നിതി ആയോഗ്‌

സംസ്ഥാന ആരോഗ്യ സൂചികയുടെ നാലാം പതിപ്പ് നീതി ആയോഗ് പുറത്തിറക്കി. ഓവറോൾ റാങ്കിംഗിൽ കേരളം ഒന്നാമത്

Posted On: 27 DEC 2021 3:19PM by PIB Thiruvananthpuram



ന്യൂ ഡൽഹി: ഡിസംബർ 27 , 2021  

 2019-20 ലെ സംസ്ഥാന ആരോഗ്യ സൂചികയുടെ നാലാം പതിപ്പ് നീതി ആയോഗ് ഇന്ന് പുറത്തിറക്കി. 2018–19 മുതൽ 2019–20 വരെയുള്ള കാലയളവിൽ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും ആരോഗ്യ മേഖലയിൽ വർഷാവർഷം കാഴ്‌ചവയ്ക്കുന്ന പ്രകടന മികവും മൊത്തത്തിലുള്ള പ്രകടനവും കണക്കിലെടുത്താണ് റാങ്കിങ് നടത്തുന്നത്.

ലോകബാങ്കിന്റെ സാങ്കേതിക സഹായത്തോടെയും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവുമായി കൂടിയാലോചിച്ചും ആണ് നീതി ആയോഗ് റിപ്പോർട്ട് തയ്യാറാക്കിയത്.

'ആരോഗ്യ ഫലങ്ങൾ', 'ഭരണവും വിവരങ്ങളും', 'പ്രധാന ഇൻപുട്ടുകൾ / പ്രക്രിയകൾ' എന്നീ മേഖലകളിലായി തരംതിരിച്ച  24 സൂചകങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ വെയ്റ്റഡ് കോമ്പോസിറ്റ് ഇൻഡക്സ് ആണ് സംസ്ഥാന ആരോഗ്യ സൂചിക.

 സമാന സ്വഭാവമുള്ള സംസ്ഥാന-കേന്ദ്രഭരണപ്രദേശങ്ങൾ തമ്മിലുള്ള താരതമ്യം ഉറപ്പാക്കാൻ 'വലിയ സംസ്ഥാനങ്ങൾ', 'ചെറിയ സംസ്ഥാനങ്ങൾ', 'കേന്ദ്ര ഭരണ പ്രദേശങ്ങൾ' എന്നിങ്ങനെ തരംതിരിച്ചാണ് റാങ്കിങ് നടത്തിയിരിക്കുന്നത്

'വലിയ സംസ്ഥാനങ്ങളിൽ', വാർഷികാടിസ്ഥാനത്തിലുള്ള മെച്ചപ്പെട്ട പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ, ഉത്തർപ്രദേശ്, അസം, തെലങ്കാന എന്നീ സംസ്ഥാനങ്ങൾ ആദ്യ മൂന്ന് റാങ്കുകൾ നേടി.

  'ചെറിയ സംസ്ഥാനങ്ങളിൽ', മിസോറാമും മേഘാലയയും വാർഷികാടിസ്ഥാനത്തിൽ മെച്ചപ്പെട്ട പ്രകടനം രേഖപ്പെടുത്തി.

കേന്ദ്രഭരണ പ്രദേശങ്ങളിൽ, ഡൽഹിയും ജമ്മു കശ്മീരും വാർഷികാടിസ്ഥാനത്തിൽ മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ചു.

  2019-20 ലെ സംയോജിത സ്‌കോർ അടിസ്ഥാനമാക്കിയുള്ള സൂചിക പ്രകാരം, ഓവറോൾ റാങ്കിംഗിൽ, 'വലിയ സംസ്ഥാനങ്ങളിൽ' കേരളവും തമിഴ്‌നാടും, 'ചെറിയ സംസ്ഥാനങ്ങളിൽ' മിസോറാമും ത്രിപുരയും, കേന്ദ്രഭരണ പ്രദേശങ്ങളിൽ ദദ്രാ നഗർ ഹവേലി ആൻഡ് ദാമൻ ദ്യു, ചണ്ഡീഗഢ് എന്നിവയും മികച്ച റാങ്കിംഗ് നേടി.

2017 മുതൽ സൂചിക സമാഹരിച്ച് പ്രസിദ്ധീകരിച്ചു വരുന്നു. ശക്തമായ ആരോഗ്യ സംവിധാനങ്ങൾ കെട്ടിപ്പടുക്കുന്നതിനും സേവനവിന്യാസം മെച്ചപ്പെടുത്തുന്നതിനും സംസ്ഥാനങ്ങളെയും  കേന്ദ്ര ഭരണ പ്രദേശങ്ങളെയും  പ്രേരിപ്പിക്കുകയാണ്  റിപ്പോർട്ടിന്റെ ലക്ഷ്യം.

റിപ്പോർട്ട് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഡാഷ്‌ബോർഡിലെ സൂചകങ്ങളും സ്‌കോറുകളും സംബന്ധിച്ച വിശദവിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

വീഡിയോ റിലീസ് കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 
IE/SKY
 


(Release ID: 1785543) Visitor Counter : 325