പ്രധാനമന്ത്രിയുടെ ഓഫീസ്
ഗ്ലാസ്ഗോയില്‍ നടന്ന സിഒപി 26 ഉച്ചകോടിയില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ ദേശീയ പ്രസ്താവന
Posted On:
01 NOV 2021 11:30PM by PIB Thiruvananthpuram
സുഹൃത്തുക്കളേ,
ആയിരക്കണക്കിനു വര്‍ഷങ്ങള്‍ക്കുമുമ്പ് ഈ സന്ദേശം നല്‍കിയ ഭൂപ്രദേശത്തെ പ്രതിനിധാനം ചെയ്താണ് ഇന്നു ഞാന്‍ നിങ്ങളുടെ ഇടയില്‍ നില്‍ക്കുന്നത്.
സം-ഗച്ഛ്-ധ്വം,
സം-വ-ദദ്വം,
സം വോ മാനസി ജാനതാം.
ഇന്ന് 21-ാം നൂറ്റാണ്ടില്‍, ഈ സന്ദേശം കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നു. കൂടുതല്‍ പ്രസക്തമാകുകയും ചെയ്തു.
സം-ഗച്ഛ-ധ്വം - അതായത്, നമുക്ക് ഒന്നിച്ചു നീങ്ങാം. സം-വ-ദദ്വം - അതായത്, നമുക്ക് ഒന്നിച്ചു പ്രവര്‍ത്തിക്കാം, സം വോ മാനസി ജാനതാം - അതായത്, ഏവരുടെയും മനസ്സ് ഒന്നായിരിക്കണം.
സുഹൃത്തുക്കളേ,
കാലാവസ്ഥാ ഉച്ചകോടിക്കായി ഞാന്‍ ആദ്യമായി പാരീസില്‍ എത്തിയപ്പോള്‍, ലോകത്തിന് നല്‍കപ്പെട്ട വാഗ്ദാനങ്ങളുടെ കൂടെ ഒരെണ്ണംകൂടി ചേര്‍ക്കാന്‍ എനിക്ക് ഉദ്ദേശ്യമുണ്ടായിരുന്നില്ല. മനുഷ്യരാശിയെയാകെ ബാധിക്കുന്ന ഒരാശങ്ക പങ്കിട്ടുകൊണ്ടാണു ഞാന്‍ എത്തിയത്. 'സര്‍വേ ഭവന്തു സുഖിനാഃ' എന്ന സന്ദേശം നല്‍കിയ സംസ്‌കാരത്തിന്റെ പ്രതിനിധിയായാണു ഞാന്‍ എത്തിയത്.
അതിനാല്‍ എന്നെ സംബന്ധിച്ച് പാരീസിലെ സമ്മേളനം ഒരു ഉച്ചകോടിയല്ല, മറിച്ച് ഒരു വികാരവും പ്രതിബദ്ധതയുമാണ്. ഇന്ത്യ ആ വാഗ്ദാനങ്ങള്‍ ലോകത്തിന് നല്‍കിയിരുന്നില്ല; എന്നാല്‍ ആ വാഗ്ദാനങ്ങള്‍ 125 കോടി ഇന്ത്യക്കാര്‍ അവര്‍ക്കായി പാലിക്കുന്നുണ്ടായിരുന്നു.
ദാരിദ്ര്യത്തില്‍ നിന്നു കോടിക്കണക്കിന് ആളുകളെ മോചിപ്പിക്കാന്‍ ശ്രമിക്കുകയും ജീവിതനിലവാരം മെച്ചപ്പെടുത്താന്‍ രാത്രിയും പകലും പ്രവര്‍ത്തിക്കുകയും ലോകജനസംഖ്യയുടെ 17 ശതമാനമെന്ന നിലയില്‍, പരിസ്ഥിതി മലിനീകരണം നിയന്ത്രിക്കുന്നതില്‍ 5 ശതമാനം മാത്രം ഉത്തരവാദിത്വമുണ്ടായിട്ടും ഇന്ത്യ പോലുള്ള ഒരു വികസ്വര രാജ്യം അതിന്റെ ഉത്തരവാദിത്വം മികച്ച രീതിയില്‍ നിര്‍വഹിച്ച് വരികയാണെന്ന് പറയുന്നതില്‍ എനിക്ക് സന്തോഷമുണ്ട്.
