ഇലക്ട്രോണിക്സ് & ഐ.ടി മന്ത്രാലയം

'2021 ജൂലൈ 18 ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതുപോലെ ചില ആളുകളുടെ ഫോണ്‍ വിവരങ്ങളില്‍ ചോർത്താൻ പെഗാസസ് സ്‌പൈവെയര്‍ ഉപയോഗിച്ചതായി ആരോപിക്കപ്പെടുന്നു''എന്ന വിഷയത്തില്‍ ഐടി മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് രാജ്യസഭയില്‍ നടത്തിയ പ്രസ്താവന.

Posted On: 22 JUL 2021 4:47PM by PIB Thiruvananthpuram

'2021 ജൂലൈ 18 ന് മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തതുപോലെ ചില ആളുകളുടെ ഫോണ്‍ വിവരങ്ങളില്‍ ചോർത്താൻ  പെഗാസസ് സ്‌പൈവെയര്‍ ഉപയോഗിച്ചതായി ആരോപിക്കപ്പെടുന്നു'' എന്ന്  കേന്ദ്ര  ഇലക്ട്രോണിക്‌സ് & ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് പറഞ്ഞു.

 ''ബഹുമാനപ്പെട്ട ചെയര്‍മാന്‍ സര്‍,

 ചില വ്യക്തികളുടെ ഫോണ്‍ ഡാറ്റ ചോർത്താൻ  പെഗാസസ്  സ്പൈവെയര്‍ ഉപയോഗിച്ചതായി വന്ന വാര്‍ത്തകളേക്കുറിച്ച് ഒരു പ്രസ്താവന നടത്താന്‍ ഞാന്‍ ഉദ്ദേശിക്കുന്നു.

 വളരെ സ്‌തോഭജനകമായ ഒരു വാർത്ത  2021 ജൂലൈ 18 ന് ഒരു വെബ് പോര്‍ട്ടല്‍ പ്രസിദ്ധീകരിച്ചു. ഇതിനെ ചുറ്റിപ്പറ്റി നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുകയാണ്.

 ബഹുമാനപ്പെട്ട ചെയര്‍മാന്‍ സര്‍, പാര്‍ലമെന്റിന്റെ വർഷകാല സമ്മേളനത്തിന് ഒരു ദിവസം മുമ്പാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രത്യക്ഷപ്പെട്ടത്; ഇതു യാദൃശ്ചികമല്ല.

വാട്സ്ആപ്പില്‍ പെഗാസസിന്റെ ഉപയോഗം സംബന്ധിച്ച് സമാനമായ അവകാശവാദങ്ങള്‍ നേരത്തേ ഉയര്‍ന്നിരുന്നു. ആ റിപ്പോര്‍ട്ടുകള്‍ക്ക് വസ്തുതാപരമായ അടിസ്ഥാനമുണ്ടായിരുന്നില്ല. മാത്രമല്ല സുപ്രീം കോടതിയില്‍ ഉള്‍പ്പെടെ അതുമായി ബന്ധപ്പെട്ട എല്ലാ കക്ഷികളും ഇത്  വ്യക്തമായി നിഷേധിക്കുകയും ചെയ്തു. ഇന്ത്യന്‍ ജനാധിപത്യത്തെയും അതിന്റെ വ്യസ്ഥാപിതമായ സ്ഥാപനങ്ങളെയും അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് 2021 ജൂലൈ 18 ലെ മാധ്യമ റിപ്പോര്‍ട്ടുകള്‍.

 വാര്‍ത്തകള്‍ വിശദമായി വായിക്കാത്തവരെ ഞങ്ങള്‍ക്ക് കുറ്റപ്പെടുത്താനാവില്ല.  വസ്തുതകളുടെ അടിസ്ഥാനത്തില്‍ യുക്തിഭദ്രമായി ഇതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിശോധിക്കണമെന്ന്  ഞാന്‍ ബഹുമാനപ്പെട്ട എല്ലാ സഭാംഗങ്ങളോടും അഭ്യര്‍ത്ഥിക്കുന്നു.

 ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനം 50,000 ഫോണ്‍ നമ്പറുകളുടെ ചോര്‍ന്ന ഡാറ്റാബേസിലേക്ക് പ്രവേശനം ലഭിച്ച ഒരു കണ്‍സോര്‍ഷ്യം ഉണ്ട് എന്നതാണ്.  ഈ ഫോണ്‍ നമ്പറുകളുമായി ബന്ധമുള്ള വ്യക്തികളില്‍ ചാരപ്പണി നടത്തിയെന്നാണ് ആരോപണം. റിപ്പോര്‍ട്ട് ഇപ്രകാരം പറയുന്നു:

 '' ഡാറ്റയില്‍ ഒരു ഫോണ്‍ നമ്പറിന്റെ സാന്നിധ്യം, ഒരു ഉപകരണം പെഗാസസ് ബാധിച്ചിട്ടുണ്ടോ അല്ലെങ്കില്‍ ശ്രമിച്ച ചോര്‍ത്തലിു വിധേയമാണോ എന്ന് വെളിപ്പെടുത്തുന്നില്ല'' .

 '' ഈ സാങ്കേതിക വിശകലനത്തിന് ഒരു ഫോണ്‍ വിധേയമാക്കാതെ, അത് ഒരു ആക്രമണ ശ്രമത്തിന് സാക്ഷ്യം വഹിച്ചതാണോ അതോ വിജയകരമായി വിട്ടുവീഴ്ച ചെയ്തതാണോ എന്ന് വ്യക്തമായി പറയാന്‍ കഴിയില്ല''.

 അതിനാല്‍, ഒരു നമ്പറിന്റെ സാന്നിധ്യം അനാവശ്യ ഇടപെടലിനു തുല്യമല്ലെന്ന് റിപ്പോര്‍ട്ട് തന്നെ വ്യക്തമാക്കുന്നു.

 ബഹുമാനപ്പെട്ട ചെയര്‍മാന്‍ സര്‍, സാങ്കേതികവിദ്യയുടെ ഉടമയായ കമ്പനി, എന്‍എസ്ഒ എന്താണ് പറഞ്ഞതെന്ന് നമുക്ക് പരിശോധിക്കാം. അത് പറഞ്ഞു:

 ' പെഗാസസിന്റെയോ മറ്റേതെങ്കിലും എന്‍എസ്ഒ ഉല്‍പ്പന്നങ്ങളുടെയോ ഉപഭോക്താക്കളുടെ ലക്ഷ്യ പട്ടികയില്‍ യാതൊരു സ്വാധീനവുമില്ലാത്ത എച്ച്എല്‍ആര്‍ ലുക്കപ്പ് സേവനങ്ങള്‍ പോലുള്ള അടിസ്ഥാന വിവരങ്ങളില്‍ നിന്നും ചോര്‍ന്ന ഡാറ്റയുടെ തെറ്റിദ്ധരിപ്പിക്കുന്ന വ്യാഖ്യാനത്തെ അടിസ്ഥാനമാക്കിയാണ് നിങ്ങള്‍ക്ക് നല്‍കിയിട്ടുള്ള വിവരങ്ങള്‍ എന്ന് എന്‍എസ്ഒ ഗ്രൂപ്പ് വിശ്വസിക്കുന്നു.,

 അത്തരം സേവനങ്ങള്‍ ആര്‍ക്കും, എവിടെയും, എപ്പോള്‍ വേണമെങ്കിലും പരസ്യമായി ലഭ്യമാണ്. മാത്രമല്ല അവ ഗവണ്‍മെന്റ് ഏജന്‍സികളും ലോകമെമ്പാടുമുള്ള സ്വകാര്യ കമ്പനികളും ഉപയോഗിക്കുന്നു. ഡാറ്റയ്ക്ക് നിരീക്ഷണവുമായോ എന്‍എസ്ഒയുമായോ യാതൊരു ബന്ധവുമില്ലെന്നതും തര്‍ക്കത്തിന് അതീതമാണ്. അതിനാല്‍ ഡാറ്റയുടെ ഉപയോഗം ഏതെങ്കിലുംവിധത്തിലുള്ള നിരീക്ഷണത്തിന് തുല്യമാണെന്ന് സൂചിപ്പിക്കുന്നതിന് വസ്തുതാപരമായ അടിസ്ഥാനമില്ല''.

 പെഗാസസ് ഉപയോഗിക്കുന്ന രാജ്യങ്ങളുടെ പട്ടിക തെറ്റാണെന്നും പരാമര്‍ശിച്ച പല രാജ്യങ്ങളും തങ്ങളുടെ കക്ഷികള്‍ പോലുമല്ലെന്നും എന്‍എസ്ഒ വ്യക്തമാക്കി. തങ്ങളുടെ കക്ഷികളില്‍ ഭൂരിഭാഗവും പാശ്ചാത്യ രാജ്യങ്ങളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 എന്‍എസ്ഒയും റിപ്പോര്‍ട്ടിലെ അവകാശവാദങ്ങളെ വ്യക്തമായി തള്ളിക്കളഞ്ഞിരിക്കുന്നു എന്നു വ്യക്തമാണ്.

 ബഹുമാനപ്പെട്ട ചെയര്‍മാന്‍ സര്‍, നിരീക്ഷണത്തിന്റെ കാര്യത്തില്‍ ഇന്ത്യ സ്ഥാപിച്ച പ്രോട്ടോക്കോള്‍ നോക്കാം. വര്‍ഷങ്ങളായി ഗവണ്‍മെന്റിന്റെ ഭാഗമായിരുന്ന പ്രതിപക്ഷത്തുള്ള എന്റെ സഹപ്രവര്‍ത്തകര്‍ക്ക് ഈ പ്രോട്ടോക്കോളുകളെക്കുറിച്ച് നന്നായി അറിയാമെന്ന് എനിക്ക് ഉറപ്പുണ്ട്. അവര്‍ രാജ്യം ഭരിച്ചിരുന്നപ്പോഴും, നമ്മുടെ നിയമങ്ങളിലെയും ശക്തമായ സ്ഥാപനങ്ങളിലെയും സംവിധാനങ്ങള്‍ ഉപയോഗിച്ച് ഏതെങ്കിലും തരത്തിലുള്ള നിയമവിരുദ്ധ നിരീക്ഷണം സാധ്യമല്ലെന്നും അവര്‍ക്ക് അറിയാം.

 ഇന്ത്യയില്‍, സുരക്ഷിതമായ ഒരു നടപടിക്രമമുണ്ട്. അതിലൂടെ ദേശീയ സുരക്ഷയ്ക്കായി, പ്രത്യേകിച്ചും ഏതെങ്കിലും പൊതു അടിയന്തരാവസ്ഥയുടെയോ അല്ലെങ്കില്‍ പൊതു സുരക്ഷയുേെടാ താല്‍പ്പര്യത്തിനായി, കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും ഏജന്‍സികള്‍ ഇലക്ട്രോണിക് ആശയവിനിമയത്തിന് നിയമാനുസൃതമായ ഇടപെടല്‍ നടത്തുന്നു. ഇന്ത്യന്‍ ടെലിഗ്രാഫ് ആക്റ്റ്, 1885 ലെ സെക്ഷന്‍ 5 (2), ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്റ്റ്, 2000 ലെ 69-ാം വകുപ്പ് എന്നിവ പ്രകാരം പ്രസക്തമായ നിയമങ്ങള്‍ പ്രകാരമാണ് ഇലക്ട്രോണിക് ആശയവിനിമയത്തിന്റെ ഈ നിയമപരമായ ഇടപെടലുകള്‍ക്കുള്ള അഭ്യര്‍ത്ഥനകള്‍.

 തടസ്സപ്പെടുത്തലിന്റെയോ നിരീക്ഷണത്തിന്റെയോ ഓരോ കേസും യോഗ്യതയുള്ള അതോറിറ്റി അംഗീകരിക്കുന്നു. ഐടി (പ്രൊസീജര്‍ ആന്‍ഡ് സേഫ്ഗാര്‍ഡ്‌സ് ഫോര്‍ ഇന്റര്‍സെപ്ഷന്‍, മോണിറ്ററിംഗ്, ഇന്‍ക്രിപ്ഷന്‍ ഇന്‍ഫര്‍മേഷന്‍) ചട്ടങ്ങള്‍, 2009 പ്രകാരം സംസ്ഥാന സര്‍ക്കാരുകളിലെ യോഗ്യതയുള്ള അതോറിറ്റിക്ക് ഈ അധികാരങ്ങള്‍ ലഭ്യമാണ്.

 കേന്ദ്ര കാബിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഒരു അവലോകന സമിതിയുടെ രൂപത്തില്‍ ഒരു മേല്‍നോട്ട സംവിധാനം ഉണ്ട്.  സംസ്ഥാന സര്‍ക്കാരുകളുടെ കാര്യത്തില്‍, അത്തരം കേസുകള്‍ ബന്ധപ്പെട്ട ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി അവലോകനം ചെയ്യും.  ഏതെങ്കിലും സംഭവത്തില്‍ പ്രതികൂലമായി ബാധിക്കുന്നവര്‍ക്കായി ഒരു വിധിനിര്‍ണ്ണയ പ്രക്രിയയും നിയമം നല്‍കുന്നു.

 അതിനാല്‍, ഏതെങ്കിലും വിവരങ്ങളുടെ തടസ്സം അല്ലെങ്കില്‍ നിരീക്ഷണം നിയമാനുസൃതം നടക്കുന്നുവെന്ന് നടപടിക്രമം ഉറപ്പാക്കുന്നു. ചട്ടക്കൂടും സ്ഥാപനങ്ങളും സമയപരിശോധനയെ നേരിട്ടിട്ടുണ്ട്.

 ബഹുമാനപ്പെട്ട ചെയര്‍മാന്‍ സര്‍, ഉപസംഹാരമായി, ഞാന്‍ താഴ്മയോടെ ഇത് സമര്‍പ്പിക്കുന്നു:

 പ്രസിദ്ധീകരിച്ച പട്ടികയിലെ നമ്പറുകള്‍ നിരീക്ഷണത്തിലാണോ എന്ന് പറയാന്‍ കഴിയില്ലെന്ന് റിപ്പോര്‍ട്ടിന്റെ പ്രസാധകന്‍ പറയുന്നു.

 സാങ്കേതികവിദ്യ ഉപയോഗിച്ചതായി ആരോപിക്കപ്പെടുന്ന കമ്പനി ഈ അവകാശവാദങ്ങള്‍ പൂര്‍ണ്ണമായും നിഷേധിച്ചു.

 അനധികൃത നിരീക്ഷണം നടക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതിന് നമ്മുടെ രാജ്യത്ത് കാലാനുസൃതം പരീക്ഷിച്ച പ്രക്രിയകള്‍ നന്നായി സ്ഥാപിക്കപ്പെട്ടിരിക്കുന്നു.

 ബഹുമാനപ്പെട്ട ചെയര്‍മാന്‍ സര്‍, യുക്തിസഹമായി ഈ വിഷയം നോക്കുമ്പോള്‍, ഈ വികാരക്ഷോഭത്തിനു പിന്നില്‍ ഒരു വസ്തുതയും ഇല്ലെന്ന് വ്യക്തമാണ്.

 നന്ദി, ബഹുമാനപ്പെട്ട ചെയര്‍മാന്‍ സര്‍.



(Release ID: 1737846) Visitor Counter : 250