പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

"സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവത്തിൽ നിന്ന് സുവർണ്ണ ഇന്ത്യയിലേക്ക്" ദേശീയതല ഉദ്ഘാടനത്തില്‍ മുഖ്യപ്രഭാഷണം നടത്തി പ്രധാനമന്ത്രി


ബ്രഹ്‌മകുമാരീസിന്റെ ഏഴ് പുതിയ പദ്ധതികള്‍ക്കു പ്രധാനമന്ത്രി തുടക്കം കുറിച്ചു

''നവീന ചിന്തകളും സമീപനവുമുള്ള, പുരോഗമനപരമായ തീരുമാനങ്ങളുള്ള ഒരു പുതിയ ഇന്ത്യക്ക് നാം സാക്ഷ്യം വഹിക്കുന്നു''

''വിവേചനത്തിന് ഇടമില്ലാത്ത ഒരു പുതിയ സംവിധാനം നാം ഇന്ന് സൃഷ്ടിക്കുന്നു. തുല്യതയിലും സാമൂഹ്യ നീതിയിലും കരുത്തോടെ നിലകൊള്ളുന്ന ഒരു സമൂഹം നാം സൃഷ്ടിക്കുന്നു''

''ലോകം ഇരുട്ടിലാണ്ട, സ്ത്രീകളെക്കുറിച്ച് പ്രാചീന ചിന്തകള്‍ വച്ചുപുലര്‍ത്തിയ കാലത്ത് ഇന്ത്യ സ്ത്രീകളെ മാതൃശക്തിയായും ദേവതയായും ആരാധിച്ചിരുന്നു''

''അമൃതകാലം എന്നത് ഉറക്കത്തില്‍ കാണുന്ന സ്വപ്നങ്ങളല്ല, മറിച്ച് നമ്മുടെ തീരുമാനങ്ങള്‍ നടപ്പിലാക്കാനുള്ള നിശ്ചയദാര്‍ഢ്യമാണ്. അടുത്ത 25 വര്‍ഷങ്ങള്‍ അങ്ങേയറ്റം കഠിനാധ്വാനത്തിന്റെയും ത്യാഗത്തിന്റെയും തപസിന്റെയും കാലമാണ്. നൂറുകണക്കിന് വര്‍ഷങ്ങളുടെ അടിമത്തത്തെത്തുടര്‍ന്ന് നമ്മുടെ രാജ്യത്തിന് നഷ്ടമായവ തിരിച്ചു പിടിക്കാനുള്ള കാലഘട്ടമാണ് ഈ 25 വര്‍ഷങ്ങള്‍''

''രാജ്യത്തെ ഓരോ പൗരന്റെയും ഹൃദയത്തില്‍ പ്രകാശിക്കുന്ന ഒരു റാന്തലുണ്ട്- കടമയുടെ റാന്തല്‍. നാമൊരുമിച്ച് രാജ്യത്തെ കടമയുടെ പാതയില്‍ നയിക്കും. അതോടെ സമൂഹത്തെ ഗ്രസിച്ചിരിക്കുന്ന തിന്മകള്‍ ഇല്ലാതാകുകയും രാജ്യം പുതിയ ഉയരങ്ങളിലേക്ക് സഞ്ചരിക്കുകയും ചെയ്യും''

''ഇന്ന് നാം ആസാദി കാ അമൃത് ആഘോഷിക്കുമ്പോള്‍ ഇന്ത്യയെ ശരിയായ രീതിയില്‍ ലോകത്തിന് മനസിലാക്കിക്കൊടുക്കുക എന്നത് നമ്മുടെ കടമയാണ്''

