പ്രധാനമന്ത്രിയുടെ ഓഫീസ്
ബഹുവിധ കണക്റ്റിവിറ്റിക്കായുള്ള ദേശീയ മാസ്റ്റര്‍ പ്ലാനായ പി.എം.ഗതി ശക്തിയുടെ ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
Posted On:
13 OCT 2021 3:00PM by PIB Thiruvananthpuram
നമസ്‌കാരം!
കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകരായ ശ്രീ നിതിന്‍ ഗഡ്കരി, ശ്രീ പിയൂഷ് ഗോയല്‍ ജി, ശ്രീ ഹര്‍ദീപ് സിംഗ് പുരി ജി, ശ്രീ സര്‍ബാനന്ദ സോനോവാള്‍ ജി, ശ്രീ ജ്യോതിരാദിത്യ സിന്ധ്യ ജി, ശ്രീ അശ്വിനി വൈഷ്ണവ് ജി, ശ്രീ രാജ് കുമാര്‍ സിംഗ് ജി, വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, ലെഫ്റ്റനന്റ് ഗവര്‍ണര്‍മാര്‍, സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങള്‍, വ്യവസായ രംഗത്തെ സഹപ്രവര്‍ത്തകര്‍, മറ്റ് വിശിഷ്ട വ്യക്തിത്വങ്ങള്‍, എന്റെ പ്രിയപ്പെട്ട സഹോദരങ്ങള്‍,
ഇന്ന് ദുര്‍ഗ്ഗാ അഷ്ടമി. ഇന്ന് രാജ്യമെമ്പാടും ശക്തിസ്വരൂപത്തെ ആരാധിക്കുന്നു, അതുപോലെ തന്നെ കന്യാപൂജയും. ശക്തി ആരാധനയുടെ ഈ അനുകൂല സാഹചര്യത്തില്‍, രാജ്യത്തിന്റെ വികസനത്തിന്റെ വേഗതത്തിനു ശക്തി നല്‍കുന്നതിന് ശുഭകരമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു.
ഈ കാലഘട്ടം ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷമാണ്, സ്വാതന്ത്ര്യത്തിന്റെ ധാര്‍മ്മിക യുഗമാണ്. ആത്മനിര്‍ഭര്‍ ഭാരതിന്റെ നിശ്ചയദാര്‍ഢ്യത്തോടെ, അടുത്ത 25 വര്‍ഷത്തേക്കുള്ള ഇന്ത്യയുടെ അടിത്തറ നാം പണിയുകയാണ്. പ്രധാനമന്ത്രി ഗതിശക്തി ദേശീയ മാസ്റ്റര്‍ പ്ലാന്‍ സ്വാശ്രയത്വമെന്ന ദൃഢനിശ്ചയത്തിലേക്ക് ഇന്ത്യയുടെ ആത്മവിശ്വാസത്തെ നയിക്കും. ഈ ദേശീയ മാസ്റ്റര്‍ പ്ലാന്‍ 21-ാം നൂറ്റാണ്ടിലെ ഇന്ത്യയ്ക്ക് ഊര്‍ജ്ജം നല്‍കും. അടുത്ത തലമുറ അടിസ്ഥാന സൗകര്യത്തിനും ബഹുവിധ കണക്റ്റിവിറ്റിക്കും ഈ ദേശീയ പദ്ധതിയില്‍ നിന്ന് ഊര്‍ജം ലഭിക്കും. ആസൂത്രണം മുതല്‍ നിര്‍വ്വഹണം വരെ അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട ഗവണ്‍മെന്റ് നയങ്ങള്‍ക്ക് ഈ ദേശീയ പദ്ധതി ഉത്തേജനം നല്‍കും. ഈ ഗതിശക്തി ദേശീയ പദ്ധതി നിശ്ചിത സമയപരിധിക്കുള്ളില്‍ ഗവണ്‍മെന്റിന്റെ പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള കൃത്യമായ വിവരങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നല്‍കും.
ഗതി ശക്തിയുടെ (വേഗതയും ശക്തിയും) മഹത്തായ ഈ പ്രചാരണത്തിന്റെ കേന്ദ്രസ്ഥാനത്ത് ഇന്ത്യയിലെ ജനങ്ങളും വ്യവസായവും ബിസിനസ് ലോകവും ഉല്‍പാദകരും കര്‍ഷകരുമുണ്ട്. 21ാം നൂറ്റാണ്ടിലെ ഇന്ത്യയെ കെട്ടിപ്പടുക്കുന്നതിനായി വഴിയിലുള്ള എല്ലാ പ്രതിബന്ധങ്ങളെയും ഇല്ലാതാക്കുന്നതിന് ഇന്ത്യയുടെ ഇന്നത്തെ തലമുറയ്ക്കും ഭാവി തലമുറയ്ക്കും ഇത് പുതിയ ഊര്‍ജ്ജം നല്‍കും. ഈ ശുഭദിനത്തില്‍ പ്രധാനമന്ത്രി ഗതിശക്തി ദേശീയ മാസ്റ്റര്‍ പ്ലാന്‍ ആരംഭിക്കാന്‍ എനിക്ക് അവസരം ലഭിച്ചതില്‍ ഞാന്‍ അഭിമാനിക്കുന്നു.
സുഹൃത്തുക്കളെ,
ഇന്ന് പ്രഗതി മൈതാനത്ത് നിര്‍മ്മിക്കുന്ന ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍-കം-കണ്‍വെന്‍ഷന്‍ സെന്ററിന്റെ നാല് പ്രദര്‍ശന ഹാളുകളും ഉദ്ഘാടനം ചെയ്തു. ഡല്‍ഹിയിലെ ആധുനിക അടിസ്ഥാന സൗകര്യവുമായി ബന്ധപ്പെട്ട ഒരു സുപ്രധാന നടപടി കൂടിയാണിത്. ഈ പ്രദര്‍ശന കേന്ദ്രങ്ങള്‍ നമ്മുടെ എംഎസ്എംഇകള്‍, കരകൗശല വസ്തുക്കള്‍, കുടില്‍ വ്യവസായങ്ങള്‍ എന്നിവയ്ക്ക് അവരുടെ ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാനും ആഗോള വിപണിയിലേക്ക് വ്യാപിപ്പിക്കാനും സഹായകമാകുന്നു. ഡല്‍ഹിയിലെ മാത്രമല്ല, രാജ്യത്താകെയുള്ള ജനങ്ങള്‍ക്ക് ഞാന്‍ ആശംസകള്‍ നേരുന്നു.
