പ്രധാനമന്ത്രിയുടെ ഓഫീസ്‌

സ്റ്റാര്‍ട്ടപ്പുകളുമായി പ്രധാനമന്ത്രി സംവദിച്ചു


പ്രധാനമന്ത്രിക്കു മുന്നില്‍ ആറുവിഷയങ്ങളില്‍ അവതരണം നടത്തി സ്റ്റാര്‍ട്ടപ്പുകള്‍

''രാജ്യത്തിന്റെ നാനാദിക്കിലും സ്റ്റാര്‍ട്ടപ്പ് സംസ്‌കാരത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണത്തിനായി ജനുവരി 16 ദേശീയ സ്റ്റാര്‍ട്ടപ്പ് ദിനമായി ആഘോഷിക്കാന്‍ തീരുമാനിച്ചു''

''ഗവണ്‍മെന്റിന്റെ പ്രയത്‌നങ്ങളുടെ മൂന്ന് വശങ്ങള്‍: ആദ്യത്തേത്, സംരംഭകത്വത്തെയും നവീനാശയങ്ങളെയും ഗവണ്‍മെന്റ് നടപടിക്രമങ്ങളുടെയും ഉദ്യോഗസ്ഥ ഇടപെടലുകളുടെയും നടുവില്‍നിന്ന് മോചിപ്പിക്കല്‍; രണ്ടാമത്തേത്, നവീനാശയങ്ങളുടെ പ്രോത്സാഹനത്തിന് വ്യവസ്ഥാപിതസംവിധാനം സൃഷ്ടിക്കല്‍; മൂന്നാമത്തേത്, യുവാക്കളായ ആശയ ഉപജ്ഞാതാക്കള്‍ക്കും യുവസംരംഭങ്ങള്‍ക്കും കൈത്താങ്ങാകല്‍''

''നമ്മുടെ സ്റ്റാര്‍ട്ടപ്പുകള്‍ മത്സരങ്ങളുടെ നിയമങ്ങള്‍ മാറ്റിയെഴുതുന്നു. അതുകൊണ്ടുതന്നെ, സ്റ്റാര്‍ട്ടപ്പുകള്‍ നവ ഇന്ത്യയുടെ നട്ടെല്ലായി മാറുമെന്നു ഞാന്‍ വിശ്വസിക്കുന്നു.''

''കഴിഞ്ഞ വര്‍ഷം രാജ്യത്ത് ഉയര്‍ന്നുവന്നത് 42 യൂണികോണുകളാണ്. ആയിരക്കണക്കിനു കോടിരൂപ മൂല്യമുള്ള ഈ കമ്പനികളാണ് സ്വയം പര്യാപ്തമായ, ആത്മവിശ്വാസമുള്ള ഇന്ത്യയുടെ മുഖമുദ്ര''

''ഇന്ന് ഇന്ത്യ യുണികോണുകളുടെ ശതകത്തിലേയ്ക്കു കുതിക്കുകയാണ്. ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പുകളുടെ സുവര്‍ണ്ണ കാലഘട്ടത്തിനാണ് ഇപ്പോള്‍ തുടക്കംകുറിക്കുന്നതെന്നു ഞാന്‍ വിശ്വസിക്കുന്നു''

''നിങ്ങളുടെ സ്വപ്‌നങ്ങളെ പ്രാദേശികമായി മാത്രം കണക്കാക്കരുത്, അവയെ ആഗോളതലത്തിലെത്തിക്കുക. ഈ സന്ദേശം ഓര്‍ക്കുക''

Posted On: 15 JAN 2022 1:24PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സ്റ്റാര്‍ട്ടപ്പുകളുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ സംവദിച്ചു. അടിത്തട്ടില്‍ നിന്നുള്ള വളര്‍ച്ച; ജനിതകസൂചകങ്ങള്‍; പ്രാദേശികതലത്തില്‍ നിന്ന് ആഗോളതലത്തിലേക്ക്; ഭാവിയുടെ സാങ്കേതികവിദ്യ; നിര്‍മ്മാണമേഖലയിലെ ജേതാക്കളെ പടുത്തുയര്‍ത്തല്‍; സുസ്ഥിര വികസനം എന്നിങ്ങനെ ആറുവിഷയങ്ങളില്‍ പ്രധാനമന്ത്രിക്കു മുന്നില്‍ സ്റ്റാര്‍ട്ടപ്പുകള്‍ അവതരണം നടത്തി. ഈ അവതരണങ്ങള്‍ക്കായി 150ലധികം സ്റ്റാര്‍ട്ടപ്പുകളെ ആറു പ്രവര്‍ത്തനസംഘങ്ങളായി തിരിച്ചു. ഓരോ വിഷയത്തിലും, ആ പ്രത്യേക വിഷയത്തിനായി തെരഞ്ഞെടുത്ത എല്ലാ സ്റ്റാര്‍ട്ടപ്പുകളെയും പ്രതിനിധാനംചെയ്ത്, രണ്ട് സ്റ്റാര്‍ട്ടപ്പ് പ്രതിനിധികളാണ് അവതരണം നടത്തിയത്.

