പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

'സാങ്കേതികവിദ്യാധിഷ്ഠിത വികസനം' എന്ന വിഷയത്തിലെ വെബിനാറിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു


''നമ്മെ സംബന്ധിച്ച് സാങ്കേതികവിദ്യ എന്നത് രാജ്യത്തെ ജനങ്ങളെ ശാക്തീകരിക്കാനുള്ള മാധ്യമമാണ്. സാങ്കേതികവിദ്യ രാജ്യത്തെ ആത്മനിര്‍ഭരാക്കി മാറ്റാനുള്ള ചാലകശക്തിയാണ്. ഇതേ വീക്ഷണം ഈ വര്‍ഷത്തെ ബജറ്റിലും പ്രതിഫലിക്കുന്നുണ്ട്.''

''കരുത്തുറ്റ 5ജി ആവാസവ്യവസ്ഥയുമായി ബന്ധപ്പെട്ട 5ജി സ്പെക്ട്രം ലേലത്തിന്റെയും പിഎല്‍ഐ പദ്ധതികളുടേയും വ്യക്തമായ രൂപരേഖ ബജറ്റില്‍ ഉള്‍ക്കൊള്ളുന്നു''

''ജീവിതനിലവാരം വര്‍ദ്ധിപ്പിക്കുന്നതിന് സാങ്കേതികവിദ്യയുടെ പരമാവധി ഉപയോഗം ഉറപ്പാക്കുന്നതില്‍ നാം ഊന്നല്‍ കൊടുക്കണം''

''കോവിഡ് കാലത്ത് വാക്സിന്‍ നിര്‍മിക്കുന്നതിലുള്ള നമ്മുടെ സ്വയം പര്യാപ്തതയ്ക്ക് ലോകം സാക്ഷിയായിരുന്നു. ഈ വിജയം നാം എല്ലാ മേഖലകളിലേക്കും വ്യാപിപ്പിക്കണം''

Posted On: 02 MAR 2022 11:13AM by PIB Thiruvananthpuram

ബജറ്റിലെ പ്രഖ്യാപനങ്ങള്‍ സമയബന്ധിതമായി നടപ്പിലാക്കുന്നതിനായി ബന്ധപ്പെട്ട വിഭാഗങ്ങളുമായി ചര്‍ച്ച നടത്തുന്നതിനും അവരെ ശാക്തീകരിക്കുന്നതിനുമായി സംഘടിപ്പിച്ച ബജറ്റുമായി ബന്ധപ്പെട്ട ഏഴാമത് വെബിനാറിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. ''ബജറ്റ് അവതരിപ്പിച്ച സാഹചര്യത്തില്‍ ബജറ്റിലെ പ്രഖ്യാപനങ്ങള്‍ വേഗത്തിലും പരിധികളില്ലാതെയും പരമാവധി സാധ്യതകള്‍ പ്രയോജനപ്പെടുത്തിയും നടപ്പിലാക്കാന്‍ കഴിയുമെന്ന് ഉറപ്പാക്കുന്നതിനുള്ള യോജിച്ചുള്ള പരിശ്രമാണ് ഇത്''- വെബിനാറിനെക്കുറിച്ചുള്ള തന്റെ വീക്ഷണം പ്രധാനമന്ത്രി പങ്കുവച്ചു.

ഈ ഗവണ്‍മെന്റിനെ സംബന്ധിച്ച് ശാസ്ത്രവും സാങ്കേതികവിദ്യയും മാറ്റി നിര്‍ത്തപ്പെടേണ്ട മേഖലകളല്ല. സാമ്പത്തികരംഗത്ത് ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥ, ഫിന്‍ടെക് തുടങ്ങിയ മേഖലകളുമായി ഈ വീക്ഷണം ബന്ധപ്പെട്ടിരിക്കുന്നു. അതുപോലെ തന്നെ നവീനസാങ്കേതികവിദ്യക്ക് അടിസ്ഥാനസൗകര്യവികസനം, പൊതുസേവനം എന്നീ വിഭാഗങ്ങളില്‍ പ്രധാന പങ്കുവഹിക്കാനുണ്ട്. ''നമ്മളെ സംബന്ധിച്ച് സാങ്കേതികവിദ്യ എന്നത് രാജ്യത്തെ ജനങ്ങളെ ശാക്തീകരിക്കാനുള്ള മാധ്യമമാണ്. സാങ്കേതികവിദ്യ രാജ്യത്തെ ആത്മനിര്‍ഭറാക്കി മാറ്റാനുള്ള ചാലകശക്തിയാണ്. ഇതേ വീക്ഷണം ഈ വര്‍ഷത്തെ ബജറ്റിലും പ്രതിഫലിക്കുന്നുണ്ട്''-പ്രധാനമന്ത്രി പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്‍ കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗങ്ങളിലൊന്നില്‍ ആത്മനിര്‍ഭരതയെക്കുറിച്ച് പരാമര്‍ശിച്ചത് അമേരിക്ക പോലുള്ള വികസിത രാജ്യങ്ങളും അതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞതു കൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു. ''മാറിയ ആഗോളക്രമത്തില്‍ ആത്മനിര്‍ഭരതയ്ക്ക് ഊന്നല്‍ കൊടുത്ത് മുന്നോട്ട് പോകുകയെന്നത് നിര്‍ണായകമാണ്''-  പ്രധാനമന്ത്രി വ്യക്തമാക്കി.

