പ്രധാനമന്ത്രിയുടെ ഓഫീസ്‌

അരുണാചല്‍ പ്രദേശിന്റെ സുവര്‍ണ ജൂബിലിയേയും 36-ാമത് സംസ്ഥാന രൂപീകരണ ദിനാഘോഷങ്ങളേയും പ്രധാനമന്ത്രി അഭിസംബോധന ചെയ്തു


''അത് ആംഗ്ലോ -അബോര്‍ യുദ്ധമായാലും സ്വാതന്ത്ര്യാനന്തരം അതിര്‍ത്തിയുടെ സുരക്ഷയായാലും, അരുണാചലിലെ ജനങ്ങളുടെ വീരഗാഥകള്‍ ഓരോ ഇന്ത്യക്കാരനും അമൂല്യമായ പൈതൃകമാണ്''

'' എല്ലാവര്‍ക്കും ഒപ്പം, എല്ലാവരുടെയും വികസനം, എല്ലാവരുടെയും വിശ്വാസം എല്ലാവരുടെയും പ്രയത്‌നം (സബ്കാ സാത്ത്, സബ്കാ വികാസ്, സബ്ക വിശ്വാസ്, സബ്ക പ്രയാസ്) എന്നിവയുടെ പാത അരുണാചല്‍ പ്രദേശിന് മികച്ച ഭാവി ഉറപ്പാക്കും''

''21-ാം നൂറ്റാണ്ടിലെ ഇന്ത്യയുടെ വികസന യന്ത്രം കിഴക്കേ ഇന്ത്യ, പ്രത്യേകിച്ച് വടക്ക്-കിഴക്കന്‍ ഇന്ത്യ ആയിരിക്കും''

''അരുണാചല്‍ പ്രദേശിനെ കിഴക്കന്‍ ഏഷ്യയിലേക്കുള്ള പ്രധാന കവാടമാക്കി മാറ്റാന്‍ ഞങ്ങള്‍ പൂര്‍ണ ശക്തിയോടെ പ്രവര്‍ത്തിക്കുകയാണ്. അരുണാചലിന്റെ തന്ത്രപ്രധാനമായ പങ്ക് കണക്കിലെടുത്ത് സംസ്ഥാനത്ത് ആധുനിക പശ്ചാത്തല സൗകര്യങ്ങള്‍ നിര്‍മ്മിക്കുകയാണ്''



Posted On: 20 FEB 2022 12:03PM by PIB Thiruvananthpuram

അരുണാചല്‍ പ്രദേശിന്റെ സുവര്‍ണ ജൂബിലിയിലും 36-ാമത് സംസ്ഥാന രൂപീകരണ ദിനാഘോഷങ്ങളിലും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അരുണാചല്‍ പ്രദേശിലെ ജനങ്ങളെ അഭിനന്ദിച്ചു. ഉദയസൂര്യന്റെ നാട് എന്ന തങ്ങളുടെ  സ്വത്വം കഴിഞ്ഞ 50 വര്‍ഷമായി ശക്തിപ്പെടുത്തിയതിന് അദ്ദേഹം അവരെ പ്രശംസിച്ചു. സുപ്രസിദ്ധനായ ഭാരതരത്‌ന ഡോ ഭൂപേന്‍ ഹസാരികയുടെ പ്രശസ്തമായ 'അരുണാചല്‍ ഹമാരാ' എന്ന ഗാനത്തില്‍ നിന്നുള്ള വരികളും അദ്ദേഹം ഉദ്ധരിച്ചു. ഇന്ന് അരുണാചല്‍ പ്രദേശിന്റെ സുവര്‍ണ ജൂബിലിയുടെയും 36-ാമത് സംസ്ഥാന രൂപീകരണ ദിനാചരണത്തിന്റെയും ആഘോഷവേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യസ്‌നേഹത്തിന്റെയും സാമൂഹിക സൗഹാര്‍ദ്ദത്തിന്റെയും വികാരം പ്രോത്സാഹിപ്പിക്കുന്നതിനും ഒപ്പം രാജ്യത്തിന്റെ സാംസ്‌കാരിക പൈതൃകം സംരക്ഷിക്കുന്നതിനും അരുണാചല്‍ പ്രദേശിനെ പ്രധാനമന്ത്രി പ്രശംസിച്ചു. രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച അരുണാചല്‍ പ്രദേശില്‍ നിന്നുള്ള രക്തസാക്ഷികള്‍ക്ക് അദ്ദേഹം ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ' അത് ആംഗ്ലോ -അബോര്‍ യുദ്ധമോ അല്ലെങ്കില്‍ സ്വാതന്ത്ര്യാനന്തരമുള്ള അതിര്‍ത്തിയുടെ സുരക്ഷയോ ആകട്ടെ, അരുണാചല്‍ ജനതയുടെ വീരഗാഥകള്‍ ഓരോ ഇന്ത്യക്കാരനും അമൂല്യമായ പൈതൃകമാണ്'', പ്രധാനമന്ത്രി പറഞ്ഞു.
സംസ്ഥാനത്തിലേക്കുള്ള തന്റെ നിരവധി സന്ദര്‍ശനങ്ങള്‍ പ്രധാനമന്ത്രി അനുസ്മരിക്കുകയും മുഖ്യമന്ത്രി ശ്രീ പേമ ഖണ്ഡുവിന്റെ കീഴിലുള്ള ഇരട്ട-യന്ത്ര(എന്‍ജിന്‍)-ഗവണ്‍മെന്റിന് കീഴില്‍ ഉണ്ടാകുന്ന വികസനത്തിന്റെ വേഗതയില്‍ സംതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു. '' എല്ലാവര്‍ക്കും ഒപ്പം, എല്ലാവരുടെയുഗ വികസനം, എല്ലാവരുടെയും വിശ്വാസം, എല്ലാവരുടെയും പ്രയത്‌നം (സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ്, സബ്കാ പ്രയാസ്) എന്നിവയുടെ പാത അരുണാചല്‍ പ്രദേശിന് മികച്ച ഭാവി ഉറപ്പാക്കും'', അദ്ദേഹം പറഞ്ഞു.


