ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

ഓക്സിജൻ വിതരണ സംവിധാനങ്ങളുടെ സ്ഥാപനം, നിലവിലെ പ്രവർത്തനം എന്നിവ കേന്ദ്രം വിലയിരുത്തി

Posted On: 15 DEC 2021 3:57PM by PIB Thiruvananthpuram
 

ന്യൂ ഡൽഹി: ഡിസംബർ 15, 2021
 
ചികിത്സാവശ്യത്തിന് ഉപയോഗിക്കുന്ന ഓക്സിജൻ വിതരണ സംവിധാനങ്ങളുടെ നിലവിലെ അവസ്ഥ, തയ്യാറെടുപ്പുകൾ എന്നിവ കേന്ദ്ര ആരോഗ്യ സെക്രട്ടറി ശ്രീ രാജേഷ് ഭൂഷൻ, സംസ്ഥാന-കേന്ദ്രഭരണപ്രദേശ ഭരണകൂടങ്ങളുമായി വീഡിയോ കോൺഫറൻസിലൂടെ ഇന്ന് വിലയിരുത്തി.
 
PSA പ്ലാന്റുകൾ, ഓക്സിജൻ കോൺസെൻട്രെറ്ററുകൾ, വെന്റിലേറ്ററുകൾ, ഓക്സിജൻ സിലിണ്ടറുകൾ, ദ്രവീകൃത മെഡിക്കൽ ഓക്സിജൻ പ്ലാന്റുകൾ (LMO), മെഡിക്കൽ ഗ്യാസ് പൈപ്പ്ലൈൻ സംവിധാനങ്ങൾ (MGPS) എന്നിവയ്ക്ക് ആവശ്യമായ സാങ്കേതിക-സാമ്പത്തിക പിന്തുണ, ഉപകരണങ്ങൾ തുടങ്ങിയവ നൽകിക്കൊണ്ട് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കേന്ദ്ര ഗവൺമെന്റ് സഹായം ഉറപ്പാക്കി വരുന്നു.
 
ഇവയുടെ നിലവിലെ അവസ്ഥ ദിവസവും വിലയിരുത്താനും നിരീക്ഷിക്കാനും സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി. കൂടാതെ, ജില്ലകളിൽ വിതരണം ചെയ്ത ഇത്തരം സംവിധാനങ്ങൾ സ്ഥാപിക്കുന്നതിൽ ആരോഗ്യ പാലന കേന്ദ്രങ്ങളിൽ ഉണ്ടാകുന്ന സമയദൈർഘ്യം പരമാവധി കുറയ്ക്കണം എന്നും യോഗത്തിൽ ആവശ്യപ്പെട്ടു.
 
മെഡിക്കൽ ഓക്സിജൻ വിതരണ സൗകര്യങ്ങൾ വേഗത്തിൽ പ്രവർത്തനസജ്ജം ആക്കുന്നത് ഉറപ്പാക്കുന്നതിനായി, വൈദ്യുതി/സ്ഥലം എന്നിവ സംബന്ധിച്ച്  ഉണ്ടാകുന്ന പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിക്കുന്നതിനായി DRDO, HITES തുടങ്ങിയവയുമായി സഹകരിക്കണമെന്ന് സംസ്ഥാന നോഡൽ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം കൈമാറി.
 
ഇന്ന് വരെയുള്ള കണക്കുകൾ പ്രകാരം രാജ്യത്ത് 3,236 PSA പ്ലാന്റുകൾ ആണ് സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. ഇവയുടെ മൊത്തം സ്ഥാപിതശേഷി 3,783 MT വരും. കൂടാതെ, PM CARES (1 ലക്ഷം), ECRP-II (14,000) എന്നിവ വഴിയായി 1,14,000 ഓക്സിജൻ കോൺസെൻട്രേറ്ററുകൾ ആണ് സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്തിട്ടുള്ളത്.
 
1,374 ആശുപത്രികളിലായി 958 LMO സംഭരണ ടാങ്കുകൾ, മെഡിക്കൽ ഗ്യാസ് പൈപ്പ്ലൈൻ സംവിധാനങ്ങൾ എന്നിവ സ്ഥാപിക്കുന്നതിനായി ECRP-II യ്ക്ക് കീഴിൽ തുക അനുവദിച്ചിട്ടുണ്ട്. തദ്ദേശീയ ഓക്സിജൻ ഉത്പാദനശേഷി വർധിപ്പിക്കുന്നതിന് ഈ അവസരങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് സംസ്ഥാനങ്ങൾക്കു നിർദേശം നൽകി കഴിഞ്ഞു. കൂടാതെ, ഗവൺമെന്റ് ആശുപത്രികളിൽ മെഡിക്കൽ ഗ്യാസ് പൈപ്പ്ലൈൻ സംവിധാനങ്ങൾ സ്ഥാപിച്ചു, പണി പൂർത്തിയാക്കി അവ ഉടൻതന്നെ പ്രവർത്തന സജ്ജമാക്കണമെന്നും നിർദ്ദേശമുണ്ട്.
 
നിലവിൽ സ്ഥാപിക്കപ്പെട്ട PSA പ്ലാന്റുകൾ പ്രവർത്തന സജ്ജമാണ് എന്നത് ഉറപ്പാക്കുന്നതിനായി 2021 ഡിസംബർ അവസാനത്തിനുള്ളിൽ മോക്ക് ഡ്രില്ലുകൾ സംഘടിപ്പിക്കണമെന്ന് സംസ്ഥാനങ്ങൾക്ക്  കർശനനിർദേശം ഉണ്ട്. ഇവയുടെ റിപ്പോർട്ടുകൾ നിർദിഷ്ട പോർട്ടലുകൾ വഴി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനു സമർപ്പിക്കണം. ഇനിയും പൂർണമാവാത്ത ഓക്സിജൻ ഓഡിറ്റ് റിപ്പോർട്ടുകൾ പൂർത്തിയാക്കിയതിനുശേഷം 2021 ഡിസംബർ അവസാനത്തോടെ നിർദ്ദിഷ്ട പോർട്ടൽ വഴി സമർപ്പിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
 
PSA പ്ലാന്റ്റുകൾ, മറ്റ് മെഡിക്കൽ ഓക്സിജൻ അനുബന്ധ അടിസ്ഥാനസൗകര്യങ്ങൾ എന്നിവയുടെ പ്രവർത്തനം, പാലനം എന്നിവ സംബന്ധിച്ച് ടെക്നീഷ്യന്മാർ, ആശുപത്രി ജീവനക്കാർ എന്നിവർക്ക് മികച്ച പരിചയവും കഴിവും ഉറപ്പാക്കുന്നതിനായി സമഗ്രമായ പരിശീലന പരിപാടികൾ ആണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം സംഘടിപ്പിക്കുന്നത്. മുൻകൂട്ടി തീരുമാനിച്ചിട്ടുള്ള പരിശീലന പരിപാടികൾ ഇനിയും പൂർത്തീകരിക്കാനുള്ള സംസ്ഥാനങ്ങൾ ജില്ലാ നൈപുണ്യ വികസന സമിതികളുമായി ചേർന്നുകൊണ്ട് ഡിസംബർ അവസാനത്തിനുള്ളിൽ ശേഷിക്കുന്ന പ്രവർത്തനങ്ങൾ പൂർത്തീകരിക്കണമെന്ന് നിർദേശമുണ്ട്.
 
NHM മിഷൻ ഡയറക്ടർ, വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള സംസ്ഥാന സർവൈലൻസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ അവലോകന യോഗത്തിൽ പങ്കെടുത്തു.
 


(Release ID: 1782542) Visitor Counter : 107