പ്രധാനമന്ത്രിയുടെ ഓഫീസ്‌

ജനസൗഹൃദവും പുരോഗമനപരവുമായ ബജറ്റിന്’ ധനമന്ത്രിയെയും അവരുടെ ടീമിനെയും പ്രധാനമന്ത്രി അഭിനന്ദിച്ചു



നൂറ്റാണ്ടിലൊരിക്കൽ സംഭവിക്കുന്ന ദുരന്തത്തിനിടയിലും വികസനത്തിന്റെ പുതിയ ആത്മവിശ്വാസവുമായാണ് ഈ വർഷത്തെ ബജറ്റ് വന്നിരിക്കുന്നത്"

“ഈ ബജറ്റ് സമ്പദ്‌വ്യവസ്ഥയ്ക്ക് കരുത്ത് പകരുന്നതിനൊപ്പം സാധാരണക്കാർക്ക് പുതിയ അവസരങ്ങൾ സൃഷ്ടിക്കും
"കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾ, കൂടുതൽ നിക്ഷേപം, കൂടുതൽ വളർച്ച, കൂടുതൽ തൊഴിലവസരങ്ങൾ എന്നിവയ്ക്കുള്ള അവസരങ്ങളാൽ സമ്പന്നമാണ് ബജറ്റ് "

ദരിദ്രരുടെ ക്ഷേമം ഈ ബജറ്റിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിൽ ഒന്നാണ്

“കൃഷി ലാഭകരവും പുതിയ അവസരങ്ങൾ നിറഞ്ഞതുമാക്കുക എന്നതാണ് ബജറ്റിലെ വ്യവസ്ഥകൾ ലക്ഷ്യമിടുന്നത്

Posted On: 01 FEB 2022 3:57PM by PIB Thiruvananthpuram

നൂറ്റാണ്ടിലൊരിക്കൽ സംഭവിക്കുന്ന ദുരന്തത്തിനിടയിലും വികസനത്തിന്റെ പുതിയ ആത്മവിശ്വാസവുമായാണ് ഈ വർഷത്തെ ബജറ്റ് വന്നിരിക്കുന്നതെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. ഈ ബജറ്റ് സമ്പദ്‌വ്യവസ്ഥയ്ക്ക് കരുത്ത് പകരുന്നതിനൊപ്പം സാധാരണക്കാർക്ക് പുതിയ അവസരങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര ബജറ്റ് ലോക്‌സഭയിൽ അവതരിപ്പിച്ചതിന് ശേഷമുള്ള തന്റെ പരാമർശത്തിൽ, ബജറ്റ് "കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾ, കൂടുതൽ നിക്ഷേപം, കൂടുതൽ വളർച്ച, കൂടുതൽ തൊഴിലവസരങ്ങൾ എന്നിവയ്ക്കുള്ള അവസരങ്ങൾ നിറഞ്ഞതാണെന്ന്" പ്രധാനമന്ത്രി പറഞ്ഞു. ഇത് ഹരിത തൊഴിൽ മേഖലയെ കൂടുതൽ തുറക്കും. ഈ ബജറ്റ് സമകാലിക പ്രശ്നങ്ങൾ പരിഹരിക്കുക മാത്രമല്ല യുവാക്കൾക്ക് ശോഭനമായ ഭാവി ഉറപ്പാക്കുകയും ചെയ്യുന്നു, അദ്ദേഹം കൂട്ടിച്ചേർത്തു.
കർഷകർക്കുള്ള ഡ്രോണുകൾ, വന്ദേ ഭാരത് ട്രെയിനുകൾ, ഡിജിറ്റൽ കറൻസി, 5 ജി സേവനങ്ങൾ, ദേശീയ ഡിജിറ്റൽ ആരോഗ്യ ഇക്കോസിസ്റ്റം തുടങ്ങി ജീവിതത്തിന്റെ എല്ലാ മേഖലകളിലും ആധുനികതയും സാങ്കേതികവിദ്യയും തേടുന്നത് നമ്മുടെ യുവജനങ്ങൾക്കും ഇടത്തരക്കാർക്കും ദരിദ്രർക്കും, ദളിത്, പിന്നാക്ക വിഭാഗങ്ങൾ എന്നിവർക്കും  ഏറെ പ്രയോജനം ചെയ്യുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. 

