പ്രധാനമന്ത്രിയുടെ ഓഫീസ്
ഹിമാചല്‍ പ്രദേശിലെ ആരോഗ്യ പ്രവര്‍ത്തകരും കൊവിഡ് വാക്‌സിനേഷന്‍ ഗുണഭോക്താക്കളുമായുള്ള പ്രധാനമന്ത്രിയുടെ ആശയവിനിമയം
Posted On:
06 SEP 2021 1:20PM by PIB Thiruvananthpuram
ഹിമാചല്‍ പ്രദേശ് ഇന്ന് ഒരു പ്രധാനസേവകനെന്ന നിലയില്‍ മാത്രമല്ല, ഒരു കുടുംബാംഗമെന്ന നിലയിലും എനിക്ക് അഭിമാനിക്കാനുള്ള അവസരം നല്‍കി. ഹിമാചല്‍ ചെറിയ അവകാശങ്ങള്‍ക്കായി കഷ്ടപ്പെടുന്നത് ഞാന്‍ കണ്ടു, ഇന്ന് ഹിമാചലും വികസനത്തിന്റെ കഥ എഴുതുന്നത് ഞാന്‍ കാണുന്നു. ദൈവങ്ങളുടെ അനുഗ്രഹവും ഹിമാചല്‍ ഗവണ്‍മെന്റിന്റെ ഉത്സാഹവും ഹിമാചലിലെ ജനങ്ങളുടെ അവബോധവും കൊണ്ടാണ് ഇതെല്ലാം സാധ്യമായത്. എനിക്ക് ഇന്ന് ആശയവിനിമയം നടത്താന്‍ അവസരം ലഭിച്ച എല്ലാവരോടും ഞാന്‍ ഒരിക്കല്‍ കൂടി നന്ദി രേഖപ്പെടുത്തുന്നു, കൂടാതെ മുഴുവന്‍ സംഘത്തിനും ഞാന്‍ നന്ദി പറയുന്നു. ഒരു ടീമായി പ്രവര്‍ത്തിച്ചുകൊണ്ട് ഹിമാചല്‍ അത്ഭുതകരമായ നേട്ടങ്ങള്‍ കൈവരിച്ചു. ഞാന്‍ നിങ്ങള്‍ക്ക് എല്ലാ ആശംസകളും നേരുന്നു
ഹിമാചല്‍ പ്രദേശ് ഗവര്‍ണര്‍ ശ്രീ രാജേന്ദ്ര ആര്‍ലേക്കര്‍ ജി, ഊര്‍ജ്ജസ്വലനും ജനപ്രിയനുമായ മുഖ്യമന്ത്രി ശ്രീ ജയ് റാം ഠാക്കൂര്‍ ജി, പാര്‍ലമെന്റിലെ ഞങ്ങളുടെ സഹപ്രവര്‍ത്തകനും ഭാരതീയ ജനതാ പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷനും ഹിമാചലിലെ പ്രമുഖനുമായ ശ്രീ ജഗത് പ്രകാശ് നദ്ദ ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകന്‍ ശ്രീ അനുരാഗ് താക്കൂര്‍ ജി, പാര്‍ലമെന്റിലെ എന്റെ സഹപ്രവര്‍ത്തകനും ഹിമാചല്‍ ബിജെപി പ്രസിഡന്റുമായ ശ്രീ സുരേഷ് കശ്യപ് ജി, മറ്റ് മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, പഞ്ചായത്തുകളിലെ ജനപ്രതിനിധികള്‍, ഹിമാചലിലെ എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ!
