പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഛത്തിസ്ഗഡിലെ റായ്പ്പൂരില്‍ പുതിയ 35 ഇനം അത്യുല്‍പാദന ശേഷിയുള്ള വിത്തിനങ്ങള്‍ രാഷ്ട്രത്തിനു സമര്‍പ്പിച്ചുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം നമസ്‌കാര്‍ ജി

Posted On: 28 SEP 2021 3:22PM by PIB Thiruvananthpuram

കേന്ദ്ര കൃഷി കര്‍ഷകക്ഷേമ മന്ത്രി ശ്രീ നരേന്ദ്രസിംങ് തോമര്‍, ഛത്തിസ്ഗഡ് മുഖ്യമന്ത്രി ശ്രീ ഭൂപേഷ് ബാഗേല്‍ ജി, കേന്ദ്ര മന്ത്രി സഭയിലെ എന്റെ സഹപ്രവര്‍ത്തകരായ ശ്രീ പുരുഷോത്തം രൂപാല ജി, ശ്രീ കൈലാഷ് ചൗധരി ജി, ഛത്തിസ്ഗഡ് മുന്‍ മുഖ്യമന്ത്രി ശ്രീ രമണ്‍സിംങ് ജി, ഛത്തിസ്ഗഡ് നിയമസഭയിലെ  പ്രതിപക്ഷ നേതാവ് ശ്രീ ധരം ലാര്‍ കൗശിക് ജി, വൈസ് ചാന്‍സലര്‍മാരെ, ഡയറക്ടര്‍മാരെ, കാര്‍ഷിക വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ശാസ്ത്രജ്ഞ സഹപ്രവര്‍ത്തകരെ,  കൃഷിക്കാരായ എന്റെ സഹോദരി സഹോദരന്മാരെ,


വടക്കെ ഇന്ത്യയില്‍ കൃഷിക്കാര്‍ക്കിടയില്‍ ഘാഗും ഭദ്രിയും പറഞ്ഞിട്ടുള്ള  വളരെ പ്രശസ്തമായ ഒരു പഴമൊഴിയുണ്ട് . നൂറ്റാണ്ടുകള്‍ മുന്നേ ഖഖ പറഞ്ഞു
ജേതേ ഗഹിര ജേതേ ഖേത്


പരെ ബീജ ഫല്‍ തേതേ ദേത്താ
അതായത് എത്ര ആഴത്തില്‍ മണ്ണ് ഉഴുത്  അതില്‍ വിത്തു വിതയ്ക്കുന്നുവോ അത്ര മുന്തിയതായിരിക്കും അതില്‍ നിന്നുള്ള വിളവ്. നൂറ്റാണ്ടുകള്‍  പഴക്കമുള്ള ഇന്ത്യയിലെ കാര്‍ഷിക മേഖലയുടെ  അനുഭവത്തില്‍ നിന്നാണ് ഈ പഴമൊഴികളുടെ ഉല്‍ഭവം. ഇന്ത്യയിലെ കൃഷി എത്രമാത്രം ശാസ്ത്രീയമായിരുന്നു എന്നാണ് ഇത് കാണിക്കുന്നത്.  കൃഷിയുടെയും ശാസ്ത്രത്തിന്റെയും സംയോജനം 21-ാം നൂറ്റാണ്ടില്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം അതി പ്രധാനമാണ്.  ഇന്ന് ഇക്കാര്യത്തില്‍ മറ്റൊരു സുപ്രധാന ചുവടു കൂടി വച്ചിരിക്കുകയാണ്. ഇത് നമ്മുടെ രാജ്യത്തെ ആധുനിക കര്‍ഷകര്‍ക്കായി സമര്‍പ്പിക്കപ്പെടുകയാണ്. ചെറുകിട കൃഷിക്കാരുടെ ജീവിതങ്ങളില്‍ വലിയ പരിവര്‍ത്തനമുണ്ടാകും  എന്ന പ്രതീക്ഷയോടെ  ഈ രാജ്യത്തെ കോടാനുകോടി കര്‍ഷകരുടെ പാദങ്ങളില്‍ ഞാന്‍ ഇന്ന്  ഈ ബൃഹത്തായ ഉപഹാരത്തെ സമര്‍പ്പിക്കുകയാണ്. ഇന്ന് വിവിധ  വിളകളുടെ 35 പുതിയ ഇനങ്ങള്‍ പുറത്തിറക്കുന്നു.  നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്  ഓഫ് ബയോട്ടിക് സ്‌ട്രെസ് മാനേജ്‌മെന്റ് എന്ന സ്ഥാപനവും റായ്പ്പൂരില്‍ ഉദ്ഘാടനം ചെയ്യപ്പെടുന്നു. നാലു സര്‍വകലാശാലകള്‍ക്ക് ഹരിത കാമ്പസ്  അവാര്‍ഡുകളും  നല്കി.  നിങ്ങളെ എല്ലാവരെയും പ്രത്യേകിച്ച് രാജ്യത്തെ കൃഷിക്കാരെയും കാര്‍ഷിക ശാസ്ത്രജ്ഞരെയും ഞാന്‍ അഭിനന്ദിക്കുന്നു.


