ധനകാര്യ മന്ത്രാലയം

സാമ്പത്തിക സര്‍വേ 2021-22 സംഗ്രഹം


ലോകബാങ്ക്, എഡിബി, ഐഎംഎഫ് നിഗമനങ്ങള്‍ അനുസരിച്ച്, 2021-24 കാലയളവില്‍ ഇന്ത്യ ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥയായി നിലകൊള്ളും

2021-22 ല്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ യഥാര്‍ത്ഥത്തില്‍ 9.2% വളര്‍ച്ച കൈവരിക്കും

മുന്‍ വര്‍ഷത്തെ 3.6 ശതമാനത്തെ അപേക്ഷിച്ച് 2021-22 ല്‍ കാര്‍ഷിക മേഖല 3.9% വളര്‍ച്ച കൈവരിക്കും

2020-21ല്‍ 7 ശതമാനത്തിലേക്കു ചുരുങ്ങിയതില്‍നിന്ന് 2021-22 ല്‍ 11.8% എന്ന വളര്‍ച്ചയിലേയ്ക്കു കുത്തനെ ഉയര്‍ന്നതിനു വ്യവസായമേഖല സാക്ഷ്യം വഹിക്കുന്നു

കഴിഞ്ഞ വര്‍ഷം 8.4% ഇടിഞ്ഞ നിലയില്‍ നിന്ന് സേവനങ്ങള്‍ 8.2% വളര്‍ച്ച കൈവരിക്കും

ഫോറിന്‍ എക്‌സ്‌ചേഞ്ച് കരുതല്‍ 2021 ഡിസംബര്‍ 31-ന് 634 ബില്യണ്‍ യുഎസ് ഡോളര്‍ എന്ന നിലയില്‍; 13 മാസത്തെ ഇറക്കുമതിക്ക് തുല്യവും രാജ്യത്തിന്റെ വിദേശ കടത്തെക്കാള്‍ കൂടുതലും

2021-22 ല്‍ നിക്ഷേപം 15% എന്ന കരുത്തുറ്റ വളര്‍ച്ച പ്രാപിക്കുമെന്നു പ്രതീക്ഷ

ഉപഭോക്തൃ വില സൂചിക (സിപിഐ) സംയോജിത നാണയപ്പെരുപ്പം 2021 ഡിസംബറിലെ 5.6% എന്ന നിര്‍ദിഷ്ട നിയന്ത്രണപരിധിക്കുള്ളില്‍

2021 ഏപ്രില്‍-നവംബര്‍ മാസങ്ങളിലെ ധനക്കമ്മി ബജറ്റ് എസ്റ്റിമേറ്റുകളുടെ 46.2

Posted On: 31 JAN 2022 3:11PM by PIB Thiruvananthpuram

വ്യാപകമായ വാക്സിന്‍ കവറേജ്, വിതരണമേഖലയിലെ പരിഷ്‌കാരങ്ങളില്‍ നിന്നുള്ള നേട്ടങ്ങള്‍, നിയന്ത്രണങ്ങള്‍ ലഘൂകരിക്കല്‍, ശക്തമായ കയറ്റുമതി വളര്‍ച്ച, മൂലധന ചെലവ് വര്‍ദ്ധിപ്പിക്കുന്നതിനുള്ള സാമ്പത്തിക ഇടത്തിന്റെ ലഭ്യത എന്നിവയുടെ പിന്തുണയുടെ പശ്ചാത്തലത്തില്‍ 2022-23ല്‍ ഇന്ത്യ 8.0-8.5 ശതമാനം ജിഡിപി വളര്‍ച്ചയ്ക്ക് സാക്ഷ്യം വഹിക്കും.