100 വര്‍ഷത്തെ ഏറ്റവും വലിയ പകര്‍ച്ചവ്യാധിക്കെതിരായ പോരാട്ടത്തില്‍ ഹിമാചല്‍ പ്രദേശ് ഒരു ചാമ്പ്യനായി ഉയര്‍ന്നു, അത്തരമൊരു കാലം 100 വര്‍ഷത്തിനിടെ ഒരിക്കലും കണ്ടിട്ടില്ല. അര്‍ഹരായ മുഴുവന്‍ ജനങ്ങള്‍ക്കും കുറഞ്ഞത് ഒരു ഡോസ് കൊറോണ വാക്‌സിനെങ്കിലും നല്‍കിയ ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായി ഹിമാചല്‍ മാറി. ഇത് മാത്രമല്ല, രണ്ടാമത്തെ ഡോസിന്റെ കാര്യത്തിലും ഹിമാചല്‍ ജനസംഖ്യയുടെ ഏതാണ്ട് മൂന്നിലൊന്ന് കടന്നു.
സുഹൃത്തുക്കളേ,
ഹിമാചലിലെ ജനങ്ങളുടെ ഈ വിജയം രാജ്യത്തിന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുകയും സ്വാശ്രിതമാകേണ്ടത് എത്ര പ്രധാനമാണെന്ന് അവരെ ഓര്‍മ്മിപ്പിക്കുകയും ചെയ്തു. എല്ലാവര്‍ക്കും സൗജന്യ വാക്‌സിനും 130 കോടി ഇന്ത്യക്കാരുടെ ആത്മവിശ്വാസവും വാക്‌സിനുകളിലെ സ്വാശ്രിതത്വത്തിന്റെ ഫലമാണ്. ഒരു ദിവസം 1.25 കോടി വാക്‌സിന്‍ നല്‍കിക്കൊണ്ട് ഇന്ത്യ റെക്കോര്‍ഡ് സൃഷ്ടിക്കുകയാണ്. ഇന്ത്യ ഒരു ദിവസം നല്‍കുന്ന വാക്‌സിനുകളുടെ എണ്ണം പല രാജ്യങ്ങളിലെയും ജനസംഖ്യയേക്കാള്‍ കൂടുതലാണ്. ഓരോ ഇന്ത്യക്കാരന്റെയും കഠിനാധ്വാനത്തിന്റെയും ധീരതയുടെയും പാരമ്യത്തിന്റെ ഫലമാണ് ഇന്ത്യയുടെ പ്രതിരോധ കുത്തിവയ്പു പ്രചാരണത്തിന്റെ വിജയം. 75 -ാമത് സ്വാതന്ത്ര്യദിനത്തില്‍ ഞാന്‍ ചെങ്കോട്ടയില്‍ നിന്ന് സൂചിപ്പിച്ച 'എല്ലാവരുടെയും പ്രയാസം' അതിന്റെ പ്രതിഫലനമാണ്. ഹിമാചലിന് ശേഷം സിക്കിമും ദാദ്ര നഗര്‍ ഹവേലിയും 100% ആദ്യ ഡോസ് നാഴികക്കല്ല് പിന്നിട്ടു, പല സംസ്ഥാനങ്ങളും അതിനോട് വളരെ അടുത്താണ്. ഇപ്പോള്‍ നമ്മള്‍ കൂട്ടായ ശ്രമങ്ങള്‍ നടത്തണം, ആദ്യ ഡോസ് എടുത്തവര്‍ രണ്ടാമത്തെ ഡോസും എടുക്കണം.