സുഹൃത്തുക്കളെ,
കഴിഞ്ഞ 6-7 വര്‍ഷമായി കൃഷിയുമായി ബന്ധപ്പെട്ട വെല്ലുവിളികള്‍ പരിഹരിക്കുന്നതിനാണ്  ശാസ്ത്ര സാങ്കേതിക മേഖല മുന്‍ഗണന നല്കി വരുന്നത്.  കൂടുതല്‍ പോഷക മൂല്യമുള്ള വിത്തുകളെ, പുതിയ സാഹചര്യങ്ങള്‍ക്ക് അനുരൂപപ്പെടുത്തുക, പ്രത്യേകിച്ച് കാലാവസ്ഥാ വ്യതിയാനത്തിന്റെ വെളിച്ചത്തില്‍ എന്നതിലാണ് നമ്മുടെ ഉന്നല്‍. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി വിവിധ വിളകളുടെ 1300 ഓളം ഇത്തരം വിത്തുകള്‍ നാം വികസിപ്പിക്കുകയുണ്ടായി.  ഈ ശ്രേണിയില്‍ പെട്ട 35 ഇനം വിളകള്‍ കൂടി ഇന്ന്  നാം രാജ്യത്തെ കാര്‍ഷിക സമൂഹത്തിനു സമര്‍പ്പിക്കുകയാണ്. നമ്മുടെ ശാസ്ത്രജ്ഞര്‍ കണ്ടുപിടിച്ച ഈ വിളയിനങ്ങളും വിത്തുകളും കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കാന്‍ നമ്മുടെ കാര്‍ഷിക മേഖലയെ സഹായിക്കും. ഒപ്പം ഇന്ത്യയുടെ  അപോഷണ സ്വതന്ത്ര പ്രചാരണത്തിനും. ഈ പുത്തന്‍ വിത്തിനങ്ങള്‍ കാലാവസ്ഥയുടെ ചാഞ്ചാട്ടങ്ങളെ അതിജീവിക്കുവാന്‍ ശേഷിയുള്ളവ മാത്രമല്ല അധിക പോഷക ഗുണമുള്ളവയുമാണ്. ഇവയില്‍ ചിലത് പരിമിത ജലലഭ്യ മേഖലകള്‍ക്ക് യോജിച്ചവയാണ്. ചിലവ രോഗപ്രതിരോധ ശേഷിയുള്ളവയാണ്. മറ്റു ചിലത് വേഗത്തില്‍ മൂപ്പ് എത്തുന്നവയും. വേറെ ചിലയിനങ്ങള്‍ ഉപ്പുവെള്ളത്തില്‍ വളരുന്നവ. രാജ്യത്തിന്റെ വിവിധ കാലാവസ്ഥകളെ മനസില്‍ കണ്ടുകൊണ്ട് വികസിപ്പിച്ചവയാണ് ഈ വിത്തിനങ്ങള്‍.  രാജ്യത്തിന് ഛത്തിസ് ഗഡില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോട്ടിക് സ്‌ട്രെസ് മാനേജ്‌മെന്റ് എന്ന പേരില്‍ ഒരു പുതിയ സ്ഥാപനം കൂടി ഉണ്ടായിരിക്കുന്നു. കാലാവസ്ഥാ വ്യതിയാനം മൂലം സംജാതമാകുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിന് രാജ്യം നടത്തുന്ന ശ്രമങ്ങളെ ശക്തിപ്പെടുത്തുന്നതിന് ഈ സ്ഥാപനം ശാസ്ത്രീയമായ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കും. ഇവിടെ പരിശീലിപ്പിക്കപ്പെടുന്ന യുവ മനുഷ്യശേഷി ശാസ്ത്ര മനസുള്ള ശാസ്ത്രജ്ഞരാകും. ഉരുത്തിരിയുന്ന പരിഹാരമാര്‍ഗ്ഗങ്ങള്‍ രാജ്യത്തെ കാര്‍ഷിക മേഖലയുടെയും കൃഷിക്കാരുടെയും വരുമാനം ഫലപ്രദമായി ഉയര്‍ത്തുകയും ചെയ്യും.


സുഹൃത്തുക്കളെ,
 നമ്മുടെ രാജ്യത്തെ വലിയ ഭാഗം വിളയും കീടങ്ങളുടെ ആക്രമണം മൂലം നശിച്ചു പോകുന്നുണ്ട് എന്ന് നിങ്ങള്‍ക്ക് എല്ലാവര്‍ക്കും അറിയാം.ഇത് കൃഷിക്കാര്‍ക്കും വലിയ നഷ്ടം വരുത്തുന്നു. കഴിഞ്ഞ വര്‍ഷം കൊറോണയോടുള്ള പോരാട്ടത്തിനു  മധ്യേ പോലും പുല്‍ച്ചാടിക്കൂട്ടം   നിരവധി സംസ്ഥാനങ്ങളില്‍ ആക്രമണം നടത്തി എന്നു നാം കണ്ടു. ഈ ആക്രമണത്തെ ചെറുക്കാനും കൃഷിക്കാരെ കനത്ത നാശനഷ്ടത്തില്‍ നിന്നു രക്ഷപ്പെടുത്താനും വലിയ ശ്രമം തന്നെ വേണ്ടിവന്നു. ഈ പുതിയ സ്ഥാപനത്തിന് ഇക്കാര്യത്തില്‍ വലിയ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കാനാവും എന്നു ഞാന്‍ മനസിലാക്കുന്നു. ഇവിടുത്തെ ശാസ്ത്രജ്ഞര്‍ ഇക്കാര്യത്തില്‍ രാജ്യത്തിന്റെ പ്രതീക്ഷ കള്‍ക്കൊത്ത്  ഉയരും എന്ന് എനിക്ക് ആത്മവിശ്വസമുണ്ട്.


സുഹൃത്തുക്കളെ,
കൃഷിക്ക് ഒരു രക്ഷാകവചം ലഭിക്കുമ്പോള്‍ അത് വേഗത്തില്‍ വികസിക്കും.  അത് കൃഷിക്കാരുടെ ഭൂമിയെ സംരക്ഷിക്കും.  വിവിധ ഘട്ടങ്ങളിലായി 11 കോടി സോയില്‍ ഹെല്‍ത്ത് കാര്‍ഡുകളാണ് അവര്‍ക്ക് വിതരണം ചെയ്ിരിക്കുന്നത്. ഈ ഹെല്‍ത്ത് കാര്‍ഡുകള്‍ വഴി കൃഷിക്കാര്‍ക്ക് വലിയ പ്രയോജനങ്ങളാണ് ലഭിക്കുക.  ഇപ്പോള്‍ കൃഷിക്കാര്‍ക്ക് അവരുടെ പുരയിടങ്ങളുടെ പരിമിതികള്‍ അറിയാം, ഭൂമിയുടെ വിനിയോഗം അറിയാം, അവരുടെ പാടത്ത് ഏതിനം വിത്തിനാണ് കൂടുതല്‍ വിളവ് ലഭിക്കുന്നത് എന്ന് അറിയാം. ഏത് കീടനാശിനി പ്രയോഗിക്കണം എന്ന് അറിയാം. ഏത് വളങ്ങളാണ് ആവശ്യം, അതിന്റെ അളവ് എത്ര എന്നറിയാം. എല്ലാറ്റിനും ഉപരി മണ്ണിന്റെ ആരോഗ്യാവസ്ഥ അറിയാം. ഇത് കൃഷി ചലവുകള്‍ കുറയ്ക്കും എന്നു മാത്രമല്ല,  ഉല്‍പാദനം ഉയര്‍ത്തുകയും ചെയ്യും. അതുപോലെ കമ്പോസ്റ്റുമായി ബന്ധപ്പെട്ട നമ്മുടെ ഉല്‍ക്കണ്ഠകള്‍ നാം പരിഹരിച്ചത് യൂറിയായ്ക്ക് 100 ശതമാനം വേപ്പിന്‍ പിണ്ണാക്ക് ആവരണം നല്‍കിക്കൊണ്ടാണ്. കൃഷിക്കാര്‍ക്ക് ജല സുരക്ഷ നല്‍കിയത്  ജലസേചന പദ്ധതികള്‍ ആരംഭിച്ചു കൊണ്ടാണ്. പതിറ്റാണ്ടുകളായി മുടങ്ങി കിടന്ന 100 ജലസേചന പദ്ധതികള്‍ നാം പൂര്‍ത്തീകരിച്ചു. കൃഷിക്കാര്‍ക്ക് ജലം ലഭ്യമാക്കുന്നതിനായി വലിയ തുക നീക്കി വച്ചു. സൂക്ഷ്മ ജലസേചന പദ്ധതികള്‍ക്കായും  തളി നന സംവിധാനം വഴി ജലം സംരക്ഷിക്കുന്നതിനും  കൃഷിക്കാര്‍ക്ക് സാമ്പത്തിക സഹായം നല്‍കി. കീടങ്ങളില്‍ നിന്നു കൃഷിയെ സംരക്ഷിച്ച് കൂടതല്‍ വിളവ് ഉല്‍പാദിപ്പിക്കുന്നതിന് കൃഷിക്കാര്‍ക്ക് പുത്തന്‍ വിത്തിനങ്ങള്‍ നല്‍കി. കൃഷിക്കാര്‍ക്കായി പ്രധാന്‍ മന്ത്രി കുസും പദ്ധതി നടപ്പാക്കിക്കൊണ്ട് കൃഷിയോടൊപ്പം വൈദ്യുതി ഉല്‍പാദിപ്പിക്കാനും അവരെ പ്രാപ്തരാക്കി.  അത് അവരുടെ ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്താന്‍ മാത്രമല്ല  അവരെ ഊര്‍ജ്ജ സ്രോതസുകളുമാക്കി. ലക്ഷക്കണക്കിന് കൃഷിക്കാര്‍ക്ക് സൗരോര്‍ജ്ജ പമ്പുസെറ്റുകള്‍ വിതരണം ചെയ്തു. ഇന്ന് കാലാവസ്ഥ ലോകമാസകലം  ഉല്‍ക്കണ്ഠയുളവാക്കുന്ന വിഷയമാണ്.  ഇപ്പോള്‍ ഛത്തിസ്ഗഡ് മുഖ്യമന്ത്രി കാലാവസ്ഥാ വ്യതിയാന ഫലമായുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളെ കുറിച്ചു വിശദീകരിച്ചതേയുള്ളു. കൃഷിക്കാര്‍ക്ക് ചുഴലി കൊടുങ്കാറ്റു പോലുള്ള  പ്രകൃതി ദുരന്തങ്ങളില്‍ നിന്നു പരിരക്ഷ നല്‍കുന്നതിനും പരമാവധി നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനും അതുമൂലമുള്ള നഷ്ടം അവര്‍ക്ക് പ്രശ്‌നമാകാതിരിക്കാനുമായി  നിയമങ്ങളില്‍ നാം നിരവധി ഭേദഗതികള്‍ വരുത്തിയിട്ടുണ്ട്. പ്രധാന്‍ മന്ത്രി ഫസല്‍ ബീമ യോജന കൃഷിക്കാരുടെ ഈ ഉല്‍ക്കണ്ഠയ്ക്ക് പരിഹാരമാണ്.  ഇതു വഴി കൃഷിക്കാര്‍ക്ക് പരമാവധി ആനുകൂല്യങ്ങളും സംരക്ഷയും ലഭിക്കുന്നു. പ്രധാന്‍ മന്ത്രി ബീമ യോജനയില്‍ നാം വരുത്തിയ മാറ്റം വഴി ഒരു ലക്ഷം രൂപവരെ കൃഷിക്കാര്‍ക്ക് നഷ്ടപരിഹാരമായി ലഭിക്കും. കൃഷിക്കാരെ ഒരു ലക്ഷം കോടി രൂപയുടെ സഹായമാണ് ഈ പ്രതിസന്ധിയില്‍ കൃഷിക്കാര്‍ക്ക് ഇതുവരെ സഹായമായി ലഭിച്ചിട്ടുള്ളത്.


