രാജ്യരക്ഷാ മന്ത്രാലയം

സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ   - ആസാദി കാ അമൃത് മഹോത്സവ്

Posted On: 14 JUL 2021 3:51PM by PIB Thiruvananthpuram

 ന്യൂഡൽഹി , ജൂലൈ 14,2021

രാജ്യസേവനത്തിൽ പരമമായ ത്യാഗം അനുഷ്ഠിച്ച സൈനികരുടെയും മറ്റുള്ളവരുടെയും ധീര സ്മരണകൾ  പുതുക്കുന്നതിനും, ആഘോഷിക്കുന്നതിനും, ആദരാഞ്ജലി അർപ്പിക്കുന്നതിനും, സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷത്തോടനുബന്ധിച്ച് ഗാലന്ററി അവാർഡ് പോർട്ടലും നാഷണൽ കേഡറ്റ് കോർ ഉം  സംയുക്തമായി ഒരു സവിശേഷ പദ്ധതിക്ക് തുടക്കം കുറിച്ചു. ധീരദേശാഭിമാനികളുടെ പ്രതിമകൾ വൃത്തിയാക്കുന്നതിനും പരിപാലിക്കുന്നതിനും ഒപ്പം, പ്രഭാഷണങ്ങൾ, കവിതാ പാരായണം, നൃത്തം മുതലായവയിലൂടെ കേഡറ്റുകൾ ധീരസൈനികരുടെയും  ദേശാഭിമാനികളുടെയും സംഭാവനയെയും നേതൃ സവിശേഷതകളെയും കുറിച്ച് ജനങ്ങളിൽ അവബോധവും സംവേദനാത്മകയും വർദ്ധിപ്പിക്കും.
 
ധീരതാ പുരസ്ക്കാരം നേടിയ 46 പേരുടെ പ്രതിമകൾ എൻ‌സി‌സി ഇതുവരെ പരിപാലനത്തിനായി ഏറ്റെടുത്തു.

എൻ‌സി‌സിയുടെ ഈ പ്രവർ‌ത്തനങ്ങൾക്ക് ‌കൂടുതൽ‌ പ്രചാരം ലഭിക്കാൻ, ‌എൻ‌സി‌സിയുടെ ആഭിമുഖ്യത്തിൽ എല്ലാ ആഴ്ചയും സംഘടിപ്പിക്കുന്ന പരിപാടികൾ ‌തത്സമയം വെബ്കാസ്റ്റ് ചെയ്യാൻ ഗാലൻ‌ട്രി അവാർഡ് പോർ‌ട്ടൽ‌ തീരുമാനിച്ചു.(Https://www.gallantryawards.gov.in/) പരിപാടിയിൽ നേരിട്ട് പങ്കെടുക്കാത്തവർക്കും  പോർട്ടലിലൂടെ അവരുടെ ശ്രദ്ധാഞ്ജലികൾ അർപ്പിക്കാനും സൗകര്യമൊരുക്കിയിട്ടുണ്ട്.

2021 ജൂലൈ 7 ന്റെ തത്സമയ വെബ്‌കാസ്റ്റ് ആയിരുന്നു പരീക്ഷണാടിസ്ഥാനത്തിൽ നടന്ന ആദ്യ പരിപാടി. അടുത്ത പരിപാടി 2021 ജൂലൈ 16 ന് രാവിലെ 11 ന് കേരളത്തിലെ  കൊച്ചിക്കടുത്തുള്ള  തൃപ്പൂണിത്തുറ   സ്റ്റാച്യു ജംഗ്ഷനിൽ നടക്കും. അവിടെ വീർ ചക്ര ജേതാവ് ലഫ്റ്റനന്റ് കേണൽ രാമകൃഷ്ണൻ വിശ്വനാഥന്റെ  പ്രതിമയ്ക്ക് മുന്നിൽ എൻസിസി ആദരാഞ്ജലി അർപ്പിക്കും. ഓപ്പറേഷൻ വിജയ് കാലഘട്ടത്തിൽ കാർഗിലിലെ ദ്രാസ്‌ സെക്ടറിൽ, ടോലോലിംഗ് പർവ്വതത്തിലും പരിസരത്തും സ്തുത്യർഹമായ സേവനം കാഴ്ച്ച വച്ച 18 ഗ്രനേഡിയേഴ്സിന്റെ (18 GRENADIERS ) രണ്ടാം കമാൻഡായിരുന്നു ലഫ്റ്റനന്റ് കേണൽ രാമകൃഷ്ണൻ വിശ്വനാഥൻ. കാർഗിൽ യുദ്ധകാലത്തെ സേവനത്തിന്  അദ്ദേഹത്തിന് മരണാനന്തരം വീർ ചക്ര ലഭിച്ചു.

സംരംഭത്തിന്റെ ഭാഗമായി, എൻ‌സിസിയുടെ പ്രാദേശിക യൂണിറ്റ് ദത്തെടുക്കുന്ന പ്രതിമയുടെ പരിസരത്ത് ആഴ്ചതോറും ശുചീകരണപ്രവർത്തനങ്ങളും  പ്രചാരണ പരിപാടികളും സംഘടിപ്പിക്കും. സ്വച്ഛ് ഭാരത് പ്രചാരണത്തിൽ പങ്കെടുക്കാൻ ജനങ്ങളെ  പ്രേരിപ്പിക്കുകയെന്നതും ഇതിന്റെ ലക്ഷ്യമാണ്.

ഭാവിയിലെ കാര്യ പരിപാടികളെക്കുറിച്ചുള്ള വിവരങ്ങൾക്ക് ഗാലൻട്രി അവാർഡ് പോർട്ടൽ സന്ദർശിക്കുക. പ്രാദേശിക എൻ‌സി‌സി യൂണിറ്റുകൾ ദത്തെടുക്കേണ്ട പ്രതിമകളെ സംബന്ധിച്ച്  ജനങ്ങൾക്ക് പോർട്ടലിലൂടെ  നിർദ്ദേശം നല്കാനും കഴിയും.

IE/SKY
 


(Release ID: 1735507) Visitor Counter : 195