പാരീസ് ഉടമ്പടിയെ അതിന്റെ അന്തഃസത്ത ഉള്‍ക്കൊണ്ട് നടപ്പിലാക്കാന്‍ ശ്രമിക്കുന്ന ഏക വന്‍ സാമ്പത്തിക ശക്തി ഇന്ത്യയാണെന്ന് ഇന്ന് ലോകം വിശ്വസിക്കുന്നു. ഞങ്ങള്‍ ദൃഢനിശ്ചയത്തോടെയും കഠിനാധ്വാനത്തോടെയും ഓരോ ശ്രമങ്ങളും നടത്തി അവയ്ക്കുള്ള ഫലം കണ്ടെത്തുന്നു.
സുഹൃത്തുക്കളേ,
ഇന്ന് നിങ്ങളിലൊരാളായി ഞാന്‍ ഇവിടെ വരുമ്പോള്‍ ഞാന്‍ ഇന്ത്യയുടെ പ്രകടനത്തിന്റെ റെക്കോര്‍ഡ് കൂടി ഇവിടെ കൊണ്ടുവന്നിരിക്കുന്നു. എന്റെ വാക്കുകള്‍ കേവലം വാക്കുകളല്ല, മറിച്ച് വരും തലമുറകളുടെ ഭാവിക്കായുള്ള ആഹ്ലാദ വാക്യങ്ങളാണ്. പുനരുപയോഗിക്കാവുന്ന ഊര്‍ജോല്‍പാദനത്തില്‍ ഇന്ത്യ ഇന്ന് നാലാം സ്ഥാനത്താണ്. കഴിഞ്ഞ 7 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയുടെ ഫോസിലിതര ഇന്ധന ശേഷി 25 ശതമാനത്തിലധികം വര്‍ദ്ധിച്ചു. അത് ഇപ്പോള്‍ നമ്മുടെ ഊര്‍ജ മിശ്രിതത്തിന്റെ 40 ശതമാനം വരും.
സുഹൃത്തുക്കളേ,
ലോക ജനസംഖ്യയുടെ ആകെ എണ്ണത്തേക്കാള്‍ അധികം യാത്രക്കാര്‍ ഓരോ വര്‍ഷവും ഇന്ത്യന്‍ റെയില്‍വേ വഴി യാത്ര ചെയ്യുന്നു. 2030ഓടെ 'നെറ്റ് സീറോ' ലക്ഷ്യം കൈവരിക്കുന്നതിന് ഈ ബൃഹത്തായ റെയില്‍വേ സംവിധാനത്തെ ഉപയോഗിക്കുന്നു. ഈ സംവിധാനം മാത്രം പ്രതിവര്‍ഷം 60 ദശലക്ഷം ടണ്‍ കാര്‍ബണ്‍ പുറന്തള്ളുന്നത് ഇല്ലാതാക്കും. അതുപോലെ തന്നെ, ഞങ്ങളുടെ ബൃഹത്തായ എല്‍ഇഡി ബള്‍ബ് ക്യാംപെയ്ന്‍ പ്രതിവര്‍ഷം 40 ദശലക്ഷം ടണ്‍ കാര്‍ബണ്‍ പുറന്തള്ളുന്നത് ഇല്ലാതാക്കും. ഇന്ന് ഇത്തരത്തിലുള്ള പദ്ധതികള്‍ ഇച്ഛാശക്തിയോട് കൂടി ഇന്ത്യ നടപ്പിലാക്കി വരികയാണ്.
