്തിക്കാട്ടിക്കൊണ്ട് ശ്രീ ഗോയല്‍ പറഞ്ഞു:

 


ലീഗല്‍ മെട്രോളജി (അളവു തൂക്ക) നിയമത്തിലെ ചില വ്യവസ്ഥകളിലെ നിയമപരമായ വിലക്ക് ഒഴിവാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് തന്റെ ഉദ്ഘാടന പ്രസംഗത്തില്‍, മന്ത്രി ഉയര്‍ത്തിക്കാട്ടുകയും ഉപഭോക്താക്കളുടെ താല്‍പ്പര്യങ്ങളും അവകാശങ്ങളും സംരക്ഷിക്കാന്‍ വിവിധ അധികാരികള്‍ സ്വീകരിച്ച മുന്‍കൈയെ അഭിനന്ദിക്കുകയും ചെയ്തു. അതോടൊപ്പം നിയമപരമായ വിലക്ക് ഒഴിവാക്കുന്ന വിഷയത്തിനെക്കുറിച്ച് ചര്‍ച്ചചെയ്യാനും എല്ലാ പങ്കാളികളും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ ലീഗല്‍ മെട്രോളജി നിയമത്തിലെ ചില വ്യവസ്ഥകളിലെ നിയമപരമായ വിലക്കുകള്‍ ഒഴിവാക്കേണ്ടതിന്റെ ആവശ്യകതയുമായി ബന്ധപ്പെട്ട പ്രശ്‌നം ഉയര്‍ത്തക്കാട്ടികൊണ്ട്, വ്യാപാരം സുഗമമാക്കുന്നതും അതോടൊപ്പം ഉപഭോക്താക്കളെ സംരക്ഷിക്കുന്നതും പരിഗണിച്ചുകൊണ്ട് നിയമപരമായ വിലക്കുകള്‍ ഒഴിവാക്കുന്നതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ചര്‍ച്ചചെയ്യാനും എല്ലാ പങ്കാളികളോടും ശ്രീ ഗോയല്‍ അഭ്യര്‍ത്ഥിച്ചു.


ഉപഭോക്തൃകാര്യം, ഭക്ഷ്യം, പൊതുവിതരണം, പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാനം എന്നിവയുടെ സഹമന്ത്രി ശ്രീ അശ്വിനി കുമാര്‍ ചൗബെ, ഉപഭോക്തൃകാര്യ, ഭക്ഷ്യ പൊതുവിതരണ സഹമന്ത്രി ശ്രീമതി. സാധ്വി നിരഞ്ജന്‍ ജ്യോതി, ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ (എന്‍.സി.ഡി.ആര്‍.സി) പ്രസിഡന്റ് ശ്രീ. ജസ്റ്റിസ് ആര്‍.കെ. അഗര്‍വാള്‍, ഇന്‍ഫോസിസിന്റെ നോണ്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ ശ്രീ നന്ദന്‍ നിലേകനിയും, മറ്റ് പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു.


2009 ലെ ലീഗല്‍ മെട്രോളജി നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം 90,000 ത്തോളം പേര്‍ക്കെതിരെ പ്രഥമ കുറ്റത്തിന് കേസെടുത്തിട്ടുണ്ടെന്നും ഇതില്‍ 90% കേസുകളും ലീഗല്‍ മെട്രോളജി നിയമത്തിലെ വകുപ്പുകള്‍ 33, 36 (1), 25 എന്നീ മൂന്ന് വകുപ്പുകള്‍ക്ക് കീഴിലാണെന്നും ശ്രീ ഗോയല്‍ പറഞ്ഞു. ഈ വകുപ്പുകളെല്ലാം തന്നെ അളവുകള്‍ പരിശോധിച്ചുറപ്പിക്കാത്ത തൂക്കം, നിലവാരമില്ലാത്ത ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നത്, നിലവാരമില്ലാത്ത തൂക്കങ്ങളുടെയും അളവുകളുടെയും ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ടതുമാണെന്നും അദ്ദേഹം പറഞ്ഞു.


കൂട്ടിച്ചേര്‍ക്കാന്‍ കഴിയുന്ന പ്രഥമകുറ്റങ്ങളുടെയൂം ലീഗല്‍ മെട്രോളജി  നിയമ പ്രകാരം ജയില്‍ ശിക്ഷ ലഭിക്കാവുന്നതുമായ രണ്ടാമത്തെ കുറ്റത്തിന്റെയും വിവരങ്ങള്‍ അദ്ദേഹം പങ്കുവച്ചു. 2018-19ല്‍ ആദ്യ കുറ്റകൃത്യത്തിന് കീഴില്‍ 89,724 കേസുകള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ രണ്ടാമത്തെ കുറ്റകൃത്യത്തിന് കീഴില്‍ 11 കേസുകള്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്തത്. അതുപോലെ, 2019-20 ല്‍ ആദ്യ കുറ്റകൃത്യത്തിന് കീഴില്‍ 91,818 കേസുകള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ രണ്ടാം കുറ്റകൃത്യത്തിന് കീഴില്‍ 2 കേസുകള്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്തത്. 2020-21ല്‍ ആദ്യ കുറ്റകൃത്യത്തിന് കീഴില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ 84,824 ആയിരുന്നു, എന്നാല്‍ രണ്ടാമത്തെ കുറ്റകൃത്യത്തിന് കീഴില്‍ പൂജ്യം കേസുകള്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്തത്.


''വലിയതോതിലെ എണ്ണമുള്ള ആദ്യ കുറ്റങ്ങളും ഏതാണ്ട് ഒന്നുമില്ലാത്ത രണ്ടാമത്തെ കുറ്റകൃത്യങ്ങളും നമ്മളെല്ലാവരുടെയും ആത്മപരിശോധന ആവശ്യപ്പെടുന്നതാണ്. അതുകൊണ്ടുതന്നെ, നിയമത്തിന്റെ ദുരുപയോഗം മൂലം ചെറുകിട സംരംഭകരെ ഉപദ്രവിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് അത്യന്താപേക്ഷിതമാണ്'' അദ്ദേഹം പറഞ്ഞു. അടുത്ത വര്‍ഷത്തെ ലോക ഉപഭോക്തൃ അവകാശ ദിനത്തോടെ ലീഗല്‍ മെട്രോളജി നിയമത്തിലെ ചില വ്യവസ്ഥകളിലെ നിയമപരമായ വിലക്കുകള്‍ ഒഴിവാക്കുന്നത് അന്തിമഘട്ടത്തിലെത്തുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിക്കുകയും എല്ലാ പങ്കാളികളോടും ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ അഭ്യര്‍ത്ഥിക്കകുയും ചെയ്തു.
തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ക്കെതിരെ ഉപഭോക്തൃകാര്യ വകുപ്പ് സ്വീകരിച്ച നടപടികളുടെ ഉദാഹരണങ്ങളും ശ്രീ ഗോയല്‍ പങ്കുവെച്ചു. ലോകത്തിലെ ഒന്നാം നമ്പര്‍ എന്ന് അവകാശപ്പെട്ട ഒരു ടൂത്ത് പേസ്റ്റ് കമ്പനിക്കെതിരെ നടപടി സ്വീകരിച്ചതായി അദ്ദേഹം പറഞ്ഞു. വളരെപ്പെട്ടന്ന് തന്നെ തങ്ങള്‍ സംഭരിച്ച വ്യാപാരചരക്കുകള്‍ വിറ്റഴിച്ചതായി അവകാശപ്പെട്ട മറ്റൊരു കമ്പനിക്കെതിരെയും സമാനമായ നടപടി സ്വീകരിച്ചു.


'' ഉപഭോക്താവിന്റെ ശക്തിയെക്കുറിച്ച് നിങ്ങള്‍ക്ക് അറിയണമെങ്കില്‍, ഇന്ത്യയിലേക്ക് നോക്കുക, ഉയര്‍ന്ന നിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ക്കായി ഉപഭോക്താക്കളുടെ സജീവമായ ആവശ്യം ഇന്ത്യന്‍ കമ്പനികളെ മികച്ച പ്രകടനം നടത്താന്‍ എങ്ങനെ പ്രേരിപ്പിച്ചുവെന്ന് കാണുക'', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ന് ലോക ഉപഭോക്തൃ അവകാശ ദിനമാണെന്ന് പറഞ്ഞ അദ്ദേഹംഅവകാശങ്ങള്‍ക്കൊപ്പം ഉദ്യോഗസ്ഥരുടെയും ഉപഭോക്താക്കളുടെയും ഉത്തരവാദിത്തങ്ങള്‍ കൂടി വരുന്നുവെന്നും ഓര്‍മ്മിപ്പിച്ചു. ''ഉപഭോക്താക്കള്‍ക്ക് സൗകര്യമൊരുക്കാന്‍ ഉപഭോക്തൃ കോടതികളുടെ വെര്‍ച്വല്‍ ഹിയറിംഗിന് ഞാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്'', അദ്ദേഹം പറഞ്ഞു.
ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് (ബി.ഐ.എസ്) ഏറ്റെടുക്കുന്ന ഗുണനിലവാര നിലവാരം നിശ്ചയിക്കല്‍ (ക്വാളിറ്റി സ്റ്റാന്‍ഡേര്‍ഡൈസേഷന്‍) പ്രവര്‍ത്തനങ്ങളെക്കുറിച്ചും ശ്രീ ഗോയല്‍ സംസാരിച്ചു, ഹാള്‍മാര്‍ക്കിംഗ് ഉപഭോക്താക്കള്‍ക്ക് ഗുണമേന്മ, പരിശുദ്ധി, സുതാര്യത എന്നിവയ്ക്കുള്ള ദീര്‍ഘകാല അവകാശം ലഭ്യമാക്കിയിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 2021 ഡിസംബര്‍ വരെ 1.3 ലക്ഷത്തിലധികം ജ്വല്ലറികള്‍ ഹാള്‍മാര്‍ക്ക്ഡ് സ്വര്‍ണ്ണ ആഭരണങ്ങള്‍ വില്‍ക്കുന്നതിനായി ബി.ഐ.എസി.ല്‍ നിന്ന് രജിസ്‌ട്രേഷന്‍ എടുത്തിട്ടുണ്ടെന്നും 987 ബി.ഐ.എസ് അംഗീകൃത മാറ്റുനോക്കലും ഹാള്‍മാര്‍ക്കിംഗും കേന്ദ്രങ്ങള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ 'സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ പ്രയാസ്' (എല്ലാവര്‍ക്കുമൊപ്പം, എല്ലാവരുടെയും വികാസം, എല്ലാവരുടെയും പ്രയത്‌നം) എന്ന സന്ദേശം മുന്നോട്ട് വച്ച അദ്ദേഹം എല്ലാ സംസ്ഥാന സര്‍ക്കാരുകളോടും വ്യവസായ അസോസിയേഷനുകളോടും മറ്റ് പങ്കാളികളോടും യഥാര്‍ത്ഥ വ്യാപാര അവസരങ്ങള്‍ അനുവദിക്കുന്നതിന് ഇടയില്‍ സന്തുലിതാവസ്ഥ കൊണ്ടുവരാന്‍ പരമാവധി ശ്രമിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. അതോടൊപ്പം ഉപഭോക്തൃ സംരക്ഷണത്തിന് ഹാനികരവും നിലവിലുള്ള നിയമത്തെ മറികടക്കാന്‍ ശ്രമിക്കുന്നതുമായ നയായരഹിതമായ വ്യാപാര സമ്പ്രദായങ്ങള്‍ക്കെതിരായ കര്‍ശന നടപടി കൈക്കൊള്ളാനും ആവശ്യപ്പെട്ടു.
ഉപഭോക്തൃ സംരക്ഷണം കൂടുതല്‍ വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള പുതിയ നയ തീരുമാനങ്ങളെ വ്യാപാരം പിന്തുണയ്ക്കണമെന്ന് എടുത്തുപറഞ്ഞ അദ്ദേഹം വ്യാപാരത്തിനൊപ്പം ഉപഭോക്തൃ സംരക്ഷണത്തിനും കൂടിയുള്ള സമഗ്രമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നതിന് ഗവണ്‍മെന്റുമായി ക്രിയാത്മകമായി പ്രവര്‍ത്തിക്കാനും അഭ്യര്‍ത്ഥിച്ചു.
ഉപഭോക്താക്കള്‍ കൂടുതല്‍ ബോധവാന്മാരായിരിക്കണമെന്നും ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ ആവശ്യപ്പെടണമെന്നും അതുവഴി ഉയര്‍ന്ന നിലവാരമുള്ള ഉല്‍പ്പന്നങ്ങളും സേവനങ്ങളും നല്‍കുന്നതില്‍ ഇന്ത്യയെ ലോകത്തിന്റെ നേതൃനിരയിലെത്തിക്കാന്‍ ശ്രമിക്കണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
ഉപഭോക്തൃ പരാതികള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാന്‍ സഹായിക്കുന്ന ഇ-ദാഖില്‍ പോര്‍ട്ടലിന്റെ പുരോഗതിയെ കേന്ദ്രമന്ത്രി ശ്രീ പിയൂഷ് ഗോയല്‍ അഭിനന്ദിക്കുകയും എല്ലാ കേസുകളിലും വെര്‍ച്വല്‍ ഹിയറിംഗ് സാദ്ധ്യമാക്കാന്‍ അധികാരികളോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. '' നീതി വൈകുന്നത് നീതി നിഷേധമാണ്'' എന്നത് ഉയര്‍ത്തിക്കാട്ടിക്കൊണ്ട് വിവിധ സംസ്ഥാന, ജില്ലാ ഉപഭോക്തൃ കമ്മീഷനുകളില്‍ ഒഴിഞ്ഞുകിടക്കുന്ന തസ്തികകളുടെ എണ്ണത്തിലും സുപ്രീം കോടതിക്ക് ഇടപെടേണ്ടി വന്നതിലും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. എല്ലാ സംസ്ഥാന ഗവണ്‍മെന്റുകളോടും അവരുടെ ഒഴിവുകള്‍ എത്രയും വേഗം നികത്താനും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

മുഖ്യാതിഥിയായിരുന്ന നന്ദന്‍ നിലേകനി പരിപാടിയില്‍ വെര്‍ച്ച്വലായി പങ്കെടുക്കുകയും തന്റെ അഭിസംബോധനയില്‍ മാറിക്കൊണ്ടിരിക്കുന്ന ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ക്കനുസരിച്ച് മാറേണ്ടതിന്റെ ആവശ്യകതയ്ക്ക് ഊന്നല്‍ നല്‍കുകയും, സങ്കീര്‍ണ്ണമായ ഡിജിറ്റല്‍ പ്രോട്ടോക്കോളുകള്‍വര്‍ദ്ധിച്ചുവരുന്നതിനൊപ്പം, കൂടുതല്‍ സങ്കീര്‍ണ്ണമായ ഉപഭോക്തൃ പരിഹാര മാര്‍ഗ്ഗങ്ങള്‍ക്കായി ഒരാള്‍ തയ്യാറാകേണ്ടതുണ്ടെന്നും അതിന് ഗവണ്‍മെന്റിന്റെ ആരോഗ്യകരമായ സമീപനം ആവശ്യമാണെന്ന് എടുത്തുപറയുകയും ചെയ്തു. ഇക്കാര്യത്തില്‍, നിര്‍മ്മിതബുദ്ധിയെ പരിഗണിച്ചുകൊണ്ടും സംഭാഷണത്തെ സംഭാഷണവും (സ്പീച്ച് ടു സ്പീച്ച്) സംഭാഷണത്തില്‍ നിന്ന് വാചകവും (സ്പീച്ച് ടു ടെക്‌സ്റ്റ്), വാചകത്തില്‍ നിന്ന് സംഭാഷണവും (ടെക്‌സ്റ്റ് ടു സ്പീച്ച്) എന്നീ തുറന്ന വേദികളെ ഉപയോഗിച്ചുകൊണ്ട് ബഹുഭാഷാ മാതൃകയില്‍ ഓണ്‍ലൈനായി തര്‍ക്കപരിഹാര സംവിധാനം ലഭിക്കുന്ന തരത്തില്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര സംവിധാനത്തെ പുനര്‍രൂപകല്‍പ്പന ചെയ്യേണ്ടതിന്റെ ആവശ്യകത അദ്ദേഹം എടുത്തുപറഞ്ഞു. ഇന്നത്തെ ഡിജിറ്റല്‍ ഇടപാടുകള്‍ ബഹുകക്ഷികളാണെന്നും അതിനാല്‍ ഇത്തരം തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് ബഹുകക്ഷികളുടെ ആവശ്യകതയുണ്ടെന്നും അദ്ദേഹം എടുത്തുപറഞ്ഞു. വളര്‍ച്ചയിലെ വേഗതയിലും അളവിലും മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത വിധത്തിലാണ് ഡിജിറ്റല്‍ ഫിനാന്‍സ്, ഉപഭോക്തൃ പരിഹാരത്തിന്റെ ഒരു പുതിയ യുഗം ഇന്ത്യ ആരംഭിക്കുകയും ഓരോ ഇന്ത്യക്കാരനും എളുപ്പത്തില്‍ ഉപഭോക്തൃ പരിഹാരത്തിലേക്ക് പ്രവേശനം ലഭിക്കുകയും വേണം.
പാവപ്പെട്ടവരിലും സാമ്പത്തികസേവനങ്ങളില്‍ നിന്നും ഒഴിവാക്കപ്പെട്ടിരുന്ന കുടുംബങ്ങളിലേക്കും എത്തിച്ചേരാനുള്ള നമ്മുടെ കഴിവിനെ ഡിജിറ്റല്‍ സാങ്കേതികവിദ്യയും പുതിയ വ്യാപാരമാതൃകകളും പൂര്‍ണ്ണമായും മാറ്റിമറിക്കുകയാണെന്നതില്‍ ഉപഭോക്തൃകാര്യ, ഭക്ഷ്യ-പൊതുവിതരണ, ഗ്രാമവികസന മന്ത്രാലയം സഹമന്ത്രി സാധ്വി നീരാജന്‍ ജ്യോതി തന്റെ മുഖ്യ പ്രഭാഷണത്തില്‍ അടിവരയിട്ടു. കൂടുതല്‍ സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍ കൊണ്ടുവരാന്‍ ഗവണ്‍മെന്റ് എല്ലായ്‌പ്പോഴും ശ്രമിക്കുന്നുണ്ട്. 2017 മാര്‍ച്ചിനും 2021 മാര്‍ച്ചിനും ഇടയില്‍ സാമ്പത്തിക ഉള്‍ച്ചേരലില്‍ (എഫ്.ഐ) 24% പുരോഗതി ഉണ്ടായിട്ടുണ്ട് എന്നതും 2022 ഫെബ്രുവരി വരെ 8 ബില്യണിലധികം ഇടപാടുകള്‍ യു.പി.ഐ വഴി നടന്നിട്ടുണ്ട് എന്നതിലും ഇത് നന്നായി പ്രതിഫലിപ്പിക്കുന്നുണ്ട്. കൂടാതെ വിവിധ കോവിഡ് ദുരിതാശ്വാസ പരിപാടികളിലായി 428 ദശലക്ഷം സ്വീകര്‍ത്താക്കള്‍ക്ക് ഇന്ത്യ പണം നല്‍കിയത് യു.പി.ഐ വഴിയായിരുന്നു. അതിനുമപ്പുറത്ത്, ഡിജിറ്റല്‍ ഫിനാന്‍സ്, കൂടുതല്‍ മികച്ചതും സുരക്ഷിതവും ഉപഭോക്തൃ സുരക്ഷിതവുമാക്കുന്നതിന് കൂട്ടായ ശ്രമങ്ങള്‍ നടത്തണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.
നൂതന നിയന്ത്രണ സമീപനങ്ങളുടെയും ഡിജിറ്റല്‍ സാമ്പത്തിക സേവനങ്ങളുടെയും ഉപഭോക്തൃ സംരക്ഷണത്തിലും ശാക്തീകരണത്തിലും കേന്ദ്രീകരിക്കുന്ന ഉല്‍പ്പന്നങ്ങളുടെയും ആവശ്യകതയെ കുറിച്ച് ഉപഭോക്തൃകാര്യ, ഭക്ഷ്യ-പൊതുവിതരണ, പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയ സഹമന്ത്രി ശ്രീ അശ്വിനി കുമാര്‍ ചൗബെ തന്റെ മുഖ്യ പ്രഭാഷണത്തില്‍ ഊന്നിപ്പറഞ്ഞു. മഹാമാരികാലത്ത് ഡിജിറ്റല്‍ സാമ്പത്തിക ഇടപാടുകള്‍ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ എത്തപ്പെടാനാകുന്നതും താങ്ങാനാവുന്നതുമായ സേവനങ്ങള്‍ നല്‍കുകയും വ്യാപാരത്തെ സജീവമാക്കുകയും ചെയ്തുവെന്ന് ശ്രീ ചൗബെ തന്റെ മുഖ്യ പ്രഭാഷണത്തില്‍ നിരീക്ഷിച്ചു, എന്നാല്‍, ഉപഭോക്താക്കളുടെ വിശ്വാസത്തെ പ്രതികൂലമായി ബാധിക്കാനും സാമ്പത്തിക വിപണികളെ അസ്ഥിരപ്പെടുത്താനും സാദ്ധ്യതയുതും സാമ്പത്തിക ഉള്‍ച്ചേര്‍ക്കലിലൂടെ നേടിയ നേട്ടങ്ങളെ ഇല്ലാതാക്കുന്ന തരത്തില്‍ ഡിജിറ്റല്‍ സാമ്പത്തിക സേവനങ്ങള്‍ ഏറ്റെടുക്കുന്നതും ഉപയോഗിക്കുന്നതും നിരുത്സാഹപ്പെടുത്തുകയുചെയ്യുന്നതുമായുള്ള പുതിയ അപകടസാദ്ധ്യതകളും ഉപഭോക്താക്കള്‍ക്ക് തുറന്നുവച്ചു. അതുകൊണ്ട്, ഡിജിറ്റല്‍ സാമ്പത്തിക സേവനങ്ങളുടെ ചക്രവാളം വിപുലീകരിക്കുന്നതിന് മികച്ച ഉപഭോക്തൃ സംരക്ഷണം പ്രതിഫലിപ്പിക്കുന്ന തന്ത്രപരമായ നിയന്ത്രണവും സമയോചിതമായ ഇടപെടലും ഉണ്ടായിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.
ഉപഭോക്തൃകാര്യ, ഭക്ഷ്യ-പൊതുവിതരണ, ഗ്രാമവികസന മന്ത്രാലയ സഹമന്ത്രി സാധ്വി നീരാജന്‍ ജ്യോതിയും ഉപഭോക്തൃകാര്യ, ഭക്ഷ്യ-പൊതുവിതരണം, പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാനം എന്നിവയുടെ സഹമന്ത്രി ശ്രീ അശ്വിനി കുമാര്‍ ചൗബെയും ചേര്‍ന്ന് ഉപഭോക്തൃ കാര്യ വകുപ്പ് ആസാദി കാ അമൃത് മഹോത്സവിന് കീഴിലെ വാരാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വെര്‍ച്വല്‍ എക്‌സിബിഷന്‍ ഉദ്ഘാടനം ചെയ്തു.

ഡിജില്‍വല്‍ക്കരണത്തിന്റെ ആഗോള യുഗത്തില്‍ ലോകം കണ്ട സാങ്കേതിക മുന്നേറ്റങ്ങളിലെ മാതൃകാപരമായ മാറ്റത്തെ തന്റെ മുഖ്യപ്രഭാഷണത്തില്‍ എന്‍.സി.ഡി.ആര്‍.സി പ്രസിഡന്റ് ബഹുമാനപ്പെട്ട ജസ്റ്റിസ് ആര്‍.കെ. അഗര്‍വാള്‍ എടുത്തുപറഞ്ഞു. വ്യക്തികള്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും മാത്രമല്ല, ഒരു രാജ്യത്തിന് മൊത്തത്തില്‍ തന്നെ - ഉല്‍പ്പാദനക്ഷമത, എത്തിച്ചേരല്‍, സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍, കാര്യക്ഷമത എന്നിവ വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഒരു സുപ്രധാന ഉപകരണമായി ഡിജിറ്റല്‍ സാമ്പത്തിക സേവനങ്ങള്‍ മാറിയെന്ന് അദ്ദേഹം തറപ്പിച്ചുപറഞ്ഞു. എല്ലാ ഉപഭോക്താക്കള്‍ക്കും മികച്ച അപകടപരിപാലനം (റിസ്‌ക് മാനേജ്‌മെന്റ്) ഉറപ്പാക്കുന്നതിന് ഫിനാന്‍ഷ്യല്‍ റെഗുലേറ്റര്‍മാര്‍ (സാമ്പത്തിക നിയന്ത്രാക്കള്‍), ടെലികോം ഓപ്പറേറ്റര്‍മാര്‍, സെന്‍ട്രല്‍ പേയ്‌മെന്റ് സിസ്റ്റം അതോറിറ്റി (കേന്ദ്ര പണമിടപാട് അതോറിറ്റി) എന്നിവയുടെ ആവശ്യകത ഉയര്‍ത്തിക്കാട്ടിക്കൊണ്ടാണ് എന്‍.സി.ഡി.ആര്‍.സി പ്രസിഡന്റ് തന്റെ മുഖ്യപ്രഭാഷണം അവസാനിപ്പിച്ചത്.