21ാം നൂറ്റാണ്ടില്‍ ഇന്ത്യയുടെ വികസനത്തിന്റെ യന്ത്രം (എന്‍ജിന്‍) കിഴക്കന്‍ ഇന്ത്യ, പ്രത്യേകിച്ച് വടക്കുകിഴക്കന്‍ ഇന്ത്യയായിരിക്കുമെന്ന തന്റെ വിശ്വാസം പ്രധാനമന്ത്രി ആവര്‍ത്തിച്ചു. കഴിഞ്ഞ 7 വര്‍ഷമായി സ്വീകരിച്ച നടപടികളുടെ പട്ടികയും അദ്ദേഹം മുന്നില്‍വച്ചു. ബന്ധിപ്പിക്കല്‍, ഊര്‍ജ്ജ പശ്ചാത്തലസൗകര്യം എന്നീ മേഖലകളില്‍ വിപുലമായ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്, ഇത് അരുണാചല്‍ പ്രദേശിലെ ജീവിതവും വ്യാപാരവും സുഗമമാക്കും. ഈ മേഖലയിലെ എല്ലാ തലസ്ഥാനങ്ങളേയും മുന്‍ഗണനാടിസ്ഥാനത്തില്‍ റെയിവേയുമായി ബന്ധിപ്പിക്കുന്നു. ''അരുണാചല്‍ പ്രദേശിനെ കിഴക്കന്‍ ഏഷ്യയിലേക്കുള്ള പ്രധാന കവാടമാക്കി മാറ്റാന്‍ ഞങ്ങള്‍ പൂര്‍ണ ശക്തിയോടെ പ്രവര്‍ത്തിക്കുകയാണ്. അരുണാചല്‍ പ്രദേശിന്റെ തന്ത്രപ്രധാനമായ പങ്ക് കണക്കിലെടുത്ത് സംസ്ഥാനത്ത് ആധുനിക പശ്ചാത്തല സൗകര്യങ്ങള്‍ നിര്‍മ്മിക്കുകയാണ്'', പ്രധാനമന്ത്രി പറഞ്ഞു.
പ്രകൃതിയോടും സംസ്‌കാരത്തോടും ഇണങ്ങിയാണ് അരുണാചല്‍ പുരോഗമിക്കുന്നതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ''നിങ്ങളുടെ പ്രയത്‌നത്താല്‍, അരുണാചല്‍ ജൈവ വൈവിധ്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട മേഖലകളിലൊന്നാകുന്നു'' , അരുണാചല്‍ പ്രദേശിലെ ജനങ്ങളെ അഭിനന്ദിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.
ആരോഗ്യം, വിദ്യാഭ്യാസം, നൈപുണ്യ വികസനം, സ്ത്രീ ശാക്തീകരണം, സ്വയം സഹായ സംഘങ്ങള്‍ തുടങ്ങിയ മേഖലകളിലെ വികസനത്തിനുള്ള മുഖ്യമന്ത്രിയുടെ ശ്രമങ്ങളിലും ശ്രീ മോദി സന്തോഷം പ്രകടിപ്പിച്ചു. സംസ്ഥാനത്തിന്റെ വികസനത്തിനായി തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്ന കേന്ദ്ര നിയമമന്ത്രി ശ്രീ കിരണ്‍ റിജിജുവിനെയും പ്രധാനമന്ത്രി പ്രശംസിച്ചു.
ആഗോള തലത്തില്‍ അരുണാചലിന്റെ ടൂറിസം സാദ്ധ്യതകള്‍ സാക്ഷാത്കരിക്കരിക്കുന്നതിനുള്ള തന്റെ പ്രതിബദ്ധതയും പ്രധാനമന്ത്രി ആവര്‍ത്തിച്ചു.

--ND--

 



(Release ID: 1799801) Visitor Counter : 182