പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ജമ്മു കാശ്മീരിലെ രാഷ്ട്രീയ കക്ഷികളുമായി നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം കേന്ദ്ര സഹമന്ത്രി ഡോ: ജിതേന്ദ്ര സിംഗ് നടത്തിയ പ്രസ്താവന

Posted On: 24 JUN 2021 9:56PM by PIB Thiruvananthpuram

ജമ്മു കാശ്മീരിലെ രാഷ്ട്രീയ കക്ഷികളുമായി ആദരണീയനായ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ച ഇപ്പോള്‍ അവസാനിച്ചതേയുള്ളു. ജമ്മു കാശ്മീരില്‍ ജനാധിപത്യത്തിന്റെ വികസനത്തിനും ശക്തിപ്പെടുത്തലിനുമുള്ള ഏറ്റവും മികച്ച പരിശ്രമമാണിത്. വളരെ സൗഹാര്‍ദ്ദപരമായ അന്തരീക്ഷത്തിലാണ് യോഗം നടന്നത്. പങ്കെടുത്തവരെല്ലാം ഇന്ത്യയുടെ ജനാധിപത്യത്തോടും ഇന്ത്യന്‍ ഭരണഘടനയോടും പൂര്‍ണ്ണമായ കൂറു പ്രകടിപ്പിച്ചു.
ജമ്മു കാശ്മീരിലെ സ്ഥിതികള്‍ മെച്ചപ്പെട്ടത് ആഭ്യന്തരമന്ത്രി എല്ലാ നേതാക്കളെയും അറിയിച്ചു.
എല്ലാ പാര്‍ട്ടിയുടെയും വാദങ്ങളും നിര്‍ദ്ദേശങ്ങളും പ്രധാനമന്ത്രി വളരെ ഗൗരവത്തോടെ ശ്രദ്ധിക്കുകയും എല്ലാ ജനപ്രതിനിധികളും അവരുടെ കാഴ്ചപ്പാട് തുറന്ന മനസ്സോടെ പങ്കുവച്ചതിനെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. യോഗത്തില്‍ പ്രധാനമന്ത്രി രണ്ട് സുപ്രധാന വിഷയങ്ങള്‍ക്കാണ് പ്രത്യേക ഊന്നല്‍ നല്‍കിയത്. ജനാധിപത്യത്തെ ജമ്മു കാശ്മീരിന്റെ അടിത്തട്ടുവരെ കൊണ്ടുപോകുന്നതിന് നാമെല്ലാം ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രണ്ടാമതായി, ജമ്മു കാശ്മീരില്‍ സമഗ്ര വികസനം ഉണ്ടാകണമെന്നും, വികസനം എല്ലാ പ്രദേശങ്ങളിലേക്കും എല്ലാ സമൂഹത്തിലേക്കും എത്തിച്ചേരണം. സഹകരണത്തിന്റെയും പൊതുജനപങ്കാളിത്തത്തിന്റെയും അന്തരീക്ഷം ഉണ്ടായിരിക്കേണ്ടത് ആനിവാര്യമാണ്.
ജമ്മു കാശ്മീരില്‍ പഞ്ചായത്തിരാജിലേക്കും മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുമുള്ള തെരഞ്ഞെടുപ്പ് വിജയകരമായി നടന്നതായുംആദരണീയനായ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. സുരക്ഷാ സാഹചര്യങ്ങളില്‍ പുരോഗതിയുണ്ട്. തെരഞ്ഞെടുപ്പ് അവസാനിച്ചതിന് ശേഷം ഏകദേശം 12,000 കോടി രൂപ പഞ്ചായത്തുകളില്‍ നേരിട്ട് എത്തിയിട്ടുണ്ട്. ഇത് ഗ്രാമങ്ങളിലെ വികസനത്തിന്റെ വേഗത വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
ജമ്മു കാശ്മീരിലെ ജനാധിപത്യ പ്രക്രിയയുമായി ബന്ധപ്പെട്ട അടുത്ത സുപ്രധാന നടപടിയെ നാം സമീപിക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു, അതായത് നിയമസഭാ തെരഞ്ഞെടുപ്പ്. ഓരോ പ്രദേശത്തിനും എല്ലാ വിഭാഗങ്ങള്‍ക്കും നിയമസഭയില്‍ മതിയായ രാഷ്ട്രീയ പ്രാതിനിധ്യം ലഭിക്കുന്നതിന് മണ്ഡലപുനഃനിര്‍ണ്ണയ പ്രക്രിയ വേഗത്തില്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. ദലിതര്‍ക്കും പിന്നോക്കക്കാര്‍ക്കും ഗോത്രമേഖലയില്‍ താമസിക്കുന്നവര്‍ക്കും ശരിയായ പ്രാതിനിധ്യം നല്‍കേണ്ടത് ആനിവാര്യമാണ്.
മണ്ഡലപുനഃനിര്‍ണ്ണയ പ്രക്രിയയില്‍ എല്ലാവരുടെയും പങ്കാളിത്തം സംബന്ധിച്ച് യോഗത്തില്‍ വിശദമായ ചര്‍ച്ച നടന്നു. യോഗത്തില്‍ പങ്കെടുത്ത എല്ലാ കക്ഷികളും ഈ പ്രക്രിയയില്‍ പങ്കെടുക്കാന്‍ സമ്മതിച്ചു.
ജമ്മു കാശ്മീരിനെ സമാധാനത്തിന്റെയും സമൃദ്ധിയുടെയും പാതയിലേക്ക് കൊണ്ടുപോകുന്നതിന് എല്ലാ പങ്കാളികളുടെയും സഹകരണത്തിനും പ്രധാനമന്ത്രി ഊന്നല്‍ നല്‍കി. ജമ്മു കാശ്മീര്‍ അക്രമത്തിന്റെ ദുഷിത വലയത്തില്‍ നിന്ന് പുറത്തുവന്ന് സ്ഥിരതയിലേക്ക് നീങ്ങുകയാണെന്ന് അദ്ദേഹം പറഞ്ഞു. ജമ്മു കാശ്മീരിലെ ജനങ്ങളില്‍ പുതിയ പ്രതീക്ഷയും പുതിയ ആത്മവിശ്വാസവും ഉയര്‍ന്നുവന്നിട്ടുണ്ട്.
ഈ വിശ്വാസം ശക്തിപ്പെടുത്തുന്നതിന് നമ്മള്‍ രാവും പകലും പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും ഈ ആത്മവിശ്വാസം മെച്ചപ്പെടുത്തുന്നതിന് ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ജമ്മു കാശ്മീരിലെ ജനാധിപത്യം ശക്തിപ്പെടുത്തുന്നതിനും വികസനത്തിനും അഭിവൃദ്ധിക്കും വേണ്ടിയുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണ് ഇന്നത്തെ യോഗം. ഇന്നത്തെ യോഗത്തില്‍ പങ്കെടുത്തതിന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഞാന്‍ നന്ദി രേഖപ്പെടുത്തുന്നു.

 

 

***


(Release ID: 1730196) Visitor Counter : 211