പ്രധാനമന്ത്രിയുടെ ഓഫീസ്‌

കിഴക്കന്‍ സാമ്പത്തിക ഫോറം 2021ല്‍ പ്രധാനമന്ത്രി നടത്തിയ വിര്‍ച്വല്‍ അഭിസംബോധനയുടെ പൂര്‍ണരൂപം

Posted On: 03 SEP 2021 2:43PM by PIB Thiruvananthpuram

റഷ്യന്‍ ഫെഡറേഷന്റെ പ്രസിഡന്റ്!

എന്റെ പ്രിയ സുഹൃത്ത് പ്രസിഡന്റ് പുടിന്‍!

ബഹുമാന്യരേ!

കിഴക്കന്‍ സാമ്പത്തിക ഫോറത്തില്‍ പങ്കെടുക്കുന്നവരേ!

 

നമസ്‌കാരം!

കിഴക്കന്‍ സാമ്പത്തിക ഫോറത്തെ അഭിസംബോധന ചെയ്യുന്നതില്‍ ഞാന്‍ സന്തുഷ്ടനാണ്. ഈ അംഗീകാരത്തിന് പ്രസിഡന്റ് പുടിന് ഞാന്‍ നന്ദി പറയുന്നു.

സുഹൃത്തുക്കളേ!

ഇന്ത്യയുടെ ചരിത്രത്തിലും നാഗരികതയിലും 'സംഗം' എന്ന വാക്കിന് ഒരു സവിശേഷ അര്‍ത്ഥമുണ്ട്. നദികളുടെയോ ജനങ്ങളുടെയോ ആശയങ്ങളുടെയോ സംഗമം അല്ലെങ്കില്‍ ഒത്തുചേരല്‍ എന്നാണ് ഇതിനര്‍ത്ഥം. എന്റെ കാഴ്ചപ്പാടില്‍, വ്‌ലാഡിവോസ്റ്റോക്ക് യഥാര്‍ത്ഥത്തില്‍ യുറേഷ്യയുടെയും പസഫിക്കിന്റെയും ഒരു 'സംഗമമാണ്'. റഷ്യന്‍ ഫാര്‍-ഈസ്റ്റിന്റെ വികസനത്തിനായുള്ള പ്രസിഡന്റ് പുടിന്റെ കാഴ്ചപ്പാടിനെ ഞാന്‍ അഭിനന്ദിക്കുന്നു. ഈ കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിനായി റഷ്യക്ക് ഇന്ത്യ വിശ്വസനീയ പങ്കാളിയാകും. 2019ല്‍ ഫോറത്തില്‍ പങ്കെടുക്കാനായി ഞാന്‍ വ്ളാഡിവോസ്റ്റോക്ക് സന്ദര്‍ശിച്ചപ്പോള്‍, 'ആക്റ്റ് ഫാര്‍-ഈസ്റ്റ്' നയത്തിനുള്ള ഇന്ത്യയുടെ പ്രതിബദ്ധത പ്രഖ്യാപിച്ചിരുന്നു. ഈ നയം റഷ്യയുമായുള്ള ഞങ്ങളുടെ സവിശേഷവും തന്ത്രപരവുമായ പങ്കാളിത്തത്തിന്റെ സുപ്രധാന ഭാഗമാണ്.

ബഹുമാന്യരേ!

പ്രസിഡന്റ് പുടിന്‍, 2019ലെ എന്റെ സന്ദര്‍ശനത്തിനിടെ വ്‌ലാഡിവോസ്റ്റോക്കില്‍ നിന്ന് സ്വെസ്ദയിലേക്കുള്ള ബോട്ട് യാത്രയ്ക്കിടെ നാം നടത്തിയ വിശദമായ സംഭാഷണം ഞാന്‍ ഓര്‍ക്കുന്നു. സ്വെസ്ദയിലെ ആധുനിക കപ്പല്‍ നിര്‍മ്മാണമേഖല നിങ്ങള്‍ കാണിച്ചുതരികകയും മഹത്തായ ഈ സംരംഭത്തില്‍ ഇന്ത്യ പങ്കാളിയാകുമെന്ന പ്രതീക്ഷ പ്രകടിപ്പിക്കുകയും ചെയ്തു. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട വാണിജ്യ കപ്പലുകളുടെ നിര്‍മ്മാണത്തിനായി ഇന്ത്യയിലെ ഏറ്റവും വലിയ കപ്പല്‍ശാലകളിലൊന്നായ മസഗോണ്‍ ഡോക്‌സ് ലിമിറ്റഡ് 'സ്വെസ്ദ'യുടെ പങ്കാളിയാകുന്നതില്‍ ഇന്ന് ഞാന്‍ സന്തുഷ്ടനാണ്. ഗഗന്‍യാന്‍ പദ്ധതിയിലൂടെ ഇന്ത്യയും റഷ്യയും ബഹിരാകാശ പര്യവേഷണത്തില്‍ പങ്കാളികളാണ്. അന്താരാഷ്ട്ര വ്യാപാരത്തിനും വാണിജ്യത്തിനുമായി വടക്കന്‍ സമുദ്രപാത തുറക്കുന്നതിലും ഇന്ത്യയും റഷ്യയും പങ്കാളികളാകും.

സുഹൃത്തുക്കളേ!

ഇന്ത്യയും റഷ്യയും തമ്മിലുള്ള സൗഹൃദം ദീര്‍ഘകാലമായി തുടരുകയാണ്. അടുത്തിടെ കോവിഡ് -19 മഹാമാരിക്കാലത്ത് വാക്‌സിനുകള്‍ ഉള്‍പ്പെടെയുള്ള കാര്യത്തിലും നമ്മുടെ കരുത്തുറ്റ സഹകരണം ദൃശ്യമായി. നമ്മുടെ ഉഭയകക്ഷി സഹകരണത്തില്‍ ആരോഗ്യ, ഔഷധ മേഖലകളുടെ പ്രാധാന്യം മഹാമാരി അടിവരയിട്ടു. ഞങ്ങളുടെ നയപരമായ പങ്കാളിത്തത്തിന്റെ മറ്റൊരു പ്രധാന സ്തംഭമാണ് ഊര്‍ജ്ജം. ഇന്ത്യ - റഷ്യ ഊര്‍ജ്ജ പങ്കാളിത്തം ആഗോള ഊര്‍ജ്ജ വിപണിയില്‍ സ്ഥിരത കൈവരിക്കാന്‍ സഹായിക്കും. എന്റെ പെട്രോളിയം & പ്രകൃതിവാതക മന്ത്രി ഹര്‍ദീപ് പുരി ഈ ഫോറത്തില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്യുന്നതിനായി വ്‌ലാഡിവോസ്റ്റോക്കിലുണ്ട്. ഇന്ത്യന്‍ തൊഴിലാളികള്‍ അമുര്‍ മേഖലയിലെ പ്രധാന ഗ്യാസ് പദ്ധതികളുടെ ഭാഗമാണ്; യമല്‍ മുതല്‍ വ്ളാഡിവോസ്റ്റോക്ക് വരെയും തുടര്‍ന്ന് ചെന്നൈ വരെയും. ഞങ്ങള്‍ ഒരു ഊര്‍ജ-വ്യാപാര പാലം വിഭാവനം ചെയ്യുന്നു. ചെന്നൈ - വ്‌ലാഡിവോസ്റ്റോക്ക് സമുദ്ര ഇടനാഴി പുരോഗമിക്കുന്നതില്‍ ഞാന്‍ സന്തുഷ്ടനാണ്. അന്താരാഷ്ട്ര വടക്ക്-തെക്ക് ഇടനാഴിക്കൊപ്പം ഈ കണക്റ്റിവിറ്റി പ്രോജക്റ്റും ഇന്ത്യയെയും റഷ്യയെയും ഭൗതികമായി കൂടുതല്‍ അടുപ്പിക്കും. മഹാമാരിയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നിട്ടും, പല മേഖലകളിലും ഞങ്ങളുടെ വ്യവസായബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതില്‍ മികച്ച പുരോഗതി ഉണ്ടായിരുന്നു. ഇന്ത്യന്‍ ഉരുക്ക് വ്യവസായത്തിനുള്ള ദീര്‍ഘകാല കോക്കിംഗ് കല്‍ക്കരി വിതരണം ഇതില്‍ ഉള്‍പ്പെടുന്നു. കാര്‍ഷിക വ്യവസായം, സെറാമിക്‌സ്, തന്ത്രപ്രധാനവും അപൂര്‍വ്വവുമായ ഭൂമിയിലെ ധാതുക്കളും വജ്രങ്ങളും തുടങ്ങിയവയില്‍ പുതിയ അവസരങ്ങള്‍ നാം തേടുകയാണ്. വജ്ര പ്രതിനിധി സാഖാ-യാകുട്ടിയയില്‍ നിന്നുള്ളയാളാണെന്നതും ഗുജറാത്ത് ഈ ഫോറത്തിന്റെ ഭാഗമായി ഒരു പ്രത്യേക ഇടപെടല്‍ നടത്തുന്നതിലും എനിക്ക് സന്തോഷമുണ്ട്. 2019ല്‍ പ്രഖ്യാപിച്ച ഒരു ബില്യണ്‍ ഡോളര്‍ സോഫ്റ്റ് ക്രെഡിറ്റ് ലൈന്‍ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നിരവധി വ്യവസായ അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.

റഷ്യന്‍ ഫാര്‍-ഈസ്റ്റിലെ ഏറ്റവും പ്രധാനപ്പെട്ട പങ്കാളികളുടെ മേഖലകളും ഇന്ത്യയിലെ പ്രസക്തമായ സംസ്ഥാനങ്ങളും ഒരേ വേദിയില്‍ ഒന്നിച്ചെത്തിക്കുന്നതും പ്രയോജനപ്രദമാണ്. 2019ല്‍ പ്രധാന ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ സന്ദര്‍ശന വേളയില്‍ നടന്ന ഉപയോഗപ്രദമായ ചര്‍ച്ചകള്‍ നാം മുന്നോട്ട് കൊണ്ടുപോകണം. റഷ്യന്‍ ഫാര്‍-ഈസ്റ്റിലെ 11 പ്രദേശങ്ങളിലെ ഗവര്‍ണര്‍മാരെ എത്രയും വേഗം ഇന്ത്യ സന്ദര്‍ശിക്കാന്‍ ക്ഷണിക്കുന്നതിന് ഞാന്‍ ആഗ്രഹിക്കുന്നു.

സുഹൃത്തുക്കളേ!

2019ല്‍ ഈ ഫോറത്തില്‍ ഞാന്‍ പറഞ്ഞതുപോലെ, ലോകത്തിലെ നിരവധി വിഭവങ്ങളാല്‍ സമ്പന്നമായ മേഖലയുടെ വികസനത്തിന് ഇന്ത്യന്‍ പ്രതിഭകള്‍ സംഭാവന നല്‍കിയിട്ടുണ്ട്. ഇന്ത്യയ്ക്ക് കഴിവും അര്‍പ്പണബോധവുമുള്ള തൊഴില്‍ ശക്തി ഉണ്ട്. അതേസമയം ഫാര്‍-ഈസ്റ്റ് വിഭവങ്ങളാല്‍ സമ്പന്നമാണ്. അതിനാല്‍, റഷ്യന്‍ ഫാര്‍-ഈസ്റ്റിന്റെ വികസനത്തിന് ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് ഏറെ സംഭാവനകള്‍ നല്‍കാന്‍ കഴിയും. ഈ ഫോറം നടക്കുന്ന ഫാര്‍ ഈസ്റ്റേണ്‍ ഫെഡറല്‍ യൂണിവേഴ്‌സിറ്റി ഇന്ത്യയില്‍ നിന്നുള്ള നിരവധി വിദ്യാര്‍ത്ഥികളുടെ ആസ്ഥാനമാണ്.

ബഹുമാന്യരേ!

പ്രസിഡന്റ് പുടിന്‍, ഈ ഫോറത്തില്‍ സംസാരിക്കാന്‍ ഈ അവസരം എനിക്ക് നല്‍കിയതിന് ഞാന്‍ വീണ്ടും നന്ദി പറയുന്നു. നിങ്ങള്‍ എല്ലായ്‌പ്പോഴും ഇന്ത്യയുടെ മികച്ച സുഹൃത്തായിരുന്നു. നിങ്ങളുടെ മാര്‍ഗനിര്‍ദേശപ്രകാരം നമ്മുടെ തന്ത്രപരമായ പങ്കാളിത്തം കരുത്തോടെ മുന്നേറുകയാണ്. കിഴക്കന്‍ സാമ്പത്തിക ഫോറത്തില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും എല്ലാ വിജയങ്ങളും നേരുന്നു.

സ്പാസിബ!
നന്ദി!
വളരെയധികം നന്ദി!

****



(Release ID: 1751737) Visitor Counter : 221