യുവജനകാര്യ, കായിക മന്ത്രാലയം
വിദ്യാർഥികൾക്ക് യോഗ്യത നേടുന്നതിന് കൂടുതൽ അവസരങ്ങൾ ലഭ്യമാക്കുന്നതിന്റെ ഭാഗമായി ഫിറ്റ് ഇന്ത്യ ക്വിസ് - 2021 നു രണ്ടു പ്രാഥമിക തലങ്ങൾ ഉണ്ടായിരിക്കും
Posted On:
15 NOV 2021 2:43PM by PIB Thiruvananthpuram
ഈ വർഷം ആദ്യം തുടക്കംകുറിച്ച പ്രഥമ ഫിറ്റ് ഇന്ത്യ പ്രശ്നോത്തരിയ്ക്ക് രണ്ട് പ്രാഥമിക റൗണ്ടുകൾ ഉണ്ടായിരിക്കും. യോഗ്യത നേടുന്നതിനായി ഏതെങ്കിലും ഒന്നോ, അല്ലെങ്കിൽ രണ്ടു അവസരങ്ങളോ പ്രയോജനപ്പെടുത്തുന്നതിന് ഇതിലൂടെ വിദ്യാർത്ഥികൾക്ക് അവസരമൊരുങ്ങും. രണ്ട് പ്രാഥമികതലങ്ങൾക്ക് ശേഷം അടുത്ത ഘട്ടത്തിലേക്ക് പ്രവേശനം ലഭിച്ച വിദ്യാർത്ഥികളുടെ ചുരുക്കപ്പട്ടിക തയ്യാറാക്കുന്നതിനായി ഒരു ഏകീകൃത യോഗ്യതാ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതാണ്. രണ്ട് അവസരങ്ങളും പ്രയോജനപ്പെടുത്തിയ വിദ്യാർഥികൾക്ക് രണ്ടിൽ നിന്നും ലഭിച്ച സ്കോറുകളിൽ ഏറ്റവും മികച്ചത് ഉപയോഗപ്പെടുത്താനും സാധിക്കും. രണ്ടാമത്തെ പ്രാഥമികതല മത്സരത്തിന്റെ സമയവും തീയതിയും ഉടൻതന്നെ അറിയിക്കുന്നതാണ്.
പ്രാഥമിക തലത്തിൽ വിജയികളാകുന്നവർ ഡിസംബർ മാസം നടക്കുന്ന സംസ്ഥാനതല മത്സരങ്ങളിൽ പങ്കെടുക്കും. സംസ്ഥാന തലങ്ങളിൽ വിജയികളാകുന്നവർക്ക് 2022 ജനുവരി- ഫെബ്രുവരി കാലയളവിൽ നടക്കുന്ന ദേശീയ തല മത്സരത്തിൽ പങ്കെടുക്കാം. ഓരോ തലത്തിലും വിജയികളാകുന്ന വിദ്യാർഥികൾക്ക് ക്യാഷ് പ്രൈസിനൊപ്പം, ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യ ഫിറ്റ് ഇന്ത്യ സംസ്ഥാന/ദേശീയതല പ്രശ്നോത്തരി ജേതാവ് എന്ന ബഹുമതിയും നേടാൻ അവസരം ഒരുങ്ങും.
ഇന്ത്യയുടെ സമ്പന്നമായ കായിക ചരിത്രം സംബന്ധിച്ച് വിദ്യാർത്ഥികൾക്കിടയിൽ അവബോധം വളർത്തുക എന്നതാണ് പ്രശ്നോത്തരിയുടെ പ്രധാന ലക്ഷ്യം. ഇതോടൊപ്പം നൂറ്റാണ്ടുകൾ പഴക്കമുള്ള നമ്മുടെ തദ്ദേശീയ കായികയിനങ്ങൾ, ദേശീയ/പ്രാദേശിക കായിക താരങ്ങൾ എന്നിവ സംബന്ധിച്ച് അവർക്ക് കൂടുതൽ അറിവ് നൽകാനും ഇതിലൂടെ പദ്ധതിയിടുന്നു.
*****
(Release ID: 1771960)
Visitor Counter : 152