Posted On: 20 JAN 2022 12:57PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി "സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവത്തിൽ  നിന്ന് സുവർണ്ണ ഇന്ത്യയിലേക്ക്"  ദേശീയതല ഉദ്ഘാടന ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തി. ബ്രഹ്‌മകുമാരി സംഘത്തിന്റെ ഏഴ് പദ്ധതികള്‍ക്കും അദ്ദേഹം തുടക്കം കുറിച്ചു. ലോക്സഭ സ്പീക്കര്‍ ശ്രീ ഓം ബിര്‍ള, രാജസ്ഥാന്‍ ഗവര്‍ണര്‍ ശ്രീ കല്‍രാജ് മിശ്ര, രാജസ്ഥാന്‍ മുഖ്യമന്ത്രി ശ്രീ അശോക് ഗെലോട്ട്, ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്ര പട്ടേല്‍, കേന്ദ്ര മന്ത്രിമാരായ ശ്രീ ജി കൃഷ്ണന്‍ റെഡ്ഡി, ശ്രീ ഭൂപേന്ദര്‍ യാദവ്, ശ്രീ അര്‍ജുന്‍ രാം മേഘ്വാല്‍, ശ്രീ പര്‍ഷോത്തം രൂപാല, ശ്രീ കൈലാഷ് ചൗധരി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ബ്രഹ്‌മകുമാരി സന്‍സ്ഥ സംഘടിപ്പിച്ച ആസാദി കാ അമൃത മഹോത്സവം സുവര്‍ണ കാലഘട്ടത്തിലെ ഇന്ത്യയെ അതിന്റെ ഊര്‍ജ്ജത്തോടെയും ഓജസോടെയും ദൃശ്യമാക്കിയതായി സമ്മേളനത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി പറഞ്ഞു. വ്യക്തികളുടേയും ദേശത്തിന്റെയും ലക്ഷ്യങ്ങളും വിജയവും വിഭിന്നമല്ല. നമ്മുടെ പുരോഗതി രാജ്യത്തിന്റെ പുരോഗതിയിലാണെന്നും അദ്ദേഹം പറഞ്ഞു. ''രാജ്യം നമ്മളിലൂടെയാണ് നിലവില്‍ വന്നത്. നമ്മള്‍ രാജ്യത്തിലൂടെയാണ് നിലകൊള്ളുന്നത്. പുതിയ ഇന്ത്യയെ കെട്ടിപ്പടുക്കുന്നതില്‍ നമ്മള്‍ ഇന്ത്യക്കാര്‍ക്ക് ഈ തിരിച്ചറിവ് വലിയ ശക്തിയാണ് പകരുന്നത്. രാജ്യം ഇന്ന് ചെയ്യുന്ന എല്ലാ കാര്യങ്ങളും 'കൂട്ടായ പരിശ്രമ'ത്തില്‍ ഉള്‍പ്പെടുന്നു'' അദ്ദേഹം പറഞ്ഞു. 'ഏവര്‍ക്കുമൊപ്പം, ഏവര്‍ക്കും വികസനം, ഏവരുടെയും വിശ്വാസം, കൂട്ടായ പരിശ്രമം' എന്നത് രാജ്യത്തെ മുന്നോട്ട് നയിക്കുന്ന ചാലകശക്തിയാണെന്ന് അദ്ദേഹം പറഞ്ഞു.

നവീന ചിന്തകളും പുരോഗതിയും പുതിയ സമീപനവുമുള്ള പുതിയ ഇന്ത്യയെക്കുറിച്ച് സംസാരിക്കവേ 'വിവേചനത്തിന് ഇടമില്ലാത്ത ഒരു പുതിയ സംവിധാനം നാം ഇന്ന് സൃഷ്ടിക്കുന്നു; തുല്യതയിലും സാമൂഹ്യ നീതിയിലും കരുത്തോടെ നിലകൊള്ളുന്ന ഒരു സമൂഹം നാം സൃഷ്ടിക്കുന്നു'വെന്ന് അദ്ദേഹം പറഞ്ഞു.

സ്ത്രീകളെ ബഹുമാനിക്കുന്ന ഇന്ത്യയുടെ പാരമ്പര്യത്തെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. ''ലോകം ഇരുട്ടിലാണ്ട, സ്ത്രീകളെക്കുറിച്ച് പ്രാചീന ചിന്തകള്‍ വച്ചുപുലര്‍ത്തിയ കാലത്ത് ഇന്ത്യ സ്ത്രീകളെ മാതൃശക്തിയായും ദേവതയായും ആരാധിച്ചു. നമുക്ക് മൈത്രേയി, ഗാര്‍ഗി, അനസൂയ, അരുന്ധതി, മദാലസ തുടങ്ങിയ വനിതാ പണ്ഡിതരുണ്ടായിരുന്നു''- അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ വിവിധ മേഖലകളില്‍ സ്ത്രീകള്‍ നല്‍കിയ ശ്രദ്ധേയമായ സംഭാവനകളെക്കുറിച്ച് പ്രധാനമന്ത്രി പരാമര്‍ശിച്ചു. ലോകം ഇരുട്ടിലാണ്ട മധ്യകാലഘട്ടത്തില്‍ ഇന്ത്യയില്‍ പന്ന ദായ്, മീരാഭായി പോലുള്ള കരുത്തുറ്റ വനിതകളുണ്ടായിരുന്നു. സ്വാതന്ത്ര്യസമരത്തിലും നിരവധി സ്ത്രീകള്‍ ജീവത്യാഗം ചെയ്തു. കിറ്റൂരിലെ റാണി ചെന്നമ്മ, മാതംഗിനി ഹസ്ര, റാണി ലക്ഷ്മീ ഭായി, വീരാംഗന ജല്‍ക്കാരി ഭായി തുടങ്ങിയ സ്ത്രീകള്‍ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടങ്ങളില്‍ സജീവമായിരുന്നു. അഹല്യാ ഭായി ഹോള്‍ക്കറും സാവിത്രി ഭായി ഫൂലെയും ഇന്ത്യയുടെ തനത് വ്യക്തിത്വം ഉയര്‍ത്തിപ്പിടിച്ചവരായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സായുധ സേനകളിലെ സ്ത്രീപ്രവേശം, പ്രസവാവധി കാലയളവ് വര്‍ധിപ്പിക്കല്‍, വോട്ടെടുപ്പിലും മന്ത്രിസഭയിലും മറ്റുമുള്ള കൂടിയ പങ്കാളിത്തം എന്നിവ സ്ത്രീകളുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചതായി അദ്ദേഹം പറഞ്ഞു. ഈ മാറ്റങ്ങള്‍ സമൂഹത്തില്‍ പ്രകടമായ പുരോഗതിയുണ്ടാക്കിയതായും സ്ത്രീപുരുഷാനുപാതം പുരോഗമനപരമായ നിലയിലേക്ക് മാറുന്നതായും അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ സംസ്‌കാരം, പാരമ്പര്യം, മൂല്യങ്ങള്‍ തുടങ്ങിയവയെ സംരക്ഷിക്കാനും രാജ്യത്ത് നിലനില്‍ക്കുന്ന ആത്മീതയതയും വൈവിധ്യവും സംരക്ഷിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു. അതേസമയം സാങ്കേതിക വിദ്യ, അടിസ്ഥാന സൗകര്യം, വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകള്‍ നിരന്തരമായി ആധുനികവല്‍ക്കരണത്തിന് വിധേയമാകേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം ഊന്നിപ്പറഞ്ഞു.

''അമൃതകാലം എന്നത് ഉറക്കത്തില്‍ കാണുന്ന സ്വപ്നങ്ങളല്ല, മറിച്ച് നമ്മുടെ തീരുമാനങ്ങള്‍ നടപ്പിലാക്കാനുള്ള നിശ്ചയദാര്‍ഢ്യമാണ്. അടുത്ത 25 വര്‍ഷങ്ങള്‍ അങ്ങേയറ്റം കഠിനാധ്വാനത്തിന്റെയും ത്യാഗത്തിന്റെയും തപസിന്റെയും കാലമാണ്. നൂറുകണക്കിന് വര്‍ഷങ്ങളുടെ അടിമത്തത്തെത്തുടര്‍ന്ന് നമ്മുടെ രാജ്യത്തിന് നഷ്ടമായവ തിരിച്ചു പിടിക്കാനുള്ള കാലഘട്ടമാണ് ഈ 25 വര്‍ഷങ്ങള്‍''- പ്രധാനമന്ത്രി പറഞ്ഞു.

സ്വാതന്ത്ര്യാനന്തരമുള്ള കഴിഞ്ഞ 75 വര്‍ഷങ്ങളില്‍ രാജ്യത്ത് കടമകളില്‍ നിന്ന് ഒഴിഞ്ഞുമാറാനുള്ള പ്രവണത വര്‍ധിച്ചതായി അദ്ദേഹം പറഞ്ഞു. ഇക്കാലയളവില്‍ നാം അവകാശങ്ങളെക്കുറിച്ച് തര്‍ക്കത്തിലേര്‍പ്പെടാന്‍ മാത്രമാണ് സമയം ചെലവഴിച്ചത്. അവകാശങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഒരു പരിധി വരെ ശരിയാണ്. എന്നാല്‍ ഇന്ത്യയുടെ ശക്തി ക്ഷയിപ്പിക്കുന്നതിന് കടമകള്‍ പൂര്‍ണമായി മറന്നത് കാരണമായിട്ടുണ്ട്. ''രാജ്യത്തെ ഓരോ പൗരന്റെയും ഹൃദയത്തില്‍ പ്രകാശിക്കുന്ന ഒരു റാന്തലുണ്ട്- കടമയുടെ റാന്തല്‍. നാമൊരുമിച്ച് രാജ്യത്തെ കടമയുടെ പാതയില്‍ നയിക്കും. അതോടെ സമൂഹത്തെ ഗ്രസിച്ചിരിക്കുന്ന തിന്മകള്‍ ഇല്ലാതാകുകയും രാജ്യം പുതിയ ഉയരങ്ങളിലേക്ക് സഞ്ചരിക്കുകയും ചെയ്യും'' അദ്ദേഹം പറഞ്ഞു.

അന്താരാഷ്ട്ര തലത്തില്‍ പോലും ഇന്ത്യയുടെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിക്കാനുള്ള ശ്രമത്തില്‍ പ്രധാനമന്ത്രി ആശങ്ക പ്രകടിപ്പിച്ചു. ''വെറും രാഷ്ട്രീയമെന്ന പേരില്‍ നമുക്കിത് തള്ളിക്കളയാനാകില്ല. ഇത് രാഷ്ട്രീയമല്ല. ആസാദി കാ അമൃത് മഹോത്സവം ആഘോഷിക്കുന്ന ഈ വേളയില്‍ നമ്മുടെ രാജ്യത്തിന്റെ ചോദ്യമാണിത്. ലോകത്തിന് നമ്മുടെ രാജ്യത്തെ ശരിയായ രീതിയില്‍ മനസിലാക്കി കൊടുക്കുക എന്നത് നമ്മുടെ കടമയാണ്''- അദ്ദേഹം പറഞ്ഞു. ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ മറ്റ് രാജ്യത്തെ ജനങ്ങളോട് ഇന്ത്യയുടെ യഥാര്‍ത്ഥ ചിത്രത്തെക്കുറിച്ച് പറഞ്ഞു കൊടുക്കുകയും പ്രചരിക്കുന്ന അപവാദങ്ങള്‍ തിരുത്തുകയും ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ബ്രഹ്‌മകുമാരീസ് പോലുള്ള സംഘടനകളോട് രാജ്യത്തെക്കുറിച്ച് മനസിലാക്കാന്‍ കൂടുതല്‍ ആളുകളെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കാനായി ശ്രമം നടത്തണമെന്നും പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു.

 

***

DS/AK

ND

(Release ID: 1791197) Visitor Counter : 288