സഹോദരീ സഹോദരന്മാരെ,
ഈ ആത്മവിശ്വാസമാണ് ഹിമാചല്‍ പ്രദേശിലെ ഏറ്റവും വേഗതയേറിയ പ്രതിരോധ കുത്തിവയ്പ്പ് പ്രചാരണ പരിപാടിയുടെ അടിസ്ഥാനം. ഹിമാചല്‍ ഇന്ത്യയിലെ ആരോഗ്യ പ്രവര്‍ത്തകരിലും ശാസ്ത്രജ്ഞരിലും സ്വന്തം കഴിവിലും വിശ്വസിച്ചു. ഈ നേട്ടം എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍, ആശാ വര്‍ക്കര്‍മാര്‍, അംഗന്‍വാടി ജീവനക്കാര്‍, അധ്യാപകര്‍, മറ്റ് എല്ലാ സഹപ്രവര്‍ത്തകര്‍ എന്നിവരുടെ ഉന്നത മനോഭാവത്തിന്റെ ഫലമാണ്. ഡോക്ടര്‍മാരോ പാരാമെഡിക്കല്‍ ജീവനക്കാരോ മറ്റ് സഹായികളോ ആരുമാകട്ടെ, ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട ആളുകളുടെ കഠിനാധ്വാനവുമുണ്ട് ഇതില്‍. ഇതിലും നമ്മുടെ സഹോദരിമാരില്‍ വലിയൊരു പങ്കും ഒരു പ്രത്യേക പങ്ക് വഹിച്ചിട്ടുണ്ട്. കുറച്ച് മുമ്പ്, താഴേത്തട്ടില്‍ ജോലി ചെയ്ത നമ്മുടെ എല്ലാ സഹപ്രവര്‍ത്തകരും അവര്‍ നേരിട്ട വെല്ലുവിളികളെക്കുറിച്ച് വിശദമായി വിശദീകരിച്ചു. വാക്‌സിനേഷനു തടസ്സമാകുന്ന എല്ലാത്തരം ബുദ്ധിമുട്ടുകളും ഹിമാചലില്‍ ഉണ്ടായിരുന്നു. മലയോര മേഖലയായതിനാല്‍ സാധനം എത്തിക്കാനുള്ള ഗതാഗത സൗകര്യ പ്രശ്‌നമുണ്ട്. കൊറോണ വാക്‌സിന്‍ സംഭരിക്കുന്നതും കൊണ്ടുപോകുന്നതും കൂടുതല്‍ ബുദ്ധിമുട്ടാണ്. എന്നാല്‍ ജയറാം ജിയുടെ ഗവണ്‍മെന്റ് സംവിധാനങ്ങള്‍ വികസിപ്പിക്കുകയും സാഹചര്യം കൈകാര്യം ചെയ്യുകയും ചെയ്ത രീതി ശരിക്കും പ്രശംസനീയമാണ്. വാക്‌സിന്‍ പാഴാക്കാതെ ഹിമാചല്‍ അതിവേഗ പ്രതിരോധ കുത്തിവയ്പ്പ് ഉറപ്പുവരുത്തിയ രീതി ശരിക്കും വലിയ കംര്യം തന്നെയാണ്.
സുഹൃത്തുക്കളേ,
ബുദ്ധിമുട്ടുണ്ടാക്കുന്ന ഭൂമിശാസ്ത്രപരമായ സാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍, ജനകീയ ആശയവിനിമയവും പൊതുജന പങ്കാളിത്തവും വാക്‌സിനേഷന്റെ വിജയത്തില്‍ ഒരു വലിയ ഘടകമാണ്. ഹിമാചലില്‍, ഓരോ പര്‍വതത്തിനുശേഷവും ഭാഷാഭേദങ്ങള്‍ പോലും പൂര്‍ണ്ണമായും മാറുന്നു. വിശ്വാസം ജീവിതത്തിന്റെ അവിഭാജ്യ ഘടകമായ മിക്ക പ്രദേശങ്ങളും ഗ്രാമീണമാണ്. ജീവിതത്തില്‍ ദേവന്മാരുടെയും ദേവതകളുടെയും വൈകാരിക സാന്നിധ്യമുണ്ട്. അല്‍പ്പം മുമ്പ്, നമ്മുടെ ഒരു സഹോദരി കുളു ജില്ലയിലെ മലാന ഗ്രാമത്തെക്കുറിച്ച് ഞങ്ങളോട് പറഞ്ഞു. ജനാധിപത്യത്തിന് ദിശാബോധവും ചൈതന്യവും നല്‍കുന്നതില്‍ മലാന എപ്പോഴും ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. അവിടെയുള്ള സംഘം ഒരു പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കുകയും സ്പാന്‍ വയര്‍ ഉപയോഗിച്ചു വാക്‌സിന്‍ ബോക്‌സുകള്‍ കൊണ്ടുപോകുകയും ദേവ് സമാജുമായി ബന്ധപ്പെട്ട പ്രധാന വ്യക്തികളെ വിശ്വാസത്തിലെടുക്കുകയും ചെയ്തു. പൊതു പങ്കാളിത്തത്തിന്റെയും പൊതു സംഭാഷണത്തിന്റെയും അത്തരമൊരു തന്ത്രം ഷിംലയിലെ ദോദ്ര, ക്വാര്‍, കംഗ്രയിലെ ഛോട്ടാ-ബഡ ഭംഗല്‍, കിന്നൗര്‍, ലഹൗള്‍-സ്പിതി, പാങ്കി-ബര്‍മോര്‍ തുടങ്ങിയ എത്തിപ്പെടാനാകാത്ത എല്ലാ മേഖലകളിലും പ്രവര്‍ത്തിച്ചു.
സുഹൃത്തുക്കളേ,
ഹിമാചലിലെ ലാഹൗള്‍-സ്പിതി പോലെ എത്തിച്ചേരാന്‍ ബുദ്ധിമുട്ടുള്ള ജില്ല പോലും 100% ആദ്യ ഡോസ് നല്‍കുന്നതില്‍ മുന്‍പന്തിയിലുണ്ട് എന്നതില്‍ ഞാന്‍ സന്തുഷ്ടനാണ്. അടല്‍ ടണല്‍ നിര്‍മ്മിക്കുന്നതിനുമുമ്പ് മാസങ്ങളോളം രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്ന് വിച്ഛേദിക്കപ്പെട്ട പ്രദേശമാണിത്. വിശ്വാസവും വിദ്യാഭ്യാസവും ശാസ്ത്രവും ഒരുമിച്ച് എങ്ങനെ ജീവിതത്തെ മാറ്റുമെന്ന് ഹിമാചല്‍ ആവര്‍ത്തിച്ച് കാണിച്ചു തന്നു. ഹിമാചലിലെ ജനങ്ങള്‍ ഒരു കിംവദന്തിയിലും തെറ്റായ വിവരങ്ങളിലും വിശ്വസിച്ചില്ല. ലോകത്തിലെ ഏറ്റവും വലുതും വേഗമേറിയതുമായ പ്രതിരോധ കുത്തിവയ്പു പ്രചാരണ പരിപാടിയെ രാജ്യത്തെ ഗ്രാമീണ സമൂഹം എങ്ങനെ ശക്തിപ്പെടുത്തുന്നു എന്നതിന്റെ തെളിവാണ് ഹിമാചല്‍.
സുഹൃത്തുക്കളേ,
ധാരാളം യുവാക്കളുടെ തൊഴില്‍ സ്രോതസ്സായ ഹിമാചലിലെ ടൂറിസം വ്യവസായത്തിനും ദ്രുതഗതിയിലുള്ള പ്രതിരോധ കുത്തിവയ്പ്പ് പ്രയോജനപ്പെടും. എന്നാല്‍ ഓര്‍ക്കുക, പ്രതിരോധ കുത്തിവയ്പ്പ് നല്‍കിയിട്ടും മാസ്‌ക് ധരിക്കുകയും രണ്ടടി അകലം പാലിക്കുകയും ചെയ്യുക എന്ന മന്ത്രം നാം മറക്കേണ്ടതില്ല. ഹിമാചലിലെ ജനങ്ങള്‍ക്ക് മഞ്ഞുവീഴ്ചയ്ക്ക് ശേഷം എങ്ങനെ ജാഗ്രതയോടെ പുറത്തിറങ്ങണമെന്ന് നന്നായി അറിയാം. മഴ അവസാനിച്ചതിനുശേഷം ഞങ്ങള്‍ കുടകള്‍ മടക്കിയതിനുശേഷം ജാഗ്രതയോടെ കാലടികള്‍ വയ്ക്കുന്നത് നിങ്ങള്‍ ശ്രദ്ധിച്ചിരിക്കണം. അതുപോലെ, കൊറോണ മഹാമാരിക്കു ശേഷം നമ്മള്‍ മുന്‍കരുതലുകള്‍ എടുക്കേണ്ടതുണ്ട്. കൊറോണ കാലഘട്ടത്തില്‍, നിരവധി യുവാക്കള്‍ക്ക് 'വീട്ടില്‍ നിന്നു ജോലി, എവിടെനിന്നും ജോലി' എന്ന ശൈലിയുടെ പ്രിയപ്പെട്ട സ്ഥലമായി ഹിമാചല്‍ പ്രദേശ് മാറി. നഗരങ്ങളിലെ മികച്ച സൗകര്യങ്ങളും മികച്ച ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയും കാരണം ഹിമാചലിന് ധാരാളം മെച്ചങ്ങള്‍ ലഭിക്കുന്നുണ്ട്.