നിര്‍മിതബുദ്ധി, ജിയോ സ്‌പേഷ്യല്‍ സിസ്റ്റം, ഡ്രോണുകള്‍, അര്‍ധചാലകങ്ങള്‍, ബഹിരാകാശ സാങ്കേതികവിദ്യ, ജീനോമിക്സ്, ഔഷധനിര്‍മാണം, ക്ലീന്‍ ടെക്നോളജി, 5ജി പോലുള്ള ഉയര്‍ന്നു വരുന്ന മേഖലകള്‍ക്ക് ബജറ്റില്‍ ഊന്നല്‍ കൊടുത്ത കാര്യം മോദി വ്യക്തമാക്കി. കരുത്തുറ്റ  5ജി ആവാസവ്യവസ്ഥയുമായി ബന്ധപ്പെട്ട 5ജി സ്പെക്ട്രം ലേലത്തിന്റെയും പിഎല്‍ഐ പദ്ധതികളുടേയും വ്യക്തമായ രൂപരേഖ ബജറ്റില്‍ ഉള്‍ക്കൊള്ളുന്നു. ഈ മേഖലകളില്‍ കൂടുതല്‍ സംഭാവന നല്‍കുന്നതിന് അദ്ദേഹം സ്വകാര്യ മേഖലയെ സ്വാഗതം ചെയ്തു.

''ശാസ്ത്രം എന്നത് ആഗോളമാകുമ്പോള്‍ സാങ്കേതികവിദ്യ എന്നത് തദ്ദേശീയമാണ്''- അദ്ദേഹം പറഞ്ഞു. ''ശാസ്ത്രവുമായി ബന്ധപ്പെട്ട തത്വങ്ങള്‍ നമുക്ക് പരിചിതമാണ്. എന്നാല്‍ ജീവിതനിലവാരം ഉയര്‍ത്തുന്നതിന് സാങ്കേതികവിദ്യയുടെ പരമാവധി ഉപയോഗത്തിന് നാം ഊന്നല്‍ നല്‍കണം''. ഭവന നിര്‍മാണം, റയില്‍വേ, വ്യോമപാതകള്‍, ജലഗതാഗതം, ഒപ്റ്റിക്കല്‍ ഫൈബര്‍ എന്നീ മേഖലകളില്‍ നടത്തിയ നിക്ഷേപത്തെക്കുറിച്ച് അദ്ദേഹം പരാമര്‍ശിച്ചു. പ്രധാനപ്പെട്ട ഈ മേഖലകളില്‍ സാങ്കേതികവിദ്യ ഫലപ്രദമായി ഉപയോഗിക്കുന്നതിനുള്ള ആശയങ്ങള്‍ അദ്ദേഹം ക്ഷണിച്ചു.