സുഹൃത്തുക്കളെ
പതിറ്റാണ്ടുകളായി രാജ്യത്ത് നിലനിന്നിരുന്ന ഭരണം മോശം ഗുണനിലവാരം, നീണ്ട കാലതാമസം, അനാവശ്യ തടസ്സങ്ങള്‍, പൊതു പണത്തെ അപമാനിക്കല്‍ എന്നിവയോടു കൂടിയതാണ് ഗവണ്‍മെന്റ് എന്ന ധാരണ ജനങ്ങളില്‍ വളര്‍ത്തി. ഗവണ്‍മെന്റിന് നികുതിയായി നല്‍കുന്ന പൊതു പണം ഉപയോഗിക്കുമ്പോള്‍ ഒരു ചില്ലിക്കാശുപോലും പാഴാക്കരുതെന്ന് മാറിമാറി വരുന്ന ഗവ്ണ്‍മെന്റുകള്‍ ശ്രദ്ധിക്കാത്തതിനാല്‍ ഞാന്‍ അപമാനം എന്ന വാക്ക് ഉപയോഗിക്കുന്നു. ഇത് ഇങ്ങനെ തുടര്‍ന്നു. രാജ്യം ഇങ്ങനെയാണ് മുന്നോട്ടുനീങ്ങുകയെന്ന് ജനങ്ങല്‍ പൊരുത്തപ്പെട്ടു. മറ്റ് രാജ്യങ്ങളുടെ പുരോഗതിയുടെ വേഗതയില്‍ അവര്‍ അസ്വസ്ഥരാകുകയും ദുഃഖിക്കുകയും ചെയ്യാറുണ്ടായിരുന്നു. ഒന്നും മാറ്റില്ല എന്ന യാഥാര്‍ഥ്യവുമായി അവര്‍ അനുരഞ്ജനത്തിലെത്തി. നാം ഇപ്പോള്‍ ഡോക്യുമെന്ററിയില്‍ കണ്ടതുപോലെ, അത് എല്ലായിടത്തും ദൃശ്യമായിരുന്നു - ജോലി പുരോഗമിക്കുന്നു എന്ന അറിയിപ്പുകള്‍. പക്ഷേ, ആ ജോലി പൂര്‍ത്തിയാകുമോ എന്ന് ജനങ്ങള്‍ക്ക് ഉറപ്പില്ലായിരുന്നു, അതും കൃത്യസമയത്ത്. പണി പുരോഗമിക്കുകയാണ എന്ന ബോര്‍ഡ് ഒരു വിധത്തില്‍ അവിശ്വാസത്തിന്റെ പ്രതീകമായി മാറി. അത്തരമൊരു സാഹചര്യത്തില്‍ രാജ്യം എങ്ങനെ പുരോഗമിക്കും? വേഗം, വേഗത്തിനായുള്ള അസഹിഷ്ണുത, കൂട്ടായ പരിശ്രമം എന്നിവ ഉണ്ടാകുമ്പോള്‍ മാത്രമേ പുരോഗതിയുണ്ടെന്നു കണക്കാക്കുകയുള്ളൂ.
ആ പഴയ രീതിയിലുള്ള ഗവണ്‍മെന്റ് സമീപനം ഉപേക്ഷിച്ച്, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യ മുന്നോട്ട് പോവുകയാണ്. ഇന്നത്തെ മന്ത്രം - 'പുരോഗതിക്കായുള്ള നിശ്ചയദാര്‍ഢ്യം', 'പുരോഗതിക്ക് വേണ്ടി പ്രവര്‍ത്തിക്കുക', 'പുരോഗതിക്കായി സമ്പത്ത്', 'പുരോഗതിക്ക് പദ്ധതി', 'പുരോഗതിക്ക് മുന്‍ഗണന' എന്നിവയാണ്. നിര്‍ദ്ദിഷ്ട സമയപരിധിക്കുള്ളില്‍ പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള ഒരു തൊഴില്‍ സംസ്‌കാരം നാം വികസിപ്പിച്ചെടുക്കുക മാത്രമല്ല, സമയത്തിന് മുമ്പ് പദ്ധതികള്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയും ചെയ്യുന്നു. ആധുനിക അടിസ്ഥാന സൗകര്യം കെട്ടിപ്പടുക്കുന്നതിനായി ഇന്ന് പരമാവധി നിക്ഷേപം നടത്താന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെങ്കില്‍, പദ്ധതികള്‍ വൈകാതിരിക്കാനും തടസ്സങ്ങളൊന്നുമില്ലാതെ കൃത്യസമയത്ത് ജോലി പൂര്‍ത്തിയാക്കാനും എല്ലാ നടപടികളും സ്വീകരിക്കുന്നു.
സുഹൃത്തുക്കളെ,
ഒരു ചെറിയ വീട് പണിയുന്ന സാധാരണക്കാരന്‍ പോലും ശരിയായ ആസൂത്രണം നടത്തുന്നു. ചില വന്‍കിട സര്‍വകലാശാലയോ അല്ലെങ്കില്‍ കോളേജോ നിര്‍മ്മിക്കുമ്പോള്‍ അത് പോലും പൂര്‍ണ്ണമായ ആസൂത്രണത്തോടെയാണ് നിര്‍മ്മിച്ചിരിക്കുന്നത്. അതിന്റെ വിപുലീകരണത്തിന്റെ വ്യാപ്തിയും മുന്‍കൂട്ടി പരിഗണിക്കുന്നു. പക്ഷേ, നിര്‍ഭാഗ്യവശാല്‍, അടിസ്ഥാന സൗകര്യ വികസന പദ്ധതികളുമായി ബന്ധപ്പെട്ട സമഗ്ര ആസൂത്രണത്തിലെ നിരവധി പോരായ്മകള്‍ നമ്മുടെ ശ്രദ്ധയില്‍ പെടുന്നു. ചെറിയ ജോലികള്‍ നടന്നിടത്തെല്ലാം റെയില്‍വേ സ്വന്തമായി ആസൂത്രണം ചെയ്യുന്നു, റോഡ് ഗതാഗത വകുപ്പ് ആസൂത്രണം ചെയ്യുന്നു, ടെലികോം വകുപ്പിന് അതിന്റേതായ ആസൂത്രണവും ഉണ്ട്. ഗ്യാസ് ശൃംഖല വ്യത്യസ്ത ആസൂത്രണത്തോടെയാണ് നടക്കുന്നത്. അതുപോലെ, വിവിധ വകുപ്പുകള്‍ വ്യത്യസ്ത പദ്ധതികള്‍ തയ്യാറാക്കുന്നു.
ഒരു റോഡുണ്ടാക്കി കഴിഞ്ഞ ഉടന്‍ ജലവിതരണ വകുപ്പ് വരുന്നതു നമ്മള്‍ കണ്ടിട്ടുണ്ട്. ജലവിതരണ പൈപ്പുകള്‍ ഇടുന്നതിനായി ആ വകുപ്പ് റോഡ് കുഴിക്കും. ഈ രീതി തുടരുകയാണ്. ചിലപ്പോള്‍ റോഡുണ്ടാക്കുന്നവര്‍ ഡിവൈഡറുകള്‍ ഉണ്ടാക്കും. അപ്പോള്‍, ഗതാഗത തടസ്സത്തിനു കാരണമാകുമെന്നതിനാല്‍ ഒഴിവാക്കാന്‍ ട്രാഫിക് പൊലീസ് ആവശ്യപ്പെടും. റോഡുകള്‍ ചേരുന്നിടത്ത് സര്‍ക്കിള്‍ ഉണ്ടാക്കിയാല്‍ ഗതാഗതം സുഗമമാകുന്നതിനു പകരം കുത്തഴിഞ്ഞതാകും. ഇതു രാജ്യത്താകമാനം സംഭവിക്കുന്നതു നാം കണ്ടിട്ടുണ്ട്. അത്തരമൊരു സാഹചര്യത്തില്‍ പദ്ധതികള്‍ ഒരേ രീതിയില്‍ സജ്ജമാക്കുന്നതിനു വളരെയധികം പരിശ്രമം ആവശ്യമാണ്. തെറ്റുകള്‍ തിരുത്താന്‍ ഏറെ സമയമെടുക്കും.
സുഹൃത്തുക്കളെ,
ഈ പ്രശ്‌നങ്ങളുടെയെല്ലാം അടിസ്ഥാന കാരണം വന്‍ തോതിലുള്ള ആസൂത്രണവും അതിനു വിരുദ്ധമായ നടപ്പാക്കലും തമ്മിലുള്ള വൈരുദ്ധ്യമാണ്. ഏത് വകുപ്പാണ്, എവിടെയാണ് പദ്ധതി ആരംഭിക്കാന്‍ ഒരുങ്ങുന്നതെന്ന് വിവിധ വകുപ്പുകള്‍ക്ക് പോലും അറിയില്ല. സംസ്ഥാനങ്ങള്‍ക്കും അത്തരം വിവരങ്ങള്‍ മുന്‍കൂട്ടി ഇല്ല. അത്തരം തടസ്സങ്ങള്‍ തീരുമാന പ്രക്രിയയെ ബാധിക്കുകയും അങ്ങനെ ബജറ്റ് പാഴാവുകയും ചെയ്യുന്നു. ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിന് പകരം ഊര്‍ജ്ജം ഭിന്നിപ്പിക്കപ്പെടും എന്നതാണ് ഏറ്റവും വലിയ പോരായ്മ. ഭാവിയില്‍ ഏതെങ്കിലും റോഡ് ആ പ്രദേശത്തുകൂടി കടന്നുപോകുമോ അതോ ഒരു കനാല്‍ നിര്‍മ്മിക്കപ്പെടുമോ അതോ ഏതെങ്കിലും പവര്‍ സ്റ്റേഷന്‍ ഉയര്‍ന്നുവരുമോ എന്ന് നമ്മുടെ സ്വകാര്യ മേഖലയിലുള്ളവര്‍ക്കും കൃത്യമായി അറിയില്ല. തത്ഫലമായി, അവര്‍ക്കും നന്നായി ആസൂത്രണം ചെയ്യാന്‍ കഴിയുന്നില്ല. ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം പ്രധാനമന്ത്രി ഗതിശക്തി ദേശീയ മാസ്റ്റര്‍ പ്ലാനിലുണ്ട്. മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ച് നാം മുന്നോട്ട് പോകുമ്പോള്‍, നമ്മുടെ വിഭവങ്ങള്‍ നല്ലരീതിയില്‍ ഉപയോഗിക്കപ്പെടും.
സുഹൃത്തുക്കളെ,
നമ്മുടെ രാജ്യത്തെ മിക്ക രാഷ്ട്രീയ പാര്‍ട്ടികളുടെയും മുന്‍ഗണനയില്‍ നിന്ന് അടിസ്ഥാന സൗകര്യങ്ങള്‍ വളരെ അകലെയാണ്. അത് അവരുടെ പ്രകടന പത്രികയില്‍ പോലും കാണുന്നില്ല. രാജ്യത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളുടെ നിര്‍മ്മാണത്തെ ചില രാഷ്ട്രീയ പാര്‍ട്ടികള്‍ വിമര്‍ശിക്കാന്‍ തുടങ്ങിയ സാഹചര്യമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. സുസ്ഥിര വികസനത്തിന് ഗുണമേന്മയുള്ള അടിസ്ഥാനസൗകര്യം സൃഷ്ടിക്കുന്നത് നിരവധി സാമ്പത്തിക പ്രവര്‍ത്തനങ്ങളിലേക്ക് നയിക്കുന്നു, അത് വളരെ വലിയ തോതില്‍ തൊഴില്‍ സൃഷ്ടിക്കുന്നു എന്നത് ലോകത്ത് അംഗീകരിക്കപ്പെട്ട വസ്തുതയാണ്. വൈദഗ്ധ്യമുള്ള മനുഷ്യശക്തിയില്ലാതെ ഒരു മേഖലയിലും ആവശ്യമായ ഫലങ്ങള്‍ നേടാന്‍ കഴിയില്ല എന്നതുപോലെ, മെച്ചപ്പെട്ടതും ആധുനികവുമായ അടിസ്ഥാന സൗകര്യങ്ങളില്ലാതെ നമുക്ക് സര്‍വ്വതോന്മുഖമായ വികസനം സാധ്യമാക്കാന്‍ കഴിയില്ല.