വിവിധ വിഷയങ്ങള്‍ അവതരിപ്പിക്കവേ, തങ്ങളുടെ ആശയങ്ങള്‍ പങ്കുവയ്ക്കാന്‍ ഇത്തരമൊരു വേദി നല്‍കിയതിന് സ്റ്റാര്‍ട്ടപ്പ് പ്രതിനിധികള്‍ പ്രധാനമന്ത്രിയോട് നന്ദി പറഞ്ഞു. സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥ സൃഷ്ടിക്കാനുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടിനെയും പിന്തുണയെയും അവര്‍ പ്രശംസിക്കുകയും ചെയ്തു. കാര്‍ഷിക മേഖലയിലെ കരുത്തുറ്റ വിവരശേഖരണസംവിധാനം, മുന്‍ഗണനയുള്ള കാര്‍ഷിക വ്യവസായ കേന്ദ്രമാക്കി ഇന്ത്യയെ മാറ്റല്‍, സാങ്കേതികവിദ്യയുടെ ഉപയോഗത്തിലൂടെ ആരോഗ്യ സംരക്ഷണത്തിന് കരുത്തേകല്‍, മാനസികാരോഗ്യ പ്രശ്‌നം കൈകാര്യം ചെയ്യല്‍, വെര്‍ച്വല്‍ യാത്രകള്‍ പോലുള്ള നവീനാശയങ്ങളിലൂടെ യാത്രയും വിനോദസഞ്ചാരവും പ്രോത്സാഹിപ്പിക്കല്‍, എഡ്-ടെക്, ചുമതല വേര്‍തിരിച്ചറിയല്‍, ബഹിരാകാശ മേഖല, ഓഫ്ലൈന്‍ ചില്ലറവ്യാപാരത്തെ ഡിജിറ്റല്‍ ഇടപാടുകളുമായി ബന്ധിപ്പിക്കല്‍, ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കല്‍; പ്രതിരോധ കയറ്റുമതി; ഹരിത സുസ്ഥിര ഉല്‍പ്പന്നങ്ങളും സുസ്ഥിര ഗതാഗത മാര്‍ഗ്ഗങ്ങളും പ്രോത്സാഹിപ്പിക്കല്‍ ഉള്‍പ്പെടെ വിവിധ മേഖലകളില്‍ അവര്‍ ആശയങ്ങള്‍ പങ്കുവച്ചു.

കേന്ദ്രമന്ത്രിമാരായ ശ്രീ പിയൂഷ് ഗോയല്‍, ഡോ. മന്‍സുഖ് മാണ്ഡവ്യ, ശ്രീ അശ്വിനി വൈഷ്ണവ്, ശ്രീ സര്‍ബാനന്ദ സോനോവാള്‍, ശ്രീ പര്‍ഷോത്തം രൂപാല, ശ്രീ ജി കിഷന്‍ റെഡ്ഡി, ശ്രീ പശുപതി കുമാര്‍ പാരസ്‌ , ഡോ. ജിതേന്ദ്ര സിങ്, ശ്രീ സോം പ്രകാശ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

അവതരണങ്ങള്‍ക്കുശേഷം സംസാരിക്കവേ, ഈ വര്‍ഷത്തെ ആസാദി കാ അമൃത് മഹോത്സവത്തില്‍ ഈ സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ ഇന്നൊവേഷന്‍ വാരം  സംഘടിപ്പിക്കുന്നതു വലിയ പ്രാധാന്യമര്‍ഹിക്കുന്നതാണെന്നു പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യലബ്ധിക്കുശേഷമുള്ള ഇന്ത്യ നൂറാം വര്‍ഷത്തില്‍ എത്തുമ്പോള്‍ സ്റ്റാര്‍ട്ടപ്പുകളുടെ പങ്ക് നിര്‍ണായകമാണ്. ''സ്റ്റാര്‍ട്ടപ്പുകളുടെ ലോകത്ത്, ഇന്ത്യയുടെ പതാക ഉയര്‍ത്തിപ്പിടിക്കുന്ന രാജ്യത്തെ എല്ലാ സ്റ്റാര്‍ട്ടപ്പുകളേയും, നവീനാശയങ്ങളുമായെത്തുന്ന യുവാക്കളെയും ഞാന്‍ അഭിനന്ദിക്കുന്നു. സ്റ്റാര്‍ട്ടപ്പുകളുടെ സംസ്‌കാരം രാജ്യത്തിന്റെ നാനാദിക്കിലേക്കും എത്തുന്നതിന് ജനുവരി 16 ദേശീയ സ്റ്റാര്‍ട്ടപ്പ് ദിനമായി ആഘോഷിക്കാന്‍ തീരുമാനിച്ചു''- പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

ഈ ദശകം ഇന്ത്യയുടെ 'ടെക്കേഡ്' ആണെന്ന ആശയത്തിന്റെ പശ്ചാത്തലത്തില്‍, നവീകരണം, സംരംഭകത്വം, സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥ എന്നിവയ്ക്കു കരുത്തുപകരുന്നതിനായി ഈ ദശകത്തില്‍ ഗവണ്‍മെന്റ് കൊണ്ടുവരുന്ന വലിയ മാറ്റങ്ങളുടെ മൂന്ന് പ്രധാന വശങ്ങളെക്കുറിച്ചും പ്രധാനമന്ത്രി പറഞ്ഞു. ആദ്യത്തേത്, സംരംഭകത്വത്തെയും നവീനാശയങ്ങളെയും ഗവണ്‍മെന്റ് നടപടിക്രമങ്ങളുടെയും ഉദ്യോഗസ്ഥ ഇടപെടലുകളുടെയും ഇടയില്‍ നിന്ന് മോചിപ്പിക്കല്‍; രണ്ടാമത്തേത്, നവീനാശയങ്ങളുടെ പ്രോത്സാഹനത്തിന് വ്യവസ്ഥാപിത സംവിധാനം സൃഷ്ടിക്കല്‍; മൂന്നാമത്തേത്, യുവാക്കളായ ആശയ ഉപജ്ഞാതാക്കള്‍ക്കും യുവസംരംഭങ്ങള്‍ക്കും കൈത്താങ്ങാകല്‍. ഈ ശ്രമങ്ങളുടെ ഭാഗമായുള്ള സ്റ്റാര്‍ട്ടപ്പ് ഇന്ത്യ, സ്റ്റാന്‍ഡപ്പ് ഇന്ത്യ തുടങ്ങിയ പരിപാടികളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. 'ഏയ്ഞ്ജല്‍ ടാക്സിന്റെ' പ്രശ്നങ്ങള്‍ ഒഴിവാക്കുക, നികുതി നടപടിക്രമങ്ങള്‍ ലഘൂകരിക്കുക, ഗവണ്‍മെന്റ് ധനസഹായം ക്രമീകരിക്കുക, തൊഴില്‍ മേഖലയിലെ ഒമ്പതും പരിസ്ഥിതിമേഖലയിലെ മൂന്നും നിയമങ്ങളുടെ സ്വയം സാക്ഷ്യപ്പെടുത്തല്‍ അനുവദിക്കുക, 25,000ലധികം ചട്ടങ്ങള്‍ നീക്കം ചെയ്യുക തുടങ്ങിയ നടപടികള്‍ ഈ പ്രക്രിയയെ കൂടുതല്‍ മുന്നോട്ട് കൊണ്ടുപോയി. ഗവണ്‍മെന്റ് ഇ-മാര്‍ക്കറ്റ്‌പ്ലെയ്സ് (ജിഇഎം) പ്ലാറ്റ്ഫോമിലെ സ്റ്റാര്‍ട്ടപ്പ് റണ്‍വേ, ഗവണ്‍മെന്റിന് സ്റ്റാര്‍ട്ടപ്പ് സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് സഹായിക്കുന്നു.

