പ്രധാനമന്ത്രിയുടെ ഓഫീസ്
ഗുജറാത്തിലെ സോമനാഥില്‍ നിരവധി പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നടത്തികൊണ്ടുള്ള പ്രധാനമന്ത്രിയുടെ അഭിസംബോധന
Posted On:
20 AUG 2021 2:38PM by PIB Thiruvananthpuram
ജയ് സോമനാഥ്! ഈ പരിപാടിയില്‍ നമ്മോടൊപ്പം ചേരുന്ന ബഹുമാനപ്പെട്ട ലാല്‍ കൃഷ്ണ അദ്വാനി ജി, ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ ജി, ശ്രീപദ് നായിക് ജി, അജയ് ഭട്ട് ജി, ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ വിജയ് ജി, ഗുജറാത്ത് ഉപ മുഖ്യമന്ത്രി നിതിന്‍ ഭായ്, ഗുജറാത്ത് ഗവണ്‍മെന്റിലെ ടൂറിസം മന്ത്രി ജവഹര്‍ ജി, വാസന്‍ ഭായ്, ലോകസഭയിലെ എന്റെ സഹപ്രവര്‍ത്തകന്‍ രാജേഷ് ഭായ്, സോമനാഥ ക്ഷേത്രം ട്രസ്റ്റിന്റെ ട്രസ്റ്റി ശ്രീ പ്രവീണ്‍ ലഹിരി ജി, എല്ലാ ഭക്തര്‍, മഹാന്മാരെ, മഹതികളെ!
വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ഞാന്‍ ഈ വിശുദ്ധ അവസരത്തില്‍ പങ്കെടുക്കുന്നതെങ്കിലും, എന്റെ ഹൃദയത്തില്‍ ഞാന്‍ ശ്രീ സോമനാഥന്റെ പാദങ്ങളില്‍ എന്നെത്തന്നെ അര്‍പ്പിച്ചതായി അനുഭവിക്കുന്നു. സോമനാഥ ക്ഷേത്രം ട്രസ്റ്റിന്റെ പ്രസിഡന്റെന്ന നിലയില്‍, ഈ പുണ്യസ്ഥലത്തെ തുടര്‍ന്നും സേവിക്കുന്നത് എന്റെ വിശേഷഭാഗ്യമാണ്. ഇന്ന് ഒരിക്കല്‍ കൂടി, ഈ വിശുദ്ധ ദേവാലയത്തിന്റെ പരിവര്‍ത്തനത്തിന് നാം സാക്ഷ്യം വഹിക്കുകയാണ്. സമുദ്രദര്‍ശന പാത, സോമനാഥ് എക്‌സിബിഷന്‍ ഗാലറി, ജുന സോമനാഥ ക്ഷേത്രം എന്നിവ നവീകരണത്തിന് ശേഷം പുതിയ രൂപത്തില്‍ ഉദ്ഘാടനം ചെയ്യാനുള്ള വിശേഷഭാഗ്യം ഇന്ന് എനിക്കുണ്ടായി. ഇതോടൊപ്പം പാര്‍വതി മാതാ ക്ഷേത്രത്തിന്റെ ശിലാസ്ഥാപനവും ഇന്ന് നടന്നു. ഇത്തരത്തില്‍ വിശുദ്ധമായ ഒരു യാദൃശ്ചികത ഉണ്ടായത് ഭഗവാന്‍ സോമനാഥ് ജിയുടെ അനുഗ്രഹമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു, അതും വിശുദ്ധ സാവന്‍ (ചിങ്ങ)മാസത്തില്‍. ഈ അവസരത്തില്‍, നിങ്ങളെല്ലാവരെയും, ട്രസ്റ്റിലെ എല്ലാ അംഗങ്ങളെയും, രാജ്യത്തിനകത്തും പുറത്തുമുള്ള സോമനാഥ് ജിയുടെ ഭക്തരായ കോടിക്കണക്കിന് ഭക്തരെയും ഞാന്‍ അഭിനന്ദിക്കുന്നു. പ്രത്യേകിച്ചും, ഇന്ത്യയുടെ പുരാതന പ്രതാപം പുനരുജ്ജീവിപ്പിക്കാന്‍ ഇച്ഛാശക്തി കാട്ടിയ ഉരുക്ക് മനുഷ്യന്‍ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ജിയുടെ കാല്‍ക്കലും ഞാന്‍ നമിക്കുന്നു. സോമനാഥ ക്ഷേത്രത്തെ സ്വതന്ത്ര ഇന്ത്യയുടെ സ്വതന്ത്ര ചൈതന്യവുമായി ബന്ധപ്പെട്ടിരിക്കണമെന്ന് സര്‍ദാര്‍ സാഹിബ് കരുതി. ഇന്ന് സ്വാതന്ത്ര്യത്തിന്റെ 75 -ആം വര്‍ഷത്തില്‍ സോമനാഥ ക്ഷേത്രത്തിന് പുതിയ പ്രതാപം നല്‍കി സര്‍ദാര്‍ സാഹേബിന്റെ പരിശ്രമങ്ങളെ നമുക്ക് മുന്നോട്ട് കൊണ്ടുപോകുന്നത് നമ്മുടെ ഭാഗ്യമാണ്. വിശ്വനാഥന്‍ മുതല്‍ സോമനാഥ് വരെയുള്ള നിരവധി ക്ഷേത്രങ്ങള്‍ നവീകരിച്ച ലോകമാതാ അഹല്യാഭായ് ഹോള്‍ക്കറിനെയും ഞാന്‍ ഇന്ന് നമിക്കുന്നു.അവരുടെ ജീവിതമായിരുന്ന പൗരാണികതയുടെയും ആധുനികതയുടെയും സംഗമത്തെ ആദര്‍ശമായി കരുതി രാജ്യം ഇന്ന് മുന്നോട്ടു നീങ്ങുകയാണ്.
സുഹൃത്തുക്കളെ,
സ്റ്റാച്യൂ ഓഫ് യൂണിറ്റി ആണെങ്കിലും കച്ചിന്റെ പുനരുജ്ജീവനമാണെങ്കിലും, ആധുനികതയെ ടൂറിസവുമായി ബന്ധിപ്പിക്കുന്നതിന്റെ ഫലങ്ങള്‍ ഗുജറാത്ത് വളരെഅടുത്തു നിന്ന് കണ്ടിട്ടുണ്ട്. മതപരമായ ടൂറിസത്തില്‍ പുതിയ സാദ്ധ്യതകള്‍ കണ്ടെത്തുകയും തീര്‍ത്ഥാടനവും പ്രാദേശിക സമ്പദ്‌വ്യവസ്ഥയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുകയും വേണം എന്നത് എല്ലാ കാലഘട്ടത്തിന്റെയും ആവശ്യമായിരുന്നു. ഉദാഹരണത്തിന്, ലോകമെമ്പാടുനിന്നും രാജ്യത്തിന്റെ നാനാഭാഗത്തുനിന്നും ഭക്തര്‍ ഇപ്പോഴും സോമനാഥ ക്ഷേത്രം സന്ദര്‍ശിക്കുന്നു. എന്നാല്‍ ഇപ്പോള്‍ സമുദ്രദര്‍ശന പാത, എക്‌സിബിഷന്‍, തീര്‍ത്ഥാടന പ്ലാസ, ഷോപ്പിംഗ് കോംപ്ലക്‌സ് എന്നിവയും സഞ്ചാരികളെ ഇവിടേയ്ക്ക് ആകര്‍ഷിക്കും. ഇപ്പോള്‍ ഭക്തര്‍ ജുന സോമനാഥ ക്ഷേത്രത്തിന്റെ ആകര്‍ഷകമായ രൂപം കാണുകയും പുതിയ പാര്‍വതി ക്ഷേത്രം സന്ദര്‍ശിക്കുകയും ചെയ്യും. ഇത് പുതിയ തൊഴിലവസരങ്ങള്‍ അവസരങ്ങള്‍ സൃഷ്ടിക്കുക മാത്രമല്ല, സ്ഥലത്തിന്റെ ദൈവികതയും വളരും. എല്ലാത്തിനുപരിയായി, സോമനാഥ് വിഹാരകേന്ദ്രം കടലിനോട് ചേര്‍ന്ന് നില്‍ക്കുന്ന നമ്മുടെ ക്ഷേത്രത്തിന് സുരക്ഷ നല്‍കുകയും ചെയ്യും. ഇന്ന് സോമനാഥ് പ്രദര്‍ശന ഗാലറിയും ഉദ്ഘാടനം ചെയ്തു. ഇത് നമ്മുടെ യുവാക്കള്‍ക്കും ഭാവി തലമുറയ്ക്കും ചരിത്രവുമായി ബന്ധപ്പെടാനും നമ്മുടെ വിശ്വാസം അതിന്റെ പുരാതന രൂപത്തില്‍ മനസ്സിലാക്കാനും അവസരമൊരുക്കും.