സുഹൃത്തുക്കളെ,
രാഷ്ട്രീയ ഇച്ഛാശക്തിയുടെ അഭാവത്തിനൊപ്പം ഗവണ്‍മെന്റ് വകുപ്പുകളുടെയും പരസ്പര വിനാശകരമായ പോരാട്ടങ്ങളുടെയും ഏകോപനത്തിന്റെ അഭാവം രാജ്യത്തെ അടിസ്ഥാന സൗകര്യവികസനത്തെ ഏറ്റവും കൂടുതല്‍ ബാധിച്ചു. ഇക്കാര്യത്തില്‍ സംസ്ഥാന ഗവണ്‍മെന്റുകളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും തമ്മിലുള്ള പിരിമുറുക്കം സംസ്ഥാനങ്ങളിലും നാം കണ്ടു. തത്ഫലമായി, രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ഊര്‍ജ്ജം പകരാന്‍ സഹായിക്കേണ്ട പദ്ധതികള്‍ രാജ്യത്തിന്റെ വികസനത്തിന് തടസ്സമായി. കാലക്രമേണ, ഈ നീണ്ട പദ്ധതികളുടെ പ്രസക്തിയും ഊര്‍ജ്ജസ്വലതയും നഷ്ടപ്പെടുന്നു. 2014ല്‍ ഒരു പുതിയ ഉത്തരവാദിത്തവുമായി ഞാന്‍ ഡല്‍ഹിയില്‍ വന്നപ്പോള്‍, പതിറ്റാണ്ടുകളായി മുടങ്ങിക്കിടക്കുന്ന നൂറുകണക്കിന് പദ്ധതികള്‍ ഉണ്ടായിരുന്നു. ലക്ഷക്കണക്കിന് കോടി രൂപയുടെ അത്തരം നൂറുകണക്കിന് പദ്ധതികള്‍ ഞാന്‍ വ്യക്തിപരമായി അവലോകനം ചെയ്തു. ഞാന്‍ എല്ലാ ഗവണ്‍മെന്റ് വകുപ്പുകളും മന്ത്രാലയങ്ങളും ഒരു പൊതു കുട പ്ലാറ്റ്‌ഫോമില്‍ കൊണ്ടുവന്ന് എല്ലാ തടസ്സങ്ങളും നീക്കാന്‍ ശ്രമിച്ചു. ഏകോപനമില്ലാത്തതിനാല്‍ പദ്ധതികള്‍ വൈകരുത് എന്ന വസ്തുതയിലേക്ക് ഇപ്പോള്‍ എല്ലാവരുടെയും ശ്രദ്ധ ആകര്‍ഷിക്കപ്പെട്ടതില്‍ ഞാന്‍ സംതൃപ്തനാണ്. ഇപ്പോള്‍ ഗവണ്‍മെന്റിന്റെ കൂട്ടായ അധികാരമാണ് പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ ഉപയോഗിക്കുന്നത്. ഇതുമൂലം പതിറ്റാണ്ടുകളായി അപൂര്‍ണമായി തുടരുന്ന നിരവധി പദ്ധതികള്‍ പൂര്‍ത്തീകരിക്കപ്പെടുന്നു.
സുഹൃത്തുക്കളെ,
അടിസ്ഥാന സൗകര്യ പദ്ധതികളില്‍ ഏകോപനം ഇല്ലാത്തതിനാല്‍ 21ാം നൂറ്റാണ്ടിലെ ഇന്ത്യ പണമോ സമയമോ പാഴാക്കുന്നില്ലെന്ന് പ്രധാനമന്ത്രി ഗതിശക്തി ഇപ്പോള്‍ ഉറപ്പാക്കും. പ്രധാനമന്ത്രി ഗതിശക്തി ദേശീയ മാസ്റ്റര്‍ പ്ലാന്‍ പ്രകാരം റോഡുകള്‍ മുതല്‍ റെയില്‍വേ വരെയും വ്യോമയാനം മുതല്‍ കൃഷി വരെയും വിവിധ മന്ത്രാലയങ്ങള്‍, വകുപ്പുകള്‍ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. എല്ലാ വന്‍കിട പദ്ധതികള്‍ക്കുമായി ഒരു സാങ്കേതിക പ്ലാറ്റ്‌ഫോം തയ്യാറാക്കിയിട്ടുണ്ട്. അതിനാല്‍ എല്ലാ വകുപ്പിനും കൃത്യമായ വിവരങ്ങള്‍ കൃത്യസമയത്ത് ലഭിക്കും. ഇന്ന് നിരവധി സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും മറ്റ് സംസ്ഥാനങ്ങളുടെ പ്രതിനിധികളും ഈ പദ്ധതിയുമായി ബന്ധപ്പെട്ടിരിക്കുന്നു. പ്രധാനമന്ത്രി ഗതിശക്തി ദേശീയ മാസ്റ്റര്‍ പ്ലാനില്‍ ചേരുന്നതിനുള്ള പദ്ധതികള്‍ വേഗത്തിലാക്കാന്‍ ഞാന്‍ എല്ലാ സംസ്ഥാനങ്ങളോടും അഭ്യര്‍ത്ഥിക്കുന്നു. സംസ്ഥാനത്തെ ജനങ്ങള്‍ക്കും ഇതില്‍നിന്ന് ഏറെ പ്രയോജനം ലഭിക്കും.
സുഹൃത്തുക്കളെ,
പ്രധാനമന്ത്രി ഗതിശക്തി മാസ്റ്റര്‍ പ്ലാന്‍ ഗവണ്‍മെന്റ് പ്രക്രിയകളെയും അതിന്റെ വിവിധ പങ്കാളികളെയും ഒരുമിച്ച് കൊണ്ടുവരാന്‍ മാത്രമല്ല, വ്യത്യസ്ത ഗതാഗത രീതികള്‍ സംയോജിപ്പിക്കാനും സഹായിക്കുന്നു. ഇത് സമഗ്രമായ ഭരണത്തിന്റെ വിപുലീകരണമാണ്. ഉദാഹരണത്തിന്, പാവപ്പെട്ടവര്‍ക്കുള്ള ഗവണ്‍മെന്റ് പദ്ധതികള്‍ക്ക് കീഴിലുള്ള വീടുകള്‍ക്ക് അതിരുകളില്‍ മതിലുകള്‍ മാത്രമല്ല, ശൗചാലയങ്ങള്‍, വൈദ്യുതി, വെള്ളം, ഗ്യാസ് കണക്ഷന്‍ തുടങ്ങിയ സൗകര്യങ്ങളും ഉണ്ട്. മുന്‍കാലങ്ങളില്‍, വ്യവസായങ്ങള്‍ക്കായി പ്രത്യേക മേഖലകള്‍ പ്രഖ്യാപിച്ചിരുന്നുവെങ്കിലും കണക്റ്റിവിറ്റി അല്ലെങ്കില്‍ വൈദ്യുതി, വെള്ളം, ടെലികോം സൗകര്യങ്ങള്‍ നല്‍കുന്നതില്‍ ഗൗരവമില്ലായിരുന്നു.
സുഹൃത്തുക്കളെ,
മിക്ക ഖനന ജോലികളും നടക്കുന്ന സ്ഥലങ്ങളില്‍ റെയില്‍ കണക്റ്റിവിറ്റി ഇല്ലെന്നതു വളരെ സാധാരണമായിരുന്നു. തുറമുഖങ്ങള്‍ ഉള്ളിടത്ത് തുറമുഖങ്ങളെ നഗരവുമായി ബന്ധിപ്പിക്കാനുള്ള റെയില്‍, റോഡ് സൗകര്യങ്ങള്‍ ഇല്ലെന്നു നമുക്കറിയാം. ഈ കാരണങ്ങളാല്‍, ഉല്‍പാദനം, കയറ്റുമതി, ചരക്കുനീക്കം എന്നിവയ്ക്കുള്ള ചെലവ് എല്ലായ്‌പ്പോഴും ഇന്ത്യയില്‍ വളരെ ഉയര്‍ന്നതാണ്. സ്വാശ്രയ ഇന്ത്യ ഉണ്ടാക്കുന്നതിന് ഇതൊരു വലിയ തടസ്സമാണ് എന്നതില്‍ സംശയമില്ല.
ഒരു പഠനമനുസരിച്ച്, ഇന്ത്യയിലെ ചരക്കുകടത്തു ചെലവ് മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ 13 ശതമാനമാണ്. ലോകത്തിലെ പ്രധാന രാജ്യങ്ങളില്‍ ഇതല്ല സ്ഥിതി. ഉയര്‍ന്ന ചരക്കുകടത്തു ചെലവ് ഇന്ത്യയുടെ കയറ്റുമതി മത്സരശേഷിയെ വളരെയധികം ബാധിക്കുന്നു. ഉല്‍പ്പാദന കേന്ദ്രത്തില്‍ നിന്ന് തുറമുഖത്തേക്ക് ചരക്ക് കൊണ്ടുപോകുന്നതിനുള്ള ചെലവിനായി ഇന്ത്യന്‍ കയറ്റുമതിക്കാര്‍ ലക്ഷക്കണക്കിന് കോടി രൂപ ചെലവഴിക്കേണ്ടതുണ്ട്. തത്ഫലമായി, അവരുടെ ഉത്പന്നങ്ങളുടെ വില വലിയ തോതില്‍ വര്‍ദ്ധിക്കുന്നു. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് അവരുടെ ഉല്‍പ്പന്നങ്ങള്‍ വളരെ ചെലവേറിയതാണ്. കാര്‍ഷിക മേഖലയിലും നമ്മുടെ കര്‍ഷകര്‍ ഇതുമൂലം വളരെയധികം കഷ്ടപ്പെടേണ്ടിവന്നു. അതിനാല്‍, തടസ്സമില്ലാത്ത കണക്റ്റിവിറ്റി വര്‍ദ്ധിപ്പിക്കുകയും ഇന്ത്യയിലെ സമ്പൂര്‍ണ കണക്റ്റിവിറ്റി ശക്തിപ്പെടുത്തുകയും ചെയ്യേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. അതിനാല്‍, പ്രധാനമന്ത്രി ഗതിശക്തി ദേശീയ മാസ്റ്റര്‍ പ്ലാന്‍ വളരെ പ്രധാനപ്പെട്ട ഒരു നടപടിയാണ്. വരും ദിവസങ്ങളില്‍, ഓരോ തരത്തിലുള്ള അടിസ്ഥാന സൗകര്യവും മറ്റൊന്നിനെ പിന്തുണയ്ക്കുകയും പൂര്‍ണമാക്കുകയും ചെയ്യും. ഓരോ പങ്കാളിക്കും ആവേശത്തോടെ അതില്‍ ചേരാന്‍ പ്രചോദനം ലഭിക്കുന്നതിന് എല്ലാ കാരണങ്ങളും ഉണ്ടെന്ന് ഞാന്‍ കരുതുന്നു.
സുഹൃത്തുക്കളെ,
പ്രധാനമന്ത്രി ഗതിശക്തി ദേശീയ മാസ്റ്റര്‍ പ്ലാന്‍ നിക്ഷേപകര്‍ക്കും രാജ്യത്തിന്റെ നയരൂപീകരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്ലാ പങ്കാളികള്‍ക്കും വിശകലനപരവും തീരുമാനമെടുക്കാന്‍ സഹായകവുമായ സാഹചര്യം സൃഷ്ടിക്കും. ഇത് ഫലപ്രദമായ ആസൂത്രണവും നയവും തയ്യാറാക്കുന്നതിനും, അനാവശ്യമായ ഗവണ്‍മെന്റ് ചെലവുകള്‍ ലാഭിക്കുന്നതിനും സംരംഭകര്‍ക്ക് ഒരു പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ലഭിക്കുന്നതിനും സഹായിക്കും. ഇത് അവരുടെ മുന്‍ഗണനകള്‍ നിര്‍ണ്ണയിക്കാന്‍ സംസ്ഥാന ഗവണ്‍മെന്റുകളെ സഹായിക്കും. രാജ്യത്ത് ഇത്തരം ഡാറ്റാ അധിഷ്ഠിത സംവിധാനം നിലവില്‍ വരുമ്പോള്‍, ഓരോ സംസ്ഥാന ഗവണ്‍മെന്റിനും നിക്ഷേപകര്‍ക്ക് സമയബന്ധിതമായ പ്രതിബദ്ധത നല്‍കാന്‍ കഴിയും. തല്‍ഫലമായി, നിക്ഷേപ ലക്ഷ്യസ്ഥാനമെന്ന നിലയില്‍ ഇന്ത്യയുടെ വളര്‍ന്നുവരുന്ന പ്രശസ്തിക്ക് പുതിയ ഔന്നത്യവും പുതിയ മാനവും ലഭിക്കും. കുറഞ്ഞ ചെലവില്‍ മികച്ച ഗുണമേന്മ ജനങ്ങള്‍ക്കു ലഭിക്കും കൂടാതെ യുവാക്കള്‍ക്ക് നിരവധി പുതിയ തൊഴിലവസരങ്ങളും ലഭിക്കും.
സുഹൃത്തുക്കളെ,
രാജ്യത്തിന്റെ വികസനത്തിന് അടിസ്ഥാന സൗകര്യവുമായി ബന്ധപ്പെട്ട എല്ലാ ഗവണ്‍മെന്റ് വകുപ്പുകളിലും സമന്വയമുണ്ടായിരിക്കേണ്ടത് അനിവാര്യമാണ്. അവ പരസ്പരം കൂട്ടായ ശക്തി ഉപയോഗിക്കുന്നു. വര്‍ഷങ്ങളായി, ഈ സമീപനം ഇന്ത്യക്ക് അഭൂതപൂര്‍വമായ വേഗം നല്‍കി. കഴിഞ്ഞ 70 വര്‍ഷങ്ങളെ അപേക്ഷിച്ച്, ഇന്ത്യ ഇന്ന് മുമ്പത്തേക്കാള്‍ കൂടുതല്‍ വേഗത്തിലും തോതിലും പ്രവര്‍ത്തിക്കുന്നു.
സുഹൃത്തുക്കളെ,
ഇന്ത്യയിലെ ആദ്യത്തെ അന്തര്‍സംസ്ഥാന പ്രകൃതിവാതക പൈപ്പ്‌ലൈന്‍ 1987ല്‍ കമ്മീഷന്‍ ചെയ്തു. ഇതിനു ശേഷം, 2014 വരെ, അതായത് 27 വര്‍ഷത്തിനുള്ളില്‍, രാജ്യത്ത് 15,000 കിലോമീറ്റര്‍ പ്രകൃതിവാതക പൈപ്പ്‌ലൈന്‍ നിര്‍മ്മിക്കപ്പെട്ടു. ഇന്ന്, രാജ്യത്തുടനീളം 16,000 കിലോമീറ്ററിലധികം പുതിയ ഗ്യാസ് പൈപ്പ്‌ലൈനുകളുടെ പണി നടക്കുന്നു. ഈ ജോലി അടുത്ത 5-6 വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, 27 വര്‍ഷങ്ങളില്‍ ചെയ്തതിനേക്കാള്‍ പകുതി സമയം കൂടുതല്‍ ജോലി ചെയ്യാന്‍ ഞങ്ങള്‍ ലക്ഷ്യമിടുന്നു. ഈ ജോലിയുടെ വേഗത ഇന്ന് ഇന്ത്യയുടെ സ്വത്വമായി മാറുകയാണ്. 2014ന് മുമ്പുള്ള അഞ്ച് വര്‍ഷങ്ങളില്‍, 1,900 കിലോമീറ്റര്‍ റെയില്‍വേ ലൈനുകള്‍ ഇരട്ടിപ്പിക്കല്‍ മാത്രമാണ് നടന്നത്. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടയില്‍, ഞങ്ങള്‍ 9,000 കിലോമീറ്ററിലധികം റെയില്‍വേ ലൈനുകള്‍ ഇരട്ടിയാക്കി. 1,900 നും 7,000 കിലോമീറ്ററിനും ഇടയിലുള്ള വ്യത്യാസം കാണുക! 2014ന് മുമ്പുള്ള അഞ്ച് വര്‍ഷങ്ങളില്‍ 3,000 കിലോമീറ്റര്‍ റെയില്‍വേ ട്രാക്കുകള്‍ മാത്രമാണ് വൈദ്യുതീകരിച്ചത്. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടയില്‍ ഞങ്ങള്‍ 24,000 കിലോമീറ്ററിലധികം റെയില്‍വേ ട്രാക്കുകള്‍ വൈദ്യുതീകരിച്ചു. നേരത്തേ 3,000 കിലോമീറ്റര്‍ വൈദ്യുതീകരിച്ചിരുന്നുവെങ്കില്‍ ഇപ്പോള്‍ 24,000 കിലോമീറ്ററാണ് വൈദ്യുതീകരിച്ചത്. 2014 ന് മുമ്പ്, മെട്രോ ഏകദേശം 250 കിലോമീറ്റര്‍ ട്രാക്കില്‍ മാത്രമേ ഓടുന്നുണ്ടായിരുന്നുള്ളൂ. ഇന്ന് മെട്രോ 700 കിലോമീറ്ററായി വികസിപ്പിക്കുകയും 1,000 കിലോമീറ്റര്‍ പുതിയ മെട്രോ റൂട്ടില്‍ പ്രവൃത്തി പുരോഗമിക്കുകയും ചെയ്യുന്നു. 2014നു മുമ്പുള്ള അഞ്ച് വര്‍ഷങ്ങളില്‍ 60 പഞ്ചായത്തുകളെ മാത്രമേ ഒപ്റ്റിക്കല്‍ ഫൈബറുമായി ബന്ധിപ്പിക്കാന്‍ കഴിഞ്ഞുള്ളൂ. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ ഒന്നര ലക്ഷത്തിലധികം ഗ്രാമ പഞ്ചായത്തുകളെ ഞങ്ങള്‍ ഒപ്റ്റിക്കല്‍ ഫൈബറുമായി ബന്ധിപ്പിച്ചിട്ടുണ്ട്. പരമ്പരാഗത കണക്റ്റിവിറ്റി മാര്‍ഗങ്ങള്‍, ഉള്‍നാടന്‍ ജലപാതകള്‍, ജലവിമാനങ്ങള്‍ എന്നിവയുടെ വിപുലീകരണത്തോടൊപ്പം രാജ്യത്തിന് പുതിയ അടിസ്ഥാന സൗകര്യങ്ങളും ലഭിക്കുന്നു. 2014 വരെ രാജ്യത്ത് അഞ്ച് ജലപാതകളേ ഉണ്ടായിരുന്നുള്ളൂ. ഇന്ന് 13 ജലപാതകള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നു. 2014 -ന് മുമ്പ്, നമ്മുടെ തുറമുഖങ്ങളില്‍ കപ്പല്‍ കഴിഞ്ഞിരുന്ന സമയം 41 മണിക്കൂറിലധികം ആയിരുന്നു. ഇപ്പോള്‍ അത് 27 മണിക്കൂറായി കുറഞ്ഞു. ഇത് ഇനിയും കുറയ്ക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.
സുഹൃത്തുക്കളെ,
കണക്റ്റിവിറ്റിക്ക് പുറമേ, ആവശ്യമായ മറ്റ് അടിസ്ഥാന സൗകര്യങ്ങളുടെ നിര്‍മ്മാണത്തിനും പുതിയ പ്രചോദനം നല്‍കിയിട്ടുണ്ട്. വൈദ്യുതി ഉല്‍പാദനത്തിന്റെ മുഴുവന്‍ ശൃംഖലയും കൈമാറ്റം ചെയ്യപ്പെടുകയും വണ്‍ നേഷന്‍ വണ്‍ പവര്‍ ഗ്രിഡെന്ന ദൃഢനിശ്ചയം സാക്ഷാത്കരിക്കപ്പെടുകയും ചെയ്തു. 2014 വരെ രാജ്യത്ത് 3 ലക്ഷം സര്‍ക്യൂട്ട് കിലോമീറ്റര്‍ വൈദ്യുതി വിതരണ ലൈനുകള്‍ ഉണ്ടായിരുന്നെങ്കില്‍, ഇന്ന് അത് 4.25 ലക്ഷത്തിലധികം സര്‍ക്യൂട്ട് കിലോമീറ്ററായി ഉയര്‍ന്നു. പുതിയതും പുനരുല്‍പ്പാദിപ്പിക്കാവുന്നതുമായ ഊര്‍ജ്ജത്തിന്റെ കാര്യത്തില്‍ നാം വളരെ നാമമാത്രമായ സ്ഥാനക്കാരായിരുന്നിടത്ത്, ഇന്ന് നമ്മള്‍ ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് രാജ്യങ്ങളില്‍ എത്തിയിരിക്കുന്നു. 100ജിഗാ വാട്ടില്‍ കൂടുതല്‍ ഉള്ളതിനാല്‍, 2014ല്‍ ഉണ്ടായിരുന്നതിനേക്കാള്‍ മൂന്നിരട്ടി സ്ഥാപിത ശേഷി ഇന്ത്യ കൈവരിച്ചു.