കുട്ടിക്കാലം മുതല്‍ വിദ്യാര്‍ത്ഥികളെ നവീനാശയങ്ങള്‍ കണ്ടെത്താനുള്ള തലത്തിലേക്ക് ആകര്‍ഷിച്ചുകൊണ്ട് രാജ്യത്ത് നവീകരണത്തിനു വ്യവസ്ഥാപിതരൂപം നല്‍കാനാണു ഗവണ്‍മെന്റിന്റെ ശ്രമമെന്ന് പ്രധാനമന്ത്രി പറഞ്ഞു. 9000ലധികംവരുന്ന അടല്‍ ടിങ്കറിംഗ് ലാബുകള്‍ കുട്ടികള്‍ക്ക് സ്‌കൂളുകളില്‍ നവീനാശയങ്ങള്‍ക്കും, പുതിയ ആശയങ്ങളില്‍ പ്രവര്‍ത്തിക്കാനും അവസരം നല്‍കുന്നു. പുതിയ ഡ്രോണ്‍ നിയമങ്ങളായാലും പുതിയ ബഹിരാകാശ നയങ്ങളായാലും ഗവണ്‍മെന്റിന്റെ മുന്‍ഗണന കഴിയുന്നത്ര യുവാക്കള്‍ക്ക് നവീനാശയങ്ങള്‍ക്കുള്ള അവസരമൊരുക്കുക എന്നതാണ്. ഐപിആര്‍ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട നിയമങ്ങളും ഞങ്ങളുടെ ഗവണ്‍മെന്റ് ലഘൂകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നവീനാശയങ്ങളുടെ സൂചകങ്ങളിലെ വലിയ വളര്‍ച്ചയെക്കുറിച്ചു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 2013-14 വര്‍ഷത്തില്‍ 4000 പേറ്റന്റുകള്‍ അംഗീകരിച്ചതായും കഴിഞ്ഞ വര്‍ഷം 28,000ലധികം പേറ്റന്റുകള്‍ അനുവദിച്ചതായും അദ്ദേഹം പറഞ്ഞു. 2013-14 വര്‍ഷത്തില്‍ ഏകദേശം 70,000 ട്രേഡ്മാര്‍ക്കുകള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ 2020-21 ല്‍ 2.5 ലക്ഷത്തിലധികം ട്രേഡ്മാര്‍ക്കുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2013-14 വര്‍ഷത്തില്‍, 4000 പകര്‍പ്പവകാശങ്ങള്‍ മാത്രമേ അനുവദിച്ചിട്ടുള്ളൂ, കഴിഞ്ഞ വര്‍ഷം അവയുടെ എണ്ണം 16,000 കവിഞ്ഞു. നവീനാശയങ്ങള്‍ക്കായുള്ള ഇന്ത്യയുടെ പ്രചാരണം ആഗോള ഇന്നൊവേഷന്‍ സൂചികയില്‍ ഇന്ത്യയുടെ റാങ്കിംഗ് മെച്ചപ്പെടുത്തുന്നതിന് കാരണമായതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 81-ാം സ്ഥാനത്തായിരുന്ന ഇന്ത്യ ഇപ്പോള്‍ സൂചികയില്‍ 46-ാം സ്ഥാനത്താണ്.

ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പുകള്‍ 55 വ്യത്യസ്ത വ്യവസായങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നുണ്ടെന്നും അഞ്ച് വര്‍ഷം മുമ്പ് 500ല്‍ താഴെയുണ്ടായിരുന്ന സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം ഇന്ന് 60,000ത്തിലേറെയായി വര്‍ധിച്ചിട്ടുണ്ടെന്നും ശ്രീ മോദി പറഞ്ഞു. നമ്മുടെ സ്റ്റാര്‍ട്ടപ്പുകള്‍ മത്സരങ്ങളുടെ നിയമങ്ങള്‍ മാറ്റിയെഴുതിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ടാണു സ്റ്റാര്‍ട്ടപ്പുകള്‍ നവ ഇന്ത്യയുടെ നട്ടെല്ലായി മാറുമെന്നു ഞാന്‍ വിശ്വസിക്കുന്നതെന്നു പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ വര്‍ഷം രാജ്യത്ത് ഉയര്‍ന്നുവന്നത് 42 യൂണികോണുകളാണെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ആയിരക്കണക്കിനു കോടിരൂപ മൂല്യമുള്ള ഈ കമ്പനികളാണ് സ്വയം പര്യാപ്തമായ, ആത്മവിശ്വാസമുള്ള ഇന്ത്യയുടെ മുഖമുദ്രയെന്നും അദ്ദേഹം പറഞ്ഞു. ''ഇന്ന് ഇന്ത്യ യുണികോണുകളുടെ ശതകത്തിലേയ്ക്കു കുതിക്കുകയാണ്. ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പുകളുടെ സുവര്‍ണ്ണ കാലഘട്ടത്തിനാണ് ഇപ്പോള്‍ തുടക്കംകുറിക്കുന്നതെന്നു ഞാന്‍ വിശ്വസിക്കുന്നു''-  അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