സഹോദരീ സഹോദരന്മാരെ,
ഈ കൊറോണ കാലഘട്ടത്തിലും ജീവിതത്തിലും ഉപജീവനത്തിലും കണക്റ്റിവിറ്റി നല്ല സ്വാധീനം ഹിമാചല്‍ പ്രദേശ് അനുഭവിച്ചിട്ടുണ്ട്. റോഡ്, റെയില്‍, എയര്‍, ഇന്റര്‍നെറ്റ് എന്നിങ്ങനെയുള്ള കണക്റ്റിവിറ്റിയാണ് രാജ്യത്തിന്റെ ഇന്നത്തെ ഏറ്റവും വലിയ മുന്‍ഗണന. ഇന്ന് 8-10 വീടുകളുള്ള കോളനികളും പ്രധാനമന്ത്രി ഗ്രാമീണ്‍ സഡക് യോജനയുടെ കീഴിലുള്ള റോഡുകളുമായി ബന്ധിപ്പിക്കുന്നു. ഹിമാചലിലെ ദേശീയപാതകള്‍ വിശാലമാവുകയാണ്. അത്തരം ശക്തമായ കണക്റ്റിവിറ്റിയുടെ നേരിട്ടുള്ള പ്രയോജനം ടൂറിസത്തിനും ലഭിക്കുന്നു, അതുപോലെ തന്നെ പഴങ്ങളും പച്ചക്കറികളും ഉത്പാദിപ്പിക്കുന്ന കര്‍ഷകരും തോട്ടക്കാര്‍ക്കും ഗുണം ലഭിക്കുന്നു. ഗ്രാമങ്ങളില്‍ ഇന്റര്‍നെറ്റ് ലഭ്യമാകുന്നതോടെ, ഹിമാചലിലെ യുവ പ്രതിഭകള്‍ക്ക് ടൂറിസത്തിന്റെ സാധ്യതകള്‍ പര്യവേക്ഷണം ചെയ്യാനും അവരുടെ സംസ്‌കാരം രാജ്യത്തിനകത്തും പുറത്തും എത്തിക്കാനും കഴിയും.
സഹോദരീ സഹോദരന്മാരെ,
സമീപഭാവിയില്‍ ആധുനിക ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ കൂടുതല്‍ ഗുണഫലങ്ങള്‍ ഹിമാചല്‍ പ്രദേശിനു ലഭിക്കാന്‍ പോവുകയാണ്. പ്രത്യേകിച്ച് വിദ്യാഭ്യാസ, ആരോഗ്യ മേഖലകളില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കാന്‍ പോകുന്നു. ഇതോടെ, വിദൂര സ്‌കൂളുകള്‍ക്കും ആരോഗ്യ കേന്ദ്രങ്ങള്‍ക്കും വലിയ സ്‌കൂളുകളിലെ അധ്യാപകരുമായും വലിയ ആശുപത്രികളിലെ ഡോക്ടര്‍മാരുമായും യഥാക്രമം ബന്ധപ്പെടാന്‍ കഴിയും.
അടുത്തിടെ, രാജ്യം മറ്റൊരു തീരുമാനമെടുത്തു. അത് ഞാന്‍ ഹിമാചല്‍ പ്രദേശിലെ ജനങ്ങളോട് പ്രത്യേകിച്ച് പറയാന്‍ ആഗ്രഹിക്കുന്നു. ഡ്രോണ്‍ സാങ്കേതികവിദ്യ സംബന്ധിച്ച നിയമങ്ങളിലെ മാറ്റവുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു. ഇപ്പോള്‍ അതിന്റെ നിയമങ്ങള്‍ ലളിതമാക്കിയിരിക്കുന്നു. തത്ഫലമായി, ആരോഗ്യം, കൃഷി തുടങ്ങിയ പല മേഖലകളിലും ഹിമാചലില്‍ പുതിയ സാധ്യതകള്‍ ഉയര്‍ന്നുവരും. ഡ്രോണുകള്‍ ഇപ്പോള്‍ മരുന്നുകളുടെ ഹോം ഡെലിവറിയിലും ഉപയോഗിക്കാം, പൂന്തോട്ടങ്ങളിലും ഉപയോഗിക്കാം, ഇത് ഇതിനകം ഭൂമി സര്‍വേകളില്‍ ഉപയോഗിക്കുന്നു. ഡ്രോണ്‍ സാങ്കേതികവിദ്യയുടെ ശരിയായ ഉപയോഗം നമ്മുടെ പര്‍വതപ്രദേശങ്ങളിലെ ജനങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കുമെന്ന് ഞാന്‍ കരുതുന്നു. വനങ്ങളുടെ സംരക്ഷണത്തിനും സംരക്ഷണത്തിനും ഡ്രോണ്‍ സാങ്കേതികവിദ്യ ഹിമാചലില്‍ വളരെ ഉപയോഗപ്രദമാകും. സര്‍ക്കാര്‍ സേവനങ്ങളിലും ആധുനിക സാങ്കേതികവിദ്യ പരമാവധി ഉപയോഗിക്കണമെന്നത് കേന്ദ്ര ഗവണ്‍മെന്റിന്റെ നിരന്തരമായ പരിശ്രമമാണ്.
സഹോദരീ സഹോദരന്മാരെ,
ഹിമാചല്‍ ഇന്ന് അതിവേഗ വികസനത്തിന്റെ പാതയിലാണ്. എന്നാല്‍ പ്രകൃതിദുരന്തങ്ങളും ഹിമാചലിന് വലിയ വെല്ലുവിളിയാണ്. ഈ അടുത്ത കാലത്തായി നിരവധി നിര്‍ഭാഗ്യകരമായ സംഭവങ്ങളില്‍ നമുക്ക് നിരവധി സുഹൃത്തുക്കളെ നഷ്ടപ്പെട്ടു. അതിനാല്‍, നമ്മള്‍ ശാസ്ത്രീയ പരിഹാരങ്ങളിലേക്ക് വേഗത്തില്‍ നീങ്ങുകയും മണ്ണിടിച്ചില്‍ സംബന്ധിച്ച മുന്‍കൂര്‍ മുന്നറിയിപ്പ് സംവിധാനങ്ങളുമായി ബന്ധപ്പെട്ട ഗവേഷണത്തെ പ്രോത്സാഹിപ്പിക്കുകയും വേണം. കൂടാതെ, മലയോര മേഖലകളുടെ ആവശ്യകതകള്‍ കണക്കിലെടുത്ത് നിര്‍മ്മാണവുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യയിലെ പുതിയ കണ്ടുപിടിത്തങ്ങള്‍ക്ക് നമ്മുടെ യുവാക്കളെ പ്രചോദിപ്പിച്ചു കൊണ്ടിരിക്കണം.
