പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

സര്‍ദാര്‍ധാം ഭവന്റെ സമര്‍പ്പണവും സര്‍ദാര്‍ധാം രണ്ടാംഘട്ടം കന്യാ ഛാത്രാലയയുടെ ഭൂമിപൂജയും നിര്‍വഹിച്ച് പ്രധാനമന്ത്രി

തമിഴ് മഹാകവി സുബ്രഹ്‌മണ്യ ഭാരതിയുടെ നൂറാം ചരമവാര്‍ഷികത്തില്‍, വാരാണസിയിലെ ബിഎച്ച്യു ഫാക്കല്‍റ്റി ഓഫ് ആര്‍ട്‌സില്‍ തമിഴ് പഠനത്തിനായുള്ള 'സുബ്രഹ്‌മണ്യ ഭാരതി ചെയറും' പ്രധാനമന്ത്രി പ്രഖ്യാപിച്ചു

സര്‍ദാര്‍ സാഹിബ് വിഭാവനം ചെയ്ത 'ഏക ഭാരതം ശ്രേഷ്ഠ ഭാരതം' എന്ന ദര്‍ശനം മഹാകവി ഭാരതിയുടെ തമിഴ് രചനകളില്‍ പവിത്രമായി വിളങ്ങുന്നു

ഈ മാനുഷിക മൂല്യങ്ങളിലൂടെ മാത്രമേ 9/11 പോലുള്ള വിപത്തുകള്‍ക്ക് ശാശ്വത പരിഹാരമുണ്ടാകൂ എന്ന് ലോകം ഇന്ന് തിരിച്ചറിയുന്നു: പ്രധാനമന്ത്രി

മഹാമാരി ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയെ ബാധിച്ചു; പക്ഷേ നമ്മുടെ തിരിച്ചുവരവ് തകര്‍ച്ചയേക്കള്‍ വേഗത്തിലാണ്: പ്രധാനമന്ത്രി

വമ്പന്‍ സമ്പദ്വ്യവസ്ഥകള്‍ പ്രതിരോധത്തിലായ സമയത്ത് ഇന്ത്യ നവീകരണത്തിന്റെ പാതയിലായിരുന്നു: പ്രധാനമന്ത്രി

Posted On: 11 SEP 2021 1:00PM by PIB Thiruvananthpuram

സര്‍ദാര്‍ധാം ഭവന്റെ സമര്‍പ്പണവും സര്‍ദാര്‍ധാം രണ്ടാംഘട്ടം കന്യാ ഛാത്രാലയയുടെ ഭൂമിപൂജയും പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിച്ചു. ഗുജറാത്ത് മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ചടങ്ങില്‍ പങ്കെടുത്തു.

ഗണേശോത്സവവേളയില്‍ സര്‍ദാര്‍ ധാം ഭവന്‍ സമര്‍പ്പിക്കുന്നതില്‍ പ്രധാനമന്ത്രി ആഹ്ലാദം പ്രകടിപ്പിച്ചു. അദ്ദേഹം ഏവര്‍ക്കും ഗണേശ ചതുര്‍ത്ഥി, ഗണേശോത്സവം, ഋഷി പഞ്ചമി, ക്ഷമാവാണി ദിനാശംസകള്‍ നേര്‍ന്നു. മാനവസേവയ്ക്കായി സമര്‍പ്പിച്ചതിന് സര്‍ദാര്‍ ധാം ട്രസ്റ്റുമായി ബന്ധപ്പെട്ട എല്ലാവരെയും അദ്ദേഹം അഭിനന്ദിച്ചു. പാട്ടീദാര്‍ സമൂഹത്തിലെ യുവാക്കളുടെയും പാവപ്പെട്ടവരുടെയും, പ്രത്യേകിച്ച് സ്ത്രീകളുടെയും ശാക്തീകരണത്തിന് അവര്‍ ഊന്നല്‍ നല്‍കിയതിനെ അദ്ദേഹം അഭിനന്ദിച്ചു.