ധനകാര്യമന്ത്രി ശ്രീമതി നിര്‍മ്മല സീതാരാമന്‍ പാര്‍ലമെന്റില്‍ ഇന്ന്  സാമ്പത്തിക സര്‍വേ 2021-22 അവതരിപ്പിച്ചു. സമ്പദ് വ്യവസ്ഥയുടെ പുനരുജ്ജീവനത്തിനു പിന്തുണയേകുന്നതിന്, സാമ്പത്തിക സംവിധാനത്തിനൊപ്പം സ്വകാര്യമേഖലാനിക്ഷേപത്തിലെ വര്‍ധനയ്ക്ക് വരുംവര്‍ഷം സജ്ജമാണെന്ന്് സാമ്പത്തിക സര്‍വെ പറയുന്നു. മഹാമാരിയുമായി ബന്ധപ്പെട്ട സാമ്പത്തിക തടസ്സങ്ങളുണ്ടാകില്ല, മണ്‍സൂണ്‍ സാധാരണനിലയിലായിരിക്കും, പ്രധാന സെന്‍ട്രല്‍ ബാങ്കുകളുടെ ആഗോള പണംപിന്‍വലിക്കല്‍ വിശാലമായ ക്രമത്തിലായിരിക്കും, എണ്ണ വില യുഎസ് ഡോളര്‍ 70-75/ബിബിഎല്‍ പരിധിയിലായിരിക്കും, ആഗോള വിതരണ ശൃംഖലയിലെ തടസ്സങ്ങള്‍ വര്‍ഷത്തില്‍ ക്രമാനുഗതമായി കുറയും എന്നിങ്ങനെയുള്ള അനുമാനങ്ങളെ അടിസ്ഥാനമാക്കിയാണ് 2022-23 ലെ വളര്‍ച്ചാപ്രവചനം.

 



2022-23 ലെ യഥാര്‍ത്ഥ ജിഡിപി വളര്‍ച്ച ലോകബാങ്കിന്റെയും ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്കിന്റെയും ഏറ്റവും പുതിയ പ്രവചനങ്ങളായ യഥാക്രമം 8.7 ശതമാനവും 7.5 ശതമാനവുമായി താരതമ്യപ്പെടുത്താവുന്നതാണെന്ന് സര്‍വേ പറയുന്നു. 2022 ജനുവരി 25ന് പുറത്തിറക്കിയ ഐഎംഎഫിന്റെ ഏറ്റവും പുതിയ വേള്‍ഡ് ഇക്കണോമിക് ഔട്ട്ലുക്ക് (ണഋഛ) വളര്‍ച്ചാ പ്രവചനങ്ങള്‍ പ്രകാരം, ഇന്ത്യയുടെ യഥാര്‍ത്ഥ ജിഡിപി 2021-22ലും 2022-23ലും 9 ശതമാനവും 2023-24ല്‍ 7.1 ശതമാനവും വളരുമെന്ന് പ്രതീക്ഷിക്കുന്നു. ഈ മൂന്ന് വര്‍ഷത്തിനിടയില്‍ ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥ ഇന്ത്യയാകുമെന്നും ഇത് പ്രവചിക്കുന്നു.
 

2020-21ല്‍ 7.3 ശതമാനത്തിലേക്കു ചുരുങ്ങിയശേഷം, 2021-22ല്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ 9.2 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് സര്‍വേ പറയുന്നു. ഇത് സൂചിപ്പിക്കുന്നത്, മൊത്തത്തിലുള്ള സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ മഹാമാരിക്കുമുമ്പുള്ള തലങ്ങളെ മറികടന്നു എന്നാണ്. ആരോഗ്യപരമായ ആഘാതം കൂടുതല്‍ ഗുരുതരമായിരുന്നെങ്കിലും, 2020-21 ലെ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഘട്ടത്തില്‍ അനുഭവിച്ചതിനേക്കാള്‍ വളരെ ചെറുതായിരുന്നു ഒന്നാം പാദത്തിലെ 'രണ്ടാം തരംഗ' ത്തിന്റെ സാമ്പത്തിക ആഘാതം എന്ന് മിക്കവാറും എല്ലാ സൂചകങ്ങളും കാണിക്കുന്നു.

 


വിവിധ മേഖലകള്‍ പരാമര്‍ശിക്കുമ്പോള്‍ കൃഷിയയെയും അനുബന്ധ മേഖലകളെയുമാണ് മഹാമാരി ഏറ്റവും കുറവ് ബാധിച്ചതെന്നും മുന്‍വര്‍ഷത്തെ 3.6 ശതമാനം വളര്‍ച്ചയ്ക്കു പിന്നാലെ 2021-22ല്‍ ഈ മേഖല 3.9 ശതമാനം വളര്‍ച്ച നേടുമെന്നും സര്‍വേ വ്യക്തമാക്കുന്നു. ഖാരിഫ്, റാബി വിളകള്‍ വിതയ്ക്കുന്ന സ്ഥലവും ഗോതമ്പിന്റെയും അരിയുടെയും ഉത്പാദനവും വര്‍ഷങ്ങളായി ക്രമാനുഗതമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. നടപ്പുവര്‍ഷം, ഖാരിഫ് സീസണിലെ ഭക്ഷ്യധാന്യ ഉല്‍പ്പാദനം 150.5 ദശലക്ഷം ടണ്‍ എന്ന റെക്കോര്‍ഡ് നില രേഖപ്പെടുത്തുമെന്നാണു കണക്കാക്കപ്പെടുന്നത്. കൂടാതെ, കേന്ദ്ര പൂളിനു കീഴിലുള്ള ഭക്ഷ്യധാന്യങ്ങളുടെ സംഭരണം 2021-22-ല്‍ വര്‍ദ്ധിച്ചുവരുന്ന പ്രവണത നിലനിര്‍ത്തി. കുറഞ്ഞ താങ്ങുവിലയും ദേശീയ ഭക്ഷ്യസുരക്ഷയ്ക്കും കര്‍ഷകരുടെ വരുമാനത്തിനും ഗുണം ചെയ്യും. മഹാമാരിയുമായി ബന്ധപ്പെട്ട തടസ്സങ്ങള്‍ക്കിടയിലും വിത്തും വളവും സമയബന്ധിതമായി വിതരണം ചെയ്യുന്ന ഗവണ്‍മെന്റ് നയങ്ങള്‍ ഈ മേഖലയുടെ ശക്തമായ പ്രകടനത്തെ പിന്തുണച്ചു.

 



സര്‍വേ അനുസരിച്ച്, വ്യാവസായിക മേഖല 2020-21 ല്‍ 7 ശതമാനത്തിന്റെ ഇടിവില്‍  നിന്ന് ഈ സാമ്പത്തിക വര്‍ഷം 11.8 ശതമാനമായി വിപുലീകരിച്ചു. ജിവിഎയില്‍ വ്യവസായത്തിന്റെ പങ്ക് ഇപ്പോള്‍ 28.2 ശതമാനമായി കണക്കാക്കപ്പെടുന്നു.

മഹാമാരി ഏറ്റവും കൂടുതല്‍ ബാധിച്ചത് സേവന മേഖലയെയാണെന്ന് സര്‍വേ പറയുന്നു. പ്രത്യേകിച്ച് മനുഷ്യ സമ്പര്‍ക്കം ഉള്‍പ്പെടുന്ന വിഭാഗങ്ങളെ. കഴിഞ്ഞ വര്‍ഷത്തെ 8.4 ശതമാനം ഇടിവിനുപിന്നാലെ ഈ സാമ്പത്തിക വര്‍ഷം ഈ മേഖല 8.2 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് കണക്കാക്കപ്പെടുന്നു. ധനകാര്യം/റിയല്‍ എസ്റ്റേറ്റ്, പബ്ലിക് അഡ്മിനിസ്ട്രേഷന്‍ വിഭാഗങ്ങള്‍ ഇപ്പോള്‍ കോവിഡിന് മുമ്പുള്ള നിലവാരത്തേക്കാള്‍ വളരെ മുകളിലാണ്. എന്നിരുന്നാലും, ട്രാവല്‍, ട്രേഡ്, ഹോട്ടലുകള്‍ തുടങ്ങിയ വിഭാഗങ്ങള്‍ ഇതുവരെ പൂര്‍ണ്ണമായി വീണ്ടെടുക്കാനായിട്ടില്ല. ടൂറിസത്തില്‍ നിന്നുള്ള വരുമാനം കുത്തനെ ഇടിഞ്ഞപ്പോഴും സോഫ്റ്റ്വെയര്‍, ഐടി അധിഷ്ഠിത സേവനങ്ങളുടെ കയറ്റുമതിയില്‍ കുതിച്ചുചാട്ടം ഉണ്ടായിട്ടുണ്ട്.

2021-22 കാലയളവില്‍ ഏറ്റവും വലിയ ഉപഭോക്താവ് ഗവണ്‍മെന്റെന്ന നിലയില്‍ ആകെ ഉപഭോഗം 7.0 ശതമാനം വര്‍ധിക്കുമെന്ന് കണക്കുകൂട്ടുന്നു. കോവിഡ് മഹാമാരിക്ക് മുമ്പുള്ളതിനേക്കാള്‍ ഗവണ്‍മെന്റ് ഉപഭോഗം 7.6 ശതമാനം വര്‍ധിക്കുമെന്ന് കണക്കാക്കുന്നു. സ്വകാര്യ മേഖലയിലെ ഉപഭോഗവും പ്രകടമായി വര്‍ധിക്കുമെന്ന് കണക്കുകൂട്ടുന്നു. കോവിഡ് വാക്സിന്‍ വ്യാപകമായി വിതരണം ചെയ്തതും സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലായതും ഇത് സാധ്യമാക്കുന്നതിന് സഹായിക്കുമെന്ന് കരുതുന്നതായി സര്‍വേ കൂട്ടിച്ചേര്‍ക്കുന്നു.

ഗ്രോസ് ഫിക്സഡ് കാപിറ്റല്‍ ഫോര്‍മേഷന്‍ (ജിഎഫ്സിഎഫ്) കണക്കാക്കിയത് പ്രകാരം 2021-22 സാമ്പത്തിക വര്‍ഷം നിക്ഷേപം 15 ശതമാനം വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സര്‍വേ പറയുന്നു. കോവിഡ് മഹാമാരിയെ അതിജീവിക്കുന്നതിന് ഇത് സഹായിക്കും. അടിസ്ഥാന സൗകര്യ വികസനത്തിലും വളര്‍ച്ചയ്ക്കും മറ്റും ഗവണ്‍മെന്റ് നടത്തിയ നിക്ഷേപങ്ങള്‍ മൂലധന രൂപീകരണത്തില്‍ വര്‍ധന സൃഷ്ടിച്ചതിനാല്‍ 2021-22 സാമ്പത്തിക വര്‍ഷം ജിഡിപി നിരക്കിലെ നിക്ഷേപം 29.6 ശതമാനമായി വര്‍ധിപ്പിച്ചു. ഇത് കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടയിലെ ഏറ്റവുമുയര്‍ന്ന നിരക്കാണ്. സ്വകാര്യ നിക്ഷേപം ശൈശവദിശയിലാണെങ്കിലും ഇന്ത്യ നിക്ഷേപത്തിനുള്ള മികച്ച ഇടമാണെന്നതിനുള്ള നിരവധി സൂചനകള്‍ ലഭിക്കുന്നുണ്ട്. സ്വകാര്യ നിക്ഷേപത്തെ സഹായിക്കുന്നതിനായി കരുത്തുറ്റതും സുതാര്യവുമായ ബാങ്കിംഗ് മേഖലയും രംഗത്തുണ്ട്.

2021-22ല്‍ ഇതുവരെ ഇന്ത്യയുടെ കയറ്റുമതി-ഇറക്കുമതി മേഖലകള്‍ ശക്തമാണെന്ന് സര്‍വേ വ്യക്തമാക്കുന്നു. മെര്‍ച്ചന്‍ഡൈസ് കയറ്റുമതി കഴിഞ്ഞ എട്ട് മാസങ്ങളായി 30 ബില്യണ്‍ അമേരിക്കന്‍ ഡോളറിന് മുകളിലാണ്. കോവിഡ് കാല പ്രതിസന്ധിയെ മറികടന്ന് ഇന്ത്യയുടെ ആകെ കയറ്റുമതി 2021-22ല്‍ 16.5 ശതമാനത്തിന്റെ വളര്‍ച്ച നേടുമെന്ന് സര്‍വേ പറയുന്നു. ഇതേ കാലയളവില്‍ ഇറക്കുമതി 29.4 ശതമാനം വര്‍ധിക്കുമെന്നും സര്‍വേ വ്യക്തമാക്കുന്നു.

ആഗോളതലത്തില്‍ കോവിഡ് മഹാമാരി പിടിമുറുക്കിയപ്പോഴും ഇന്ത്യയുടെ ബാലന്‍സ് ഓഫ് പേയ്മെന്റ് കഴിഞ്ഞ 2 വര്‍ഷം മിച്ചമായി അവശേഷിച്ചു. ഇത് 2021 ഡിസംബര്‍ 31ന് 634 ബില്യണ്‍ യുഎസ് ഡോളറിന്റെ വിദേശനാണ്യ കരുതല്‍ ശേഖരം നിലനിര്‍ത്താന്‍ റിസര്‍വ് ബാങ്കിനെ തുണച്ചു. ഇത് 13 മാസത്തെ ഇറക്കുമതിക്ക് തുല്യവും രാജ്യത്തിന്റെ വിദേശ കടത്തെക്കാള്‍ കൂടുതലുമാണ്.

ഉപഭോക്തൃ വില സൂചിക പണപ്പെരുപ്പം 2020-21 ഏപ്രില്‍-ഡിസംബര്‍ കാലയളവിലെ 5.6 ശതമാനത്തില്‍ നിന്ന് 2021ല്‍ ഇതേ കാലയളവില്‍ 5.2 ശതമാനമായി കുറഞ്ഞു. ഇതു  നിര്‍ദിഷ്ട നിയന്ത്രണപരിധിക്കുള്ളിലാണുള്ളത്.

2020-21ല്‍ സമ്പദ് മേഖലയ്ക്കും ആരോഗ്യ മേഖലയ്ക്കുമായി പണം ചെലവഴിച്ചതിന്റെ ഫലമായി ഗവണ്‍മെന്റിന്റെ ധനക്കമ്മിക്ക് കാരണമാകുകയും പൊതുകടം വര്‍ധിക്കുകയും ചെയ്തു. 2021-22ലെ ബജറ്റ് എസ്റ്റിമേറ്റായ 9.6 ശതമാനം വളര്‍ച്ചയുടെ സ്ഥാനത്ത് 2021 ഏപ്രില്‍-നവംബര്‍ കാലയളവില്‍ കേന്ദ്രത്തിന്റെ വരുമാനം 67.2 ശതമാനം വര്‍ധിച്ചു. 2021 ജൂലൈ മുതല്‍ പ്രതിമാസ ജിഎസ്ടി സമാഹരണം ഒരുലക്ഷം കോടി രൂപ കവിഞ്ഞു.

സുസ്ഥിര റവന്യൂ ശേഖരണവും ഇന്ത്യാഗവണ്‍മെന്റിന്റെ പ്രതീക്ഷിത ചെലവു നയവും കണക്കിലെടുത്ത് 2021 ഏപ്രില്‍-നവംബറില്‍ ധനക്കമ്മി ബജറ്റ് എസ്റ്റിമേറ്റിന്റെ 46.2 ശതമാനമായി നിയന്ത്രിച്ചു. മുമ്പുള്ള രണ്ടുവര്‍ഷം ഇതേ കാലയളവിലെ മൂന്നിലൊന്നാണിത്.

കോവിഡ് മഹാമാരിയെത്തുടര്‍ന്ന് ആഗോളതലത്തില്‍ ഓഹരി വിപണികളില്‍ മാന്ദ്യം നേരിട്ടപ്പോഴും ഇന്ത്യന്‍ ഓഹരി വിപണി പരുക്കേല്‍ക്കാതെ നില കൊണ്ടു. 2021 ഒക്ടോബറില്‍ സെന്‍സെക്സും നിഫ്റ്റിയും യഥാക്രമം 61,766ഉം 18,477ഉം  പോയിന്റിലെത്തി. 2021 ഏപ്രില്‍-നവംബറില്‍ 75 ഐപിഒ ഇഷ്യൂകളിലൂടെ 89,066 കോടി രൂപ സമാഹരിച്ചു. കഴിഞ്ഞ ദശകത്തിലെ ഏതൊരു വര്‍ഷത്തേക്കാളും കൂടുതലാണിത്. എസ്സിബികളുടെ ജിഎന്‍പിഎ അനുപാതം 2020 സെപ്റ്റംബര്‍ അവസാനത്തെ 7.5 ശതമാനത്തില്‍ നിന്ന് 2021 സെപ്റ്റംബര്‍ അവസാനത്തോടെ 6.9 ശതമാനമായി കുറഞ്ഞു.

ഡിമാന്‍ഡ് മാനേജ്മെന്റിനെ മൊത്തത്തില്‍ ആശ്രയിക്കുന്നതിനുപകരം വിതരണമേഖലയിലെ പരിഷ്‌കാരങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്നതാണ് ഇന്ത്യയുടെ സാമ്പത്തിക പ്രതികരണത്തിന്റെ മറ്റൊരു സവിശേഷതയെന്ന് സര്‍വേ വ്യക്തമാക്കുന്നു. ഗവണ്‍മെന്റിന്റെ മൂലധനച്ചെലവില്‍ കുത്തനെയുള്ള വര്‍ദ്ധനപോലും ഭാവിയിലെ വളര്‍ച്ചയ്ക്കുള്ള അടിസ്ഥാന സൗകര്യ ശേഷി സൃഷ്ടിക്കുന്നതാണ്.

ഇന്ത്യയുടെ വിതരണമേഖലാനയങ്ങളില്‍ കോവിഡിന് ശേഷമുള്ള ലോകത്തിന്റെ ദീര്‍ഘകാല പ്രവചനാതീതതയെ നേരിടുന്നതിനുള്ള വഴക്കവും നവീകരണവും മെച്ചപ്പെടുത്തുന്ന പരിഷ്‌കാരങ്ങളുണ്ട്. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ പ്രതിരോധശേഷി മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള പരിഷ്‌കാരങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.

കോവിഡ്-19 മഹാമാരി കഴിഞ്ഞ രണ്ട് വര്‍ഷം ലോക സമ്പദ്വ്യവസ്ഥയ്ക്ക്  ആഘാതമേല്‍പ്പിച്ചതായി സര്‍വേ ചൂണ്ടിക്കാട്ടുന്നു. ഈ വെല്ലുവിളികളെ അഭിമുഖീകരിച്ച്, സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളിലും വ്യവസായമേഖലയിലും ആഘാതം കുറയ്ക്കുന്നതിന് ഇന്ത്യാ ഗവണ്‍മെന്റ് ഒരു 'ബാര്‍ബെല്‍ സ്ട്രാറ്റജി' തിരഞ്ഞെടുത്തു. ഇടത്തരം ആവശ്യകത വീണ്ടെടുക്കുന്നതിന് അടിസ്ഥാന സൗകര്യങ്ങള്‍ക്കായുള്ള മൂലധനച്ചെലവില്‍ ഗണ്യമായ വര്‍ദ്ധനവരുത്തി. സുസ്ഥിരമായ ദീര്‍ഘകാല വിപുലീകരണത്തിനായി സമ്പദ്വ്യവസ്ഥയെ സജ്ജമാക്കുന്നതിനുള്ള നടപടികളും ഇത് ശക്തമായി നടപ്പാക്കി. സമ്പദ്വ്യവസ്ഥയ്ക്ക് പൊതുവെയും എംഎസ്എംഇകള്‍ക്ക് പ്രത്യേകിച്ചും സാമ്പത്തിക പിന്തുണയിലേക്കുള്ള പ്രവേശനം നല്‍കുന്നതിന് ഗവണ്‍മെന്റ് ഗ്യാരന്റികള്‍ ഉപയോഗിക്കുന്നതിനുള്ള നടപടികളും കൊണ്ടുവന്നു.

2022-23ലെ വെല്ലുവിളികള്‍ നേരിടാന്‍ ഇന്ത്യന്‍ സാമ്പത്തിക രംഗം സുസജ്ജമാണെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചാണ് സര്‍വേ റിപ്പോര്‍ട്ട് അവസാനിക്കുന്നത്.

ND

****



(Release ID: 1793936) Visitor Counter : 2805