ഗെയിമിംഗിനുള്ള ആഗോള വിപണി വികസിക്കുന്നുണ്ടെന്ന് സൂചിപ്പിച്ച പ്രധാനമന്ത്രി, ബജറ്റില്‍ ആനിമേഷന്‍ വിഷ്വല്‍ ഇഫക്റ്റ്സ് ഗെയിമിംഗ് കോമിക്ക് (എവിജിസി) എന്നതിന് ഊന്നല്‍ നല്‍കിയതായി പറഞ്ഞു. അതുപോലെ തന്നെ ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് ഇണങ്ങുന്ന കളിപ്പാട്ടങ്ങള്‍ ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യകതയും പ്രധാനമന്ത്രി വ്യക്തമാക്കി. ആശയവിനിമയ കേന്ദ്രങ്ങളുടെയും ഫിന്‍ടെക്കിന്റെയും പ്രാധാന്യം വ്യക്തമാക്കിയ പ്രധാനമന്ത്രി, രണ്ടിനും വിദേശ ആശ്രിതത്വം കുറവുള്ള തദ്ദേശീയ ആവാസവ്യവസ്ഥ ഉണ്ടാകേണ്ടതുണ്ടെന്ന് പറഞ്ഞു. ജിയോസ്‌പേഷ്യല്‍ വിവരങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള നിയമങ്ങളുടെ മാറ്റവും അത് കാരണമുണ്ടായ അനന്തമായ അവസരങ്ങളും പരമാവധി പ്രയോജനപ്പെടുത്തണമെന്ന് സ്വകാര്യ മേഖലയോട് അദ്ദേഹം ആഹ്വാനം ചെയ്തു. ''കോവിഡ് കാലത്ത് വാക്സിന്‍ നിര്‍മിക്കുന്നതിലുള്ള നമ്മുടെ സ്വയം പര്യാപ്തതയ്ക്ക് ലോകം സാക്ഷിയായിരുന്നു. ഈ വിജയം നാം എല്ലാ മേഖലകളിലേക്കും വ്യാപിപ്പിക്കണം'' - അദ്ദേഹം പറഞ്ഞു,

രാജ്യസുരക്ഷയ്ക്കായി ശക്തമായ ഒരു വിവര ശേഖരണ സംവിധാനം രൂപപ്പെടുത്തേണ്ടതിന്റെ ആവശ്യത്തെക്കുറിച്ച് ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി അതിനായുളള മാനദണ്ഡങ്ങളും നിയമങ്ങളും തയ്യാറാക്കുന്നതിനുള്ള പദ്ധതിയെക്കുറിച്ച് ആലോചിക്കാന്‍ യോഗത്തോട് ആവശ്യപ്പെട്ടു.

ലോകത്തെ ഏറ്റവും മികച്ച മൂന്നാമത്തെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയായ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളെക്കുറിച്ച് പരാമര്‍ശിക്കവെ മേഖലയ്ക്ക് ഗവണ്‍മെന്റില്‍ നിന്ന് പൂര്‍ണമായ പിന്തുണ ലഭിക്കുമെന്ന് വ്യക്തമാക്കി. ''യുവജനങ്ങള്‍ക്ക് നൈപുണ്യ വികസനത്തിനും അത് വീണ്ടും മികച്ചതാക്കുന്നതിനും നൈപുണ്യ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനുമായി ബജറ്റില്‍ ഒരു പോര്‍ട്ടല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് വഴി നിങ്ങള്‍ക്ക് എപിഐ അടിസ്ഥാനപ്പെടുത്തിയ വിശ്വസനീയ സ്ഥാപനങ്ങളില്‍ മികച്ച തൊഴിലവസരങ്ങളും വരുമാനവും ലഭിക്കും'' - അദ്ദേഹം പറഞ്ഞു.

രാജ്യത്ത് ഉല്‍പാദനം വര്‍ദ്ധിപ്പിക്കുന്നതിന് പ്രധാനപ്പെട്ട 14 മേഖലകളില്‍ രണ്ട് ലക്ഷം കോടി രൂപയുടെ പിഎല്‍ഐ പദ്ധതികള്‍ പ്രഖ്യാപിച്ചതിനെക്കുറിച്ച് പ്രധാനമന്ത്രി വിശദീകരിച്ചു. പൗരന്‍മാര്‍ക്കായുള്ള സേവനങ്ങളില്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ ഉപയോഗിക്കുന്നത്, ഇ-മാലിന്യസംസ്‌കരണം, സന്തുലിത സമ്പദ്‌വ്യവസ്ഥ, ഇലക്ട്രിക് മൊബിലിറ്റി എന്നീ മേഖലകളില്‍ പ്രായോഗിക പരിശീലനം നല്‍കുന്നതിന് നിക്ഷേപകര്‍ക്ക് ദിശാബോധം നല്‍കുന്ന നിര്‍ദ്ദേശങ്ങളും പ്രധാനമന്ത്രി നല്‍കി.

-ND-

(Release ID: 1802277) Visitor Counter : 215