ഇന്ന് ഉദ്ഘാടനം ചെയ്യുന്ന ഹോസ്റ്റല്‍ സൗകര്യം നിരവധി പെണ്‍കുട്ടികള്‍ക്കു മുന്നോട്ടുവരാന്‍ സഹായകമാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. അത്യാധുനിക കെട്ടിടവും പെണ്‍കുട്ടികള്‍ക്കുള്ള ഹോസ്റ്റലും ആധുനിക ലൈബ്രറിയും യുവാക്കളെ ശാക്തീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സംരംഭകത്വ വികസന കേന്ദ്രം ഗുജറാത്തിന്റെ കരുത്തുറ്റ വ്യവസായ വ്യക്തിത്വം സമ്പുഷ്ടമാക്കും. സിവില്‍ സര്‍വീസ് സെന്റര്‍ സിവില്‍, ഡിഫന്‍സ്, ജുഡീഷ്യല്‍ സേവനങ്ങളില്‍ താല്‍പ്പര്യമുള്ള യുവാക്കള്‍ക്ക് പുതിയ ദിശാബോധം നല്‍കുകയും ചെയ്യും. സര്‍ദാര്‍ ധാം രാജ്യത്തിന്റെ ഭാവി കെട്ടിപ്പടുക്കുന്നതിനുള്ള സ്ഥാപനമായി മാറും. മാത്രമല്ല, ഭാവി തലമുറകള്‍ക്ക് സര്‍ദാര്‍ സാഹിബിന്റെ ആദര്‍ശങ്ങള്‍ ജീവിക്കാന്‍ പ്രചോദനമേകുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന്, സെപ്റ്റംബര്‍ 11, ലോകചരിത്രത്തില്‍ മാനവരാശിക്കു കനത്ത തിരിച്ചടി നല്‍കിയ ദിവസമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ ഈ ദിവസം നിരവധി കാര്യങ്ങള്‍ ലോകത്തെ പഠിപ്പിച്ചു! ഒരു നൂറ്റാണ്ട് മുമ്പ്, 1893 സെപ്റ്റംബര്‍ 11ന് ചിക്കാഗോയില്‍ ലോകമതസമ്മേളനം നടന്നു. ആ ദിവസം, സ്വാമി വിവേകാനന്ദന്‍ ആ ആഗോള വേദിയില്‍ വച്ച് മാനവിക മൂല്യങ്ങള്‍ ലോകത്തിനു പരിചയപ്പെടുത്തി. അത്തരം മാനുഷിക മൂല്യങ്ങളിലൂടെ മാത്രമേ 9/11 പോലുള്ള ദുരന്തങ്ങള്‍ക്ക് ശാശ്വത പരിഹാരം ഉണ്ടാകൂ എന്ന് ലോകം ഇന്ന് തിരിച്ചറിയുന്നു.

