ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

പ്രധാനമന്ത്രിയുടെ ‘ഹർ ഘർ ദസ്തക്’ പ്രചാരണം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് ഡോ. മൻസുഖ് മാണ്ഡവ്യ സംസ്ഥാന ആരോഗ്യ മന്ത്രിമാരുമായി ചർച്ച നടത്തി

Posted On: 11 NOV 2021 2:09PM by PIB Thiruvananthpuram

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ ഇന്ന് സംസ്ഥാന/ കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ആരോഗ്യ മന്ത്രിമാരുമായി സംവദിച്ചു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി ഡോ. ഭാരതി പ്രവീൺ പവാറും  സന്നിഹിതയായിരുന്നു. സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും കോവിഡ് 19 നിയന്ത്രണവും മാനേജ്മെന്റും മറ്റ് പൊതുജനാരോഗ്യ പ്രവർത്തനങ്ങളും യോഗം അവലോകനം ചെയ്തു.

കേരള ആരോഗ്യമന്ത്രി ശ്രീമതി വീണാ ജോർജ് ഉൾപ്പെടെയുള്ള സംസ്ഥാന/ കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ആരോഗ്യമന്ത്രിമാർ യോഗത്തിൽ പങ്കെടുത്തു. എല്ലാ സംസ്ഥാനങ്ങളിലെയും പ്രിൻസിപ്പൽ സെക്രട്ടറിമാർ / അഡീഷണൽ ചീഫ് സെക്രട്ടറിമാർ / മിഷൻ ഡയറക്ടമാർ (NHM) തുടങ്ങിയവരും പങ്കെടുത്തു.

നിലവിൽ പ്രായപൂർത്തിയവരിൽ 79% പേർക്ക് കൊവിഡ് 19 വാക്‌സിന്റെ ആദ്യ ഡോസ് ലഭിച്ചിട്ടുണ്ടെന്നും അർഹതയുള്ള ജനസംഖ്യയുടെ 38% പേർക്ക് രണ്ടാം ഡോസ് ലഭിച്ചിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രി പറഞ്ഞു. 12 കോടിയിലധികം ഗുണഭോക്താക്കൾക്ക് രണ്ടാം ഡോസ്  വാക്‌സിൻ ലഭ്യമാകാനുണ്ടെന്ന് സൂചിപ്പിച്ച അദ്ദേഹം, നിലവിലുള്ള 'ഹർ ഘർ ദസ്തക്' പ്രചാരണത്തിലൂടെ എല്ലാ പ്രായപൂർത്തിയായവർക്കും ആദ്യ ഡോസ്  നൽകണമെന്ന് സംസ്ഥാന ആരോഗ്യ മന്ത്രിമാരോട് അഭ്യർത്ഥിച്ചു. രണ്ടാമത്തെ ഡോസ് എടുക്കാൻ സമയമായവരെ അതിനായി പ്രേരിപ്പിക്കണം.

ലക്ഷ്യമിട്ട പ്രദേശങ്ങളിൽ സമയബന്ധിതമായി 100% പ്രതിരോധ കുത്തിവയ്പ്പ് ഉറപ്പാക്കാൻ ഒന്നിലധികം വാക്‌സിനേഷൻ സംഘങ്ങൾ ; കോവിഡ് 19 വാക്സിനേഷന്റെ പുരോഗതിക്കായി ഓരോ 24 മണിക്കൂറിലും പരമാവധി വാക്സിൻ ഡോസുകൾ നൽകുന്ന സംഘങ്ങളെ (ജില്ല/ ബ്ലോക്ക്) തിരിച്ചറിയുന്നതിനും അഭിനന്ദിക്കുന്നതിനുമുള്ള റാങ്കിംഗ് സംവിധാനം വികസിപ്പിക്കുക; അവബോധം സൃഷ്ടിക്കുന്നതിനും വാക്സിനേഷൻ സേവനങ്ങൾ നൽകുന്നതിനും പ്രാദേശിക പ്രതിവാര ചന്തകൾ ഉപയോഗപ്പെടുത്തുക; പ്രാദേശിക മത-സാമുദായിക നേതാക്കളുമായി സഹകരിച്ച്  പ്രവർത്തിക്കുക; ഗ്രാമ/നഗര പ്രദേശങ്ങളിൽ പ്രതിരോധ കുത്തിവയ്പ് എടുക്കാത്തവരെ പ്രേരിപ്പിക്കുന്നതിനായി സന്നദ്ധ സംഘടനകളെ  പ്രയോജനപ്പെടുത്തുക; എൻഎസ്എസ്, NYK മുതലായവയെ സഹകരിപ്പിക്കുക; വാക്സിൻ വിരുദ്ധ കിംവദന്തികൾ ഫലപ്രദമായി പ്രതിരോധിക്കാൻ മൾട്ടിമീഡിയ ബോധവൽക്കരണ പ്രചാരണങ്ങൾ സംഘടിപ്പിക്കുക; സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഉയർന്ന പ്രതിരോധ കുത്തിവയ്പ്പ് സാധ്യമാക്കിയ ജില്ലകളിൽ പിന്തുടരുന്ന നൂതനമായ സമീപനങ്ങളും സമ്പ്രദായങ്ങളും സമാനമായ തന്ത്രങ്ങളും സ്വീകരിക്കുക തുടങ്ങിയ നിർദ്ദേശങ്ങൾ  അവലോകന യോഗത്തിൽ ഡോ.മൻസുഖ് മാണ്ഡവ്യ മുന്നോട്ടു വച്ചു. സ്വഭാവ പരിവർത്തനത്തിന്റെ  മികച്ച അംബാസഡർമാരാകാൻ കുട്ടികൾക്ക് കഴിയുമെന്ന് സൂചിപ്പിച്ച അദ്ദേഹം, സമ്പൂർണ വാക്‌സിനേഷന്റെ മുന്നോട്ട് കൊണ്ടുപോകുന്നതിന് കുട്ടികളെ സന്ദേശ വാഹകരാക്കാൻ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും അഭ്യർത്ഥിച്ചു.

ബസ് സ്റ്റേഷനുകൾ, റെയിൽവേ സ്റ്റേഷനുകൾ മുതലായവയിൽ, പ്രത്യേകിച്ച് വൻനഗരങ്ങളിൽ, കോവിഡ് വാക്സിനേഷൻ കേന്ദ്രങ്ങൾ തുറക്കണമെന്ന് ഡോ. മാണ്ഡവ്യ നിർദ്ദേശിച്ചു. ‘ഹർ ഘർ ദസ്തക്’ പ്രചാരണത്തിന്റെ  ഓരോ ദിവസവും വിവിധ വിഭാഗങ്ങളിലെ ഗുണഭോക്താക്കളുടെ പ്രതിരോധ കുത്തിവയ്‌പ്പിനായി സമർപ്പിക്കാമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

 

***



(Release ID: 1770942) Visitor Counter : 211