പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

മൗറീഷ്യസിലെ സാമൂഹ്യഭവനപദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദിയും മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്‌നോത്തും സംയുക്തമായി ഉദ്ഘാടനം ചെയ്തു


മൗറീഷ്യസിലെ സിവില്‍ സര്‍വീസ് കോളേജിനും 8 മെഗാവാട്ട് സോളാര്‍ പിവി ഫാം പദ്ധതിക്കും ഇരുവരും തറക്കല്ലിട്ടു

Posted On: 20 JAN 2022 6:48PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും മൗറീഷ്യസ് പ്രധാനമന്ത്രി ശ്രീ പ്രവിന്ദ് കുമാര്‍ ജുഗ്‌നോത്തും സംയുക്തമായി മൗറീഷ്യസിലെ സാമൂഹ്യഭവനപദ്ധതി ഉദ്ഘാടനം ചെയ്തു. ഇന്ത്യയും മൗറീഷ്യസും വികസന മേഖലകളിലെ സഹകരണത്തിന്റെ ഭാഗമായാണ് ഈ പദ്ധതി നടപ്പില്‍ വരുത്തിയത്. ഓണ്‍ലൈനായി നടന്ന ചടങ്ങില്‍ ഇരു പ്രധാനമന്ത്രിമാരും അത്യാധുനിക സിവില്‍ സര്‍വീസ് കോളേജ്, 8 മെഗാവാട്ട് സോളാര്‍ പിവി ഫാം പദ്ധതികള്‍ക്കും തറക്കല്ലിട്ടു. വീഡിയോ കോണ്‍ഫറന്‍സ് മുഖേനയാണ് ചടങ്ങുകള്‍ നടന്നത്. മൗറീഷ്യസിലെ പ്രധാനമന്ത്രിയുടെ ഓഫീസിന് സമീപം നടന്ന ചടങ്ങില്‍ കാബിനറ്റ് മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.

ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കവേ പ്രധാനമന്ത്രി മോദി, ഇന്ത്യയുടെ സുഹൃത്തും പരമാധികാരത്തെ മാനിക്കുന്ന രാജ്യവുമായ മൗറീഷ്യസിലെ ജനങ്ങളുടെ ക്ഷേമത്തിനുതകുന്നതും രാജ്യത്തിന്റെ ശേഷിയെ പരിപോഷിപ്പിക്കുന്നതുമായ വികസനത്തിന് ഇന്ത്യ സഹായം നല്‍കുന്നതായി വ്യക്തമാക്കി. രാഷ്ട്രനിര്‍മാണത്തില്‍ സിവില്‍ സര്‍വീസ് കോളേജ് പദ്ധതി വേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞ പ്രധാനമന്ത്രി മിഷന്‍ കര്‍മയോഗി പാഠ്യപദ്ധതി നിര്‍ദ്ദിഷ്ട കോളേജുമായി പങ്കിടാമെന്ന് വാഗ്ദാനം ചെയ്തു. 2018 ഒക്ടോബറില്‍ നടന്ന അന്താരാഷ്ട്ര സൗര സഖ്യത്തിന്റെ (ഐഎസ്എ) ആദ്യ യോഗത്തില്‍ ഒരു സൂര്യന്‍, ഒരു ലോകം, ഒരു ഊര്‍ജ്ജശൃംഖല എന്ന ആശയം ഉന്നയിച്ച കാര്യം നരേന്ദ്ര മോദി ഓര്‍മിച്ചു. 8 മെഗാവാട്ട് സൗരോര്‍ജ്ജ പിവി ഫാം പ്രോജക്ട് നടപ്പിലാക്കുക വഴി 13,000 ടണ്‍ കാര്‍ബണ്‍ ഡൈഓക്സൈഡ് പുറന്തള്ളുന്നതിലൂടെ മൗറീഷ്യസ് നേരിടുന്ന പാരിസ്ഥിതിക വെല്ലുവിളികളെ ഫലപ്രദമായി നേരിടാനാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.

സാമ്പത്തിക സഹായം ഉള്‍പ്പെടെ ഇന്ത്യ ചെയ്യുന്ന സഹായങ്ങള്‍ക്ക് മറുപടിപ്രസംഗത്തില്‍ മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്‌നോത്ത് നന്ദി പറഞ്ഞു. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യയും മൗറീഷ്യസും തമ്മിലുള്ള ബന്ധം പുതിയ തലങ്ങളിലേക്ക് വളര്‍ന്നതായി അദ്ദേഹം പറഞ്ഞു.

മൗറീഷ്യസ് ഗവണ്‍മെന്റിന്റെ മുന്‍ഗണനാ പട്ടികയിലുള്ള അഞ്ച് പദ്ധതികള്‍ക്കായി 2016 മെയ് മാസത്തില്‍ പ്രത്യേക സാമ്പത്തിക പാക്കേജായി (എസ്ഇപി) ഇന്ത്യ 353 മില്യണ്‍ യുഎസ് ഡോളറിന്റെ സാമ്പത്തിക സഹായം നല്‍കിയിരുന്നു. മെട്രോ എക്സ്പ്രസ് പദ്ധതി, സുപ്രീം കോടതി കെട്ടിടം, പുതിയ ഇഎന്‍ടി ആശുപത്രി, പ്രാഥമിക വിദ്യാലയങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ക്കായുള്ള ടാബ്ലെറ്റ് വിതരണം, സാമൂഹ്യ ഭവന പദ്ധതി എന്നിവയ്ക്കാണ് ഇന്ത്യ സാമ്പത്തിക സഹായം നല്‍കിയത്. എസ്ഇപിക്ക് കീഴിലുള്ള ഈ അഞ്ച് പദ്ധതികളും നടപ്പിലാക്കി.