സുഹൃത്തുക്കളെ,
ഇന്ന് വ്യോമയാനത്തിന്റെ ഒരു ആധുനിക ആവാസവ്യവസ്ഥ അതിവേഗം വികസിച്ചുകൊണ്ടിരിക്കുകയാണ്. എയര്‍ കണക്റ്റിവിറ്റി വര്‍ദ്ധിപ്പിക്കുന്നതിന് രാജ്യത്ത് പുതിയ വിമാനത്താവളങ്ങള്‍ നിര്‍മ്മിക്കുന്നതിനൊപ്പം ഞങ്ങള്‍ കൂടുതല്‍ വ്യോമമേഖലയും തുറന്നു. കഴിഞ്ഞ ഒന്നോ രണ്ടോ വര്‍ഷങ്ങളില്‍ നൂറിലധികം വ്യോമപാതകള്‍ അവലോകനം ചെയ്യുകയും അവയുടെ ദൂരം കുറയ്ക്കുകയും ചെയ്തു. യാത്രാ വിമാനങ്ങള്‍ പറക്കുന്നത് നിരോധിച്ച പ്രദേശങ്ങളും നീക്കം ചെയ്തു. ഈ ഒറ്റ തീരുമാനം പല നഗരങ്ങള്‍ക്കുമിടയിലെ വ്യോമഗതാഗത സമയം കുറച്ചു. വ്യോമയാന മേഖലയെ ശക്തിപ്പെടുത്തുന്നതിന്, ഒരു പുതിയ എം.ആര്‍.ഒ. നയം രൂപീകരിച്ചു, ജി.എസ്.ടിയുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി, പൈലറ്റുമാര്‍ക്ക് പരിശീലനം നല്‍കി.
സുഹൃത്തുക്കളെ,
ഈ ശ്രമങ്ങള്‍ രാജ്യത്തെ വേഗത്തില്‍ ബോധ്യപ്പെടുത്തി നമുക്ക് വേഗത്തില്‍ പ്രവര്‍ത്തിക്കാനും വലിയ ലക്ഷ്യങ്ങളും സ്വപ്നങ്ങളും സാക്ഷാത്കരിക്കാനും കഴിയും. ഇപ്പോള്‍ രാജ്യത്തിന്റെ പ്രതീക്ഷയും അഭിലാഷവും വര്‍ദ്ധിച്ചു. അതിനാല്‍, അടുത്ത 3-4 വര്‍ഷം നടപ്പാക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച ഞങ്ങളുടെ ദൃഢനിശ്ചയങ്ങളും വലുതായി. ഇപ്പോള്‍ രാജ്യത്തിന്റെ ലക്ഷ്യം ചരക്കുകടത്തു ചെലവ് കുറയ്ക്കുക, റെയില്‍വേയുടെ ചരക്ക് ശേഷി വര്‍ദ്ധിപ്പിക്കുക, തുറമുഖ ചരക്ക് ശേഷി വര്‍ദ്ധിപ്പിക്കുക, കപ്പലുകള്‍ തുറമുഖങ്ങളില്‍ കഴിയേണ്ടിവരുന്ന സമയം കുറയ്ക്കുക എന്നിവയാണ്. അടുത്ത 4-5 വര്‍ഷത്തിനുള്ളില്‍ 200 ലധികം വിമാനത്താവളങ്ങളും ഹെലിപാഡുകളും വാട്ടര്‍ എയറോഡ്രോമുകളും രാജ്യത്ത് തയ്യാറാകും. നമ്മുടെ ഇപ്പോഴത്തെ ഗ്യാസ് പൈപ്പ്‌ലൈന്‍ ശൃംഖല ഏകദേശം 19,000 കിലോമീറ്ററാണ്.
സുഹൃത്തുക്കളെ,
കര്‍ഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന്, സംസ്‌കരണവുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങളും അതിവേഗം വിപുലീകരിക്കുന്നു. 2014 ല്‍ രാജ്യത്ത് രണ്ട് വന്‍കിട ഭക്ഷ്യ പാര്‍ക്കുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇന്ന് അത്തരം 19 പാര്‍ക്കുകള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ഇപ്പോള്‍ ഈ സംഖ്യ നാല്‍പതിലധികം എത്തിക്കുകയാണ് ലക്ഷ്യം. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ മത്സ്യബന്ധന ക്ലസ്റ്ററുകളുടെയും മല്‍സ്യബന്ധന തുറമുഖങ്ങളുടെയും ലാന്‍ഡിംഗ് സെന്ററുകളുടെയും എണ്ണം നാല്‍പ്പതില്‍ നിന്ന് നൂറിലേക്ക് ഉയര്‍ന്നു. ഇത് രണ്ട് മടങ്ങ് കൂടുതല്‍ വര്‍ദ്ധിപ്പിക്കാന്‍ ഞങ്ങള്‍ ലക്ഷ്യമിടുന്നു.
സുഹൃത്തുക്കളെ,
പ്രതിരോധ മേഖലയിലും ആദ്യമായാണ് വിപുലമായ ശ്രമങ്ങള്‍ നടക്കുന്നത്. തമിഴ്‌നാട്ടിലെയും ഉത്തര്‍പ്രദേശിലെയും രണ്ട് പ്രതിരോധ ഇടനാഴികളുടെ പണി നടക്കുന്നു. ഇന്ന്, നാം അതിവേഗം ഇലക്ട്രോണിക്‌സ്, ഐടി നിര്‍മ്മാണത്തിലെ മുന്‍നിര രാജ്യങ്ങളിലൊന്നായി മാറുകയാണ്. ഒരു ഘട്ടത്തില്‍, നമുക്ക് അഞ്ച് നിര്‍മ്മാണ ക്ലസ്റ്ററുകള്‍ ഉണ്ടായിരുന്നു. ഇന്ന് നാം 15 നിര്‍മ്മാണ ക്ലസ്റ്ററുകള്‍ സൃഷ്ടിച്ചു, ഇത് ഇരട്ടിയാക്കാനാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നാല് വ്യാവസായിക ഇടനാഴികള്‍ ആരംഭിച്ചു, ഇപ്പോള്‍ അത്തരം ഇടനാഴികളുടെ എണ്ണം ഒരു ഡസനായി ഉയര്‍ത്തുന്നു.
സുഹൃത്തുക്കളെ,
പ്ലഗ്-ആന്‍ഡ്-പ്ലേ അടിസ്ഥാനസൗകര്യ നിര്‍മ്മാണം ഇന്ന് ഗവണ്‍മെന്റ് പ്രവര്‍ത്തിക്കുന്ന സമീപനത്തിന്റെ ഉദാഹരണമാണ്. ഇപ്പോള്‍ വ്യവസായത്തിന് പ്ലഗ്-ആന്‍ഡ്-പ്ലേ അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കാനുള്ള ശ്രമമുണ്ട്. അതായത്, ആഭ്യന്തര, വിദേശ നിക്ഷേപകര്‍ അവരുടെ സംവിധാനം സജ്ജമാക്കി പ്രവര്‍ത്തിക്കാന്‍ തുടങ്ങണം. ഉദാഹരണത്തിന്, ഗ്രേറ്റര്‍ നോയിഡയിലെ ദാദ്രിയില്‍ ഒരു സംയോജിത വ്യവസായ ടൗണ്‍ഷിപ്പ് വരുന്നു. കിഴക്കന്‍, പടിഞ്ഞാറന്‍ ഇന്ത്യയിലെ തുറമുഖങ്ങളുമായി ഇത് ഒരു സമര്‍പ്പിത ചരക്ക് ഇടനാഴിയിലൂടെ ബന്ധിപ്പിക്കുന്നു. ഒരു ബഹുവിധ ചരക്കുനീക്ക ഹബ് ഇവിടെ സ്ഥാപിക്കും. അതിനടുത്തായി ഒരു ബഹുവിധ ഗതാഗത ഹബ് നിര്‍മ്മിക്കും. അത്യാധുനിക റെയില്‍വേ ടെര്‍മിനസില്‍ അന്തര്‍-സംസ്ഥാന ബസ് ടെര്‍മിനസുകളും മാസ് റാപിഡ് ട്രാന്‍സിറ്റ് സംവിധാനവും മറ്റ് സൗകര്യങ്ങളും പിന്തുണയ്ക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സമാനമായ സൗകര്യങ്ങള്‍ നിര്‍മ്മിക്കുന്നതിലൂടെ, ലോകത്തിന്റെ ബിസിനസ്സ് തലസ്ഥാനമാകുക എന്ന സ്വപ്‌നം നിറവേറ്റാന്‍ ഇന്ത്യക്കു സാധിക്കും.
സുഹൃത്തുക്കളെ,
ഞാന്‍ ചൂണ്ടിക്കാട്ടിയ ഈ ലക്ഷ്യങ്ങളെല്ലാം സാധാരണ ലക്ഷ്യങ്ങളല്ല. അതിനാല്‍, അവ നേടാനുള്ള ശ്രമങ്ങളും രീതികളും അഭൂതപൂര്‍വമായിരിക്കും. പ്രധാനമന്ത്രി ഗതിശക്തി ദേശീയ മാസ്റ്റര്‍ പ്ലാനില്‍ നിന്ന് അവര്‍ക്ക് പരമാവധി ശക്തി ലഭിക്കും. ജാം ത്രിത്വം, അതായത് ജന്‍ ധന്‍-ആധാര്‍-മൊബൈല്‍ എന്നിവയുടെ ശക്തി ഉപയോഗിച്ച് ഗവണ്‍മെന്റ് സൗകര്യങ്ങള്‍ യഥാര്‍ത്ഥ ഗുണഭോക്താവിന് വേഗത്തില്‍ എത്തിക്കുന്നതില്‍ നാം വിജയിച്ചതുപോലെ, അടിസ്ഥാനസൗകര്യ മേഖലയിലും പ്രധാനമന്ത്രി ഗതിശക്തി അത് ചെയ്യാന്‍ പോകുന്നു. അടിസ്ഥാനസൗകര്യ ആസൂത്രണം മുതല്‍ നിര്‍വ്വഹണം വരെ സമഗ്രമായ കാഴ്ചപ്പാടോടെയാണ് ഇത് വരുന്നത്. ഈ സംരംഭത്തിന്റെ ഭാഗമാകാന്‍ ഒരിക്കല്‍ കൂടി ഞാന്‍ എല്ലാ സംസ്ഥാന ഗവണ്‍മെന്റുകളെയും ക്ഷണിക്കുന്നു. സ്വാതന്ത്ര്യത്തിന്റെ ഈ 75ാം വര്‍ഷത്തില്‍ രാജ്യത്തിന് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ അണിനിരക്കേണ്ട സമയമാണിത്. ഈ പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാവരോടുമുള്ള എന്റെ അഭ്യര്‍ത്ഥനയാണിത്.
ഈ സുപ്രധാന പരിപാടിയില്‍ പങ്കെടുത്തതിന് ഞാന്‍ എല്ലാവരോടും നന്ദി പറയുന്നു. കൂടാതെ സ്വകാര്യ മേഖലയിലുള്ളവരും പ്രധാനമന്ത്രി ഗതിശക്തി മാസ്റ്റര്‍ പ്ലാന്‍ വളരെ സൂക്ഷ്മമായി വിശകലനം ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്. അതിന്റെ ഭാഗമാകുന്നതിലൂടെ അവരുടെ ഭാവി തന്ത്രം രൂപപ്പെടുത്താനും വികസനത്തിന്റെ പുതിയ തലത്തിലെത്താനും അവര്‍ക്ക് കഴിയും. ഞാന്‍ താല്‍ക്കാലികമായി നിര്‍ത്തുന്നതിനുമുമ്പ്, പുണ്യ ഉത്സവമായ നവരാത്രിക്കും ശക്തി ആരാധനയോടനുബന്ധിച്ചുള്ള ഈ സുപ്രധാന പ്രവര്‍ത്തനത്തിനും നിങ്ങള്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നു.
ഒരുപാട് നന്ദിയും ആശംസകളും!
****
(Release ID: 1764118)
Visitor Counter : 279
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada