വനിതാ, ശിശു വികസന മന്ത്രാലയം
2022ലെ പ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരസ്‌കാരം 29 കുട്ടികൾക്ക് സമ്മാനിച്ചു; കലാ-സാംസ്കാരിക വിഭാഗത്തിൽ കേരളത്തിൽ നിന്നുള്ള ദേവിപ്രസാദിന് പുരസ്കാരം
Posted On:
24 JAN 2022 2:35PM by PIB Thiruvananthpuram
ന്യൂ ഡൽഹി: ജനുവരി 24, 2022
ഈ വർഷത്തെ പ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരസ്കാരത്തിന് 29 കുട്ടികൾ അർഹരായി. നൂതനാശയം (7), സാമൂഹികസേവനം (4), പഠനം (1), കായികം (8), കലാ-സാംസ്കാരികം (6), ധീരത (3) എന്നീ വിഭാഗങ്ങളിലെ മികച്ച നേട്ടങ്ങൾ സ്വന്തമാക്കിയ കുട്ടികളെയാണ് രാജ്യത്തോട്ടാകെ നിന്ന് തിരഞ്ഞെടുത്തത്. 21 സംസ്ഥാനങ്ങൾ/കേന്ദ്ര ഭരണ പ്രദേശങ്ങൾ എന്നിവയിൽനിന്നുള്ള പുരസ്കാരജേതാക്കളിൽ 15 ആൺകുട്ടികളും 14 പെൺകുട്ടികളും ഉൾപ്പെടുന്നു. കേരളത്തിൽ നിന്നുള്ള ദേവീപ്രസാദ് കലാ-സാംസ്കാരിക വിഭാഗത്തിൽ പുരസ്കാര ജേതാവായി.
ദേശീയ ബാലിക ദിനമായ ഇന്ന്, ആസാദി കാ അമൃത മഹോത്സവ് ആഘോഷങ്ങളുടെ ഭാഗമായി വിവിധ മേഖലകളിൽ ഉന്നത നേട്ടം കൈവരിച്ച ഈ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിച്ച പരിപാടി കോവിഡ് സാഹചര്യം പരിഗണിച്ച് വിദൂരദൃശ്യ സാങ്കേതികവിദ്യയിലൂടെ ആണ് നടന്നത്.
2021, 2022 വർഷങ്ങളിലെ പുരസ്കാരജേതാക്കൾ തങ്ങളുടെ മാതാപിതാക്കൾക്കും, അവർ ഉൾപ്പെടുന്ന പ്രദേശത്തെ ജില്ലാ മജിസ്ട്രേറ്റ്മാർക്കുമൊപ്പം അതാത് ജില്ലാ കാര്യാലയങ്ങളിൽ നിന്നാണ് പരിപാടിയിൽ പങ്കെടുത്തത്.
ചടങ്ങിൽ, PMRBP 2021-ലെ 61 വിജയികൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഡിജിറ്റൽ സർട്ടിഫിക്കറ്റുകൾ സമ്മാനിച്ചു. PMRBP 2022 ജേതാക്കൾക്കുള്ള 1,00,000 രൂപ സമ്മാനം പരിപാടിക്കിടെ ജേതാക്കളുടെ ബന്ധപ്പെട്ട ബാങ്ക് അക്കൗണ്ടുകളിലേക്ക് ഓൺലൈനായി നേരിട്ട് വിതരണം ചെയ്തു.
PMRBP 2022 ജേതാക്കളുമായി പ്രധാനമന്ത്രി വെർച്വൽ സാങ്കേതികവിദ്യയിലൂടെ ആശയവിനിമയം നടത്തി. കേന്ദ്ര വനിതാ ശിശുവികസന മന്ത്രി ശ്രീമതി സ്മൃതി സുബിൻ ഇറാനി, സഹമന്ത്രി ഡോ. മുൻജ്പാറ മഹേന്ദ്രഭായി തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
PMRBP-2022 നേതാക്കളുടെ വിവരങ്ങൾ താഴെ കാണുന്ന ലിങ്കിൽ ലഭ്യമാണ്: https://www.youtube.com/watch?v=R9aafgkd6G0
RRTN/SKY
(Release ID: 1792176)
Visitor Counter : 291