വികസനത്തിന്റെയും പ്രാദേശിക-ലിംഗപരമായ അസമത്വങ്ങളുടെയും പ്രതിസന്ധികള്‍ പരിഹരിക്കുന്നതില്‍ സംരംഭകത്വം ശാക്തീകരിക്കേണ്ടതിന്റെ പങ്കിനെക്കുറിച്ചും പ്രധാനമന്ത്രി അടിവരയിട്ടുപറഞ്ഞു. ഇന്ന്, രാജ്യത്തെ 625 ജില്ലകളില്‍ ഓരോന്നിലും കുറഞ്ഞത് ഒരു സ്റ്റാര്‍ട്ടപ്പെങ്കിലും ഉണ്ട്. പകുതിയിലധികം സ്റ്റാര്‍ട്ടപ്പുകളും രണ്ടും മൂന്നും നിര നഗരങ്ങളില്‍ നിന്നുള്ളവയാണെന്നും അദ്ദേഹം പരാമര്‍ശിച്ചു. സാധാരണക്കാരുടെ പാവപ്പെട്ട കുടുംബങ്ങളിലെ ആശയങ്ങളെ വ്യവസായമാക്കി മാറ്റുകയും ലക്ഷക്കണക്കിന് ഇന്ത്യന്‍ യുവാക്കള്‍ക്ക് തൊഴില്‍ ലഭ്യമാക്കുകയും ചെയ്യുന്നു.

ഇന്ത്യയുടെ വൈവിധ്യമാണ് ഇന്ത്യയുടെ ആഗോള വ്യക്തിത്വത്തിന്റെ പ്രധാന ശക്തിയും താക്കോലുമെന്ന് ശ്രീ നരേന്ദ്ര മോദി പറഞ്ഞു. ഇന്ത്യന്‍ യൂണികോണുകളും സ്റ്റാര്‍ട്ടപ്പുകളും ഈ വൈവിധ്യത്തിന്റെ സന്ദേശവാഹകരാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ലോകത്തെ മറ്റ് രാജ്യങ്ങളിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാനാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. അതിനാല്‍ നിങ്ങളുടെ സ്വപ്‌നങ്ങളെ പ്രാദേശികമായി മാത്രം കണക്കാക്കരുത്, അവയെ ആഗോളതലത്തിലെത്തിക്കുക. നമുക്ക് ഇന്ത്യയ്ക്കായി പുതുമകള്‍ കണ്ടെത്താം, ഇന്ത്യയില്‍ നിന്ന് പുതുമകള്‍ കൈക്കൊള്ളാം എന്ന സന്ദേശം ഓര്‍ക്കണമെന്നും അദ്ദേഹം ആശയ ഉപജ്ഞാതാക്കളോട് ആഹ്വാനം ചെയ്തു.

സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയ്ക്കു പ്രധാന പങ്കുവഹിക്കാന്‍ കഴിയുന്ന നിരവധി മേഖലകള്‍ പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു. പ്രധാനമന്ത്രി ഗതിശക്തി ദേശീയ ആസൂത്രണപദ്ധതിയില്‍, അധികമായിവരുന്ന സ്ഥലം വൈദ്യുതിവാഹന ചാര്‍ജിംഗ് അടിസ്ഥാനസൗകര്യങ്ങള്‍ക്കായി ഉപയോഗിക്കാമെന്ന് അദ്ദേഹം പറഞ്ഞു. അതുപോലെ, പ്രതിരോധ നിര്‍മ്മാണം, ചിപ്പ് നിര്‍മ്മാണം തുടങ്ങിയ മേഖലകള്‍ നിരവധി സാധ്യതകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. പുതിയ ഡ്രോണ്‍ നയത്തിന് ശേഷം നിരവധി നിക്ഷേപകര്‍ ഡ്രോണ്‍ സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപം നടത്തുന്നുണ്ടെന്ന് ഡ്രോണ്‍ മേഖലയെ പരാമര്‍ശിച്ച് അദ്ദേഹം പറഞ്ഞു. കരസേനയും നാവികസേനയും വ്യോമസേനയും ഡ്രോണ്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 500 കോടി രൂപയുടെ ഓര്‍ഡറുകള്‍ നല്‍കിയിട്ടുണ്ട്. നഗരാസൂത്രണത്തില്‍, 'ജോലിസ്ഥലത്തേയ്ക്ക് നടന്നെത്താനുള്ള ആശയങ്ങള്‍', സംയോജിത വ്യവസായ എസ്റ്റേറ്റുകള്‍, സ്മാര്‍ട്ട് മൊബിലിറ്റി എന്നിവ സാധ്യതാ മേഖലകളായി പ്രധാനമന്ത്രി ഉയര്‍ത്തിക്കാട്ടി.

ഇന്നത്തെ യുവാക്കള്‍ അവരുടെ കുടുംബങ്ങളുടെ സമൃദ്ധിയുടെയും രാജ്യത്തിന്റെ സ്വയംപര്യാപ്തതയുടെയും ആണിക്കല്ലാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ''ഗ്രാമീണ സമ്പദ്‌വ്യവസ്ഥ മുതല്‍ വ്യവസായം 4.0 വരെ, നമ്മുടെ ആവശ്യങ്ങളും സാധ്യതകളും പരിധിയില്ലാത്തതാണ്. ഭാവിയിലെ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട ഗവേഷണത്തിനും വികസനത്തിനുമുള്ള നിക്ഷേപമാണ് ഇന്നത്തെ ഗവണ്‍മെന്റിന്റെ മുന്‍ഗണന,'' അദ്ദേഹം പറഞ്ഞു.

ഭാവിയിലെ സാധ്യതകളെക്കുറിച്ചു പറയവേ, നമ്മുടെ ജനസംഖ്യയുടെ പകുതി മാത്രമാണ് ഓണ്‍ലൈനിലുള്ളതെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. അതിനാല്‍തന്നെ ഭാവിസാധ്യതകള്‍ വലുതാണ്. ഗ്രാമങ്ങളിലേക്കും ശ്രദ്ധപതിപ്പിക്കാന്‍ സ്റ്റാര്‍ട്ടപ്പുകളോട് പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു. ''മൊബൈല്‍ ഇന്റര്‍നെറ്റ് ആയാലും ബ്രോഡ്ബാന്‍ഡ് കണക്റ്റിവിറ്റി ആയാലും ഭൗതിക സമ്പര്‍ക്കസംവിധാനമായാലും ഗ്രാമങ്ങളുടെ സ്വപ്നങ്ങള്‍ വര്‍ധിക്കുകയാണ്. ഗ്രാമങ്ങളും അര്‍ദ്ധനഗരപ്രദേശങ്ങളും വിപുലീകരണത്തിന്റെ ഒരു പുതിയ തരംഗത്തിനായി കാത്തിരിക്കുകയാണ്''- അദ്ദേഹം പറഞ്ഞു.

ഇത് നവീനാശയങ്ങളുടെ പുതിയ യുഗമാണെന്നു പ്രധാനമന്ത്രി പറഞ്ഞു. അതായത് ആശയങ്ങളും വ്യവസായവും നിക്ഷേപവും അവയുടെ അധ്വാനവും സംരംഭവും സമ്പത്ത് സൃഷ്ടിക്കലും തൊഴിലവസരങ്ങളും ഇന്ത്യയ്ക്ക് വേണ്ടിയായിരിക്കണമെന്നും പ്രധാനമന്ത്രി സ്റ്റാര്‍ട്ടപ്പുകളോട് പറഞ്ഞു. ''ഞാന്‍ നിങ്ങളോടൊപ്പമുണ്ട്, ഗവണ്‍മെന്റ് നിങ്ങളോടൊപ്പമുണ്ട്, രാജ്യം മുഴുവന്‍ നിങ്ങളോടൊപ്പമുണ്ട്''- അദ്ദേഹം പറഞ്ഞു.

***

DS/AK



(Release ID: 1790142) Visitor Counter : 221