പ്രധാനമന്ത്രിയുടെ ഓഫീസ്
യുഎസ് നിയമനിര്‍മാണ സഭാ പ്രതിനിധി സംഘവുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി
Posted On:
13 NOV 2021 12:42PM by PIB Thiruvananthpuram
യുഎസ് നിയമനിര്‍മാണസഭാപ്രതിനിധിസംഘവുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തി. സെനറ്റര്‍ ജോണ്‍ കോര്‍ണിന്റെ നേതൃത്വത്തിലുള്ള പ്രതിനിധിസംഘത്തില്‍ സെനറ്റര്‍മാരായ മൈക്കല്‍ ക്രാപ്പോ, തോമസ് ട്യൂബര്‍വില്ലെ, മൈക്കല്‍ ലീ, സഭാഗങ്ങളായ ടോണി ഗോണ്‍സാലസ്, ജോണ്‍ കെവിന്‍ എലിസെ സീനിയര്‍ എന്നിവരാണ് അംഗങ്ങള്‍. ഇന്ത്യയെയും ഇന്ത്യന്‍ അമേരിക്കക്കാരെയും സംബന്ധിച്ച സെനറ്റ് കോക്കസിന്റെ സഹസ്ഥാപകനും സഹഅധ്യക്ഷനുമാണ് സെനറ്റര്‍ ജോണ്‍ കോര്‍ണിന്‍.
ബൃഹത്തായതും വൈവിധ്യമാര്‍ന്നതുമായ ജനസംഖ്യ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്കിടയിലും ഇന്ത്യയിലെ കോവിഡ് സാഹചര്യം മികച്ചരീതിയില്‍ കൈകാര്യംചെയ്യുന്നതായി പ്രതിനിധിസംഘം വിലയിരുത്തി. രാജ്യത്തിന്റെ ജനാധിപത്യധാര്‍മ്മികതയില്‍ അധിഷ്ഠിതമായ ജനങ്ങളുടെ പങ്കാളിത്തമാണ്, കഴിഞ്ഞ ഒരുനൂറ്റാണ്ടുകണ്ട ഏറ്റവും ഗുരുതരമായ മഹാമാരിയെ കൈകാര്യംചെയ്യുന്നതില്‍, പ്രധാനപങ്കുവഹിച്ചതെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ജനാധിപത്യമൂല്യങ്ങളില്‍ ഊന്നല്‍ നല്‍കിയുള്ള ഇന്ത്യ-യുഎസ് സമഗ്ര ആഗോളനയപങ്കാളിത്തം കരുത്തുറ്റതാക്കുന്നതില്‍ യുഎസ് കോണ്‍ഗ്രസ് നല്‍കുന്ന സുസ്ഥിരപിന്തുണയെയും ക്രിയാത്മകമായ ഇടപെടലിനെയും പ്രധാനമന്ത്രി പ്രശംസിച്ചു.
ദക്ഷിണേഷ്യ, ഇന്തോ-പസഫിക് മേഖല തുടങ്ങി ഇരുരാജ്യങ്ങള്‍ക്കും താല്‍പ്പര്യമുള്ള വിഷയങ്ങളില്‍ ഊഷ്മളമായ തുറന്നചര്‍ച്ച നടന്നു. രണ്ടു തന്ത്രപ്രധാനകൂട്ടാളികള്‍ തമ്മിലുള്ള നയപരമായ താല്‍പ്പര്യങ്ങളുടെ കേന്ദ്രീകരണം വര്‍ധിക്കുന്നതിനെക്കുറിച്ചു പ്രധാനമന്ത്രിയും യുഎസ് പ്രതിനിധിസംഘവും ചര്‍ച്ചചെയ്തു. ആഗോളസമാധാനവും സ്ഥിരതയും പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സഹകരണം കൂടുതല്‍ മെച്ചപ്പെടുത്താനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു.
ഉഭയകക്ഷിബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള സാധ്യതകളെക്കുറിച്ചു പ്രധാനമന്ത്രി അഭിപ്രായം രേഖപ്പെടുത്തി. ഭീകരവാദം, കാലാവസ്ഥാവ്യതിയാനം, നിര്‍ണായക സാങ്കേതികവിദ്യകള്‍ക്കായുള്ള വിശ്വസനീയ വിതരണശൃംഖലകള്‍ തുടങ്ങിയ സമകാലിക ആഗോളവിഷയങ്ങളില്‍ സഹകരണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും പ്രധാനമന്ത്രി ആശയങ്ങള്‍ കൈമാറി.
(Release ID: 1771420)
Visitor Counter : 240
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada