ധനകാര്യ മന്ത്രാലയം
ഐക്യരാഷ്ട്ര സഭയുടെ ആഗോള ഡിജിറ്റൽ-സുസ്ഥിര വ്യാപാര സൗഹൃദ സർവേയിലെ ഇന്ത്യൻ സ്‌കോറിൽ ഗണ്യമായ പുരോഗതി
Posted On:
23 JUL 2021 8:49AM by PIB Thiruvananthpuram
ന്യൂഡൽഹി, ജൂലൈ 23,2021
ഐക്യരാഷ്ട്ര സഭയുടെ ഇക്കണോമിക് ആൻഡ് സോഷ്യൽ കമ്മീഷൻ ഫോർ ഏഷ്യ പസഫിക്കിന്റെ (UNESCAP) ഏറ്റവും പുതിയ ആഗോള ഡിജിറ്റൽ-സുസ്ഥിര വ്യാപാര സൗഹൃദ സർവേയിൽ ഇന്ത്യ 90.32% എന്ന മികച്ച സ്കോർ നേടി. 2019 ലെ 78.49 ശതമാനത്തിൽ നിന്ന് ശ്രദ്ധേയമായ മുന്നേറ്റമാണിതെന്ന് സർവേ പറയുന്നു. സർവേ ഫലം (https://www.untfsurvey.org/economy?id=IND) എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.
2021 സർവേയിൽ, 143 സമ്പദ്‌വ്യവസ്ഥകളെ വിലയിരുത്തുമ്പോൾ, 5 പ്രധാന സൂചകങ്ങളിലെയും സ്കോറുകളിൽ ഇന്ത്യ ഗണ്യമായ പുരോഗതി കാണിക്കുന്നു :
1. സുതാര്യത: 2021 ൽ 100% (2019 ലെ 93.33% ൽ നിന്ന്)
2. നടപടിക്രമങ്ങൾ : 2021 ൽ 95.83% (2019 ലെ 87.5% ൽ നിന്ന്)
3. സ്ഥാപന ക്രമീകരണവും സഹകരണവും: 2021 ൽ 88.89% (2019 ലെ 66.67 % ൽ നിന്ന്)
4. കടലാസുരഹിത വ്യാപാരം : 2021 ൽ 96.3% (2019 ലെ 81.48% ൽ നിന്ന്)
5. രാജ്യാന്തര കടലാസുരഹിത വ്യാപാരം : 2021 ൽ 66.67% (2019 ലെ 55.56 % ൽ നിന്ന്)
ദക്ഷിണ, ദക്ഷിണ പൂർവേഷ്യൻ മേഖല (63.12%), ഏഷ്യ പസഫിക് മേഖല (65.85%) എന്നിവയുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യ ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന രാജ്യമാണെന്ന് സർവേ അഭിപ്രായപ്പെടുന്നു. ഇന്ത്യയുടെ മൊത്തത്തിലുള്ള സ്കോർ ഫ്രാൻസ്, യുകെ, കാനഡ, നോർവെ, ഫിൻലാൻഡ് എന്നിവയുൾപ്പെടെ നിരവധി OECD രാജ്യങ്ങളെക്കാൾ മികച്ചതാണെന്നാണ് കണ്ടെത്തൽ. മൊത്തത്തിലുള്ള സ്കോർ യൂറോപ്യൻ യൂണിയന്റെ ശരാശരി സ്കോറിനേക്കാൾ കൂടുതലാണ്. സുതാര്യത സൂചികയിൽ ഇന്ത്യ 100 ശതമാനവും “ വിമൻ ഇൻ ട്രേഡ്" (Women in trade) ഘടകത്തിൽ 66 ശതമാനവും സ്കോർ നേടി.
തുടർച്ചയായ പരിഷ്കാരങ്ങളിലൂടെ 'തുര' കസ്റ്റംസ് കുടക്കീഴിൽ നടപ്പാക്കുന്ന, ബന്ധപ്പെട്ടയാൾ നേരിട്ട് ഹാജരാകേണ്ടാത്ത, കടലാസു രഹിത കസ്റ്റംസ് പരിഷ്കരണങ്ങളിൽ CBIC മുൻനിരയിലാണ്. UNESCAP റാങ്കിംഗ് ഡിജിറ്റൽ-സുസ്ഥിര വ്യാപാര സൗഹൃദ സൗകര്യങ്ങൾ എന്നിവയിൽ ഈ കാര്യങ്ങൾ നേരിട്ട് സ്വാധീനം ചെലുത്തുന്നു.
കൂടാതെ, കോവിഡ് 19 മഹാമാരിയുടെ ഘട്ടത്തിൽ, ഓക്സിജൻ അനുബന്ധ ഉപകരണങ്ങൾ, ജീവൻ രക്ഷാ മരുന്നുകൾ, വാക്സിനുകൾ എന്നിവയുടെ ഇറക്കുമതി ത്വരിതപ്പെടുത്തുന്നതിന് കസ്റ്റംസ് മേഖല എല്ലാ ശ്രമങ്ങളും നടത്തിയിട്ടുണ്ട്. ഇറക്കുമതി വ്യാപാരമേഖല നേരിടുന്ന പ്രശ്‌നങ്ങൾ വേഗത്തിൽ പരിഹരിക്കാൻ ഒരു പ്രത്യേക 24*7 ഏകജാലക സംവിധാനം CBIC വെബ്‌സൈറ്റിൽ ഒരുക്കിയിട്ടുണ്ട്.
സർവേയെക്കുറിച്ച്:
ആഗോള ഡിജിറ്റൽ-സുസ്ഥിര വ്യാപാര സൗഹൃദ സർവേ ഓരോ രണ്ട് വർഷവും കൂടുമ്പോഴാണ് UNESCAP നടത്തുന്നത്. ഡബ്ല്യുടിഒയുടെ ട്രേഡ് ഫെസിലിറ്റേഷൻ കരാറിന്റെ പരിധിയിൽ വരുന്ന 58 വ്യാപാര സൗഹൃദ നടപടികളുടെ വിലയിരുത്തൽ 2021 ലെ സർവേയിൽ ഉൾപ്പെടുന്നു. വ്യാപാര സൗഹൃദ നടപടികൾ ഫലപ്രദമായ സ്വാധീനം ചെലുത്തുന്നുണ്ടോ എന്നതിന് തെളിവായി ആഗോളതലത്തിൽ തന്നെ സർവേ വളരെ ആകാംക്ഷയോടെയാണ് വീക്ഷിക്കപ്പെടുന്നത്. ഇത് രാജ്യങ്ങളെ തമ്മിൽ താരതമ്യം ചെയ്യാൻ സഹായിക്കുന്നു. ഒരു രാജ്യത്തിന് ലഭിക്കുന്ന ഉയർന്ന സ്കോർ വ്യാപാരികളെ നിക്ഷേപ തീരുമാനങ്ങളിൽ സഹായിക്കുന്നു.
IE/SKY
(Release ID: 1738198)
Visitor Counter : 285