വനിതാ, ശിശു വികസന മന്ത്രാലയം

നാരി ശക്തി പുരസ്‌കാരം-2021-നായി വനിതാ ശിശു വികസന മന്ത്രാലയം നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു

Posted On: 06 JAN 2022 3:06PM by PIB Thiruvananthpuram

 




ന്യൂ ഡൽഹി, ജനുവരി 06, 2021


2021 ലെ നാരി ശക്തി പുരസ്‌കാരങ്ങൾക്കായി വനിതാ ശിശു വികസന മന്ത്രാലയം നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു. ഓൺലൈനായി മാത്രമേ നാമനിർദ്ദേശങ്ങൾ സ്വീകരിക്കുകയുള്ളൂ. 2022 ജനുവരി 31 വരെ www.awards.gov.in എന്ന പോർട്ടലിൽ നാമനിർദ്ദേശങ്ങൾ ഫയൽ ചെയ്യാം.

സ്ത്രീകളുടെ, പ്രത്യേകിച്ച് ദുർബലരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ സ്ത്രീകളുടെ സാമ്പത്തികവും സാമൂഹികവുമായ ശാക്തീകരണത്തിനായുള്ള മികച്ച പ്രവർത്തനങ്ങൾക്കാണ് അവാർഡുകൾ നൽകുന്നത്. അന്താരാഷ്ട്ര വനിതാ ദിനമായ 2022 മാർച്ച് 8-ന് വനിതാ ശിശു വികസന മന്ത്രാലയം നാരി ശക്തി പുരസ്‌കാരം-2021 സമ്മാനിക്കും.

നാരി ശക്തി പുരസ്‌കാരത്തിനുള്ള യോഗ്യതാ മാനദണ്ഡങ്ങളും മറ്റ് വിശദാംശങ്ങളും https://wcd.nic.in/acts/guidelines-nari-shakti-puraskar-2021-onwards എന്ന ലിങ്കിൽ ലഭ്യമാണ്.

ഓരോ അവാർഡ് ജേതാവിനും സർട്ടിഫിക്കറ്റും രണ്ട് ലക്ഷം രൂപയും അടങ്ങുന്നതാണ് അവാർഡ്.

വ്യക്തികളെയോ സ്ഥാപനങ്ങളെയോ അവാർഡുകൾക്കായി നാമനിർദ്ദേശം ചെയ്യാവുന്നതാണ്.  അവാർഡുകളുടെ പരമാവധി എണ്ണം (വ്യക്തികളും സ്ഥാപനങ്ങളും ഉൾപ്പെടെ) 15 വരെ ആകാം. എന്നിരുന്നാലും, വനിതാ-ശിശു വികസന മന്ത്രി അധ്യക്ഷയായ തിരഞ്ഞെടുപ്പ് സമിതിയുടെ വിവേചനാധികാരത്തിൽ ഈ പരമാവധി സംഖ്യയിൽ ഇളവ് അനുവദിക്കാവുന്നതാണ്.

ഒരു വ്യക്തി സ്വയം സമർപ്പിക്കുന്ന നാമനിർദേശവും അവാർഡുകൾക്കുള്ള ശുപാർശകളും പരിഗണിക്കപ്പെടും. തിരഞ്ഞെടുപ്പ് സമിതിക്ക് സ്വമേധയാ, മതിയായ ന്യായീകരണത്തോടെ അവാർഡിനായി ഒരു വ്യക്തിയെ/സ്ഥാപനത്തെ ശുപാർശ ചെയ്യാനും ആകും.

മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി തല ഓഫീസറുടെ നേതൃത്വത്തിലുള്ള ഒരു സ്ക്രീനിംഗ് കമ്മിറ്റി നാമനിർദ്ദേശങ്ങൾ സൂക്ഷ്മമായി പരിശോധിക്കുകയും ചുരുക്കപ്പട്ടിക തയ്യാറാക്കുകയും ചെയ്യും. സ്‌ക്രീനിംഗ് കമ്മിറ്റിയുടെ ശുപാർശകളുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് സമിതിയായിരിക്കും അന്തിമ തീരുമാനം എടുക്കുന്നത്.

 
RRTN/SKY


(Release ID: 1788032) Visitor Counter : 164