സുഹൃത്തുക്കളെ,
കുറഞ്ഞ താങ്ങുവില വര്‍ധിപ്പിച്ചതു കൂടാതെ,  നാം സംഭരണ പ്രക്രിയയും മെച്ചപ്പെടുത്തി. അതുവഴി പരമാവധി കൃഷിക്കാര്‍ക്കു പ്രയോജനം ലഭിക്കുന്നു.  430 ലക്ഷം മെട്രിക് ടണ്ണിലധികം  ഗോതമ്പാണ് കഴിഞ്ഞ റാബി സീസണില്‍ സംഭരിച്ചത്. ഇതിന് വിലയായി 85000 കോടി രൂപ കൃഷിക്കാര്‍ക്കു നല്‍കി. കൊറോണയുടെ ഇടയിലും സംഭരണ കേന്ദ്രങ്ങളുടെ എണ്ണം മൂന്നു മടങ്ങ് വര്‍ധിപ്പിച്ചു. പരിപ്പ്, എണ്ണക്കുരുക്കള്‍ എന്നിവയുടെ സംഭരണ കേന്ദ്രങ്ങളുടെ എണ്ണവും മൂന്നിരട്ടിയാക്കി. കിസാന്‍ സമ്മാന്‍ നിധിയുടെ കീഴില്‍ ഏകദേശം 11 കോടി കൃഷിക്കാരുടെ ബാങ്ക് അക്കൗണ്ടുകളിലേയ്ക്ക് 1.60 ലക്ഷം കോടി രൂപ കൈമാറി. ഇവരില്‍ ഭൂരിഭാഗവും ചെറുകിട കൃഷിക്കാരാണ്. രാജ്യത്തെ 10 ല്‍ എട്ടും ചെറിയ തുണ്ട് കൃഷിയിടം മാത്രം സ്വന്തമായുള്ള ചെറുകിട കൃഷിക്കാരാണ്. ഇതില്‍ ഒരു ലക്ഷം കോടി രൂപയും അയച്ചത് കൊറോണ കാലത്താണ്. സാങ്കേതിക വിദ്യയുമായി അവരെ ബാങ്കിലൂടെ നാം ബന്ധപ്പെടുത്തുന്നു. ഇന്ന് കൃഷിക്കാര്‍ക്ക് കാലാവസ്ഥ സംബന്ധിച്ച വിവരങ്ങള്‍ കൃത്യമായി ലഭിക്കുന്നു.  അടുത്ത കാലത്ത് രണ്ടു കോടി കൃഷിക്കാര്‍ക്ക് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് നല്‍കാനുള്ള പ്രചാരണ പരിപാടി നടക്കുകയുണ്ടായി. മത്സ്യകൃഷിയും മൃഗപരിപാലനവുമായി ബന്ധപ്പെട്ട കൃഷിക്കാരെയും കിസാന്‍ ക്രെഡിറ്റു കാര്‍ഡുമായി ബന്ധിപ്പിച്ചിട്ടുണ്ട്. രാജ്യത്ത്  ഏകദേശം പുതിയ 10,000 ഉല്‍പാദക സംഘങ്ങള്‍ രൂപീകരിക്കുന്നതിനുള്ള നടപടികള്‍ ശീഘ്രഗതിയില്‍ പുരോഗമിക്കുന്നു.  ഇവ കൂടുതല്‍ കാര്‍ഷിക വിപണികളെ ഈ നാം പദ്ധതിയുമായി ബന്ധിപ്പിക്കും, നിലവിലുള്ള കാര്‍ഷിക വിപണികളെ ആധുനികവല്‍ക്കരിക്കും. കഴിഞ്ഞ 6 -7 വര്‍ഷമായി കാര്‍ഷിക മേഖലയ്്ക്കും കൃഷിക്കാര്‍ക്കുമായി നടപ്പിലാക്കി വരുന്ന പദ്ധതികള്‍ക്ക് അതി ശക്തമായ അടിസ്ഥാനമാണ് ഉള്ളത്. അടുത്ത 25 വര്‍ഷത്തെ രാഷ്ട്രത്തിന്റെ തീരുമാനങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.   25 വര്‍ഷം കഴിയുമ്പോള്‍ രാജ്യം സ്വാതന്ത്ര്യത്തിന്റെ  നൂറാം വാര്‍ഷികം ആഘോഷിക്കും. ഇപ്പോള്‍ നാം സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവമാണ് ആഘോഷിക്കുന്നത്.  വിത്തുകളും ഉല്‍പ്പന്നങ്ങളുടെ വിപണനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഇന്ത്യ പ്രധാന സാമ്പത്തിക ശക്തിയാകുന്നതിനുള്ള  മുന്നേറ്റം ഉറപ്പാക്കുന്നു.
കൃഷി, ഒരു സംസ്ഥാന വിഷയമാണ് എന്ന്്് നമുക്കെല്ലാം അറിയാം.  അത് സംസ്ഥാന വിഷയമാണ് എന്നും  അതില്‍ കേന്ദ്ര ഗവണ്‍മെന്റ് ഇടപെടാന്‍ പാടില്ല എന്നും പല തവണ എഴുതിയിട്ടുമുണ്ട്. എനിക്കും ഇത് അറിയാം. കാരണം അനേകം വര്‍ഷം ഗുജറാത്തിന്റെ മുഖ്യ മന്ത്രിയായി പ്രവര്‍ത്തിക്കാന്‍ ഭാഗ്യം സിദ്ധിച്ച ആളാണ് ഞാന്‍. സംസ്ഥാനത്തിന് പ്രത്യേക ഉത്തരവാദിത്വം ഇക്കാര്യത്തില്‍ ഉണ്ട് എന്നും ആ ഉത്തരവാദിത്വം നിറവേറ്റണം എന്നും മുഖ്യമന്ത്രി ആയിരുന്ന എനിക്കറിയാം. ഈ ഉത്തരവാദിത്വം പൂര്‍ണമായി നിര്‍വഹിക്കാന്‍ എന്നാല്‍ ആവുന്നത് ഞാന്‍ ചെയ്തിട്ടുമുണ്ട്.  ഗുജറാത്ത് മുഖ്യമന്ത്രി ആയിരിക്കെ, കൃഷി ഞാന്‍ അനുഭവിച്ചറിഞ്ഞിട്ടുണ്ട്.  നയങ്ങള്‍, കാര്‍ഷിക മേഖലയില്‍ ഉളവാക്കുന്ന പ്രത്യാഘാതങ്ങള്‍ വളറെ അടുത്ത് ഞാന്‍ അറിഞ്ഞിട്ടുണ്ട്.  ഗുജറാത്തില്‍ ഞാന്‍ എന്താണ് ചെയ്തത് എന്ന് നരരേന്ദ്രസിംങ് തോമര്‍ജി വിവരിക്കുകയുണ്ടായല്ലോ. ഗുജറാത്തിലെ കൃഷി നാമമാത്ര വിളകളില്‍മാത്രം ഒതുങ്ങി നിന്ന് ഒരു കാലം ഉണ്ടായിരുന്നു. ഗുജറാത്തിലെ ഭൂരിഭാഗം മേഖലകളിലും കൃഷിക്കാര്‍ ജല ദൗര്‍ലഭ്യം മൂലം കാര്‍ഷിക വൃത്തി ഉപേക്ഷിച്ചു. ആ സമയത്താണ് പുതിയ മുദ്രാവാക്യവുമായി ഞങ്ങള്‍ മുന്നോട്ടു വന്നത്. കൃഷിക്കാരെ ഞങ്ങള്‍ ഒപ്പം കൂട്ടി. ആ മുദ്രാവാക്യം ഇതായിരുന്നു - സാഹചര്യം മാറണം. നാം ഒരുമിച്ച് സാഹചര്യത്തെ മാറ്റും. ആ സമയത്തു തന്നെ ഞങ്ങള്‍ ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യയുടെ വ്യാപകമായ ഉപയോഗം ആരംഭിച്ചു കഴിഞ്ഞിരുന്നു. ഇന്ന് രാജ്യത്തെ കാര്‍ഷിക പച്ചക്കറി ഉല്‍പാദനത്തില്‍ ഗുജറാത്തിന്റെ വിഹിതം വലുതാണ്. ഇപ്പോള്‍ ഗുജറാത്തില്‍ ആണ്ടുവട്ടം മുഴുവന്‍ കൃഷിയുണ്ട്. കച്ച് പോലുള്ള മേഖലകളില്‍ പഴങ്ങളും പച്ചക്കറികളും സമൃദ്ധമായി വളരുന്നു.  മുമ്പ് അതെ കുറിച്ച് ചിന്തിക്കാന്‍ പോലും സാധ്യമായിരുന്നില്ല. . ഇന്ന് കച്ച് മരുഭൂമിയില്‍ നിന്നുള്ള കാര്‍ഷി ഉല്‍പ്പന്നങ്ങള്‍ വിദേശങ്ങളിലേയ്ക്ക് വിമാനം കയറി പോകുന്നു.


സഹോദരി സഹോദരന്മാരെ,
ഉല്‍പാദനത്തില്‍ മാത്രമായിരുന്നില്ല ശ്രദ്ധ, മറിച്ച് ഗുജറാത്തില്‍ എമ്പാടും കോള്‍ഡ് ചെയിന്‍ ശ്രുംഖല രൂപീകൃതമായി. തല്‍ഫലമായി കൃഷിയുടെ സാധ്യത വളരെ വ്യാപിച്ചു.  കൃഷിയുമായി ബന്ധപ്പെട്ട വ്യവസായങ്ങളില്‍ വന്‍ തോതില്‍ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടു. മുഖ്യമന്ത്രി എന്ന നിലയില്‍ അത് സംസ്ഥാനത്തോടുള്ള എന്റെ ഉത്തരവാദിത്വമായിരുന്നു. അതു നിറവേറ്റാന്‍ ഞാന്‍ കഠിനമായി അധ്വാനിച്ചു.


സഹോദരീ സഹോദരന്മാരെ,
സ്വാതന്ത്ര്യത്തിന്റെ ഈ കാലത്ത് ഇത്തരം ആധുനിക മാറ്റങ്ങള്‍ കാര്‍ഷിക മേഖല കൂടുതല്‍ വിശാലമാകുന്നതിന് ആവശ്യമാണ്. കാലാവസ്ഥാ വ്യതിയാനം  കൃഷിക്കു മാത്രമല്ല മുഴുവന്‍ ആവാസ വ്യവസ്ഥയ്ക്കും വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. കാലാവസ്ഥാ വ്യതിയാനം നമ്മുടെ മത്സ്യ സമ്പത്തിനെയും വളര്‍ത്തു മൃഗങ്ങളുടെ ആരോഗ്യത്തെയും ഉല്‍പാദനത്തെയും വളരെ പ്രതികൂലമായി ബാധിക്കുന്നു. തല്‍ഫലമായി കൃഷിക്കാരും മത്സ്യ തൊഴിലാളികളും വലിയ നഷ്ടമാണ് സഹിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം പുതിയ ഇനം കീടങ്ങളെ സൃഷ്ടിക്കുന്നു.  പുതിയ രോഗങ്ങള്‍ വരുത്തുന്നു, പകര്‍ച്ചവ്യാധികള്‍ കൊണ്ടുവരുന്നു.  മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും വിളകള്‍ക്കു ഒരുപോലെ അത് വലിയ ആരോഗ്യ ഭീഷണി ഉയര്‍ത്തുന്നു. ഇത് ആഴത്തിലുള്ള ഗവേഷണം ആവശ്യപ്പെടുന്നു. ശാസ്ത്രവും ഗവണ്‍മെന്റും സമൂഹവും ഒന്നിച്ചു പ്രവര്‍ത്തിക്കുമ്പോള്‍ ഫലം വളരെ മികച്ചതാകും. ഇത്തരത്തില്‍ കൃഷിക്കാരും ശാസ്ത്രജ്ഞരും തമ്മിലുള്ള ഒരു കൂട്ടുകെട്ട് വെല്ലുവിളികളെ അഭിമുഖീകരിക്കാനുള്ള രാജ്യത്തിന്റെ ശക്തി വര്‍ധിപ്പിക്കും. ജില്ലാ കേന്ദ്രങ്ങളില്‍ ഇത്തരത്തിലുള്ള ശാസ്ത്രാധിഷ്ടിത കാര്‍ഷിക മാതൃകകള്‍ കൃഷിയെ കൂടുതല്‍ മികച്ചതും  ലാഭകരവുമാക്കും. ഇതാണ് ഇന്ന്്് ആരംഭിച്ചിരിക്കുന്ന പ്രചാരണ പരിപാടിയുടെ സത്ത. അതായത് സാങ്കേതിക വിദ്യയിലൂടെ കാലാവസ്ഥാ വ്യതിയാനത്തെ നേരിടുക.


സഹോദരീ സഹോദരന്മാരെ,
പഴമയിലേയ്ക്കു തിരിയുക ഭാവിയിലേയ്ക്കു കുതിക്കുക. ഇതിനിടയിലെ സന്തുലിതാവസ്ഥ നിലനിര്‍ത്താനുള്ള സമയമാണ് ഇത്. പഴമയിലേക്കു തിരിയാന്‍ ഞാന്‍ പറയുമ്പോള്‍ ഞാന്‍ ഉദ്ദേശിക്കുന്നത് നമ്മുടെ പരമ്പരാഗത കൃഷിയുടെ ശക്തിയാണ്. അതിന് ഇന്നത്തെ മിക്ക വെല്ലുവിളികളെയും നേരിടാനുള്ള ഒരു സംരക്ഷണ കവചം ഉണ്ടായിരുന്നു. പരമ്പരാഗതമായി നാം കൃഷി ചെയ്യുന്നുണ്ടായിരുന്നു,ഒപ്പം മൃഗ സംരക്ഷണവും, മത്സ്യകൃഷിയും ഉണ്ടായിരുന്നു. കൂടാതെ അതിനൊപ്പം മറ്റു വിളകളും ഏകകാലത്ത് അതെ കൃഷിയിടത്തില്‍ ചെയ്തു വന്നിരുന്നു. ഇതായിരുന്നു നമ്മുടെ പരമ്പരാഗത കൃഷി രീതി. വിള വൈവിധ്യം. എന്നാല്‍ കാലക്രമത്തില്‍ അത് ഏകവിള സമ്പ്രദായമായി മാറി. പലേ കാരണങ്ങള്‍ കൊണ്ട് കൃഷിക്കാര്‍ ഏക വിള സമ്പ്രദായം സ്വീകരിച്ചു.  നാം സാഹചര്യങ്ങളെ മാറ്റി. കാലാവസ്ഥാ വ്യതിയാനം രൂക്ഷമായി വരുന്ന ഈ സമയത്ത്  നാം ജോലി വേഗത്തിലാക്കണം. കഴിഞ്ഞ അഞ്ചു വര്‍ഷമായി നാം കൃഷിക്കാരുടെ വരുമാനം വര്‍ധിപ്പിക്കാനുള്ള പരിശ്രമത്തിലാണ്. കൃഷിക്കാരെ, കാര്‍ഷികോല്‍പ്പന്നാടിസ്ഥാന വരുമാന സമ്പാദനത്തില്‍ നിന്നും പുറത്തു കടത്തി മൂല്യ വര്‍ധനവിനെ അവരുടെ കാര്‍ഷിക വൃത്തിയുടെ മറ്റൊരു മേഖലയായി തെരഞ്ഞെടുക്കാന്‍ ബോധവല്‍ക്കരിക്കുയാണ്. ചെറുകിട കൃഷിക്കാര്‍ ഇത് വളരെ അടിയന്തിരമായി ചെയ്‌തേ തീരൂ. എണ്‍പതു ശതമാനത്തോളം വരുന്ന ചെറികിട കൃഷിക്കാരിലാണ് നാം ഇപ്പോള്‍ ശ്രദ്ധിക്കുന്നത് മൃഗസംരക്ഷണം, മത്സ്യ കൃഷി എന്നിവയ്ക്ക് ഒപ്പം തേനീച്ച വളര്‍ത്തല്‍, സൗരോര്‍ജ്ജ ഉല്‍പാദനം, മാലിന്യത്തില്‍ നിന്നു പണം അതായത് പാചക വാതകം, എത്‌നോള്‍ തുടങ്ങിയവയുടെ ഉല്‍പാദനം എന്നിവയ്ക്കു കൃഷിക്കാരെ പ്രാപ്തരാക്കുകയാണ്.  ഛത്തിസ്ഗഡ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ കൃഷിക്കാര്‍ ഈ പുതിയ മേഖലകളിലേയ്ക്ക് കടന്നു വരുന്നു എന്നു പറയാന്‍ എനിക്കു സന്തോഷമുണ്ട്.  കൃഷിക്കൊപ്പം രണ്ടു മൂന്നു മേഖലകളില്‍ കൂടി അവര്‍ പ്രവര്‍ത്തിക്കുന്നു.


