മന്ത്രിസഭ

ദുരന്തനിവാരണ മേഖലയിലെ സഹകരണത്തിന് ഇന്ത്യയും തുര്‍ക്ക്‌മെനിസ്ഥാനും തമ്മിലുള്ള ധാരണാപത്രത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

Posted On: 06 JAN 2022 4:31PM by PIB Thiruvananthpuram

ദുരന്തനിവാരണ മേഖലയിലെ സഹകരണത്തിന് ഇന്ത്യയും തുര്‍ക്ക്‌മെനിസ്ഥാനും തമ്മില്‍ ധാരണാപത്രം  ഒപ്പിടുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി.
പരസ്പരമുള്ള ദുരന്തനിവാരണ സംവിധാനങ്ങളില്‍ നിന്ന് ഇന്ത്യയ്ക്കും തുര്‍ക്ക്‌മെനിസ്ഥാനും പ്രയോജനം ലഭിക്കുന്ന ഒരു സംവിധാനം സ്ഥാപിക്കാനാണ് ധാരണാപത്രം ലക്ഷ്യമിടുന്നത് . അത് ദുരന്തനിവാരണ മേഖലയിലെ  തയ്യാറെടുപ്പ്, പ്രതികരണം, ശേഷി വര്‍ദ്ധിപ്പിക്കല്‍ തുടങ്ങിയവ  ശക്തിപ്പെടുത്തുന്നതിന് സഹായിക്കും.
താഴെപ്പറയുന്ന മേഖലകളില്‍ പരസ്പര പ്രയോജനകരമായ അടിസ്ഥാനത്തിലുള്ള സഹകരണമാണ് ധാരണാപത്രം വിഭാവനം ചെയ്യുന്നത്:

1. അടിയന്തിര സാഹചര്യങ്ങള്‍ നിരീക്ഷിക്കുകയും പ്രവചിക്കുകയും അവയുടെ അനന്തരഫലങ്ങള്‍ വിലയിരുത്തുകയും ചെയ്യുക;
2. യോഗ്യതയുള്ള അധികാരികള്‍ വഴി ദുരന്തനിവാരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഉചിതമായ സ്ഥാപനങ്ങള്‍ തമ്മിലുള്ള ആശയവിനിമയം,
3. ഗവേഷണ പദ്ധതികളുടെ സംയുക്ത ആസൂത്രണം, വികസനം, നടപ്പാക്കല്‍, ശാസ്ത്ര സാങ്കേതിക പ്രസിദ്ധീകരണങ്ങളുടെയും ദുരന്തനിവാരണ മേഖലയിലെ ഗവേഷണപ്രവര്‍ത്തനങ്ങളുടെ ഫലങ്ങളുടെയും കൈമാറ്റം;
4. ഈ ധാരണാപത്രത്തിന്റെ പരിധിയിലെ പരസ്പര സമ്മതത്തോടെയുള്ള വിവരങ്ങള്‍, ആനുകാലികങ്ങള്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും പ്രസിദ്ധീകരണങ്ങള്‍, വീഡിയോ, ഫോട്ടോ സാമഗ്രികള്‍, സാങ്കേതികവിദ്യകള്‍ എന്നിവയുടെ കൈമാറ്റം;
5. സംയുക്ത കോണ്‍ഫറന്‍സുകള്‍, സെമിനാറുകള്‍, ശില്‍പ്പശാലകള്‍ എന്നിവയും അതുകൂടാതെ പ്രസക്തമായ മേഖലകളില്‍ അഭ്യാസങ്ങളും പരിശീലനങ്ങളും സംഘടിപ്പിക്കുക;
6. ദുരന്തനിവാരണത്തിലെ വിദഗ്ധരുടെയും അനുഭവങ്ങളുടെയും കൈമാറ്റം;
7. രക്ഷാപ്രവര്‍ത്തനങ്ങളിലും തിരച്ചിലിലും ആദ്യം പ്രതികരിക്കുന്നവരുടെ പരിശീലനവും ശേഷി വര്‍ദ്ധിപ്പിക്കലും; ദുരന്തനിവാരണ രംഗത്ത് ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് പരിശീലനം തേടുന്നവരുടെയും വിദഗ്ധരുടെയും കൈമാറ്റം;
8. സാങ്കേതിക സൗകര്യങ്ങളും ഉപകരണങ്ങളും നല്‍കുന്നതിനും മുന്‍കൂര്‍ മുന്നറിയിപ്പ് സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ദുരന്തനിവാരണത്തിലെ കക്ഷികളുടെ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും പരസ്പര സമ്മതപ്രകാരം സഹായം നല്‍കല്‍;
9. അടിയന്തര പ്രതിരോധത്തിന് പരസ്പര സമ്മതപ്രകാരം സഹായം നല്‍കല്‍;
10. ദുരന്തങ്ങളെ പ്രതിരോധിക്കുന്ന പശ്ചാത്തല സൗകര്യങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള അറിവും വൈദഗ്ധ്യവും പരസ്പരം പങ്കുവയ്ക്കല്‍;
11. അന്തര്‍ദേശീയമായി അംഗീകരിക്കപ്പെട്ട മാനദണ്ഡങ്ങള്‍ക്കനുസൃതമായി പരസ്പര സമ്മതത്തോടെ ഗുണനിലവാര പരിപാലന സൗകര്യങ്ങള്‍ പകരം നല്‍കുക;
12. കക്ഷികളിലെ യോഗ്യരായ അധികാരികള്‍ പരസ്പരം അംഗീകരിച്ചേക്കാവുന്ന, ദുരന്തനിവാരണവുമായി ബന്ധപ്പെട്ട മറ്റേതെങ്കിലും പ്രവര്‍ത്തനങ്ങള്‍ :
നിലവില്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, റഷ്യ, സാര്‍ക്ക്, ജര്‍മ്മനി, ജപ്പാന്‍, താജിക്കിസ്ഥാന്‍, മംഗോളിയ, ബംഗ്ലാദേശ്, ഇറ്റലി എന്നീ രാജ്യങ്ങളുമായി ദുരന്തനിവാരണ മേഖലയിലെ സഹകരണത്തിനായി ഉഭയകക്ഷി / ബഹുമുഖ കരാര്‍ / ധാരണാപത്രം / താല്‍പര്യത്തിലുള്ള സംയുക്ത പ്രഖ്യാപനം / സഹകരണ മെമ്മോറാണ്ടം എന്നിവയില്‍ ഇന്ത്യ ഒപ്പുവച്ചിട്ടുണ്ട്



(Release ID: 1788077) Visitor Counter : 168