ഇതോടൊപ്പം ഇന്ത്യ ഇത്തരം കാര്യങ്ങളില്‍ അന്താരാഷ്ട്ര തലത്തിലും മറ്റ് രാജ്യങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. സൗരോര്‍ജ രംഗത്തെ വിപ്ലവകരമായ നീക്കമെന്ന നിലയില്‍ നാം അന്താരാഷ്ട്ര സൗരോര്‍ജ സഖ്യത്തിന്റെ ഭാഗമായി. പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി ദുരന്ത ഘട്ടങ്ങളില്‍ സഹകരിച്ച് പ്രവര്‍ത്തിക്കാനുള്ള ധാരണയിലും രാജ്യം എത്തിയിട്ടുണ്ട്. ഇത് കോടിക്കണക്കിന് ജനങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതിനുള്ള സുപ്രധാനമായ നടപടിയാണ്.
സുഹൃത്തുക്കളേ,
ഒരു പ്രധാന വിഷയത്തിലേക്ക് കൂടി നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കാലാവസ്ഥാ വ്യതിയാനത്തില്‍ ജീവിതശൈലിക്ക് വലിയ പങ്കുണ്ടെന്ന് ഇന്ന് ലോകം തിരിച്ചറിയുന്നു. ഇന്ന് ഒരു ഒറ്റവാക്കിലുള്ള മുന്നേറ്റത്തിന് ഞാന്‍ നിങ്ങളോട് ആഹ്വാനം ചെയ്യുന്നു.
ഈ ഒറ്റവാക്ക്, കാലാവസ്ഥ വ്യതിയാനങ്ങളുടെ പശ്ചാത്തലത്തില്‍, ലോകത്തിന്റെ അടിസ്ഥാനമായി മാറാവുന്നതാണ് ജീവിതം (LIFE) എന്നതാണ് ആ വാക്ക്... എല്‍, ഐ, എഫ്, ഇ, അതായത് പരിസ്ഥിതിക്കായുള്ള ജീവിതശൈലി. നമുക്കൊരുമിച്ച് ലൈഫ് സ്റ്റൈല്‍ ഫോര്‍ എന്‍വയോണ്‍മെന്റ് (ലൈഫ്) എന്ന ക്യാംപെയ്ന്‍ നടപ്പിലാക്കാന്‍ ശ്രമിക്കാം.
ഇത് പരിസ്ഥിതി അവബോധമുള്ള ജീവിത ശൈലി സ്വീകരിക്കുന്ന ഒരു ബഹുജന പ്രസ്ഥാനമായി മാറ്റാവുന്നതാണ്. പ്രകൃതിയെ അശ്രദ്ധയോടും വിനാശകരവുമായും ഉപയോഗിക്കുന്നതിനു പകരം നിശ്ചയദാര്‍ഢ്യത്തോടെയും കരുതലോടെയുമാണ് ഉപയോഗിക്കേണ്ടത്. മത്സ്യബന്ധനം, കൃഷി, ക്ഷേമം, ആരോഗ്യം, ഭക്ഷണരകമം, പാക്കേജിംഗ്, ഹൗസിംഗ്, അതിഥി പരിചരണം, വിനോദ സഞ്ചാരം, വസ്ത്രം, ഫാഷന്‍, ജല സംരക്ഷണം, ഊര്‍ജം തുടങ്ങിയ വൈവിധ്യമാര്‍ന്ന മേഖലകളില്‍ വിപ്ലവം സൃഷ്ടിക്കാന്‍ കഴിയുന്ന ലക്ഷ്യങ്ങള്‍ ഈ മുന്നേറ്റങ്ങള്‍ക്ക് ഒരുമിച്ച് നേടാനാകും.
നാമോരോരുത്തരും ദിവസവും ബോധപൂര്‍വമായ തെരഞ്ഞെടുപ്പുകള്‍ നടത്തേണ്ട വിഷയങ്ങളാണിവ. ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകളുടെ ഈ ദൈനംദിന തെരഞ്ഞെടുപ്പുകള്‍ കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പോരാട്ടത്തെ, ഓരോ ദിവസവും കോടിക്കണക്കിന് ചുവടുകള്‍ മുന്നോട്ട് കൊണ്ടുപോകും.
സാമ്പത്തിക അടിസ്ഥാനത്തിലായാലും ശാസ്ത്രീയമായ അടിസ്ഥാനത്തിലായാലും, കഴിഞ്ഞ നൂറ്റാണ്ടിലെ അനുഭവങ്ങളുടെ അടിസ്ഥാനത്തിലായാലും, എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്ന ഒരു പ്രസ്ഥാനമായി ഞാന്‍ അതിനെ കണക്കാക്കുന്നു. ഇതാണ് ആത്മസാക്ഷാത്കാരത്തിന്റെ പാത. ഇതാണ് പ്രയോജനം ലഭിക്കാനുള്ള ഏക മാര്‍ഗം.
സുഹൃത്തുക്കളേ,
കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ച് ആഗോളതലത്തില്‍ നടക്കുന്ന ഈ ചിന്തകള്‍ക്കിടയില്‍, ഈ വെല്ലുവിളി നേരിടാന്‍, ഇന്ത്യയെ പ്രതിനിധാനം ചെയ്ത്, പഞ്ചാമൃതം എന്ന അഞ്ച് അമൃത ഘടകങ്ങള്‍ അവതരിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
ഒന്നാമതായി- 2030ഓടെ ഇന്ത്യയുടെ ഫോസില്‍ ഇതര ഊര്‍ജ്ജ ശേഷി 500 ജിഗാവാട്ടിലെത്തും.
രണ്ടാമതായി- 2030ഓടെ ഇന്ത്യ അതിന്റെ ഊര്‍ജ ആവശ്യകതയുടെ 50 ശതമാനം പുനരുപയോഗ ഊര്‍ജത്തില്‍ നിന്ന് നിറവേറ്റും.
മൂന്നാമതായി- ഇപ്പോള്‍ മുതല്‍ 2030 വരെ ഇന്ത്യ മൊത്തം കാര്‍ബണ്‍ പുറന്തള്ളല്‍ ഒരു ബില്യണ്‍ ടണ്‍ കുറയ്ക്കും.
നാലാമതായി- 2030 ആകുമ്പോഴേക്കും ഇന്ത്യ സമ്പദ്വ്യവസ്ഥയുടെ കാര്‍ബണ്‍ തീവ്രത 45 ശതമാനത്തില്‍ താഴെയായി കുറയ്ക്കും.
അഞ്ചാമതായി- 2070ഓടെ ഇന്ത്യ 'നെറ്റ് സീറോ' എന്ന ലക്ഷ്യം കൈവരിക്കും. കാലാവസ്ഥാപ്രവര്‍ത്തനങ്ങളില്‍ ഇന്ത്യയുടെ അഭൂതപൂര്‍വമായ സംഭാവനയായിരിക്കും ഈ പഞ്ചാമൃതങ്ങള്‍.
സുഹൃത്തുക്കളേ,
കാലാവസ്ഥാ സമ്പദ്ഘടനയുമായി ബന്ധപ്പെട്ട് നാളിതുവരെ നല്‍കിയ വാഗ്ദാനങ്ങള്‍ പൊള്ളയാണെന്ന ഈ സത്യം നമുക്കെല്ലാവര്‍ക്കും അറിയാം. കാലാവസ്ഥാനടപടികളെക്കുറിച്ചുള്ള നമ്മുടെ അഭിവാഞ്ഛ നാമെല്ലാം ഉന്നയിക്കുമ്പോള്‍, കാലാവസ്ഥാ സമ്പദ്ഘടനയെ ക്കുറിച്ചുള്ള ലോകത്തിന്റെ അഭിവാഞ്ഛ പാരീസ് ഉടമ്പടിയുടെ കാലത്തെപ്പോലെ തുടരാനാകില്ല.
ഇന്ന്, പുതിയ പ്രതിബദ്ധതയോടും പുതിയ ഊര്‍ജ്ജത്തോടും കൂടി മുന്നോട്ട് പോകാന്‍ ഇന്ത്യ തീരുമാനിച്ചിരിക്കുമ്പോള്‍, അത്തരം സമയങ്ങളില്‍, കാലാവസ്ഥാ ധനസഹായവും കുറഞ്ഞ ചെലവിലുള്ള കാലാവസ്ഥാ സാങ്കേതികവിദ്യകളും കൈമാറ്റം ചെയ്യുന്നത് കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നു. വികസിത രാജ്യങ്ങള്‍ കാലാവസ്ഥാ ധനസഹായം 1 ട്രില്യണ്‍ ഡോളര്‍ നല്‍കുമെന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നു. കാലാവസ്ഥാ ലഘൂകരണത്തില്‍ കൈവരിച്ച പുരോഗതി നിരീക്ഷിക്കുമ്പോള്‍, കാലാവസ്ഥാ സമ്പദ്ഘടനയും നമ്മള്‍ നിരീക്ഷിക്കേണ്ടത് അത്യാവശ്യമാണ്.
കാലാവസ്ഥാ സമ്പദ്‌വ്യവസ്ഥയില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്ത രാജ്യങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്തണം എന്നതാണ് ശരിയായ നീതി.
സുഹൃത്തുക്കളേ,
കാലാവസ്ഥാവിഷയത്തില്‍ ഇന്ത്യ ഇന്ന് കരുത്തോടെയും അഭിവാഞ്ഛയോടെയും മുന്നേറുകയാണ്. മറ്റെല്ലാ വികസ്വര രാജ്യങ്ങളുടെയും കഷ്ടപ്പാടുകള്‍ ഇന്ത്യയും മനസ്സിലാക്കുന്നു; അവര്‍ക്കൊപ്പം നിലകൊള്ളുന്നു.
പല വികസ്വര രാജ്യങ്ങളെയും സംബന്ധിച്ചിടത്തോളം, കാലാവസ്ഥാ വ്യതിയാനം അവയുടെ നിലനില്‍പ്പിനെക്കാള്‍ വലുതാണ്. ലോകത്തെ രക്ഷിക്കാന്‍ ഇന്ന് നമുക്ക് വലിയ ചുവടുകള്‍ എടുക്കേണ്ടതുണ്ട്. ഇത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ഇതും ഈ സമ്മേളനത്തിന്റെ പ്രസക്തി തെളിയിക്കും. ഗ്ലാസ്ഗോയില്‍ എടുക്കുന്ന തീരുമാനങ്ങള്‍ നമ്മുടെ ഭാവി തലമുറയുടെ ഭാവിയെ സംരക്ഷിക്കുമെന്നും അവര്‍ക്ക് സുരക്ഷിതവും സമൃദ്ധവുമായ ജീവിതം സമ്മാനിക്കുമെന്നും എനിക്ക് ഉറപ്പുണ്ട്.
സ്പീക്കര്‍ സര്‍, ഞാന്‍ കൂടുതല്‍ സമയമെടുത്തതില്‍ നിങ്ങളോട് ക്ഷമ ചോദിക്കുന്നു. എന്നാല്‍ വികസ്വര രാജ്യങ്ങളുടെ ശബ്ദം ഉയര്‍ത്തുന്നത് എന്റെ കടമയായി ഞാന്‍ കരുതുന്നു. അതുകൊണ്ടാണ് ഞാനും അതിന് ഊന്നല്‍ നല്‍കിയത്. ഒരിക്കല്‍ കൂടി ഞാന്‍ വളരെ നന്ദി പറയുന്നു.
****
(Release ID: 1768784)
Visitor Counter : 387
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada