പ്രധാനമന്ത്രിയുടെ ഓഫീസ്‌

വിദേശരാജ്യങ്ങളിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങളിലെ മേധാവികളുമായും വ്യാപാര-വാണിജ്യ മേഖലയിലെ പങ്കാളികളുമായും പ്രധാന മന്ത്രിയുടെ അഭിസംബോധന

Posted On: 06 AUG 2021 10:30PM by PIB Thiruvananthpuram

നമസ്‌കാരം
കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകരെ, അംബാസിഡര്‍മാരെ, ഹൈക്കമ്മീഷണര്‍മാരെ, ലോകമെമ്പാടും സേവനം ചെയ്യുന്ന കേന്ദ്ര,  സംസ്ഥാന ഗവണ്‍മെന്റ് ഉദ്യോഗസ്ഥരെ, വിവിധ കയറ്റുമതി കൗണ്‍സിലുകളുടെയും ചേമ്പര്‍ ഓഫ് കൊമേഴ്‌സിന്റെയും നേതാക്കളെ, മഹതി മഹാന്മാരെ!
സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന് സമയമായിരിക്കുന്നു. നമ്മുടെ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്ന സമയം മത്രമല്ല ഇത്, ഭാവി ഇന്ത്യയെ സംബന്ധിച്ച വ്യക്തമായ കാഴ്ച്ചപ്പാടും രൂപരേഖയും വികസിപ്പിക്കാനുള്ള അവസരം കൂടിയാണിത്. നമ്മുടെ കയറ്റുമതി മോഹങ്ങള്‍ക്ക് നിങ്ങളുടെ പങ്കും പങ്കാളിത്തവും മുന്‍കൈ എടുക്കലും വളരെ വലുതാണ്. ഇന്ന് ആഗോളതലത്തില്‍ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്നതിനെ കുറിച്ച് നിങ്ങള്‍ എല്ലാവരും അറിവുള്ളവരാണ് എന്ന് ഞാന്‍ മനസിലാക്കുന്നു. ഭൗതിക- സാങ്കോതിക - സാമ്പത്തിക സമ്പര്‍ക്കം മൂലം ലോകം ഇന്നു  ചെറുതായി ചെറുതായി വരുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ നമ്മുടെ കയറ്റുമതി വിപുലീകരണത്തിന് ലോകമെമ്പാടും പുതിയ സാധ്യതകള്‍ ഉയര്‍ന്നു വരികയാണ്. ഇക്കാര്യത്തില്‍ എന്നെക്കാള്‍ കൂടുതല്‍ അനുഭവം നിങ്ങള്‍ക്കുണ്ട്, മികച്ച വിധികര്‍ത്താക്കളും നിങ്ങള്‍ തന്നെ.ഇരു വിഭാഗത്തിന്റെയും കാഴ്ച്ചപ്പാടുകള്‍ കൈമാറുന്നതിനുള്ള ഇന്നത്തെ ഈ സംരംഭത്തിന് അവസരമൊരുക്കിയതിന് ഞാന്‍ നിങ്ങളെ അഭിനന്ദിക്കുന്നു. കയറ്റുമതി സംബന്ധിച്ച നമ്മുടെ തീവ്രമായ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് നിങ്ങളുടെ മുഖത്തു പ്രതിഫലിക്കുന്ന ഈ ഉത്സാഹവും, പ്രതീക്ഷയും, അര്‍പ്പണബോധവും പ്രശംസനീയമാണ്.
സുഹൃത്തുക്കളെ,
ആഗോള സമ്പദ് വ്യവസ്ഥയില്‍ ഏറ്റവും കൂടുതല്‍ വിഹിതം നമുക്ക് ഉണ്ടാകാന്‍ കാരണം ഇന്ത്യയുടെ ശക്തമായ വ്യാപാരവും കയറ്റുമതിയുമാണ്. ലോകത്തിന്റെ എല്ലാ ഭാഗങ്ങളുമായി നമുക്ക് വ്യാപാര ബന്ധങ്ങളും  അവിടങ്ങളിലേയ്ക്ക് വ്യാപാര പാതകളും ഉണ്ട്. ആഗോള സമ്പദ് വ്യവസ്ഥയില്‍ ഉണ്ടായിരുന്ന ആ പഴയ പ്രതാപം വീണ്ടെടുക്കാന്‍ നാം ശ്രമിക്കുകയാണ്. അതില്‍ നമ്മുടെ കയറ്റുമതിയുടെ പങ്ക് വളരെ പ്രധാനപ്പെട്ടതാണ്. കോവിഡാനന്തര ലോകത്തില്‍ ആഗോള വിതരണ ശ്രുംഖലയെ സംബന്ധിച്ച് വ്യാപകമായ ചര്‍ച്ചകള്‍ നടക്കുമ്പോള്‍ പുത്തന്‍ അവസരങ്ങളെ പ്രയോജനപ്പെടുത്തുവാന്‍ നാം പരമാവധി ശ്രമങ്ങള്‍ നടത്തേണ്ടിയിരിക്കുന്നു. നമ്മടെ മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്റെ 20 ശതമാനം സംഭാവന ചെയ്യുന്നത് കയറ്റുമതിയാണ്. നമ്മുടെ സമ്പദ് വ്യവസ്ഥയുടെ വലിപ്പവും, നമ്മുടെ സാധ്യതകളും, നിര്‍മ്മാണവും സേവന വ്യവസായ അടിസ്ഥാനവും  പരിഗണിക്കുമ്പോള്‍ കയറ്റുമതിയില്‍ മുന്നേറാനുള്ള ബൃഹദ് സാധ്യതകളാണുള്ളത്. രാജ്യം ആത്മനിര്‍ഭര്‍ ഭാരത ദൗത്യവുമായി മുന്നേറുന്ന ഈ സമയത്ത്, ആഗോള കയറ്റുമതി വിതരണ  ശൃംഖലയിലെ ഇന്ത്യയുടെ വിഹിതം പതിന്മടങ്ങു വര്‍ധിപ്പിക്കുക എന്നതാണ് അതിന്റെ ഒരു ലക്ഷ്യം.
 ഇന്ന്  നാം അന്താരാഷ്ട്ര ആവശ്യങ്ങള്‍ക്കനുസൃതമായി  ലഭ്യത നേടുകയും അങ്ങനെ നമ്മുടെ വ്യവസായങ്ങള്‍ ഉയരുകയും വളരുകയും ചെയ്യുന്നു എന്നു നാം ഉറപ്പു വരുത്തേണ്ടിയിരിക്കുന്നു. നമ്മുടെ വ്യവസായങ്ങള്‍ മികച്ച സാങ്കേതിക വിദ്യകളുമായി കൈകോര്‍ക്കണം, നവീകരണത്തില്‍  ശ്രദ്ധ കേന്ദ്രീകരിക്കണം, ഗവേഷണത്തിലും വികസനത്തിലുമുള്ള വിഹിതം കൂട്ടണം. ഇതിലൂടെ മാത്രമെ ആഗോള മൂല്യ ശൃംഖലയിലെ നമ്മുടെ വിഹിതം വളര്‍ത്താന്‍ സാധിക്കൂ. മല്‍സരവും മികവും പ്രോത്സാഹിപ്പിക്കുമ്പോള്‍  എല്ലാ മേഖലകളിലും ആഗോള  വിജയികളെ നാം ഒരുക്കണം.
സുഹൃത്തുക്കളെ, കയറ്റുമതി വര്‍ധിപ്പിക്കുന്നതിന് വളരെ പ്രധാനമായിട്ടുള്ളത് നാലു ഘടകങ്ങളാണ്.  ഒന്ന് രാജ്യത്തെ നിര്‍മ്മാണം പല മടഹ്ഹു വര്‍ധിപ്പിക്കണം. അത്  ഗുണമേന്മയില്‍ മത്സരക്ഷമവും ആയിരിക്കണം. നമ്മുടെ സുഹൃത്തുക്കള്‍ പറഞ്ഞതുപോലെ ലോകത്തില്‍ ഒരു പുതിയ വിഭാഗം ഉണ്ട് അവര്‍ വിലയല്ല ശ്രദ്ധിക്കുക, ഗുണമാണ്. ഈ വിഷയത്തിലാണ് നാം ശ്രദ്ധിക്കേണ്ടത്. രണ്ടാമതായി ഗതാഗതത്തിലെ ചരക്കു നീക്ക പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കേണ്ടിയിരിക്കുന്നു. ഇക്കാര്യത്തില്‍ കേന്ദ്ര, സംസ്ഥാന ഗവണ്‍മെന്റുകളും സ്വാകാര്യ മേഖലയും അവരുടെ പങ്ക് വഹിക്കണം. ഗവണ്‍മെന്റും കയറ്റുമതിക്കാരും തോളോടു തോള്‍ ചേര്‍ന്നു നടക്കണം. ഗവണ്‍മെന്റ് ഭാഗഭാക്കായില്ലെങ്കില്‍, കയറ്റുമതി കൗണ്‍സിലും സംസ്ഥാനങ്ങളും പങ്കാളികളായില്ലെങ്കില്‍, വ്യവസായികള്‍ ഒറ്റയ്ക്കു നിന്ന് അവരുടെ വഴിക്ക് കയറ്റുമതി നടത്തുകയാണെങ്കില്‍  നാം ഉദ്ദേശിക്കുന്ന ഫലം ലഭിക്കില്ല. നാം സഹകരിക്കണം. നാലാമത്തെ ഘടകം, അത് ഇന്നത്തെ ഈ പരിപാടിയുമായി ബന്ധപ്പെട്ടതാണ്, അതാണ് ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അന്താരാഷ്്ട്ര വിപണി. ഈ നാലു ഘടകങ്ങള്‍ ഒന്നിക്കുമ്പോള്‍ മാത്രമെ ഇന്ത്യയുടെ പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ ആഗോളമാകുകയുള്ളു. അപ്പോള്‍ മാത്രമെ നമ്മുടെ ലക്ഷ്യമായ ലോകത്തിനു വേണ്ടി ഇന്ത്യയില്‍ നിര്‍മ്മിക്കുക എന്ന ലക്ഷ്യം മികച്ച രീതിയില്‍ നേടാന്‍ സാധിക്കൂ.
സുഹൃത്തുക്കളെ,
 വ്യവസായ ലോകത്തിന്റെ ആവശ്യങ്ങള്‍ മനസിലാക്കിയാണ് കേന്ദ്രസംസ്ഥാന ഗവണ്‍മെന്റുകള്‍ മുന്നോട്ടു പോകാന്‍ ശ്രമിക്കുന്നത്. ആത്മനിര്‍ഭര്‍ ഭാരത് പ്രചാരണപരിപാടിയുടെ ഭാഗമായി സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുഗമമാക്കുന്നതിന് നിരവധി ഇളവുകളാണ് നല്‍കിയിരിക്കുന്നത്.  സൂക്ഷ്മ ചെറുകിട ഇടത്തകം സംരംഭകര്‍ക്കും അനുബന്ധ മേഖലകള്‍ക്കും എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ ഗ്യാരന്റി സ്‌കീം വഴി മൂന്നു ലക്ഷം കോടിയുടെ ആശ്വാസ സഹായമാണ് നല്‍കിയിരിക്കുന്നത്. വീണ്ടെടുപ്പിനും വളര്‍ച്ചയ്ക്കുമായി മറ്റൊരു ഒന്നര ലക്ഷം കോടി കൂടി അടുത്തയിടെ അനുവദിച്ചിട്ടുണ്ട്.
സുഹൃത്തുക്കളെ,
പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റിവ് സ്‌കീം നമ്മുടെ ഉല്‍പാദനം ഉയര്‍ത്തിക്കൊണ്ടു  മാത്രമല്ല അതിന്റെ ആഗോള നിലവാരവും കാര്യക്ഷമതയും വര്‍ധിപ്പിച്ചുകൊണ്ടും ബഹുദൂരം പോകും. ഇത് മെയ്ഡ് ഇന്‍ ഇന്ത്യയ്ക്ക് പുതിയ സാഹചര്യങ്ങള്‍ വികസിപ്പിക്കുന്നതിന് വന്‍ തോതിലുള്ള സൗകര്യങ്ങള്‍ നല്‍കും. നിര്‍മ്മാണത്തിലും കയറ്റുമതിയിലും രാജ്യത്തിനു പുതിയ ആഗോള വിജയികളെ ലഭിക്കും. ഇതിന്റെ അനന്തര ഫലം മൊബൈല്‍ ഫോണ്‍ മേഖലയില്‍ നമുക്കുണ്ട്.  ഏഴു വര്‍ഷം മുമ്പു വരെ നാം 8 ബില്യണ്‍ ഡോളറിന്റെ മൊബൈല്‍ ഫോണുകള്‍ ഇറക്കുമതി ചെയ്ത് ഉപയോഗിച്ചിരുന്നു. പിന്നീട് അത് 2 ബില്യണ്‍ എന്ന കണക്കിലേയ്ക്ക് ഒതുങ്ങി. ഏഴു വര്‍ഷം മുമ്പ് ഇന്ത്യ 0.3 ബില്യണ്‍ ഡോളര്‍ മൂല്യത്തിനുള്ള മൊബൈല്‍ ഫോണുകള്‍ കയറ്റുമതി തുടങ്ങി. അതിപ്പോള്‍ 3 ബില്യണ്‍ ഡോളര്‍ മൂല്യത്തില്‍ എത്തി നില്‍ക്കുന്നു.
സുഹൃത്തുക്കളെ,
ഉല്‍പാദനം കയറ്റുമതി എന്നിവയുമായി ബന്ധപ്പെട്ട മറ്റൊരു പ്രശ്‌നം കൂടി പരിഹരിക്കാന്‍ ഗവണ്‍മെന്റു ശ്രദ്ധിച്ചുവരുന്നു. ചരക്കു നീക്കത്തിന്റെ സമയവും ചെലവും ചുരുക്കുന്നതിന് കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകള്‍ മുന്‍ഗണന നല്‍കും.  ഇത് ഉറപ്പാക്കുന്നതിന്  നയ തീരുമാനമായാലും അടിസ്ഥാന വികസന നിര്‍മ്മാണമായാലും നാം അതിവേഗത്തില്‍ നീങ്ങുന്നതാണ്. ഇന്ന് നാം ബഹുവിധ യാത്രാ സംവിധാനങ്ങളുമായി അതിവേഗം മുന്നേറുകയാണ്.
സുഹൃത്തുക്കളെ,
റെയില്‍ മാര്‍ഗം ചരുക്കു നീക്കം ആരംഭിച്ചതായി ബംഗ്ലാദേശ് അനുഭവം പങ്കു വച്ചല്ലോ.  പെട്ടെന്ന് അതിന്റെ തോതും വര്‍ധിച്ചു. സുഹൃത്തുക്കളെ,  കോവിഡ് മഹാമാരിയെ ലഘൂകരിച്ച് വൈറസിനെ നിയന്ത്രണത്തില്‍ കൊണ്ടു വരുന്നതിനാണ് നമ്മുടെ ഗവണ്‍മെന്റ് ഇപ്പോള്‍ കിണഞ്ഞു പരിശ്രമിക്കുന്നത്. രാജ്യത്ത് പ്രതിരോധ കുത്തിവയ്പ് അതിവേഗത്തില്‍ പുരോഗമിക്കുകയാണ്. രാജ്യത്തെ പൗരന്മാരുടെയും വ്യവസായത്തിന്റെയും ഓരോ പ്രശ്‌നവും നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിന് സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചു വരുന്നു. കഴിഞ്ഞ കാലങ്ങളില്‍ നടത്തിയ പരിശ്രമങ്ങളുടെ ഫലങ്ങള്‍ഡ നിങ്ങള്‍ക്കും അനുഭവമുള്ളതാണല്ലോ.നമ്മുടെ വ്യവസായങ്ങളും വ്യാപാരവും ഈ കാലഘട്ടത്തില്‍ നവീകരിക്കപ്പടുകയും പുതിയ വെല്ലുവിളികളെ നേരിടാന്‍ തക്കവിധം രൂപമാറ്റം വരുത്തുകയും ചെയ്തു. രാജ്യത്തെ അടിയന്തര ചികിത്സാ സംവിധാനത്തിനു സഹായിച്ചത് വ്യവസായമാണ്. അതിന്റെ വളര്‍ച്ചയിലും വലിയ പങ്കു വഹിച്ചു. ഇന്ന്  കാര്‍ഷിക മേഖല പോലെ മരുന്നിന്റെയും കയറ്റുമതിയില്‍ നാം പുതിയ തലങ്ങളില്‍ എത്തിയതിനു കാരണവും ഇതു തന്നെ. ഇന്ന് സാമ്പത്തിക വീണ്ടെടുപ്പു മാത്രമല്ല അതിന്റെ കുത്തനെയുള്ള വളര്‍ച്ചയ്ക്കും നാം സാക്ഷികളായിരിക്കുന്നു. ലോകത്തിലെ പ്രമുഖ സമ്പദ് വ്യവസ്ഥകളിലും അതിവേഗത്തിലുള്ള സാമ്പത്തിക വീണ്ടെടുപ്പിന്റെ ലക്ഷണങ്ങളാണ് കാണുന്നത്. അതിനാല്‍ കയറ്റുമതിയില്‍ വലിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി  അവ നേടുന്നതിനുള്ള മികച്ച സമയമാണ് ഇതെന്നു ഞാന്‍ കരുതുന്നു.  ഇക്കാര്യത്തില്‍ ഗവണ്‍മെന്റ് ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചു വരുന്നു. കയറ്റുമതിക്കാരുടെ കാര്യത്തില്‍ അടുത്തയിടെ ഗവണ്‍മെന്റ് സുപ്രധാന തീരുമാനങ്ങള്‍ സ്വീകരിച്ചു. ഈ തീരുമാനത്തോടെ നമ്മുടെ കയറ്റുമതിക്കാര്‍ക്ക് ഏകദേശം 88000 കോടി രൂപയുടെ ഉത്തേജനമാണ് ഇന്‍ഷുറന്‍സ് രൂപത്തില്‍ ലഭിക്കുന്നത്. അതുപോലെ കയറ്റുമതി ആനുകൂല്യങ്ങള്‍ ഫലപ്രദമാക്കുകയും അവയെ ലോക വ്യാപാര സംഘടനയുടെ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമാക്കുകയും ചെയ്തത് കയറ്റുമതിക്ക് പ്രോത്സാഹനമായി.
സുഹൃത്തുക്കളെ,
ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ വ്യവസായങ്ങള്‍ ചെയ്യുന്ന നമ്മുടെ കയറ്റുമതിക്കാര്‍ക്ക് സ്ഥിരതയുടെ ഫലം എന്തെന്ന് നന്നായി അറിയാം. മുന്‍കാല  നികുതിയില്‍നിന്ന് ഒഴിവാക്കുന്ന തീരുമാനം കാണിക്കുന്നത് നമ്മുടെ അര്‍പ്പണബോധവും നയങ്ങളിലുള്ള സ്ഥിരതയുമാണ്. അത് എല്ലാ നിക്ഷേപകര്‍ക്കും ഒരു സന്ദേശം നല്‍കുന്നുണ്ട്, അതായത് ഇന്ത്യ ഗവണ്‍മെന്റ് പുതിയ സാധ്യതകള്‍ക്ക് വാതില്‍ തുറക്കുക മാത്രമല്ല വാഗാദാനങ്ങള്‍ പാലിക്കുകയും ചെയ്യുന്നു എന്ന്.
സുഹൃത്തുക്കളെ,
നമ്മുടെ കയറ്റുമതി ലക്ഷ്യങ്ങള്‍ നേടുന്നതിനും മറ്റു പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുന്നതിനും ഓരോ സംസ്ഥാനത്തിനും വലിയ പ്രശ്‌നങ്ങളുണ്ട്. നിക്ഷേപത്തിലായാലും, ബിസിനസ് സുഗമമാക്കുന്നതിലായാലും ,അവസാന നാഴികയിലെ അടിസ്ഥാന സൗകര്യമൊരുക്കലായാലും ഓരോ സംസ്ഥാനത്തിന്റെയും പങ്ക് പരമപ്രധാനമാണ്. കാര്യ നിര്‍വഹണ ഭാരം ലഘൂകരിക്കുക വഴി കയറ്റുമതിക്കും നിക്ഷേപത്തിനും പ്രോത്സാഹനം നല്‍കിക്കൊണ്ട് കേന്ദ്രഗവണ്‍മെന്റ്, സംസ്ഥാന ഗവണ്‍മെന്റുകളോട് ചേര്‍ന്നു നിന്നാണ് പ്രവര്‍ത്തിക്കുന്നത്. ആരോഗ്യകരമായ മത്സരം പ്രോത്സാഹിപ്പിക്കുന്നതിനാല്‍ സംസ്ഥാനങ്ങള്‍ കയറ്റുമതി കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നുണ്ട്. ഒരു ജില്ലയില്‍ നിന്ന് ഒരു ഉല്‍പ്പന്നം എന്ന രീതിയില്‍ ഊന്നല്‍ നല്‍കാന്‍ സംസ്ഥാനങ്ങളെ പ്രോത്സാഹിപ്പിച്ചു വരുന്നു.
