പ്രധാനമന്ത്രിയുടെ ഓഫീസ്‌

അലിഗഢില്‍ രാജാ മഹേന്ദ്ര പ്രതാപ് സിങ് സംസ്ഥാന സര്‍വകലാശാലയുടെ ശിലാസ്ഥാപനം നിര്‍വഹിച്ച് പ്രധാനമന്ത്രി


ഉത്തര്‍പ്രദേശ് പ്രതിരോധ വ്യവസായ ഇടനാഴിയിലെ അലിഗഢ് നോഡിന്റെ പ്രദര്‍ശന മാതൃകകളും പ്രധാനമന്ത്രി സന്ദര്‍ശിച്ചു


ദേശീയ നായകന്മാരുടെയും നായികമാരുടെയും ത്യാഗങ്ങളെക്കുറിച്ച് തലമുറകളെ ബോധവല്‍ക്കരിച്ചിട്ടില്ല. ഇരുപതാം നൂറ്റാണ്ടിന്റെ ഈ തെറ്റുകള്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യ തിരുത്തുകയാണ്: പ്രധാനമന്ത്രി


നമ്മുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ ഏതറ്റം വരെയും പോകാനുള്ള അദമ്യമായ ഇച്ഛാശക്തിയും സന്നദ്ധതയും നമ്മെ പഠിപ്പിക്കുന്നതാണു രാജാ മഹേന്ദ്ര പ്രതാപ് സിങ് ജിയുടെ ജീവിതം: പ്രധാനമന്ത്രി


ലോകത്തിലെ വലിയ പ്രതിരോധ ഇറക്കുമതിക്കാരനെന്ന പ്രതിച്ഛായ ഉപേക്ഷിക്കുകയും ലോകത്തിലെ പ്രധാന പ്രതിരോധ കയറ്റുമതിക്കാരനെന്ന പുതിയ വ്യക്തിത്വം നേടുകയുമാണ് ഇന്ത്യ: പ്രധാനമന്ത്രി


രാജ്യത്തിലെയും ലോകത്തിലെയും ചെറുതും വലുതുമായ ഓരോ നിക്ഷേപകര്‍ക്കും ഏറെ ആകര്‍ഷകമായ സ്ഥലമായി ഉയര്‍ന്നുവരികയാണ് ഉത്തര്‍പ്രദേശ്: പ്രധാനമന്ത്രി


ഇരട്ട എന്‍ജിന്‍ ഗവണ്‍മെന്റിന്റെ ഇരട്ട ആനുകൂല്യത്തിന്റെ മികച്ച ഉദാഹരണമായി മാറുകയാണ് ഉത്തര്‍പ്രദേശ് ഇന്ന്: പ്രധാനമന്ത്രി

Posted On: 14 SEP 2021 2:19PM by PIB Thiruvananthpuram

അലിഗഢിലെ രാജാ മഹേന്ദ്ര പ്രതാപ് സിങ് സംസ്ഥാന സര്‍വകലാശാലയുടെ ശിലാസ്ഥാപനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നിര്‍വഹിച്ചു. ഉത്തര്‍പ്രദേശ് പ്രതിരോധ വ്യവസായ ഇടനാഴിയുടെ അലിഗഢ് നോഡിന്റെയും രാജാ മഹേന്ദ്ര പ്രതാപ് സിങ് സംസ്ഥാന സര്‍വകലാശാലയുടെയും പ്രദര്‍ശന മാതൃകകളും പ്രധാനമന്ത്രി സന്ദര്‍ശിച്ചു.

അന്തരിച്ച കല്യാണ്‍ സിങ്ജിയെയും ചടങ്ങില്‍ പ്രധാനമന്ത്രി അനുസ്മരിച്ചു. പ്രതിരോധ മേഖലയില്‍ അലിഗഢ് ഉയര്‍ന്നുവരുന്നതും അലിഗഢില്‍ രാജാ മഹേന്ദ്ര പ്രതാപ് സിങ് സംസ്ഥാന സര്‍വകലാശാല സ്ഥാപിക്കുന്നതും കല്യാണ്‍ സിങ്ജിക്ക് വളരെ സന്തോഷമുളവാക്കുമായിരുന്ന കാര്യങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു.

സ്വാതന്ത്ര്യസമരത്തില്‍ നിരവധി മഹദ്‌വ്യക്തികള്‍ തങ്ങളാല്‍ കഴിയുന്ന സംഭാവനകള്‍ നല്‍കി എന്ന കാര്യം പ്രധാനമന്ത്രി അടിവരയിട്ടു പറഞ്ഞു. എന്നാല്‍, സ്വാതന്ത്ര്യലബ്ധിക്കുശേഷം, രാജ്യത്തു പിന്നീടുവന്ന തലമുറകളെ ദേശീയ നായകന്മാരുടെയും നായികമാരുടെയും ത്യാഗത്തെക്കുറിച്ച് ബോധവല്‍ക്കരിക്കാത്തത് നിര്‍ഭാഗ്യകരമാണ്. രാജ്യത്തെ നിരവധി തലമുറകള്‍ അവരുടെ കഥകള്‍ അറിയാതെപോയതില്‍ ഖേദമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ന്, 21-ാം നൂറ്റാണ്ടില്‍, 20-ാം നൂറ്റാണ്ടിലെ ഈ തെറ്റുകള്‍ ഇന്ത്യ തിരുത്തുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

നമ്മുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ ഏതറ്റം വരെയും പോകാനുള്ള അദമ്യമായ ഇച്ഛാശക്തിയും സന്നദ്ധതയും നമ്മെ പഠിപ്പിക്കുന്നതാണു രാജാ മഹേന്ദ്ര പ്രതാപ് സിങ് ജിയുടെ ജീവിതമെന്ന്, രാജാ മഹേന്ദ്ര പ്രതാപ് സിങ്ജിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. രാജാ മഹേന്ദ്ര പ്രതാപ് സിങ് ജി ഇന്ത്യയുടെ സ്വാതന്ത്ര്യം ആഗ്രഹിച്ചിരുന്നുവെന്നും തന്റെ ജീവിതത്തിലെ ഓരോ നിമിഷവും ഇതിനായി നീക്കിവച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ന്, ആസാദി കാ അമൃത് മഹോത്സവത്തിന്റെ വേളയില്‍, ഇന്ത്യ വിദ്യാഭ്യാസത്തിന്റെയും നൈപുണ്യ വികസനത്തിന്റെയും പാതയിലേക്ക് നീങ്ങുമ്പോള്‍, ഭാരതമാതാവിന്റെ വിലപ്പെട്ട ഈ പുത്രന്റെ പേരില്‍ സര്‍വകലാശാല സ്ഥാപിക്കുന്നത് യഥാര്‍ത്ഥത്തില്‍ അദ്ദേഹത്തിനുള്ള ഉചിതമായ ആദരമാണെന്നു പ്രധാനമന്ത്രി പറഞ്ഞു. സര്‍വകലാശാല ഉന്നത വിദ്യാഭ്യാസത്തിന്റെ ഒരു വലിയ കേന്ദ്രമായി മാറുക മാത്രമല്ല, ആധുനിക പ്രതിരോധ പഠനങ്ങള്‍, പ്രതിരോധ നിര്‍മ്മാണവുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യ, മനുഷ്യശക്തി വികസനം എന്നിവയുടെ കേന്ദ്രമായി ഉയര്‍ന്നുവരുമെന്നും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. പ്രാദേശിക ഭാഷാനൈപുണ്യവും വിദ്യാഭ്യാസവും ഉള്‍പ്പെടെയുള്ള പുതിയ ദേശീയ വിദ്യാഭ്യാസ നയസവിശേഷതകള്‍ ഈ സര്‍വകലാശാലയ്ക്ക് വളരെയധികം പ്രയോജനം ചെയ്യും.

ആധുനിക ഗ്രനേഡുകളും റൈഫിളുകളും മുതല്‍ യുദ്ധവിമാനങ്ങള്‍, ഡ്രോണുകള്‍, യുദ്ധക്കപ്പലുകള്‍ വരെയുള്ള പ്രതിരോധ ഉപകരണങ്ങള്‍ ഇന്ത്യ നിര്‍മ്മിക്കുന്നത് രാജ്യം മാത്രമല്ല, ലോകം മുഴുവന്‍ കണ്ടുകൊണ്ടിരിക്കുകയാണെന്നു പ്രധാനമന്ത്രി പറഞ്ഞു. ലോകത്തിലെ വലിയ പ്രതിരോധ ഇറക്കുമതിക്കാരനെന്ന പ്രതിച്ഛായയില്‍ നിന്ന് ഇന്ത്യ മാറിക്കൊണ്ടിരിക്കുകയാണെന്നും ലോകത്തിലെ പ്രധാന പ്രതിരോധ കയറ്റുമതിക്കാരനെന്ന പുതിയ വ്യക്തിത്വം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ പരിവര്‍ത്തനത്തിന്റെ ഒരു വലിയ കേന്ദ്രമായി ഉത്തര്‍പ്രദേശ് മാറുകയാണ്. ഉത്തര്‍പ്രദേശില്‍ നിന്നുള്ള ലോക്‌സഭാംഗമായതില്‍ താന്‍ അഭിമാനിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഒന്നര ഡസന്‍ പ്രതിരോധ നിര്‍മാണ കമ്പനികളുടെ നൂറുകണക്കിന് കോടി രൂപ നിക്ഷേപത്തോടെ ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് അദ്ദേഹം അറിയിച്ചു. പ്രതിരോധ ഇടനാഴിയിലെ അലിഗഢ് നോഡില്‍ ചെറിയ ആയുധങ്ങള്‍, യുദ്ധസാമഗ്രികള്‍, ഡ്രോണുകള്‍, ബഹിരാകാശവുമായി ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ നിര്‍മ്മാണത്തെ പിന്തുണയ്ക്കാന്‍ പുതിയ വ്യവസായങ്ങള്‍ വരുന്നു. ഇത് അലിഗഢിനും സമീപ പ്രദേശങ്ങള്‍ക്കും പുതിയ വ്യക്തിത്വമേകും. കേള്‍വികേട്ട താഴുകള്‍ ഉപയോഗിച്ച് വീടുകളും കടകളും സംരക്ഷിക്കുന്നതില്‍ പ്രശസ്തമായ അലിഗഢ് ഇനി രാജ്യത്തിന്റെ അതിരുകള്‍ സംരക്ഷിക്കുന്ന ഉല്‍പ്പന്നങ്ങള്‍ സൃഷ്ടിക്കുന്നതിലും പ്രശസ്തമാകുമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇത് യുവാക്കള്‍ക്കും എംഎസ്എംഇയ്ക്കും പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിലെയും ലോകത്തിലെയും ചെറുതും വലുതുമായ ഓരോ നിക്ഷേപകര്‍ക്കും ഏറെ ആകര്‍ഷകമായ സ്ഥലമായി ഉയര്‍ന്നുവരികയാണ് ഉത്തര്‍പ്രദേശെന്ന് പ്രധാനമന്ത്രി പറഞ്ഞു. നിക്ഷേപത്തിന് ആവശ്യമായ അന്തരീക്ഷം സൃഷ്ടിക്കുകയും ആവശ്യമായ സൗകര്യങ്ങള്‍ ലഭ്യമാക്കുകയും ചെയ്യുമ്പോള്‍ ഇത് സംഭവിക്കുമെന്ന് ശ്രീ മോദി പറഞ്ഞു. ഇരട്ട എന്‍ജിന്‍ ഗവണ്‍മെന്റിന്റെ ഇരട്ട ആനുകൂല്യത്തിന്റെ ഉത്തമ ഉദാഹരണമായി ഇന്ന് ഉത്തര്‍പ്രദേശ് മാറുകയാണ്.

രാജ്യത്തിന്റെ വികസനത്തിന് തടസ്സമായി നിന്നിരുന്ന അതേ ഉത്തര്‍പ്രദേശ് ഇന്ന് രാജ്യത്തെ വലിയ ക്യാമ്പയിനുകള്‍ക്കു നേതൃത്വം നല്‍കുന്നതില്‍ പ്രധാനമന്ത്രി സന്തുഷ്ടി പ്രകടിപ്പിച്ചു.

2017ന് മുമ്പുള്ള ഉത്തര്‍പ്രദേശിന്റെ അവസ്ഥയെക്കുറിച്ചും പ്രധാനമന്ത്രി വിശദമാക്കി. വിവിധതരം അഴിമതികളും അഴിമതിക്കാര്‍ ഭരണം കൈയാളിയതും ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ക്ക് മറക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇന്ന് യോഗിയുടെ ഗവണ്‍മെന്റ് ഉത്തര്‍പ്രദേശിന്റെ വികസനത്തിനായി ആത്മാര്‍ത്ഥമായി ഇടപെടുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഗുണ്ടകളും മാഫിയകളും ഏകപക്ഷീയമായി ഇവിടെ ഭരണം നടത്തിയിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ കൊള്ളപ്പലിശക്കാരും മാഫിയ രാജ് നടത്തുന്നവരും തടവറയ്ക്കുള്ളിലാണെന്നു പ്രധാനമന്ത്രി പറഞ്ഞു.

മഹാമാരിക്കാലത്ത് ഏറ്റവും ദുര്‍ബലരായ വിഭാഗങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ഉത്തര്‍പ്രദേശ് ഗവണ്‍മെന്റിന്റെ ശ്രമങ്ങളെ പ്രധാനമന്ത്രി എടുത്തുകാട്ടി. മഹാമാരിക്കാലത്ത് ദുര്‍ബല ജനവിഭാഗങ്ങള്‍ക്കും പാവപ്പെട്ടവര്‍ക്കും ഭക്ഷ്യധാന്യം ലഭ്യമാക്കിയ രീതിയെയും അദ്ദേഹം പ്രശംസിച്ചു. കുറച്ചു ഭൂമിമാത്രമുള്ള കര്‍ഷകര്‍ക്ക് കരുത്തുപകരുന്നതിനുള്ള കേന്ദ്രഗവണ്‍മെന്റിന്റെ നിരന്തരമായ പരിശ്രമമാണിതെന്ന് പ്രധാനമന്ത്രി പറഞ്ഞു. കുറഞ്ഞ താങ്ങുവില 1.5 മടങ്ങ് വര്‍ദ്ധിപ്പിക്കല്‍, കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വിപുലീകരണം, ഇന്‍ഷുറന്‍സ് പദ്ധതി മെച്ചപ്പെടുത്തല്‍, 3000 രൂപ പെന്‍ഷന്‍ നല്‍കല്‍ തുടങ്ങിയ നിരവധി സംരംഭങ്ങള്‍ ചെറുകിട കര്‍ഷകരെ ശാക്തീകരിച്ചു. സംസ്ഥാനത്തെ കരിമ്പ് കര്‍ഷകര്‍ക്ക് 1,40,000 കോടി രൂപയിലധികം നല്‍കിയതായും പ്രധാനമന്ത്രി അറിയിച്ചു. പെട്രോളില്‍ എഥനോള്‍ ചേര്‍ക്കുന്നതു വര്‍ദ്ധിപ്പിക്കുന്നതിലൂടെ പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ കരിമ്പ് കര്‍ഷകര്‍ക്ക് പ്രയോജനം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

****



(Release ID: 1754771) Visitor Counter : 222