പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഗുജറാത്തിലെ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന ഗുണഭോക്താക്കളുമായി സംവദിച്ച് പ്രധാനമന്ത്രി



കുറഞ്ഞ വിലയ്ക്കുള്ള റേഷന്‍ പദ്ധതികളുടെ വ്യാപ്തിയും ബജറ്റും നേരത്തെയും വര്‍ദ്ധിപ്പിച്ചിരുന്നെങ്കിലും, അതിന്റെ അനുപാതത്തില്‍ പട്ടിണിക്കും പോഷകാഹാരക്കുറവിനും ഇടിവുണ്ടായില്ല: പ്രധാനമന്ത്രി


പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന ആരംഭിച്ചപ്പോള്‍, മുമ്പുണ്ടായിരുന്നതിന്റെ ഇരട്ടിയോളം റേഷന്‍ ഗുണഭോക്താക്കള്‍ക്ക് ലഭിക്കുന്നു: പ്രധാനമന്ത്രി


മഹാമാരിക്കാലത്ത് 80 കോടിയിലധികം ജനങ്ങള്‍ക്ക് സൗജന്യ റേഷന്‍ ലഭ്യമാക്കാന്‍ ചെലവിടുന്നത് 2 ലക്ഷം കോടി രൂപയിലധികം: പ്രധാനമന്ത്രി


നൂറ്റാണ്ടിലെ ഏറ്റവും വലിയ ദുരന്തം ഉണ്ടായിട്ടും ഒരു പൗരനും പട്ടിണി കിടന്നില്ല: പ്രധാനമന്ത്രി


പാവപ്പെട്ടവരുടെ ശാക്തീകരണത്തിനാണ് ഇന്ന് മുന്‍ഗണന നല്‍കുന്നത്: പ്രധാനമന്ത്രി


നമ്മുടെ കളിക്കാരുടെ അഭൂതപൂര്‍വമായ ആത്മവിശ്വാസം നവ ഇന്ത്യയുടെ മുഖമുദ്രയാകുന്നു: പ്രധാനമന്ത്രി


രാജ്യം അതിവേഗം നീങ്ങുന്നത് 50 കോടി വാക്‌സിനേഷന്‍ എന്ന നാഴികക്കല്ലിലേക്ക്: പ്രധാനമന്ത്രി


സ്വാതന്ത്ര്യാമൃത മഹോത്സവവേളയില്‍ രാഷ്ട്ര നിര്‍മ്മാണത്തിനായി പുത്തന്‍പ്രചോദനമേകുമെന്നു നമുക്കു പ്രതിജ്ഞ ചെയ്യാം: പ്രധാനമന്ത്രി


Posted On: 03 AUG 2021 2:00PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഗുജറാത്തിലെ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന ഗുണഭോക്താക്കളുമായി സംവദിച്ചു. പദ്ധതിയെക്കുറിച്ച് കൂടുതല്‍ അവബോധം സൃഷ്ടിക്കുന്നതിനായി പൊതുജന പങ്കാളിത്ത പരിപാടിക്കും സംസ്ഥാനത്ത് തുടക്കം കുറിച്ചു.

പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന പ്രകാരം ഗുജറാത്തിലെ ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് സൗജന്യ റേഷന്‍ ലഭിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ സൗജന്യ റേഷന്‍ പാവപ്പെട്ടവരുടെ ദുരിതം കുറയ്ക്കുകയും അവര്‍ക്ക് ആത്മവിശ്വാസം നല്‍കുകയും ചെയ്യുന്നു. ഏതാപത്തുണ്ടായാലും രാജ്യം ഒപ്പമുണ്ടെന്ന് പാവങ്ങള്‍ക്ക് തോന്നണമെന്നും അദ്ദേഹം പറഞ്ഞു.

സ്വാതന്ത്ര്യാനന്തരം മിക്കവാറും എല്ലാ ഗവണ്‍മെന്റുകളും കുറഞ്ഞ വിലയ്ക്ക് പാവങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്നതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. റേഷന്‍ കുറഞ്ഞ വിലയ്ക്കു നല്‍കാനുള്ള പദ്ധതികളുടെ വ്യാപ്തിയും ബജറ്റും വര്‍ഷം തോറും വര്‍ദ്ധിച്ചുവെങ്കിലും അതിന്റെ ഫലം പരിമിതമായി തുടരുകയായിരുന്നു. രാജ്യത്തെ ഭക്ഷ്യശേഖരം വര്‍ദ്ധിച്ചുകൊണ്ടിരുന്നെങ്കിലും, പട്ടിണിക്കും പോഷകാഹാരക്കുറവിനും ആ അനുപാതത്തില്‍ ഇടിവുണ്ടായില്ല. ഫലപ്രദമായ വിതരണ സംവിധാനത്തിന്റെ അഭാവമായിരുന്നു ഇതിനു പ്രധാന കാരണം. ഈ സാഹചര്യം മാറ്റുന്നതിനുള്ള നടപടിക്രമങ്ങള്‍ 2014 ന് ശേഷം തുടങ്ങി. പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് കോടിക്കണക്കിന് വ്യാജ ഗുണഭോക്താക്കളെ ഈ സംവിധാനത്തില്‍ നിന്ന് ഒഴിവാക്കുകയും റേഷന്‍ കാര്‍ഡുകള്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കുകയും ചെയ്തു. ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ദുരന്തം ഉപജീവനത്തിന് ഭീഷണിയായപ്പോഴും ലോക്ക്ഡൗണ്‍ കാരണം വ്യവസായങ്ങള്‍ നഷ്ടത്തിലായിട്ടും ഒരു പൗരനും പട്ടിണി കിടക്കാതിരിക്കാന്‍ ഇത് സഹായിച്ചു. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജനയെ ലോകം അംഗീകരിച്ചു. മഹാമാരിക്കാലത്ത് 80 കോടിയിലധികം ആളുകള്‍ക്ക് സൗജന്യ റേഷന്‍ നല്‍കാനായി 2 ലക്ഷം കോടി രൂപയിലധികം ചെലവിട്ടുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