സുഹൃത്തുക്കളെ,
സമഗ്രവും വിശദവുമായ കര്‍മ്മപദ്ധതിയിലൂടെ മാത്രമെ കയറ്റുമതി സംബന്ധിച്ച നമ്മുടെ മോഹലക്ഷ്യം നേടാനാവൂ. നിലവിലുള്ള കയറ്റുമതി വര്‍ധിപ്പിക്കുക മാത്രമല്ല, പുതിയ ഉല്‍പ്പന്നങ്ങള്‍ക്ക് പുതി വിപണികള്‍ നാം കണ്ടെത്തുന്നതിന് പ്രവര്‍ത്തിക്കുകയും വേണം. ഞാന്‍ നിങ്ങള്‍ക്ക് ചില നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നു.  ഇതു നമ്മുടെ വിദേശ കാര്യാലയങ്ങള്‍ക്ക് നിശ്ചയിക്കാം. ഉദാഹരണത്തിന് നാം ലോകത്തിലെ മൂന്നു സ്ഥലങ്ങളിലേയക്ക് നാം കയറ്റുമതി നടത്തുന്നു. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം പ്രമാണിച്ച് അത് അഞ്ചു പുതിയ സ്ഥലങ്ങളിലേയ്ക്കു കൂടി ആയിക്കൂടെ. സാധിക്കുമെന്ന് എനിക്കുി തോന്നുന്നു.  നിലവില്‍ നാം കയറ്റി അയക്കുന്ന ഉല്‍പ്പന്നങ്ങള്‍ കൂടാതെ 75 പുതിയ ഉല്‍പ്പന്നങ്ങള്‍ കൂടി ഓരോ രാജ്യത്തേയ്ക്കും നമ്മുടെ വിദേശകാര്യാലയങ്ങള്‍ക്ക് കൂട്ടി ചേര്‍ക്കാന്‍ സാധിക്കില്ലേ. അതുപോലെ കഴിഞ്ഞ ഏഴു വര്‍ഷമായി വളരെ സജീവമായിട്ടുള്ള ഇന്ത്യന്‍ സമൂഹങ്ങള്‍ നിങ്ങളുടെ പരിശ്രമങ്ങളെ പിന്തുണയ്ക്കുന്നുണ്ട്. അതിനാല്‍ ഓരോ സംസ്ഥാനത്തും ഇത്തരം സമൂഹങ്ങളെ രൂപീകരിക്കാം, സ്വാതന്ത്രത്തിന്റെ 75-ാം വാര്‍ഷികത്തിലെ കയറ്റുമതി സംബന്ധിച്ച് അവിടങ്ങളില്‍ ഉച്ചകോടികള്‍ നടത്താം വിഡിയോ കോണ്‍ഫറണ്‍സിങ്ങിലൂടെ. ബിഹാറില്‍ ഗവണ്‍മെന്റ് കയറ്റുമതിയുമായി ബന്ധപ്പെട്ട ഒരു ഉച്ചകോടി സംഘടിപ്പിക്കുന്നു.  അതില്‍ കേന്ദ്ര ഗവണ്‍മെന്റും പങ്കെടുക്കും. സംസ്ഥാനത്തു നിന്നുള്ള കയറ്റുമതിക്കാരും ബിഹാറില്‍ നിന്നു നിന്നു നിര്‍ദ്ദിഷ്ഠ വിദേശ രാജ്യത്തുള്ള ഇന്ത്യന്‍ സമൂഹവും പങ്കെടുക്കും. അവരുമായി നമുക്കു ചര്‍ച്ചെ ചെയ്തു തീരുമാനിക്കാം ഏത് ഉല്‍പ്പന്നമാണ് അവിടേയ്ക്ക് കയറ്റുമതി ചെയ്യേണ്ടത് എന്ന്. ഈ സമൂഹത്തിന് ഈ സംരംഭത്തോട് വൈകാരികമായ ഒരു അടുപ്പം ഉണ്ടാവും, ഈ ഉല്‍പ്പന്നങ്ങളുടെ വിപണനത്തിന് അവര്‍ സഹായിക്കുകയും ചെയ്യും. ഇത്തരത്തില്‍ നമ്മുടെ ഉല്‍പ്പന്നങ്ങള്‍ ധാരാളം  സ്ഥലങ്ങളില്‍  എത്തും.  അതുപോലെ 75 രാജ്യങ്ങളിലേയ്ക്കു കയറ്റുമതി ചെയ്യാനുള്ള അഞ്ചോ പത്തോ ഉല്‍പ്പന്നങ്ങള്‍  ഏതെന്ന് സംസ്ഥാന ഗവണ്‍മെന്റ്കള്‍ക്ക് നിശ്ചയിക്കാം. സംസ്ഥാനങ്ങള്‍ക്ക് അതിനുള്ള ലക്ഷ്യങ്ങളും തീരുമാനിക്കാം.  രാജ്യത്തിന്റെ 75-ാം വാര്‍ഷികത്തില്‍ പുതിയ വിപണികള്‍ കണ്ടെത്തുന്നതിന് പുതിയ രീതികളിലൂടെ സജീവ പരിശ്രമങ്ങള്‍ നടത്താന്‍ നമുക്കു സാധിക്കും. ലോകത്തിന് പരിചയമില്ലാത്ത നിരവധി ഉല്‍പ്പന്നങ്ങള്‍ ഉണ്ട്. ഉദാഹരണത്തിന് ഇന്ത്യയില്‍ വികസിപ്പിച്ച വിലകുറഞ്ഞ എല്‍ഇഡി ബള്‍ബുകള്‍. ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ ആഗോള താപനത്തെ കുറിച്ചും  ഊര്‍ജ്ജ സംരക്ഷയെ കുറിച്ചും ഉത്ക്കണ്ഠപ്പെടുമ്പോള്‍ തുഛമായ വിലയ്ക്ക് നമുക്ക് എല്‍ ഇഡി ബള്‍ബുകള്‍ കയറ്റുമതി ചെയ്യാം. ഇതൊരു മാനുഷിക നടപടി കൂടിയാകും, ഇന്ത്യക്ക് വലിയ വിപണി ലഭിക്കുകയും ചെയ്യും. ഇത്തരം പല ഉല്‍പ്പന്നങ്ങള്‍ ഉണ്ട്. ഒരു ഉദാഹരണം പറഞ്ഞെന്നേയുള്ളു. നിലവില്‍ നമ്മുടെ പകുതി കയറ്റുമതിയും നാലു പ്രധാന വിപണികളിലേയ്ക്കാണ്. അതുപോലെ 60 ശതമാനം കയറ്റുമതിയും എന്‍ജിനിയറിംങ് സമാഗ്രികള്‍, രത്‌നം, ആഭരണം, പെട്രോളിയം രാസവസ്തു ഉല്‍പ്പന്നങ്ങള്‍, മരുന്നുകള്‍ എന്നിവയാണ്. ആത്മ പരിശോധന നടത്തിയാല്‍ ഒരു വന്‍ രാജ്യമായ നാം നമ്മുടെ സ്വന്തമായ എത്രയോ ഉല്‍പ്പന്നങ്ങള്‍ ഇനിയും ലോകത്തില്‍ എത്തിക്കുന്നില്ല. അതിനാല്‍ ഈ ക്രമക്കേട് നീക്കണം. നാം ഒന്നിച്ചിരുന്ന് ചിന്തിച്ച് വഴികള്‍ തേടണം. നമുക്ക് ഒന്നിച്ച് ഈ അവസ്ഥ മാറ്റണം. പുതിയ വിപണികള്‍ കണ്ടെത്തണം. നമ്മുടെ പുത്തന്‍ ഉല്‍്പ്പന്നങ്ങള്‍ ലോകത്തില്‍ എത്തിക്കണം. ഖനനം, കല്‍ക്കരി, പ്രതിരോധം, റെയില്‍വെ എന്നിവ തുറന്നു കിട്ടുന്നതോടെ നമ്മുടെ സംരംഭകര്‍ക്ക് കയറ്റുമതി വര്‍ധിപ്പിക്കാന്‍ പുതിയ അവസരങ്ങള്‍ ഉണ്ടാവും. ഈ പുതിയ മേഖലകള്‍ക്കായി ഭാവിയില്‍ നമുക്കു തന്ത്രങ്ങള്‍ ആലോചിച്ചുകൂടെ.
സുഹൃത്തുക്കളെ,
ഈ പരിപാടിയില്‍ സന്നിഹിതരായിട്ടുള്ള നമ്മുടെ സ്ഥാനപതികളോടും വിദേശ മന്ത്രാലയത്തിലെ സഹപ്രവര്‍ത്തകരോടും ഒരു  അഭ്യര്‍ത്ഥന നടത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ ഇന്ത്യയെ ഏതു രാജ്യത്താണോ പ്രതിനിധീകരിക്കുന്നത് ആ രാജ്യത്തിന്റെ ആവശ്യങ്ങള്‍ നന്നായി മനസിലാക്കുക.  ഇന്ത്യയുടെ ഏതു ഭാഗത്തുനിന്ന് ഈ ആവശ്യം സാധിക്കാം എന്നും അറിയുക. കഴിഞ്ഞ 7 വര്‍ഷമായി നാം ഒരു പുതിയ പരീക്ഷണം നടത്തി വരുന്നു. വിദേശ കാര്യാലയങ്ങളില്‍ നിയമിതരായ ഉദ്യോഗസ്ഥര്‍ ഇന്ത്യയില്‍ പല ാവശ്യങ്ങള്‍ക്കായി വരുമ്പോള്‍ അവരെ വിവിധ സംസ്ഥാനങ്ങളിലേയ്ക്ക് അയക്കും, അവിടെ രണ്ടു മൂന്നു ദിവസം സംസ്ഥാന ഗവണ്‍മെന്റുമായി ചര്‍ച്ച നടത്തും. ആ പ്രത്യേക രാജ്യത്തേയ്ക്ക് ഇന്ത്യയിലെ ഈ സംസ്ഥാനത്തു നിന്ന് എന്താണ് കയറ്റി അയക്കാന്‍ സാധിക്കുക എന്ന് അന്വേഷിക്കും. ഈ പരിപാടി തുടരുന്നു.  നമ്മുടെ കയറ്റുമതിക്കാരും വാണിജ്യ വ്യവസായവുമായുള്ള ശക്തമായ പാലമാണ് നിങ്ങള്‍. വിവിധ രാജ്യങ്ങളിലുള്ള ഇന്ത്യ ഹൗസുകളും ഇന്ത്യയുടെ ഉല്‍പ്പന്ന ഊര്‍ജ്ജത്തിന്റെ പ്രതിനിധികളാകണം. കാലാകാലങ്ങളില്‍ നിങ്ങള്‍ ഇന്ത്യയിലെ ജനങ്ങളെ ജാഗ്രത്താക്കുകയും  വഴികാട്ടുകയും ചെയ്താല്‍  അത് കയറ്റുമതി വര്‍ധിപ്പിക്കും. നമ്മുടെ വിദേശ കാര്യാലയങ്ങളുമായി നമ്മുടെ കയറ്റുമതിക്കാര്‍ക്ക് സ്ഥിര സമ്പര്‍ക്കം സാധ്യമാക്കുന്നതിന് ഒരു സംവിധാനം ഒരുക്കാന്‍ വാണിജ്യമന്ത്രാലയത്തോട് ഞാന്‍ ആവശ്യപ്പെടുന്നുണ്ട് . ഈ വിഡിയോ സംവിധാനത്തിലൂടെ ഈ കാര്യങ്ങള്‍ നമുക്ക് എളുപ്പത്തില്‍ നടത്താന്‍ സാധിക്കും. മുമ്പ് യാത്ര നടത്താനും യോഗങ്ങള്‍ ചോരാനും ബുദ്ധിമുട്ടായിരുന്നു.  എന്നാല്‍ കൊറോണയ്ക്കു ശേഷം ലോകം മുഴുവന്‍ ഇപ്പോള്‍ വിഡിയോ കോണ്‍ഫറണ്‍സിംങ്ങ അംഗീകൃത സംവിധാനമായിരിക്കുന്നു. ഈ സംവിധാനത്തിന് ഇതിലും വലിയ ഉപയോഗം ഉണ്ടാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.
സുഹൃത്തുക്കളെ,
കയറ്റുമതിയില്‍ നിന്നും പരമാവധി പ്രയോജനം ലഭിക്കുന്നതിന് നമുക്ക് രാജ്യത്ത് ഉന്നത ഗുണനിലവാരമുള്ള ഒരു വിതരണ ശൃംഖല രൂപപ്പെടുത്തണം. ഇതിനു പുതിയ ബന്ധങ്ങള്‍, പുതിയ ബന്ധങ്ങള്‍ ശക്തിപ്പെടുത്തണം. നമ്മുടെ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളുമായി, കൃഷിക്കാരുമായി, മത്സ്യത്തൊഴിലാളികളുമായി  പങ്കാളിത്തം ശക്തമാക്കണം , നവ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കണം എന്ന് എല്ലാ കയറ്റുമതിക്കാരോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. നവസംരംഭങ്ങള്‍ വഴി ലോകത്തിന് വലിയ സംഭാവനകള്‍ നല്‍കാന്‍ നമ്മുടെ യുവ തലമുറയ്ക്കു സാധിക്കും. പല കയറ്റുമതിക്കാര്‍ക്കും ഈ വസ്തുത അറിയില്ല. ഇക്കാര്യത്തില്‍ വാണിജ് മന്ത്രാലയം മുന്‍കൈ എടുക്കണം. നമ്മുടെ നവസംരംഭകരും കയറ്റുമതിക്കാരും നിക്ഷേപകരും പങ്കെടുക്കുന്ന സംയുക്ത ശില്പശാല സംഘടിപ്പിക്കണം. അപ്പോള്‍ അവര്‍ക്കു പരസ്പരം അവരുടെ ശക്തി മനസിലാകും  ലോക വിപണിയെ പരിചയപ്പെടും. നമുക്ക് പലതും ചെയ്യാനാവും. നാം അവരെ സഹായിക്കണം. ഗണമേന്മയുടെയും കാര്യക്ഷമതയുടെയും കാര്യമെടുത്താല്‍  ഇത് നാം തെളിയിച്ചു കഴിഞ്ഞു. നമ്മുടെ മരുന്നുകളും വാക്‌സീനുകളും തന്നെ ഉദാഹരണം. മികച്ച സാങ്കേതിക വിദ്യയിലൂടെ എപ്രകാരം ഗുണമേന്മ മെച്ചപ്പെടുത്താം എന്നതിന് ഉദാഹരണം തേന്‍ ഉല്‍പാദന മേഖല തന്നെ. ഞാന്‍ ചെറിയ ഉദാഹരണങ്ങളാണ് ഉദ്ധരിക്കുന്നത്. കാരണം, ചെറിയ കാര്യങ്ങള്‍ക്ക് ഊര്‍ജ്ജനിലയങ്ങളാകാന്‍ സാധിക്കും.  അന്താരാഷ്ട്ര വിപണിയില്‍ തേനിന്റെ നിലവാരം അംഗീകാരത്തിന് അനിവാര്യമാണ്.  തേന്‍ പരിശോധനയ്ക്ക് നാം സാങ്കേതിക വിദ്യ ആവിഷ്‌കരിച്ചു. ഫലമോ,  97 മില്യണ്‍ ഡോളര്‍ മൂല്യമുള്ള തേനാണ് നാം കഴിഞ്ഞ വര്‍ഷം കയറ്റുമതി ചെയ്തത്. ഭക്ഷ്യ സംസ്‌കരണം, പഴങ്ങള്‍, മത്സ്യം തുടങ്ങിയവയിലും നമുക്ക് ഇതു പരീക്ഷിച്ചു കൂടെ. ഇന്നു ലോകത്തില്‍ സമഗ്ര ആരോഗ്യ പരിരക്ഷയുടെ ഒരു സാഹചര്യം നിലവിലുണ്ട്. ഒപ്പം മൗലികതയിലേയ്ക്കു മടങ്ങാനുള്ള പ്രവണതയും. യോഗ ഇന്ത്യയെ ലോക പ്രശസ്തമാക്കി. ഈ സാഹചര്യത്തില്‍ നമ്മുടെ ജൈവ കാര്‍ഷി ക ഉല്‍പ്പന്നങ്ങള്‍ക്ക് വലിയ വിപണി സാധ്യതയാണ് ലോകത്തിലുള്ളത്. എങ്ങിനെ  നമ്മുടെ ജൈവ ഉല്‍പ്പന്നങ്ങളെ നമുക്ക് പ്രചരിപ്പിക്കാം.
സുഹൃത്തുക്കളെ,
ഇന്ത്യന്‍ ബ്രാന്‍ഡിനായി പുത്തന്‍ ലക്ഷ്യങ്ങളുമായി പുതിയ യാത്ര തുടങ്ങാന്‍ സമയമായിരിക്കുന്നു.ഗുണമേന്മയുടെയും വിശ്വാസ്തയുടെയും പുതിയ മേല്‍വിലാസം സ്ഥാപിക്കാനും സമയമായിരിക്കുന്നു. ഇന്ത്യയുടെ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ക്ക് വീണ്ടും മൂല്യവര്‍ധനയ്ക്കായി നമുക്കു പരിശ്രമിക്കാം. അതിലൂടെ ലോകത്തിന്റെ സകല മുക്കിലും മൂലയിലും അവ എത്തട്ടെ. മൂല്യ വര്‍ധനവിലൂടെ ഉല്‍പ്പന്നങ്ങള്‍ക്ക് സ്വാഭാവികമായും കൂടുതല്‍ ഡിമാന്റ് ഉണ്ടാവും. നമുക്ക് ഇതു പരീക്ഷിക്കാം. കയറ്റുമതിക്കാര്‍ക്കും  വ്യാപാരികള്‍ക്കും  ഞാന്‍ ഉറപ്പു തരുന്നു, ഗവണ്‍മെന്റ് നിങ്ങള്‍ക്കു പിന്നില്‍ ഉണ്ട്. ഐശ്വര്യപൂര്‍ണമായ ഇന്ത്യയ്ക്കായി ആത്മ നിര്‍ഭര്‍ ഭാരതിന്റെ പ്രതിജ്ഞ നമുക്ക്  ഒരുമിച്ച് സാക്ഷാത്ക്കരിക്കാം. എല്ലാ നന്മകളും ഞാന്‍ നേരുന്നു. ലോകമെമ്പാടുമുള്ള നമ്മുടെ എംബസികളിലും ഇന്ത്യയിലും ഒരാഴ്ച്ച കഴിഞ്ഞാല്‍ നാം ഓഗസ്റ്റ് 15 ആഘോഷിക്കും. അതോടെ അമൃത മഹോത്സവത്തിന് ഔദ്യോഗികമായി തുടക്കമാവും. നമുക്ക് അതു പ്രചോദനമാകട്ടെ എന്നു ഞാന്‍ ആഗ്രഹിക്കുന്നു. 75-ാമത് സ്വാതന്ത്ര്യ വാര്‍ഷികം അതില്‍ തന്നെ  നമുക്ക് ലോകത്തിനു മുന്നിലെത്താനും പാദമുദ്രകള്‍ പതിക്കാനുമുള്ള വലിയ പ്രചോദനാത്മക അവസരമാണ്. അടുത്ത 25 വര്‍ഷം നമുക്ക് വിലയേറിയതാണ്. 2047 ല്‍ രാജ്യം സ്വാതന്ത്ര്യത്തിന്റെ ശതാബ്ദി ആഘോഷിക്കും. ഒരു നിമിഷം പോലും പാഴാക്കതെ,  ഇപ്പോള്‍ മുതല്‍ ഒരു മാര്‍ഗഭൂപടവുമായി നമുക്ക് മുന്നേറാം. ഇന്നത്തെ യോഗത്തോടെ  ഈ പ്രതിജ്ഞ പാലിക്കാന്‍ നമുക്കു സാധിക്കും എന്നു ഞാന്‍ വിശ്വസിക്കുന്നു. ഈ വിശ്വസത്തോടെ നിങ്ങള്‍ക്ക് നന്മകള്‍ നേരുന്നു. നന്ദി.(Release ID: 1743692) Visitor Counter : 255