ലോക ഉപഭോക്തൃ അവകാശ ദിനം 2022 ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ഉപഭോക്തൃകാര്യവകുപ്പുമായി സഹകരിച്ച് ഡല്‍ഹി നാഷണല്‍ ലോ യൂണിവേഴ്‌സിറ്റി  സംഘടിപ്പിച്ച ഉപന്യാസ മത്സരത്തിലെ വിജയികളെയും സമ്പദ്ഘടനയെ തകര്‍ക്കുന്ന കള്ളക്കടത്ത്, കള്ളപ്പണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ (കാസ്‌കേഡ്) ഫിക്കി കമ്മിറ്റി, ഉപഭോക്തൃ കാര്യ വകുപ്പുമായി സഹകരിച്ച് സംഘടിപ്പിച്ച ഇന്റര്‍ സ്‌കൂള്‍ ഓണ്‍ലൈന്‍ പെയിന്റിംഗ് മത്സരത്തിലെ വിജയികളേയും മന്ത്രിമാര്‍ അനുമോദിച്ചു.

അതേസമയം, ശ്രീ ഗോയല്‍ മറ്റ് മന്ത്രിമാരും വിശിഷ്ടാതിഥികളുമായി ചേര്‍ന്ന് താഴേപ്പറയുന്ന പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു:

-ഡല്‍ഹി നാഷണല്‍ ലോ യൂണിവേഴ്‌സിറ്റി തയ്യാറാക്കിയ എന്‍.സി.ഡി.ആര്‍.സി., എസ്.സി.ഡി.ആര്‍.സി.എന്നിവയില്‍ സുപ്രീം കോടതി എടുത്ത സുപ്രധാന തീരുമാനങ്ങളുടെ ത്രൈമാസ ഡൈജസ്റ്റ്,
- ഉല്‍പ്പന്ന ബാദ്ധ്യതയേയയും നിരന്തരം ചോദിക്കുന്ന ചോദ്യങ്ങളെയും കുറിച്ചുള്ള ഉപഭോക്തൃ കൈപ്പുസ്തകം
- ഉപഭോക്തൃ സംരക്ഷണ നിയമം 2019 സംബന്ധിച്ച കൈപ്പുസ്തകം.
- ഉപഭോക്താവാണ് രാജാവ് (അഞ്ചാം പതിപ്പ്)
ഉപഭോക്തൃ കാര്യ വകുപ്പ് സെക്രട്ടറി ശ്രീ രോഹിത് കുമാര്‍ സിംഗ്, അഡീഷണല്‍ സെക്രട്ടറി ശ്രീമതി നിധി ഖരെ, മറ്റ് പ്രമുഖര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

-ND-



(Release ID: 1806357) Visitor Counter : 305