നിലവിലെ ക്വാട്ടയനുസരിച്ചു നല്‍കുന്ന കിലോക്ക് രണ്ടു രൂപ നിരക്കിലുള്ള ഗോതമ്പ്, മൂന്നു രൂപ നിരക്കിലുള്ള അരി എന്നിവയ്ക്കു പുറമെ 5 കിലോ ഗോതമ്പും അരിയും എല്ലാ ഗുണഭോക്താക്കള്‍ക്കും സൗജന്യമായി നല്‍കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. അതായത്, ഈ പദ്ധതി ആരംഭിക്കുന്നതിന് മുമ്പുള്ളതിനേക്കാള്‍ ഇരട്ടിയോളമാണ് ഇപ്പോള്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് നല്‍കുന്ന റേഷന്‍. ദീപാവലി വരെ ഈ പദ്ധതി തുടരും. പാവപ്പെട്ടവരാരും പട്ടിണി കിടക്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് സംരംഭത്തിന്റെ ഉദ്ദേശ്യം നിറവേറ്റിക്കൊണ്ട്, കുടിയേറ്റ തൊഴിലാളികളെ പരിചരിക്കുന്ന കാര്യത്തില്‍ ഗുജറാത്ത് ഗവണ്‍മെന്റിനെ  അദ്ദേഹം ശ്ലാഘിച്ചു.

അടിസ്ഥാനസൗകര്യങ്ങള്‍ക്കായി രാജ്യം ഇന്ന് ലക്ഷക്കണക്കിന് കോടി രൂപ ചെലവഴിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. അതോടൊപ്പം തന്നെ, സാധാരണക്കാരുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിനായി, ജീവിതം സുഗമമാക്കുന്നതിനുള്ള പുതിയ മാനദണ്ഡങ്ങളുമൊരുക്കുന്നു. പാവപ്പെട്ടവരുടെ ശാക്തീകരണത്തിനാണ് ഇന്ന് മുന്‍ഗണന നല്‍കുന്നത്. രണ്ടു കോടിയിലധികം പാവപ്പെട്ട കുടുംബങ്ങള്‍ക്ക് വീടും 10 കോടി കുടുംബങ്ങള്‍ക്ക് ശുചിമുറിയും ലഭിച്ചതോടെ അവര്‍ ശാക്തീകരിക്കപ്പെടുകയാണ്. അതോടൊപ്പം, ജന്‍-ധന്‍ അക്കൗണ്ട് വഴി ബാങ്കിംഗ് സംവിധാനത്തില്‍ ഉള്‍പ്പെടുമ്പോള്‍ അവര്‍ ശാക്തീകരിക്കപ്പെടുകയാണ്; പ്രധാനമന്ത്രി പറഞ്ഞു.

ആരോഗ്യം, വിദ്യാഭ്യാസം, സൗകര്യങ്ങള്‍, മാന്യത എന്നിവ ഉറപ്പുവരുത്തുന്നതിന് നിരന്തര പ്രയത്‌നം ശാക്തീകരണത്തിനായി ആവശ്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആയുഷ്മാന്‍ യോജന, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള സംവരണം, റോഡുകള്‍, സൗജന്യ പാചകവാതകവും വൈദ്യുതി കണക്ഷനും, മുദ്ര യോജന, സ്വാനിധി യോജന തുടങ്ങിയ പദ്ധതികള്‍ പാവപ്പെട്ടവരെ അന്തസുറ്റ ജീവിതത്തിലേക്കു നയിക്കുകയും അത് ശാക്തീകരണത്തിന്റെ മാധ്യമമായി മാറുകയും ചെയ്യുന്നു.

ഗുജറാത്ത് ഉള്‍പ്പെടെ രാജ്യത്തുടനീളം ഇത്തരത്തിലുള്ള നിരവധി പ്രവര്‍ത്തനങ്ങളുണ്ടെന്നും അതിനാലാണ് രാജ്യത്തുള്ള ഓരോ പൗരന്റെയും എല്ലാ പ്രദേശങ്ങളുടെയും ആത്മവിശ്വാസം വര്‍ദ്ധിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ ആത്മവിശ്വാസമാണ് എല്ലാ വെല്ലുവിളികളും തരണം ചെയ്യാനും എല്ലാ സ്വപ്നങ്ങളും നേടാനുമുള്ള സൂത്രവാക്യം.

നൂറ്റാണ്ടില്‍ ഒരിക്കല്‍ മാത്രമുണ്ടാകുന്ന വിപത്ത് സംഭവിച്ചിട്ടും, ഏറ്റവും കൂടുതല്‍ കളിക്കാര്‍ ഒളിമ്പിക്‌സിന് യോഗ്യത നേടിയെന്ന് ഇന്ത്യയുടെ ഒളിമ്പിക് സംഘത്തെ പരാമര്‍ശിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. അവര്‍ യോഗ്യത നേടുക മാത്രമല്ല ചെയ്തത്, അവരേക്കാള്‍ മികച്ച താരങ്ങള്‍ക്കെതിരെ തകര്‍പ്പന്‍ പ്രകടനവും കാഴ്ചവയ്ക്കുന്നു.

ഇന്ത്യന്‍ കളിക്കാരുടെ ഉത്സാഹവും അഭിനിവേശവും മനോഭാവവും ഇന്ന് ഏറ്റവും ഉയര്‍ന്ന തലത്തിലാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ശരിയായ പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുമ്പോഴാണ് ഈ ആത്മവിശ്വാസം വരുന്നതെന്ന് അദ്ദേഹം പറഞ്ഞു. വ്യവസ്ഥിതി മാറുമ്പോഴാണ്, സുതാര്യമാകുമ്പോഴാണ് ഈ ആത്മവിശ്വാസം കൈവരുന്നത്. ഈ പുത്തന്‍ ആത്മവിശ്വാസം നവ ഇന്ത്യയുടെ മുഖമുദ്രയായി മാറുകയാണ്.

കൊറോണയ്ക്കെതിരായ പോരാട്ടത്തിലും നമ്മുടെ പ്രതിരോധ കുത്തിവയ്പു പരിപാടിയിലും ഈ ആത്മവിശ്വാസം തുടരണമെന്ന് പ്രധാനമന്ത്രി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ആഗോള മഹാമാരിയുടെ ഈ അന്തരീക്ഷത്തില്‍ നാം നിരന്തരം ജാഗ്രത പുലര്‍ത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം ഊന്നിപ്പറഞ്ഞു.

50 കോടിയുടെ വാക്‌സിനേഷന്‍ എന്ന നാഴികക്കല്ലിലേക്ക് രാജ്യം അതിവേഗം നീങ്ങുമ്പോള്‍, ഗുജറാത്ത് 3.5 കോടി വാക്‌സിന്‍ ഡോസുകളെന്ന നാഴികക്കല്ലിലേക്ക് അടുക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. പ്രതിരോധ കുത്തിവയ്പ്പ് എടുക്കുക, മാസ്‌ക് ധരിക്കുക, ജനക്കൂട്ടത്തില്‍ നിന്ന് പരമാവധി ഒഴിഞ്ഞു നില്‍ക്കുക എന്നീ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

രാഷ്ട്രനിര്‍മ്മാണത്തിന് പുതിയ പ്രചോദമേകുന്നതിന് പൗരന്മാര്‍ക്കായി പ്രധാനമന്ത്രി ഒരു പ്രതിജ്ഞ സമര്‍പ്പിച്ചു. സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷത്തില്‍ ഈ സവിശേഷ പ്രതിജ്ഞയെടുക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. ഈ പ്രതിജ്ഞയില്‍, പാവപ്പെട്ടവര്‍ക്കും സമ്പന്നര്‍ക്കും പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കുമെല്ലാം തുല്യമായ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് കാലത്ത് ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനായി, സാധാരണ ഒരു വര്‍ഷം നല്‍കുന്നതിനേക്കാള്‍, 50% കൂടുതല്‍ ഭക്ഷ്യധാന്യങ്ങളാണ് കഴിഞ്ഞ വര്‍ഷം അനുവദിച്ചത്; ഏകദേശം 948 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യങ്ങള്‍. 2020-21 കാലയളവില്‍ ഏകദേശം 2.84 ലക്ഷം കോടി രൂപയുടെ ഭക്ഷ്യ സബ്‌സിഡി നല്‍കി.

ഗുജറാത്തിലെ അര്‍ഹരായ 3.3 കോടിയിലധികം ഗുണഭോക്താക്കള്‍ക്ക് 25.5 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യം ലഭിച്ചു. ഇതിന് 5000 കോടിയിലധികം രൂപയാണ് സബ്‌സിഡി നല്‍കിയത്.

അര്‍ഹരായ കുടിയേറ്റക്കാര്‍ക്കുള്ള ഭക്ഷ്യസുരക്ഷയ്ക്കു കരുത്തുപകരുന്നതിനായി ഇതിനകം 33 സംസ്ഥാനങ്ങളില്‍/കേന്ദ്രഭരണ പ്രദേശങ്ങളില്‍ ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതി നടപ്പാക്കി.

******



(Release ID: 1741888) Visitor Counter : 340