2017ല്‍ മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്‌നോത്ത് ഇന്ത്യയില്‍ സന്ദര്‍ശനം നടത്തിയ വേളയിലാണ് റെഡ്യൂയിറ്റില്‍ നിര്‍മിക്കാനുദ്ദേശിക്കുന്ന സിവില്‍ സര്‍വീസ് കോളേജിനായുള്ള 4.74 മില്യണ്‍ യുഎസ് ഡോളര്‍ സഹായത്തിന്റെ ധാരണാപത്രം ഒപ്പിട്ടത്. പദ്ധതി പൂര്‍ത്തിയായാല്‍ സിവില്‍ സര്‍വീസ് കോളേജ് മൗറീഷ്യസിലെ ഗവണ്‍മെന്റ് ജീവനക്കാര്‍ക്ക് വിവിധ പരിശീലന-നൈപുണ്യവികസന പരിപാടികള്‍ക്കും മറ്റുമുള്ള വേദിയായി മാറും. ഇത് ഭാവിയില്‍ ഇന്ത്യയുമായുള്ള വ്യവസ്ഥാപിത സഹകരണം വര്‍ധിപ്പിക്കും.

8 മെഗാവാട്ട് സൗരോര്‍ജ്ജ പിവി ഫാം പദ്ധതിയില്‍ 25,000 പിവി സെല്‍ സ്ഥാപിക്കല്‍ ഉള്‍പ്പെടുന്നു. ഇത് മൗറീഷ്യസിലെ 10,000 വീടുകളെ വൈദ്യുതീകരിക്കാനായി പ്രതിവര്‍ഷം 14 ജിഗാവാട്ട് മണിക്കൂര്‍ ഹരിതോര്‍ജ്ജം ഉല്‍പ്പാദിപ്പിക്കുമെന്ന് കണക്കാക്കുന്നു. ഇതോടൊപ്പം പ്രതിവര്‍ഷം 13,000 ടണ്‍ കാര്‍ബണ്‍ ഡൈഓക്സൈഡ് ബഹിര്‍ഗമനം കുറയ്ക്കുകയും ചെയ്യുന്നു.

ഇന്ന് നടന്ന ചടങ്ങില്‍ മൗറീഷ്യസില്‍ മെട്രോ എക്സ്പ്രസും മറ്റ് ചില അടിസ്ഥാന സൗകര്യ പദ്ധതികളും നടപ്പില്‍ വരുത്താനായി 190 മില്യണ്‍ യുഎസ് ഡോളര്‍ സഹായം ദീര്‍ഘിപ്പിക്കുന്നതിനും, ചെറുകിട വികസന പദ്ധതികള്‍ക്കായുമുള്ള ധാരണാപത്രങ്ങളില്‍ ഒപ്പിടുകയും ചെയ്തു.

കോവിഡ് 19 ഉയര്‍ത്തിയ വെല്ലുവിളികള്‍ക്കിടയിലും ഇന്ത്യയും മൗറീഷ്യസും തമ്മിലുള്ള സഹകരണം വഴി വികസന പദ്ധതികള്‍ അതിവേഗം പൂര്‍ത്തിയാകുകയുണ്ടായി. 2019ല്‍ പ്രധാനമന്ത്രി മോദിയും മൗറീഷ്യസ് പ്രധാനമന്ത്രി ജുഗ്‌നോത്തും സംയുക്തമായി മെട്രോ എക്സ്പ്രസ് പദ്ധതിയും ഇ എന്‍ ടി ആശുപത്രിയും ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തിരുന്നു. സമാന രീതിയില്‍ 2020 ജുലൈയില്‍ സുപ്രീം കോടതി കെട്ടിടവും ഇരുവരും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തിരുന്നു.

പൊതുവായ ചരിത്രം, പാരമ്പര്യം, സംസ്‌കാരം, ഭാഷ പോലുള്ളവയില്‍ ഇന്ത്യക്കും മൗറീഷ്യസിനും സാമ്യമുണ്ട്. ഇത് ഇന്ത്യന്‍ മഹാസമുദ്രമേഖലയിലെ ഇന്ത്യയുടെ പ്രധാന വികസന പങ്കാളികളിലൊരാളായ മൗറീഷ്യസിനോടുള്ള ബന്ധത്തില്‍ പ്രകടമാണ്. 'ഏവര്‍ക്കുമൊപ്പം, ഏവരുടെയും വികസനം, ഏവരുടെയും വിശ്വാസം, കൂട്ടായ പരിശ്രമം' എന്ന മുദ്രാവാക്യമുയര്‍ത്തിയുള്ള സഹകരണത്തിന്റെയും, കാലം തെളിയിച്ച പങ്കാളിത്തത്തിന്റെയും മറ്റൊരു നാഴികക്കല്ലായാണ് ഇന്നത്തെ ചടങ്ങ് രേഖപ്പെടുത്തപ്പെട്ടത്.

ND


(Release ID: 1791313) Visitor Counter : 212