സുഹൃത്തുക്കളെ,
പ്രാദേശികമായ കാലാവസ്ഥയ്ക്കനുസൃതമായി വിള ഉല്‍പാദനം എന്നതാണ് നമ്മുടെ പരമ്പരാഗത കൃഷി സമ്പ്രദായം.വരള്‍ച്ചയുള്ളിടത്ത് പ്രത്യേക വിള കൃഷി ചെയ്യും. ഇത്തരം വിളകള്‍ക്ക് പോഷക മൂല്യം കൂടുതലായിരിക്കും. പ്രത്യേകിച്ച് ദൃഢധാന്യങ്ങള്‍ക്ക്. ഇതില്‍ ചാമ, കോറ, തുടങ്ങിയ ചെറു ധാന്യങ്ങള്‍ വളരെ പ്രധാനപ്പെട്ടവയാണ്. അവ ആരോഗ്യത്തെ വര്‍ധിപ്പിക്കും എന്ന് വിദഗ്ധര്‍ പറയുന്നു. ഇപ്പോഴത്തെ ജീവിത ശൈലി  രോഗങ്ങള്‍ക്ക് ഇത്തരം ധാന്യങ്ങള്‍ നല്ല പ്രതിവിധിയാണ്.
സഹോദരീ സഹോദരന്മാരെ,
ഐക്യരാഷ്ട്ര സഭ അടുത്ത വര്‍ഷത്തെ അതായത് 2023 നെ ചെറുധാന്യങ്ങളുടെ വര്‍ഷമായി പ്രഖ്യാപിച്ചിരിക്കുകയാണ്. അത് നമ്മുടെ പ്രയത്‌നഫലമായിട്ടാണ് എന്നറിയുമ്പോള്‍ നിങ്ങള്‍ക്ക് സന്തോഷമായിരിക്കും. ഇന്ത്യയിലെ പരമ്പരാഗതമായ ചെറുധാന്യ കൃഷിയെയും മറ്റ് പയര്‍ വര്‍ഗ്ഗങ്ങളെയും അന്താരാഷ്ട്ര തലത്തില്‍ പ്രദര്‍ശിപ്പിക്കാനും ്അവയ്ക്കു പുതിയ വിപണി കണ്ടെത്താനുമുള്ള  വലിയ അവസരമായിരിക്കും ഇത് നല്‍കുക. എന്നാല്‍ അതിനായി നാം ഇപ്പോള്‍ മുതല്‍ പണിയെടുക്കണം. രാജ്യത്തെ സാമൂഹിക വിദ്യാഭ്യാസ സ്ഥാപനങ്ങളോട് ചെറു ധാന്യങ്ങളുമായി ബന്ധപ്പെട്ട ഭക്ഷ്യ മേളകള്‍ സംഘടിപ്പിക്കുവാനും ഇവ ഉപയോഗിച്ച് പുതിയ ഭക്ഷ്യവിഭവങ്ങള്‍ തയാറാക്കാനുള്ള മത്സരങ്ങള്‍ നടത്താനും ഇന്ന് ഈ അവസരത്തില്‍ ഞാന്‍ അഭ്യര്‍ഥിക്കുന്നു. കാരണം ഇവയെ നാം 2023 ല്‍ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കും. ജനങ്ങള്‍ക്കിടയില്‍ നാം ബോധവല്‍ക്കരണവും പുതുമയും കൊണ്ടുവരണം. ചെറുദാന്യങ്ങളുടെ വെബ് സൈറ്റുകള്‍ വികസിപ്പിക്കണം.  ബോധവല്‍ക്കണ പരിപാടികള്‍ നടത്തണം. ജനങ്ങള്‍ മുന്നോട്ടു വന്ന് പുതുയ പാചക കുറിപ്പുകള്‍ കൈമാറണം. അതിന്റെ ഗുണങ്ങള്‍ പ്രചരിപ്പിക്കണം. ചെറുധാന്യങ്ങളുടെ പ്രയോജനങ്ങളും മറ്റ് വിവരങ്ങളും വെബ് സൈറ്റില്‍ ചേര്‍ക്കണം.  അങ്ങിനെ ജനങ്ങലെ അതുമായി ബന്ധപ്പെടുത്തണം എന്നാണ് എന്റെ കാഴ്ച്ചപ്പാട്. സംസ്ഥാനങ്ങള്‍ കൃഷിവകുപ്പിലും സര്‍വകലാശാലകളിലും ഇതുമായി ബന്ധപ്പെട്ട ദൗത്യ സേനകളെ നിയോഗിക്കണം എന്നും ഞാന്‍ ആഗ്രഹിക്കുന്നു. ഇതില്‍ കൃഷിക്കാരെയും ശാസ്ത്രജ്ഞരെയും ഉല്‍പ്പെടുത്തുകയും വേണം.2023 നായി നാം ഇപ്പോള്‍ മുതല്‍ തയാറെടുക്കണം. ലോകം ചെറുധാന്യ വര്‍ഷം ആചരിക്കുമ്പോള്‍ ഇന്ത്യയുടെ സംഭാവന എന്തായിരിക്കണം  ഇന്ത്യക്ക് എങ്ങനെ നയിക്കാന്‍ സാധിക്കും ഇന്ത്യയിലെ കൃഷിക്കാര്‍ എങ്ങിനെ അതിനെ നന്നായി ഉപയോഗപ്പെടുത്തും എന്ന് നാം ഇപ്പോള്‍ നിശ്ചയിക്കണം.
ലക്ഷ്യം മറ്റൊന്നുമല്ല, ഇത് രാജ്യത്ത് വിവിധ ഭാഗങ്ങളില്‍ കൃഷി ചെയ്യാന്‍ സാധിക്കണം. ഇന്നു നാം പുറത്തിറക്കിയിരിക്കുന്ന ഈ പുതിയ വിത്തുകളില്‍ ഈ പരിശ്രമത്തിന്റെ മിന്നലാട്ടം നമുക്ക് കാണാന്‍ സാധിക്കുന്നു. പ്രാദേശിക അവസ്ഥകള്‍ക്ക് അനുസൃതമായ കാര്‍ഷിക സാങ്കേതിക വിദ്യകള്‍ക്കായുള്ള പരീക്ഷണങ്ങള്‍ രാജ്യത്തെ 150 ലധികം കൂട്ടായ്മകളില്‍ നടന്നു വരുന്നു എന്നാണ് ഞാന്‍ മനസിലാക്കുന്നത്. ശാസ്ത്രത്തിന്റെയും ഗവേഷണത്തിന്റെയും പരിഹാര മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് തിന, ചോളം, വരക്, ചാമ തുടങ്ങിയ ചെറു ധാന്യങ്ങളും  മറ്റ് ധാന്യങ്ങളും വികസിപ്പിക്കുക  അനുപേക്ഷണീയമാണ്.
സുഹൃത്തുക്കളെ,
നമ്മുടെ പരമ്പരാഗത കൃഷിരീതികള്‍ക്കൊപ്പം, മുന്നോട്ടുള്ള കുതിപ്പും പ്രധാനപ്പെട്ടതാണ്. ഭാവിയെ കുറിച്ചു സംസാരിക്കുമ്പോള്‍ പുത്തന്‍ കാര്‍ഷിക ഉപകരണങ്ങളാണ് അതിന്റെ കാതല്‍. ആധുനിക കാര്‍ഷിക ഉപകരണങ്ങളും യന്ത്രങ്ങളും പ്രോത്സാഹിപ്പിച്ചതിന്റെ ഫലങ്ങള്‍ ഇന്നു ദൃശ്യമായി തുടങ്ങിയിരിക്കുന്നു. ഭാവി ഇത്തരം സ്മാര്‍ട്ട് മെഷീനുകളുടേതാണ്.രാജ്യത്ത് ആദ്യമായി ഡ്രോണുകള്‍ ഗ്രാമത്തിലെ വസ്തു രേഖകള്‍ തയാറാക്കുന്നതിന് നാം സാക്ഷികളായിരിക്കുന്നു. കൃഷിയിലും ഇവയുടെ ഉപയോഗം വര്‍ധിച്ചിട്ടുണ്ട്. ഭാവിയില്‍ കാര്‍ഷിക മേഖലയിലെ പല വെല്ലുവിളികള്‍ക്കും ഇത് ഉത്തരമാകും. പുതിയ നയം ഇതിന് സഹായകരമാകും.


സുഹൃത്തുക്കളെ,
വിത മുതല്‍ വിപണി  വരെ നാം ആധുനിക വത്ക്കരിക്കുകയാണ്. നിര്‍മ്മിത ബുദ്ധിയ്ക്കും ബ്ലോക്ക് ചെയിനിനും  ഡിമാന്റ് സപ്ലൈ എന്നിവയുമായി ബന്ധപ്പെട്ട എല്ലാ വെല്ലുവിളികളെയും നേരിടാന്‍ സാധിക്കും.ഇത്തരം നവീകരണങ്ങളും നവ സംരംഭങ്ങളും നാം പ്രോത്സാഹിപ്പിക്കണം. അവയ്ക്ക് ഇത്തരം സാങ്കേതിക വിദ്യകളെ ഗ്രാമങ്ങളില്‍ എത്തിക്കാന്‍ സാധിക്കും. രാജ്യത്തെ കൃഷിക്കാര്‍ ഇത്തരം പുതിയ ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങിയാല്‍ കാര്‍ഷിക മേഖല മാറും. കൃഷിക്കാര്‍ക്ക് പുതിയ സാങ്കേതിക വിദ്യ മിതമായ നിരക്കില്‍ നല്‍ക്കാന്‍ നവ സംരംഭങ്ങള്‍ക്ക് വലിയ അവസരമാണ് ഉള്ളത്. ഇതിനായി രാജ്യത്തെ യുവാക്കളെ ഞാന്‍ ആഹ്വാനം ചെയ്യുന്നു.
സുഹൃത്തുക്കളെ,
സ്വാതന്ത്ര്യത്തിന്റെ ഈ ചരിത്ര കാലത്ത് നാം ആധുനിക ശാസ്ത്രത്തെ കൃഷിയുമായി ബന്ധപ്പെടുത്തി ഗ്രാമങ്ങളിലേയ്ക്കു കൊണ്ടു പോകണം. പുതിയ. ദേശീയ വിദ്യാഭ്യാസ നയത്തില്‍ ഇതുമായി ബന്ധപ്പെട്ട ചില സുപ്രധാന ചുവടുകള്‍ നാം വച്ചു  കഴിഞ്ഞു. മിഡില്‍ സ്‌കൂള്‍ വരെ കൃഷിയുമായി ബന്ധപ്പെട്ട ഗവേഷണവും സാങ്കേതിക വിദ്യയും നാം സ്‌കൂള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കിയിട്ടുണ്ട്. സ്‌കൂള്‍ തലം മുതല്‍ ,കൃഷി തൊഴിലാക്കുന്നതിന് നമ്മുടെ കുട്ടികള്‍ക്ക് സ്വയം തയാറാകാം സുഹൃത്തുക്കളെ,


നാം ഇന്ന് ആരംഭിച്ച ഈ പ്രചാരണപരിപാടിയെ ഒരു ജനകീയ മുന്നേറ്റമാക്കുന്നതിന് നമുക്ക് നമ്മുടെ ഭാഗഭാഗിത്വം ഉറപ്പാക്കാം.രാജ്യത്തെ അപോഷണ വിമുക്തമാക്കുന്നതിന്  ഇത് ദേശീയ പോഷകാഹാര ദൗത്യത്തെയും ശാക്തീകരിക്കും. കുട്ടികള്‍ക്ക് സ്‌കൂളുകളില്‍ പോഷകാഹാര മൂല്യമുള്ള ചോറ് മാത്രമെ നല്‍കാവൂ എന്ന് ഗവണ്‍മെന്റ് നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. അടുത്ത കാലത്ത് ഒളിമ്പിക് താരങ്ങളോട് അപോഷണത്തിനെതിരായുള്ള പ്രചാരണ പരിപാടി നടത്താന്‍ ഞാന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.  ഓരോ താരവും അടുത്ത ഒന്നു രണ്ടു വര്‍ഷം കൊണ്ട് 75 സ്‌കൂളുകളിലെങ്കിലും പോയി ഈ പരിപാടിയില്‍ പങ്കെടുക്കും.  കുട്ടികളുമായി പോഷകാഹാരത്തെ കുറിച്ച് സംസാരിക്കും. ഇന്ന് എല്ലാ വിദ്യാഭ്യാസ പ്രവര്‍ത്തകരോടും ശാസ്ത്രജ്ഞരോടും സ്ഥാപനങ്ങളോടും  സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ലക്ഷ്യമാക്കാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. 75 ദിവസത്തെ പ്രചാരണം ഏറ്റെടുത്ത് 75 ഗ്രാമങ്ങള്‍ സന്ദര്‍ശിച്ച്  75 സ്‌കൂളികളില്‍ ഈ ബോധവത്ക്കരണം നടത്താം. ഇത് രാജ്യത്തെ എല്ലാ ജില്ലകളിലും നടക്കട്ടെ. കൃഷിക്കാരോട് പുതിയ വിളകളെ കുറിച്ച് പറയാം.ശാക്തീകരിച്ച വിത്തുകളെ കുറിച്ചും കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിനെ കുറിച്ചും  പറയാം. ഇത്തരം ഒരു ശ്രമം നാമെല്ലാവരും നടത്തിയാല്‍ രാജ്യത്തെ കാര്‍ഷിക മേഖലയെ കാലാവസ്ഥാ വ്യതിയാനത്തിന്റെ ചാഞ്ചാട്ടത്തില്‍ നിന്നു രക്ഷപ്പെടുത്താനാലും എന്നു ഞാന്‍ വിശ്വസിക്കുന്നു. ഒപ്പം കൃഷിക്കാരുടെ അഭിവൃദ്ധിയും രാജ്യത്തിന്റെ ആരോഗ്യ സുരക്ഷയും ഇതു വഴി ഉറപ്പാക്കാനും സാധിക്കും. ഒരിക്കല്‍ കൂടി നിങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍.  എല്ലാ കര്‍ഷക സുഹൃത്തുക്കള്‍ക്കും പുതിയ ദേശീയ ഗവേഷണ കേന്ദ്രത്തിനും.ഇന്ന് പുരസ്‌കാരം നേടിയ എല്ലാ സര്‍വകലാശാലകള്‍ക്കും  എന്റെ ആശംസകള്‍.കാരണം വെല്ലുവിളികളെ അഭിമുഖീകരിക്കാന്‍  ശാസ്ത്ര സംവിധാനങ്ങള്‍ക്കും ശാസ്ത്ര മനസുകള്‍ക്കും ശാസ്ത്രീയ രീതികള്‍ക്കും മാത്രമെ മികച്ച പരിഹാരങ്ങള്‍ മുന്നോട്ടു വയ്ക്കാന്‍ സാധിക്കുകയുള്ളു.




(Release ID: 1759510) Visitor Counter : 314