സുഹൃത്തുക്കളെ,
നൂറ്റാണ്ടുകളായി സോമനാഥ് ശിവന്റെ നാടാണ്. നമ്മുടെ വേദഗ്രന്ഥങ്ങളില്‍ ഇങ്ങനെ പറയുന്നു:
"शं करोति सः शंकरः"।
അതായത് ക്ഷേമവും നേട്ടവും ചൊരിയുന്നത് ശിവനാണ്. വിനാശത്തില്‍ പോലും വികസനത്തിന്റെ വിത്ത് മുളപ്പിക്കുകയും ഉന്മൂലനത്തില്‍ പോലും സര്‍ഗ്ഗാത്മകതയ്ക്ക് ജന്മം നല്‍കുകയും ചെയ്യുന്നത് ശിവനാണ്. അതുകൊണ്ടാണ് ശിവന്‍ ശാന്തനും ശാശ്വതനുമായിരിക്കുന്നത്. അതിനാല്‍, ശിവനോടുള്ള നമ്മുടെ വിശ്വാസം സമയപരിധിക്കപ്പുറമുള്ള നമ്മുടെ നിലനില്‍പ്പിനെക്കുറിച്ച് നമ്മെ ബോധവാന്മാരാക്കുകയും കാലത്തിന്റെ വെല്ലുവിളികളെ നേരിടാനുള്ള ശക്തി നല്‍കുകയും ചെയ്യുന്നു. മാത്രമല്ല, ഈ സോമനാഥ ക്ഷേത്രം നമ്മുടെ ആത്മവിശ്വാസത്തിന്റെ പ്രചോദനവുമാണ്.
സുഹൃത്തുക്കളെ,
ഈ മഹത്തായ ഘടനയെ നോക്കുന്ന ഏതൊരാളും ഇതിനെ ഒരു ക്ഷേത്രമായി മാത്രം കാണുകയില്ല, മറിച്ച് മനുഷ്യരാശിയുടെ മൂല്യങ്ങള്‍ വിളംബരം ചെയ്തുകൊണ്ട് ആയിരക്കണക്കിന് വര്‍ഷങ്ങളായി പ്രചോദനം നല്‍കുന്ന ഒരു അസ്തിത്വമാണ് അദ്ദേഹം കാണുന്നത്. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കുമുമ്പ് നമ്മുടെ ഋഷിമാര്‍ 'പ്രഭാസ് ക്ഷേത്രം' (പ്രബുദ്ധതയുടെ വാസസ്ഥലം) എന്ന് വിശേഷിപ്പിച്ച സ്ഥലമാണ് ഇത്, ഇന്ന് ലോകത്തിന് മുഴുവനും ഇന്ന് ഇത് മാര്‍ഗ്ഗദര്‍ശനമേകുന്നു; അസത്യംകൊണ്ട് ആ സത്യത്തെ പരാജയപ്പെടുത്താനാവില്ല. ഭീകരതയാല്‍ വിശ്വാസത്തെ തകര്‍ക്കാനാവില്ല. നൂറുകണക്കിന് വര്‍ഷങ്ങളുടെ ചരിത്രത്തില്‍ ഈ ക്ഷേത്രം പലതവണ തകര്‍ക്കപ്പെട്ടു, വിഗ്രഹങ്ങള്‍ നശിപ്പിക്കപ്പെട്ടു, അതിന്റെ അസ്തിത്വം തന്നെ മായ്ച്ചുകളയാനുള്ള എല്ലാ ശ്രമങ്ങളും നടത്തി. പക്ഷേ, പൊളിക്കപ്പെടുമ്പോഴെല്ലാം അത് ഉയിര്‍ത്തെഴുന്നേറ്റു. അതുകൊണ്ട്, ഇന്ന് ഭഗവാന്‍ സോമനാഥ ക്ഷേത്രം ഇന്ത്യയ്ക്ക് മാത്രമല്ല, ലോകമെമ്പാടും ഒരു വിശ്വാസവും ആശ്വാസവുമാണ്. ഭീകരതയുടെ അടിസ്ഥാനത്തില്‍ ഒരു സാമ്രാജ്യം സ്ഥാപിക്കാന്‍ ഇന്ദ്രജാലം പ്രയോഗിക്കുന്ന ദുഷ്ടശക്തികള്‍ക്ക് ഒരു നിശ്ചിത കാലഘട്ടത്തില്‍ കുറച്ചുകാലം ആധിപത്യം സ്ഥാപിക്കാനായേക്കാം, എന്നാല്‍ അവരുടെ നിലനില്‍പ്പ് ശാശ്വതമല്ല, അവര്‍ക്ക് മനുഷ്യരാശിയെ ദീര്‍ഘകാലത്തേയ്ക്ക് അടിച്ചമര്‍ത്താനും കഴിയില്ല. ചില സ്വേച്ഛാധിപതികള്‍ സോമനാഥ ക്ഷേത്രം പൊളിച്ചുമാറ്റിയപ്പോഴും അത്തരം ആശയങ്ങളില്‍ ലോകം ആശങ്കപ്പെടുന്ന ഇന്നും അത് സത്യമായി നിലകൊള്ളുന്നു.
സുഹൃത്തുക്കളെ,
നമുക്കെല്ലാവര്‍ക്കും അറിയാവുന്നതുപോലെ, ഏതാനും വര്‍ഷങ്ങളുടെയോ അല്ലെങ്കില്‍ ഏതാനും പതിറ്റാണ്ടുകളുടെയോ ഫലമല്ല സോമനാഥ ക്ഷേത്രത്തിന്റെ പുനര്‍നിര്‍മ്മാണത്തില്‍ നിന്ന് അതിന്റെ മഹത്തായ വികസനത്തിലേക്കുള്ള ഈ യാത്ര . നൂറ്റാണ്ടുകളുടെ ശക്തമായ ഇച്ഛാശക്തിയുടെയും പ്രത്യയശാസ്ത്രപരമായ ശാശ്വതതയുടെയും ഫലമാണിത്. രാജേന്ദ്ര പ്രസാദ് ജി, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍, കെ.എം. മുന്‍ഷി എന്നീ മഹാരഥന്മാര്‍ക്ക് സ്വാതന്ത്ര്യത്തിനു ശേഷവും ഈ സംഘടിതപ്രവര്‍ത്തനത്തില്‍ ബുദ്ധിമുട്ടുകള്‍ നേരിട്ടു. എന്നാല്‍ ഒടുവില്‍ 1950 ല്‍ സോമനാഥ ക്ഷേത്രം ആധുനിക ഇന്ത്യയുടെ ദിവ്യസ്തംഭമായി സ്ഥാപിക്കപ്പെട്ടു. ഇന്ന് അതിന്റെ എല്ലാ പ്രശ്‌നങ്ങള്‍ക്കും സൗഹാര്‍ദ്ദപരമായ പരിഹാരം കണ്ടെത്താനുള്ള പ്രതിജ്ഞാബദ്ധതയോടെ രാജ്യം മുന്നേറുകയാണ്. ഇന്ന് നവഇന്ത്യയുടെ ഒരുഅഭിമാനസ്തംഭം രാമക്ഷേത്രത്തിന്റെ രൂപത്തില്‍ ഉയരുകയുമാണ്.
സുഹൃത്തുക്കളെ,
ചരിത്രത്തില്‍ നിന്ന് പഠിച്ചുകൊണ്ട് വര്‍ത്തമാനകാലത്തെ മെച്ചപ്പെടുത്താനും ഒരു പുതിയ ഭാവി സൃഷ്ടിക്കാനുമുള്ളതായിരിക്കണം നമ്മുടെ ചിന്ത. അതുകൊണ്ട്, ഞാന്‍ 'ഭാരത് ജോഡോ ആന്ദോളനെ' കുറിച്ച് പറയുമ്പോള്‍, അത് ഭൂമിശാസ്ത്രപരമോ പ്രത്യയശാസ്ത്രപരമോ ആയ ബന്ധങ്ങളില്‍ മാത്രമായി പരിമിതപ്പെടുന്നില്ല. അത് ഭാവിയുടെ ഇന്ത്യയെ കെട്ടിപ്പടുക്കുന്നതിന് നമ്മുടെ ഭൂതകാലവുമായി നമ്മെ ബന്ധിപ്പിക്കുന്നതിനുള്ള ഒരു പ്രതിജ്ഞ കൂടിയാണിത്. ഈ വിശ്വാസത്തോടെയാണ്, ഭൂതകാലത്തിന്റെ പ്രചോദനങ്ങളെ പരിപോഷിപ്പിക്കുന്നതിനോതോടൊപ്പം ഭൂതകാലത്തിന്റെ അവശിഷ്ടങ്ങളില്‍ നിന്ന് നമ്മള്‍ ആധുനിക പ്രതാപം പടുത്തുയര്‍ത്തിയത്. സോമനാഥില്‍ വന്നപ്പോള്‍ രാജേന്ദ്രപ്രസാദ് ജി പറഞ്ഞത് നമ്മള്‍ എപ്പോഴും ഓര്‍ക്കണം. ''നൂറ്റാണ്ടുകള്‍ക്കുമുമ്പ്, ഇന്ത്യ സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും ഒരു ഭണ്ഡാരമായിരുന്നു. ലോകത്തിലെ സ്വര്‍ണ്ണത്തിന്റെ വലിയൊരു ഭാഗം ഇന്ത്യയിലെ ക്ഷേത്രങ്ങളിലാണ് ഉണ്ടായിരുന്നത്. എന്റെ അഭിപ്രായത്തില്‍, സോമനാഥിന്റെ പുനര്‍നിര്‍മ്മാണം പൂര്‍ത്തിയാകുന്ന ദിവസം അതിന്റെ അടിത്തറയിലുള്ള കൂറ്റന്‍ ക്ഷേത്രത്തിനൊപ്പം, സമ്പന്നമായ ഇന്ത്യയുടെ മഹത്തായ കെട്ടിടവും തയാറാകും, സമ്പന്നമായ ഇന്ത്യയുടെ നിര്‍മ്മാണം, അതിന്റെ പ്രതീകമാണ് സോമനാഥ ക്ഷേത്രം'' അദ്ദേഹം പറഞ്ഞു. നമ്മുടെ ആദ്യ രാഷ്ര്ടപതി ഡോ. രാജേന്ദ്ര ജിയുടെ ഈ സ്വപ്‌നം നമുക്കെല്ലാവര്‍ക്കും വലിയ പ്രചോദനമാണ്.
സുഹൃത്തുക്കളെ,
ഞങ്ങളെ സംബന്ധിച്ചിടത്തോളം ചരിത്രത്തിന്റെയും വിശ്വാസത്തിന്റെയും സാരാംശം എന്നത്-
''സബ്കാ സാഥ്, സബ്കാ വികാസ്, സബ്കാ വിശ്വാസ്, സബ്ക പ്രയാസ്( എല്ലാവര്‍ക്കുമൊപ്പം, എല്ലാവരുടെയും വികസനം, എല്ലാവരുടെയും വിശ്വാസം, എല്ലാവരുടെയും പരിശ്രമം)'' എന്നതാണ്. നമ്മുടെ രാജ്യത്ത് സ്ഥാപിതമായ 12 ജ്യോതിര്‍ലിംഗങ്ങള്‍ ആരംഭിക്കുന്നത് സോമനാഥ ക്ഷേത്രത്തിലെ 'സൗരാഷ്‌ട്രേ സോമനാഥ'ത്തില്‍ നിന്നാണ്. പടിഞ്ഞാറ് സോമനാഥ്, നാഗേശ്വറില്‍ മുതല്‍ കിഴക്ക് ബൈദ്യനാഥ്, വടക്ക് ബാബ കേദാര്‍നാഥ് മുതല്‍ തെക്ക് ഇന്ത്യയുടെ ഏറ്റവും അറ്റത്തുള്ള ശ്രീ രാമേശ്വരം വരെ, ഈ 12 ജ്യോതിര്‍ലിംഗങ്ങള്‍ ഇന്ത്യയെ മുഴുവന്‍ ബന്ധിപ്പിക്കാന്‍ സഹായിക്കുന്നു. അതുപോലെ, നമ്മുടെ ചാര്‍ ധാമുകള്‍ (നാല് വാസസ്ഥലങ്ങള്‍), 56 ശക്തിപീഠങ്ങളുടെ (പ്രപഞ്ചശക്തിയുടെ പുണ്യസ്ഥലങ്ങള്‍)നമ്മുടെ വിശ്വാസം, രാജ്യത്തുടനീളം വ്യത്യസ്ത തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ സ്ഥാപിക്കല്‍ എന്ന ആശയം യഥാര്‍ത്ഥത്തില്‍ ഏക ഭാരതം, ശ്രേഷ്ഠ ഭാരതം ( വണ്‍ ഇന്ത്യ, സുപ്രീം ഇന്ത്യ)എന്നതിന്റെ ആവിഷ്‌ക്കാരമാണ്. ഇത്രയും വൈവിധ്യങ്ങളുള്ള ഇന്ത്യ എങ്ങനെ ഒന്നായി ഒന്നിച്ചുനില്‍ക്കുന്നു എന്ന് ലോകം നൂറ്റാണ്ടുകളായി ആശ്ചര്യപ്പെടുകയാണ്. ആയിരക്കണക്കിന് കിലോമീറ്റര്‍ കിഴക്ക് നിന്ന് പടിഞ്ഞാറോട്ട് സോമനാഥ് സന്ദര്‍ശിക്കാന്‍ നടക്കുന്ന ഭക്തരെ അല്ലെങ്കില്‍ ദക്ഷിണേന്ത്യയില്‍ നിന്നുള്ള ആയിരക്കണക്കിന് ഭക്തര്‍ തങ്ങളുടെ നെറ്റിയില്‍ കാശിയിലെ മണ്ണ് പൂശുന്നത് കാണുമ്പോള്‍ ഇന്ത്യയുടെ ശക്തി നിങ്ങള്‍ക്ക് മനസ്സിലാകും. നമുക്ക് അ
അന്യോന്യം ഭാഷ മനസ്സിലാകണമെന്നില്ല, നമ്മുടെ വസ്ത്രങ്ങള്‍ വ്യത്യസ്തമാണ്, നമ്മുടെ ഭക്ഷണശീലങ്ങള്‍ വേറിട്ടതാണ്, എന്നാലും നമ്മള്‍ ഒന്നാണ് എന്ന് നമുക്ക് തോന്നുന്നു. ഇന്ത്യയെ ഐക്യത്തിന്റെ നൂലില്‍ ബന്ധിപ്പിക്കുന്നതിലും നൂറ്റാണ്ടുകളായി പരസ്പര സംഭാഷണം സ്ഥാപിക്കുന്നതിലും നമ്മുടെ ആത്മീയത ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. അത് ശക്തിപ്പെടുത്തുന്നതില്‍ നമുക്കെല്ലാവര്‍ക്കും ഉത്തരവാദിത്തവുമുണ്ട്.
സുഹൃത്തുക്കളെ
ഇന്ന് ലോകം മുഴുവന്‍ ഇന്ത്യയുടെ യോഗ, തത്ത്വചിന്ത, ആത്മീയത, സംസ്‌കാരം എന്നിവയിലേക്ക് ആകര്‍ഷിക്കപ്പെടുകയാണ്. നമ്മുടെ വേരുകളുമായി ബന്ധപ്പെടാന്‍ നമ്മുടെ പുതിയ തലമുറയ്ക്ക് ഒരു പുതിയ അവബോധം ഉണ്ടായിട്ടുണ്ട്. അതുകൊണ്ട്, ടൂറിസത്തിന്റെയും, ആത്മീയ ടൂറിസത്തിന്റെയും മേഖലയില്‍ ദേശീയ അന്തര്‍ദേശീയ സാദ്ധ്യതകളുമുണ്ട്. ഈ സാദ്ധ്യതകള്‍ തിരിച്ചറിയുന്നതിനായി, രാജ്യം ആധുനിക പശ്ചാത്തലസൗകര്യങ്ങള്‍ നിര്‍മ്മിക്കുകയും പുരാതന മഹത്വം പുനരുജ്ജീവിപ്പിക്കുകയും ചെയ്യുകയുമാണ്. രാമായണ സര്‍ക്യൂട്ടിന്റെ ഉദാഹരണം നമ്മുടെ മുന്നിലുണ്ട്. രാമായണ സര്‍ക്യൂട്ടിലൂടെ ശ്രീരാമന്റെ ജീവിതവുമായി ബന്ധപ്പെട്ട പുതിയ സ്ഥലങ്ങളെക്കുറിച്ച് രാജ്യത്തിനകത്തും പുറത്തുമുള്ള രാമഭക്തര്‍ ഇന്ന് അറിയുന്നു. ഈ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചുകൊണ്ട് എങ്ങനെയാണ് രാമഭഗവാന്‍ ഇന്ത്യയുടെ മുഴുവന്‍ രാമനാണെന്നത് ഇന്ന് നമുക്ക് അനുഭവിക്കാന്‍ കഴിയുന്നു. അതുപോലെ, ബുദ്ധ സര്‍ക്യൂട്ട് ലോകമെമ്പാടുമുള്ള ബുദ്ധമത അനുയായികളുടെ ഇന്ത്യയിലെ സന്ദര്‍ശനത്തിന് സൗകര്യമൊരുക്കുന്നു. ഈ ദിശയിലേക്കുള്ള ജോലികള്‍ ഇന്ന് അതിവേഗം പുരോഗമിക്കുകയാണ്. അതുപോലെ, സ്വദേശി ദര്‍ശന്‍ പദ്ധതി പ്രകാരം 15 വ്യത്യസ്ത വിഷയങ്ങളില്‍ ടൂറിസ്റ്റ് സര്‍ക്യൂട്ടുകള്‍ ടൂറിസം മന്ത്രാലയം വികസിപ്പിക്കുകയാണ്. ഈ സര്‍ക്യൂട്ടുകള്‍ രാജ്യത്തെ അവഗണിക്കപ്പെട്ട പല പ്രദേശങ്ങളിലും ടൂറിസത്തിനും വികസനത്തിനുമുള്ള അവസരങ്ങള്‍ സൃഷ്ടിക്കും.
സുഹൃത്തുക്കളെ,
നമ്മുടെ പൂര്‍വ്വികരുടെ ദര്‍ശനം അത്തരത്തിലുള്ളതായിരുന്നു, വിദൂര പ്രദേശങ്ങളെ നമ്മുടെ വിശ്വാസവുമായി ബന്ധിപ്പിക്കാനും തങ്ങളുടെ സ്വത്വത്തെക്കുറിച്ച് നമ്മെ ബോധവാന്മാരാക്കുന്നതിനും ന്‍ അവര്‍ പ്രവര്‍ത്തിച്ചു. എന്നാല്‍, നിര്‍ഭാഗ്യവശാല്‍, നമ്മള്‍ യോഗ്യതയുള്ളവരായിത്തീര്‍ന്നപ്പോള്‍, ആധുനിക സാങ്കേതികവിദ്യയും വിഭവങ്ങളും ലഭിച്ചപ്പോള്‍, ഈ പ്രദേശങ്ങളില്‍ പ്രവശനം ചെയ്യാനാകില്ലെന്ന് കരുതി നമ്മള്‍ അവയെ ഉപേക്ഷിച്ചു. നമ്മുടെ പര്‍വ്വതപ്രദേശങ്ങള്‍ ഇതിന് മികച്ച ഉദാഹരണമാണ്. എന്നാല്‍ ഇന്ന് രാജ്യം ഈ പുണ്യ തീര്‍ത്ഥാടനങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നു. വൈഷ്‌ണോദേവി ക്ഷേത്രത്തിന് ചുറ്റുമുള്ള വികസനമായാലും വടക്കുകിഴക്കന്‍ മേഖലയിലെ ഹൈടെക് പശ്ചാത്തലസൗകര്യങ്ങള്‍ ആയാലും ഇന്ന് രാജ്യത്ത് ദൂരം കുറയുകയാണ്. അതുപോലെ, 2014 -ല്‍ തീര്‍ത്ഥാടന കേന്ദ്രങ്ങളുടെ വികസനത്തിനായി രാജ്യം പ്രസാദ് പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഈ പദ്ധതി പ്രകാരം, 40 ഓളം പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ രാജ്യത്ത് വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്, അതില്‍ 15 പദ്ധതികളും പൂര്‍ത്തിയായി. ഗുജറാത്തിലും പ്രസാദ് പദ്ധതിക്ക് കീഴില്‍ 100 കോടി രൂപയിലധികം വിലമതിക്കുന്ന മൂന്ന് പദ്ധതികളുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. സോമനാഥിനെയും ഗുജറാത്തിലെ മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളെയും നഗരങ്ങളെയും ബന്ധിപ്പിക്കുന്നതിന് പ്രത്യേക ശ്രദ്ധ നല്‍കുന്നുണ്ട്. ഒരു സ്ഥലം സന്ദര്‍ശിക്കാന്‍ വിനോദസഞ്ചാരികള്‍ വരുമ്പോള്‍ അവര്‍ മറ്റ് വിനോദസഞ്ചാര സ്ഥലങ്ങളിലും പോകണം എന്നതാണ് ആശയം. അതുപോലെ രാജ്യത്ത് അങ്ങോളമിങ്ങോളമായി 19 ഐക്കോണിക് വിനോദസഞ്ചാര ലക്ഷ്യകേന്ദ്രങ്ങള്‍ കണ്ടെത്തി വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഈ പദ്ധതികളെല്ലാം ഭാവിയില്‍ നമ്മുടെ ടൂറിസ്റ്റ് വ്യവസായത്തിന് ഒരു പുതിയ ഉത്തേജനം നല്‍കും.
സുഹൃത്തുക്കളെ,
ഇന്ന് രാജ്യം സാധാരണക്കാരെ ബന്ധിപ്പിക്കുക മാത്രമല്ല, ടൂറിസത്തിലൂടെ സ്വയം പുരോഗമിക്കുകയും ചെയ്യുന്നു. അതിന്റെഫലമായി, 2013 ല്‍ ട്രാവല്‍ ടൂറിസം മത്സര സൂചികയില്‍ 65-ാം സ്ഥാനത്തായിരുന്ന നമ്മുടെ രാജ്യം ഇപ്പോള്‍ 2019 സൂചിക പ്രകാരം 34-ാം സ്ഥാനത്താണ്. ഇന്ന് രാജ്യത്തിന് പ്രയോജനം ചെയ്യുന്ന അന്താരാഷ്ട്ര ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി ഈ ഏഴ് വര്‍ഷങ്ങളില്‍ നിരവധി നയപരമായ തീരുമാനങ്ങളും എടുത്തിട്ടുണ്ട്. രാജ്യം ഇ-വിസ ഭരസംവിധാനം, വിസ ഓണ്‍ അറൈവല്‍(എത്തിയതിന് ശേഷമുള്ള വിസ) തുടങ്ങിയ നടപടികള്‍ വേഗത്തിലാക്കി, കൂടാതെ വിസ ഫീസും കുറച്ചിട്ടുണ്ട്. അതുപോലെ, ടൂറിസം മേഖലയിലെ ഹോസ്പിറ്റാലിറ്റിയുടെ(ആതിഥ്യത്തിന്റെ) ജി.എസ്.ടിയും കുറച്ചിട്ടുണ്ട്. ഇത് ടൂറിസം മേഖലയ്ക്ക് വളരെയധികം ഗുണം ചെയ്യും, മാത്രമല്ല കോവിഡിന്റെ പ്രത്യാഘാതങ്ങളില്‍ നിന്ന് കരകയറാനും ഇത് സഹായിക്കും. വിനോദസഞ്ചാരികളുടെ താല്‍പ്പര്യങ്ങള്‍ കണക്കിലെടുത്തും നിരവധി തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട്. ഉദാഹരണത്തിന്, ചില വിനോദസഞ്ചാരികള്‍ സാഹസികതയില്‍ ആവേശഭരിതരാണ്. ഇത് മനസ്സില്‍ വച്ചുകൊണ്ട് 120 പര്‍വതശിഖരങ്ങള്‍ ട്രക്കിംഗിനായി തുറന്നുകൊടുത്തിട്ടുണ്ട്. വിനോദസഞ്ചാരികള്‍ അസൗകര്യമുണ്ടാകാതിരിക്കാനും പുതിയ സ്ഥലങ്ങളെക്കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ നേടാനും ഗൈഡുകള്‍ക്ക് പരിശീലനം നല്‍കുന്നുണ്ട്. ഇതും ധാരാളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.
സുഹൃത്തുക്കളെ,
ബുദ്ധിമുട്ടേറിയ സമയങ്ങളില്‍ നിന്ന് പുറത്തുവരാനും നമ്മുടെ കഷ്ടപ്പാടുകള്‍ പിന്നില്‍ ഉപേക്ഷിച്ച് മുന്നോട്ട് പോകാനും നമ്മുടെ രാജ്യത്തിന്റെ പാരമ്പര്യങ്ങള്‍ നമ്മെ പ്രചോദിപ്പിക്കുന്നു. കൊറോണക്കാലത്ത് ടൂറിസം ജനങ്ങളുടെ പ്രതീക്ഷയുടെ ഒരു കിരണമാണെന്നും നമ്മള്‍ കണ്ടു. അതുകൊണ്ട്, നമ്മുക്ക് നമ്മുടെ ടൂറിസത്തിന്റെ സവിശേഷതയും സംസ്‌കാരവും തുടര്‍ച്ചയായി വികസിപ്പിക്കുകയും പ്രോത്സാഹിപ്പിക്കു കയും ചെയ്തുകൊണ്ട് മുന്നോട്ട് പോകണം. എന്നാല്‍ അതേ സമയം, ആവശ്യമായ മുന്‍കരുതലുകളെക്കു റിച്ചും നമ്മള്‍ ഓര്‍ക്കേണ്ടതുണ്ട്. ഈ മനോഭാവത്തോടെ രാജ്യം മുന്നോട്ട് പോകുമെന്നും നമ്മുടെ പാരമ്പര്യവും മഹത്വവും ആധുനിക ഇന്ത്യയുടെ നിര്‍മ്മാണത്തില്‍ നമ്മെ നയിക്കുന്നത് തുടരുമെന്നും എനിക്ക് ഉറപ്പുണ്ട്. സാധാരണക്കാരനെ സേവിക്കാനും അവന്റെ ജീവിതത്തില്‍ ഒരു മാറ്റം കൊണ്ടുവരാനും പുതിയ ഊര്‍ജ്ജത്തോടെ പാവപ്പെട്ടവരില്‍ പാവപ്പെട്ടവരുടെ ക്ഷേമത്തിനായി കൂടുതല്‍ കാര്യങ്ങള്‍ ചെയ്യുവാനും സോമനാഥന്റെ അനുഗ്രഹങ്ങള്‍ ഇനിയൂം നമ്മില്‍ ചൊരിയട്ടെ! ഈ ആശംസകളോടെ, എല്ലാവര്‍ക്കും വളരെ നന്ദി!! ജയ് സോമനാഥ്!
*****
(Release ID: 1747937)
Visitor Counter : 242
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada