ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

ഇ-സഞ്ജീവനി 1.2 കോടി കൺസൾറ്റേഷനുകൾ  പൂർത്തിയാക്കി

Posted On: 21 SEP 2021 10:46AM by PIB Thiruvananthpuram

 

ന്യൂ ഡൽഹി, സെപ്റ്റംബർ 21, 2021

ഇന്ത്യ ഗവൺമെന്റിന്റെ ദേശീയ ടെലിമെഡിസിൻ സേവനമായ ഇ-സഞ്ജീവനി 1.2 കോടി കൺസൾട്ടേഷനുകൾ പൂർത്തിയാക്കി രാജ്യത്തെ ഏറ്റവും ജനപ്രിയവും വലുതുമായ ടെലിമെഡിസിൻ സേവനമായി മാറി. നിലവിൽ ഇത് രാജ്യത്തുടനീളമായി പ്രതിദിനം 90,000 രോഗികൾക്ക് സേവനം ലഭ്യമാക്കുന്നു.

രണ്ട് രീതികളിലൂടെയാണ് ഇ-സഞ്ജീവനി പ്രവർത്തിക്കുന്നത്. ഇ-സഞ്ജീവനി എബി-എച്ഡബ്ല്യൂസി (eSanjeevani AB-HWC - ഡോക്ടർമാർക്ക് ഇടയിലുള്ള ടെലിമെഡിസിൻ പ്ലാറ്റ്ഫോം), ഇ-സഞ്ജീവനി ഓപിഡി (eSanjeevani OPD-രോഗിക്കും ഡോക്ടർക്കും ഇടയിലുള്ള ടെലിമെഡിസിൻ പ്ലാറ്റ്ഫോം).

ഇ-സഞ്ജീവനി എബി-എച്ഡബ്ല്യൂസി ഏകദേശം 67,00,000 കൺസൾട്ടേഷനുകൾ പൂർത്തിയാക്കി. ആയുഷ്മാൻ ഭാരത് പദ്ധതിയുടെ കീഴിൽ ആരോഗ്യ-ക്ഷേമ കേന്ദ്രങ്ങളിൽ ഇത് നടപ്പിലാക്കുന്നു.

ഇതുവരെ, 51,00,000 -ലധികം രോഗികൾക്ക് ഇസഞ്ജീവനി ഒപിഡി വഴി സേവനം നൽകിയിട്ടുണ്ട്. അതിൽ ജനറൽ ഒപിഡികളും സ്പെഷ്യാലിറ്റി ഒപിഡികളും ഉൾപ്പടെ 430 ഓൺലൈൻ ഒപിഡികൾ ആണ് ഉള്ളത്.

ഇന്ത്യയിലെ നഗരങ്ങളിലും ഗ്രാമങ്ങളിലും നിലനിൽക്കുന്ന ആരോഗ്യരംഗത്തെ ഡിജിറ്റൽ വിടവ് ഇ-സഞ്ജീവനി ഇല്ലാതാക്കുന്നു. അടിസ്ഥാന തലത്തിൽ ഡോക്ടർമാരുടെയും സ്പെഷ്യലിസ്റ്റുകളുടെയും കുറവ് പരിഹരിക്കുന്നതിനോടൊപ്പം, ദ്വിതീയ, തൃതീയ തലത്തിലുള്ള ആശുപത്രികളിന്മേലുള്ള ഭാരവും കുറക്കാൻ സഹായിക്കുന്നു.

ഈ ഡിജിറ്റൽ സംരംഭം രാജ്യത്തെ ഡിജിറ്റൽ ആരോഗ്യ ആവാസവ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. മൊഹാലിയിലെ C-DAC വികസിപ്പിച്ചെടുത്ത ഒരു തദ്ദേശീയ സാങ്കേതിക വിദ്യയാണിത്.


കൺസൾറ്ററ്റേഷനുകളിൽ മുൻനിരയിലുള്ള 10 സംസ്ഥാനങ്ങളിൽ, 2,60,654 കൺസൾട്ടേഷനുകളോടെ കേരളം പത്താം സ്ഥാനത്താണ്.


RRTN/SKY



(Release ID: 1756700) Visitor Counter : 234