സെപ്റ്റംബര്‍ 11 മറ്റൊരു മഹത്തായ ദിനം  കൂടിയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. മഹാനായ പണ്ഡിതനും തത്ത്വചിന്തകനും സ്വാതന്ത്ര്യസമര സേനാനിയുമായ സുബ്രഹ്‌മണ്യ ഭാരതിയുടെ നൂറാം ചരമവാര്‍ഷിക ദിനമാണിന്ന്. സര്‍ദാര്‍ സാഹിബ് വിഭാവനം ചെയ്ത 'ഏക ഭാരതം ശ്രേഷ്ഠ ഭാരതം' എന്ന ദര്‍ശനം മഹാകവി ഭാരതിയുടെ തമിഴ് രചനകളില്‍ പവിത്രമായി വിളങ്ങുന്നു. സുബ്രഹ്‌മണ്യഭാരതി സ്വാമി വിവേകാനന്ദനില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതായും ശ്രീ അരബിന്ദോ അദ്ദേഹത്തെ സ്വാധീനിച്ചിരുന്നതായും പ്രധാനമന്ത്രി പറഞ്ഞു. കാശിയിലെ ജീവിതകാലത്ത് ഭാരതി തന്റെ ചിന്തകള്‍ക്കും പുത്തന്‍ ഊര്‍ജത്തിനും പുതിയ ദിശാബോധം നല്‍കി. ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ 'സുബ്രഹ്‌മണ്യ ഭാരതി ചെയര്‍' സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ബിഎച്ച്യു ഫാക്കല്‍റ്റി ഓഫ് ആര്‍ട്‌സിലാണ് തമിഴ് പഠനത്തിനായുള്ള 'സുബ്രഹ്‌മണ്യ ഭാരതി ചെയര്‍' സ്ഥാപിക്കുകയെന്ന് അദ്ദേഹം പറഞ്ഞു. സുബ്രഹ്‌മണ്യഭാരതി ജി എല്ലായ്‌പ്പോഴും മനുഷ്യരാശിയുടെ ഐക്യത്തിനും ഇന്ത്യയുടെ ഐക്യത്തിനും പ്രത്യേക ഊന്നെല്‍ നല്‍കിയിരുന്നെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. അദ്ദേഹത്തിന്റെ ആശയങ്ങള്‍ ഇന്ത്യയുടെ ചിന്തയുടെയും ദര്‍ശനത്തിന്റെയും അവിഭാജ്യഘടകമാണ്.

കഴിഞ്ഞ കാലം മുതല്‍ ഇന്നുവരെ കൂട്ടായ പരിശ്രമങ്ങളുടെ നാടാണ് ഗുജറാത്തെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഗാന്ധിജി ദണ്ഡിയാത്ര ആരംഭിച്ചത് ഇവിടെ നിന്നാണ്. അതിപ്പോഴും രാജ്യത്തിന്റെ സ്വാതന്ത്ര്യസമരത്തിലെ കൂട്ടായ പരിശ്രമത്തിന്റെ പ്രതീകമായി ഇന്നും നിലകൊള്ളുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. അതുപോലെ, ഖേദ പ്രസ്ഥാനത്തില്‍, സര്‍ദാര്‍ പട്ടേലിന്റെ നേതൃത്വത്തില്‍, കര്‍ഷകരുടെയും യുവാക്കളുടെയും പാവപ്പെട്ടവരുടെയും ഐക്യം ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ അടിയറവു പറയിപ്പിച്ചു. ആ പ്രചോദനം, ആ ഊര്‍ജം, ഇപ്പോഴും ഗുജറാത്തിന്റെ മണ്ണില്‍ സര്‍ദാര്‍ സാഹിബിന്റെ അംബരചുംബിയായ 'ഏകതാപ്രതിമ'യുടെ രൂപത്തില്‍ നമുക്കു മുന്നില്‍ ഉയര്‍ന്നുനില്‍ക്കുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

സമൂഹത്തില്‍ പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ നിരന്തരമായ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ന് ഒരുവശത്ത് ദലിതരുടെയും സാമൂഹികമായും പിന്നാക്കം നില്‍ക്കുന്നവരുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും മറുവശത്ത് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10% സംവരണം നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. ഈ ശ്രമങ്ങള്‍ സമൂഹത്തില്‍ ഒരു പുതിയ ആത്മവിശ്വാസം സൃഷ്ടിക്കുന്നു- പ്രധാനമന്ത്രി പറഞ്ഞു.

ഭാവിയില്‍ നമ്മുടെ യുവാക്കളില്‍ നിന്ന് വിപണി ആവശ്യപ്പെടുന്ന കഴിവുകള്‍ സംജാതമാക്കാന്‍, ദേശീയ വിദ്യാഭ്യാസ നയം വിദ്യാര്‍ത്ഥികളെ സജ്ജമാക്കുമെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. 'സ്‌കില്‍ ഇന്ത്യ മിഷന്' രാജ്യം വലിയ മുന്‍ഗണന നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഈ ദൗത്യത്തിന് കീഴില്‍, ലക്ഷക്കണക്കിന് യുവാക്കള്‍ക്ക് വ്യത്യസ്ത കഴിവുകള്‍ സ്വായത്തമാക്കാനുള്ള അവസരം ലഭിക്കുകയും സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തരാക്കുകയും ചെയ്യുന്നു. ദേശീയ തൊഴില്‍പരിശീലന പ്രോത്സാഹന പദ്ധതിക്കു കീഴില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ കഴിവുകള്‍ മെച്ചപ്പെടുത്തുന്നതിനൊപ്പം അവരുടെ വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള അവസരവും ലഭിക്കുന്നു. വര്‍ഷങ്ങള്‍ നീണ്ട നിരന്തര പരിശ്രമത്തിന്റെ ഫലമായി ഗുജറാത്തില്‍ ഇന്ന്, ഒരുവശത്ത് സ്‌കൂള്‍ കൊഴിഞ്ഞുപോക്ക് ഒരു ശതമാനത്തില്‍ താഴെയായി കുറഞ്ഞു. അതേസമയം, ലക്ഷക്കണക്കിന് യുവാക്കള്‍ക്ക് വിവിധ പദ്ധതികളിലൂടെ ഒരു പുതിയ ഭാവി നല്‍കി. സ്റ്റാര്‍ട്ടപ്പ് ഇന്ത്യ പോലുള്ള ക്യാമ്പയിനിലൂടെ ഗുജറാത്തിലെ യുവാക്കളുടെ കഴിവുകള്‍ക്ക് പുതിയ ആവാസവ്യവസ്ഥ ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

എവിടെ പോയാലും വ്യവസായങ്ങള്‍ക്കു പുതിയ വ്യക്തിത്വം നല്‍കുന്നവരാണ് പാട്ടീദാര്‍ സമൂഹമെന്ന് പ്രധാനമന്ത്രി പ്രശംസിച്ചു. 'നിങ്ങളുടെ ഈ വൈദഗ്ദ്ധ്യം ഇപ്പോള്‍ ഗുജറാത്തിലും രാജ്യത്തും മാത്രമല്ല, ലോകമെമ്പാടും അംഗീകരിക്കപ്പെട്ടിരിക്കുന്നു'- അദ്ദേഹം പറഞ്ഞു. എവിടെയായിരുന്നാലും ഇന്ത്യയുടെ താല്‍പ്പര്യമാണ് അവര്‍ക്ക് പ്രധാനം എന്നുള്ള മഹത്തായ മറ്റൊരു സവിശേഷതയും പാട്ടീദാര്‍ സമൂഹത്തിനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മഹാമാരി ഇന്ത്യയെ ബാധിച്ചുവെന്നും എന്നാല്‍ തകര്‍ച്ചയേക്കാള്‍ വേഗത്തിലാണു നമ്മുടെ തിരിച്ചുവരവെന്നും പ്രധാനമന്ത്രി പറഞ്ഞു. വന്‍കിട സമ്പദ്വ്യവസ്ഥകള്‍ പ്രതിരോധത്തിലായപ്പോള്‍ ഇന്ത്യ നവീകരണത്തിന്റെ പാതയിലായിരുന്നു. ആഗോള വിതരണ ശൃംഖലകള്‍ തകരാറിലായപ്പോള്‍, ഇന്ത്യക്ക് അനുകൂലമാക്കാന്‍ ഞങ്ങള്‍ പിഎല്‍ഐ  പദ്ധതികള്‍ ആരംഭിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. അടുത്തിടെ ടെക്‌സ്‌റ്റൈല്‍സില്‍ ആരംഭിച്ച പിഎല്‍ഐ,  സൂററ്റ് പോലുള്ള നഗരങ്ങള്‍ക്ക് വളരെയധികം ഗുണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.(Release ID: 1754114) Visitor Counter : 113