ദരിദ്രരുടെ ക്ഷേമം ഈ ബജറ്റിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിൽ  ഒന്നാണെന്ന്   പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. പാവപ്പെട്ട ഓരോ കുടുംബത്തിനും ഉറപ്പുള്ള  വീട്, ശൗചാലയം , ടാപ്പ് വെള്ളം, ഗ്യാസ് കണക്ഷൻ എന്നിവ ഉറപ്പാക്കാനാണ് ബജറ്റ് ലക്ഷ്യമിടുന്നത്. അതേ സമയം ആധുനിക ഇന്റർനെറ്റ് കണക്റ്റിവിറ്റിയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
രാജ്യത്ത് ആദ്യമായി ഹിമാചൽ, ഉത്തരാഖണ്ഡ്, ജമ്മു കശ്മീർ, വടക്കുകിഴക്കൻ മേഖലകളിൽ ‘പർവ്വത്മാല’ പദ്ധതി ആരംഭിക്കുന്നതായി പ്രധാനമന്ത്രി പരാമർശിച്ചു. ഈ പദ്ധതി മലയോര മേഖലകളിൽ ആധുനിക ഗതാഗത സംവിധാനം സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ വിശ്വാസത്തിന്റെ കേന്ദ്രമായ ഗംഗയുടെ ശുചീകരണത്തോടൊപ്പം, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ബീഹാർ, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ എന്നീ അഞ്ച് സംസ്ഥാനങ്ങളിൽ നദിയുടെ തീരത്ത് പ്രകൃതിദത്ത കൃഷി പ്രോത്സാഹിപ്പിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. . കർഷകരുടെ ക്ഷേമത്തിനായുള്ള സുപ്രധാന നടപടിയാണിതെന്നും ഗംഗയെ രാസരഹിതമാക്കാനും ഇത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൃഷി ലാഭകരവും പുതിയ അവസരങ്ങൾ നിറഞ്ഞതുമാക്കുക എന്നതാണ് ബജറ്റിലെ വ്യവസ്ഥകൾ ലക്ഷ്യമിടുന്നത്. പുതിയ കാർഷിക സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രത്യേക ഫണ്ട്, ഭക്ഷ്യ സംസ്കരണ വ്യവസായത്തിനുള്ള പാക്കേജ് തുടങ്ങിയ നടപടികൾ കർഷകരുടെ വരുമാനം വർധിപ്പിക്കാൻ സഹായിക്കും. കുറഞ്ഞ താങ്ങു വിലയിലൂടെ  കർഷകരുടെ അക്കൗണ്ടിലേക്ക് 2.25 ലക്ഷം കോടിയിലധികം രൂപ കൈമാറ്റം ചെയ്യപ്പെടുന്നു, പ്രധാനമന്ത്രി പറഞ്ഞു.

വായ്‌പ്പാ  ഗ്യാരണ്ടിയിൽ റെക്കോർഡ് വർധനവിനൊപ്പം ബജറ്റിൽ നിരവധി പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. “ആഭ്യന്തര വ്യവസായത്തിനുള്ള പ്രതിരോധ മൂലധന ബജറ്റിന്റെ 68 ശതമാനം സംവരണം വഴി ഇന്ത്യയുടെ എംഎസ്എംഇ മേഖലയ്ക്ക് വളരെയധികം പ്രയോജനം ലഭിക്കും. 7.5 ലക്ഷം കോടി രൂപയുടെ പൊതു നിക്ഷേപം സമ്പദ്‌വ്യവസ്ഥയ്ക്ക് പുതിയ ഉത്തേജനം നൽകുകയും ചെറുകിട, മറ്റ് വ്യവസായങ്ങൾക്ക് പുതിയ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും," അദ്ദേഹം പറഞ്ഞു.

‘ജനസൗഹൃദവും പുരോഗമനപരവുമായ ബജറ്റിന്’ ധനമന്ത്രിയെയും സംഘത്തെയും അഭിനന്ദിച്ചുകൊണ്ടാണ് പ്രധാനമന്ത്രി ഉപസംഹരിച്ചത്.

 

 

 

ND ***

(Release ID: 1794453) Visitor Counter : 155