സുഹൃത്തുക്കളേ,
ഗ്രാമങ്ങളെയും സമൂഹങ്ങളെയും ബന്ധിപ്പിക്കുന്നതിലൂടെ എത്ര അര്‍ത്ഥവത്തായ ഫലങ്ങള്‍ ലഭിക്കുമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ജല്‍ ജീവന്‍ മിഷന്‍. ഒരിക്കല്‍ അസാധ്യമെന്ന് കരുതിയിരുന്ന ഹിമാചലിലെ പ്രദേശങ്ങളില്‍ പോലും ഇന്ന് ടാപ്പ് വെള്ളം ലഭ്യമാണ്. വന സമ്പത്തിനും ഇതേ സമീപനം സ്വീകരിക്കാവുന്നതാണ്. ഇക്കാര്യത്തില്‍, ഗ്രാമങ്ങളിലെ സ്വയംസഹായ സംഘങ്ങളില്‍ നമ്മുടെ സഹോദരിമാരുടെ പങ്കാളിത്തം ശക്തിപ്പെടുത്താന്‍ കഴിയും. ഹിമാചലിലെ വനങ്ങളില്‍ പ്രത്യേകിച്ച് ഔഷധസസ്യങ്ങള്‍, സലാഡുകള്‍, പച്ചക്കറികള്‍ എന്നിവയ്ക്ക് ധാരാളം സാധ്യതകളുണ്ട്. അവയുടെ ആവശ്യം നിരന്തരം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. നമ്മുടെ കഠിനാധ്വാനികളായ സഹോദരിമാര്‍ക്ക് ഈ സമ്പത്ത് ശാസ്ത്രീയ രീതികളിലൂടെ വര്‍ദ്ധിപ്പിക്കാന്‍ കഴിയും. ഇപ്പോള്‍, നമ്മുടെ സഹോദരിമാര്‍ക്കും പുതിയ ഇ-കൊമേഴ്‌സ് മാധ്യമത്തിലേക്ക് പ്രവേശനമുണ്ട്. കേന്ദ്ര ഗവണ്‍മെന്റ് സഹോദരിമാരുടെ സ്വയംസഹായ സംഘങ്ങള്‍ക്കായി ഒരു പ്രത്യേക ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം സൃഷ്ടിക്കാന്‍ പോകുന്നുവെന്ന് ഈ ആഗസ്ത് 15-ന്, ഞാന്‍ ചെങ്കോട്ടയില്‍ നിന്ന് പ്രഖ്യാപിച്ചു. ഈ മാധ്യമത്തിലൂടെ നമ്മുടെ സഹോദരിമാര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ രാജ്യത്തും ലോകത്തും വില്‍ക്കാന്‍ കഴിയും. ഹിമാചലിലെ സഹോദരിമാര്‍ക്ക് ആപ്പിള്‍, ഓറഞ്ച്, കിന്നോസ്, കൂണ്‍, തക്കാളി തുടങ്ങിയവ രാജ്യത്തിന്റെ എല്ലാ മുക്കിലും മൂലയിലും എത്തിക്കാന്‍ കഴിയും. കേന്ദ്ര ഗവണ്‍മെന്റ് ഒരു ലക്ഷം കോടി രൂപയുടെ പ്രത്യേക കാര്‍ഷിക-അടിസ്ഥാനസൗകര്യ ഫണ്ടും സൃഷ്ടിച്ചിട്ടുണ്ട്. സഹോദരിമാരുടെയും കര്‍ഷക ഉത്പാദക സംഘടനകളുടെയും സ്വയംസഹായ സംഘങ്ങള്‍ക്ക് ഈ ഫണ്ടിന്റെ സഹായത്തോടെ അവരുടെ ഗ്രാമങ്ങള്‍ക്ക് സമീപം കോള്‍ഡ് സ്റ്റോറേജ് അല്ലെങ്കില്‍ ഭക്ഷ്യ സംസ്‌കരണ യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ കഴിയും. തത്ഫലമായി, അവരുടെ പഴങ്ങളും പച്ചക്കറികളും സംഭരിക്കുന്നതിന് അവര്‍ മറ്റുള്ളവരെ ആശ്രയിക്കേണ്ടതില്ല. ഹിമാചലിലെ കഠിനാധ്വാനികളായ കര്‍ഷകരും തോട്ടക്കാരും ഈ ഫണ്ട് പരമാവധി ഉപയോഗിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.
സുഹൃത്തുക്കളേ,
സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവത്തില്‍ ഹിമാചലിലെ കര്‍ഷകരോടും തോട്ടക്കാരോടും ഒരു അഭ്യര്‍ത്ഥന കൂടി നടത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അടുത്ത 25 വര്‍ഷത്തിനുള്ളില്‍ ഹിമാചലില്‍ കൃഷി വീണ്ടും ജൈവമാക്കാന്‍ നമുക്ക് ശ്രമിക്കാമോ? ക്രമേണ, നമ്മുടെ മണ്ണിനെ രാസവസ്തുക്കളില്‍ നിന്ന് സ്വതന്ത്രമാക്കണം. നമ്മുടെ ആണ്‍മക്കളുടെയും പെണ്‍മക്കളുടെയും മണ്ണും ആരോഗ്യവും ദൃഢമായി നിലനില്‍ക്കുന്ന അത്തരമൊരു ഭാവിയിലേക്ക് നാം നീങ്ങണം. ഹിമാചലിന്റെ സാധ്യതകളിലും ഹിമാചലിന്റെ യുവശക്തിയിലും എനിക്ക് വിശ്വാസമുണ്ട്. ഹിമാചലിലെ യുവാക്കള്‍ അതിര്‍ത്തികള്‍ സംരക്ഷിക്കുന്നതില്‍ മുന്‍പന്തിയില്‍ ഉള്ളതുപോലെ, നമ്മുടെ ഹിമാചലിലെ ഓരോ കര്‍ഷകനും എല്ലാ ഗ്രാമങ്ങളിലും ഒരേ രീതിയില്‍ മണ്ണ് സംരക്ഷിക്കുന്നതില്‍ ഒരു പ്രധാന പങ്ക് വഹിക്കും. അസാധ്യമായത് കൈവരിക്കാനുള്ള സ്വന്തം വ്യക്തിത്വം ഹിമാചല്‍ ശക്തിപ്പെടുത്തുന്നത് തുടരട്ടെ എന്ന ആശംസയോടെ, നിങ്ങള്‍ക്കെല്ലാവര്‍ക്കും ഒരിക്കല്‍ക്കൂടി അഭിനന്ദനങ്ങള്‍! സമ്പൂര്‍ണ്ണ പ്രതിരോധ കുത്തിവയ്പ്പ് എന്ന ലക്ഷ്യം കൈവരിക്കുന്ന രാജ്യത്തെ സംസ്ഥാനമാകാന്‍ ഹിമാചലിന് വളരെയധികം ആശംസകള്‍! കൊറോണയെക്കുറിച്ച് ജാഗ്രത പാലിക്കാന്‍ ഞാന്‍ ഇന്ന് മുഴുവന്‍ രാജ്യവാസികളോടും വീണ്ടും ആവശ്യപ്പെടും. ഇതുവരെ 70 കോടിയോളം വാക്‌സിന്‍ ഡോസുകള്‍ നല്‍കിയിട്ടുണ്ട്. രാജ്യത്തുടനീളമുള്ള ഇന്ത്യയിലെ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, അംഗന്‍വാടി-ആശ സഹോദരിമാര്‍, പ്രാദേശിക ഭരണകൂടം, വാക്‌സിന്‍ നിര്‍മ്മാണ കമ്പനികള്‍, ശാസ്ത്രജ്ഞര്‍ എന്നിവര്‍ തങ്ങളുടെ മികച്ച ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. പ്രതിരോധ കുത്തിവയ്പ്പിന്റെ ദ്രുതഗതിയുണ്ടായിരുന്നു. എന്നാല്‍ നാം നിസ്സംഗതയില്‍ നിന്നും അശ്രദ്ധയില്‍ നിന്നും ജാഗ്രത പുലര്‍ത്തണം, 'ദവായി ഭായ് കടൈ ഭി' എന്ന മന്ത്രം മറക്കരുത് (പ്രതിരോധ കുത്തിവയ്പ്പും പ്രോട്ടോക്കോളും ഒരുപോലെ കര്‍ശനമായി പിന്തുടരണം). ഹിമാചലിലെ ജനങ്ങള്‍ക്ക് ഒരിക്കല്‍ക്കൂടി ആശംസകള്‍.
വളരെയധികം നന്ദി!
*****
(Release ID: 1752671)
Visitor Counter : 303
Read this release in:
Punjabi
,
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Bengali
,
Assamese
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada