പ്രധാനമന്ത്രിയുടെ ഓഫീസ്‌

വരാണസിയിലെ ഡോക്ടര്‍മാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍, ആരോഗ്യ മേഖലയിലെ മുന്‍നിര പ്രവര്‍ത്തകര്‍ എന്നിവരോട് പ്രധാന മന്ത്രി നടത്തിയ പ്രഭാഷണം

Posted On: 21 MAY 2021 3:08PM by PIB Thiruvananthpuram

ഹരഹര മഹാദേവ,


നിങ്ങളുമായി ഞാന്‍ നിത്യവും സംസര്‍ഗം പുലര്‍ത്തുകയും, വിവിധ ശ്രോതസുകളില്‍ നിന്നും   കൊറോണാ മഹാമാരിക്കെതിരെ കാശിയില്‍ നടക്കുന്ന പോരാട്ടത്തിന്റെ വിവരങ്ങള്‍ അറിയുകയും  വൃത്താന്തങ്ങള്‍ ശേഖരിക്കുകയും ചെയ്യുന്നുമുണ്ട്. സമയപരിമിതി വകവയ്ക്കാതെ നിങ്ങള്‍ എല്ലാവരും വളരെ നല്ല അവതരണം നടത്തി കാശിയിലെ ജനങ്ങളും ഭരണാധികാരികളും ആശുപത്രികളും ഈ വിഷമ ഘട്ടത്തില്‍ എപ്രകാരമാണ് ജോലി ചെയ്യുന്നത് എന്ന് ഞങ്ങളെ ധരിപ്പിക്കുകയും ചെയ്തിരിക്കുന്നു. ബാബ വിശ്വനാഥന്‍ കാശിയില്‍ എല്ലാവരിലും സന്നിഹിതനാണ്. ഇവിടെ എല്ലാവരും ബാബ വിശ്വനാഥന്റെ ഭാഗമാണ്. കൊറോണയുടെ ഈ വിഷമസന്ധിയില്‍ കാശിയിലെ ജനങ്ങളും ഇവിടെ ജോലി ചെയ്യുന്ന എല്ലാവരും സത്യമായും തെളിയിച്ചിരിക്കുന്നത്  ഈ പ്രസ്താവന  അര്‍ത്ഥപൂര്‍ണമാണ് എന്നാണ്. ശിവന്റെ ആയുരാരോഗ്യ ചൈതന്യത്തിലാണ് നിങ്ങള്‍ എല്ലാവരും ഇവിടെ ജനങ്ങളെ ശുശ്രൂഷിക്കുന്നത്. കാശിയിലെ  സേവകന്‍ എന്ന നിലയ്ക്ക് കാശിയിലെ ഓരോരുത്തര്‍ക്കും എന്റെ ഹൃദയാന്തരാളത്തില്‍ നിന്നുയരുന്ന നന്ദി ഞാന്‍ ആര്‍പ്പിക്കുന്നു.


നിങ്ങള്‍ എല്ലാവരും, പ്രത്യേകിച്ച് നമ്മുടെ ഡോക്ടര്‍മാര്‍,നഴ്‌സുമാര്‍, സാങ്കേതിക വിദഗ്ധര്‍, വാര്‍ഡ് ബോയ്മാര്‍, ആംബുലന്‍സ് ഡ്രൈവര്‍മാര്‍ തുടങ്ങിയവരെല്ലാവരും ചെയ്ത ജോലി സത്യത്തില്‍ സ്തുത്യര്‍ഹമാണ്. ഇത്രമാത്രം കഠിനമായ അധ്വാനവും ബൃഹത്തായ പരിശ്രമങ്ങളും നടത്തിയിട്ടും നമ്മുടെ നിരവധി കുടംബാംഗങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ നമുക്കു സാധിച്ചില്ല, അത്ര കഠിനമായിരുന്നു ഈ മഹാമാരി. നമ്മില്‍ നിന്ന് നമുക്കു പ്രിയപ്പെട്ട നിരവധി പേരെ ഈ വൈറസ് തട്ടിയെടുത്തു. അവര്‍ക്കെല്ലാം ഞാന്‍ വിനീതമായി ആദരാഞ്ജലി അര്‍പ്പിക്കുന്നു, അവരുടെ കുടുംബാംഗങ്ങളെ ഞാന്‍ അനുശോചനം അറിയിക്കുന്നു.


സുഹൃത്തുക്കളെ,


കൊറോണയുടെ രണ്ടാം തരംഗത്തില്‍ ഒരോ സമയം പല സമര മുഖങ്ങളിലായിരുന്നു നമ്മുടെ പോരാട്ടം. കഴിഞ്ഞ പ്രാവശ്യത്തെ അപേക്ഷിച്ച് വ്യാപന നിരക്ക് അനേക മടങ്ങ് കൂടുതലായിരുന്നു. രോഗികള്‍ക്ക് അനേകം ദിവസങ്ങള്‍ ആശുപത്രികളില്‍ ചെലവഴിക്കേണ്ടതായും വന്നു. ഇതെല്ലാം നമ്മുടെ ആരോഗ്യ  സംവിധാനത്തില്‍  കടുത്ത സമ്മര്‍ദ്ദം സൃഷ്ടിക്കുകയും ചെയ്തു. ബനാറസ് കാശിയുടെ മാത്രമല്ല, പൂര്‍വാഞ്ചല്‍ മുഴുവന്റെയും ആരോഗ്യ സേവനങ്ങളെ ഏകോപിപ്പിക്കുന്ന സിരാകേന്ദ്രമാണ്.ബിഹാറിന്റെ ചില പ്രദേശങ്ങളില്‍ നിന്നു പോലും രോഗികള്‍ ചികിത്സക്കായി കാശിയില്‍ എത്താറുണ്ട്.  ആരോഗ്യ സംവിധാനത്തില്‍ ഉണ്ടാകുന്ന ഇത്തരം സമ്മര്‍ദ്ദം സ്വാഭാവികമായും വലിയ വെല്ലുവിളി തന്നെ. ഇവിടുത്തെ ആരോഗ്യ മേഖലയില്‍ കഴിഞ്ഞ ഏഴു വര്‍ഷമായി  നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ നമ്മെ വളരെ സഹായിച്ചു, എങ്കിലും ഇതൊരു അസാധാരണ സാഹചര്യം തന്നെയായിരുന്നു. നമ്മുടെ ഡോക്ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും കാഴ്ച്ചവച്ച  കഠിനാധ്വാനത്തിലൂടെ മാത്രമാണ് ഈ സമ്മര്‍ദ്ദം നേരിടാന്‍ നമുക്കു സാധിച്ചത്. നിങ്ങള്‍ എല്ലാവരും സന്ദര്‍ഭത്തിനൊത്ത് ഉണര്‍ന്നു പ്രവര്‍ത്തിക്കുകയും രാപ്പകല്‍ ഓരോ രോഗിയെയും സംരക്ഷിക്കുകയും ചെയ്തു. ഇത്ര ചെറിയ സമയം കൊണ്ട് ബനാറസ് സ്വയം കൈകാര്യം ചെയ്ത രീതി ഇന്ന് രാജ്യം മൊത്തം ചര്‍ച്ചാവിഷയമായിരിക്കുന്നു.


സുഹൃത്തുക്കളെ,


ഈ ദുര്‍ഘട കാലത്ത് നമ്മുടെ ജനപ്രതിനിധികളും, ഉദ്യോഗസ്ഥരും, സുരക്ഷാ വിഭാഗങ്ങളും ബനാറസിനെ നിരന്തരം സഹായിച്ചു. അനേകം ഓകസിജന്‍ പ്ലാന്റുകള്‍ പ്രവര്‍ത്തനം തുടങ്ങി. ഓക്‌സിജന്‍ വിതരണം വര്‍ധിപ്പിക്കുന്നതിന് നിരവധി പുതിയ ഓക്‌സിജന്‍ പ്ലാന്റുകള്‍ സ്ഥാപിച്ചു. ബനാറസ് ഉള്‍പ്പെടെ പൂര്‍വാഞ്ചലില്‍ വെന്റിലേറ്ററുകളും ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്ററുകളും പുതിയതായി ക്രമീകരിക്കപ്പെട്ടു.


സുഹൃത്തുക്കളെ,


ഇത്ര ചുരുങ്ങിയ സമയം കൊണ്ട് ബനാറസില്‍ ഓക്‌സിജന്‍ -ഐസിയു കിടക്കകളുടെ എണ്ണം പലമടങ്ങായി ഉയര്‍ത്തിയ ഗതിവേഗവും, പണ്ഡിറ്റ് രാജന്‍ മിശ്ര കോവിഡ് ആശുപത്രി അതിവേഗത്തില്‍ സജീവമായ രീതിയും മാത്രം മതി ഉദാഹരണമായി. ആധുനിക സാങ്കേതിക വിദ്യകളും  നൂതന യന്ത്രങ്ങളും രംഗപ്രവേശം ചെയ്തതോടെ ആര്‍ടി - പിസിആര്‍ പരിശോധനകളുടെ എണ്ണവും ഇവിടെ ഉയര്‍ന്നു. ബനാറസിലെ ഇന്റഗ്രേറ്റഡ് കോവിഡ് കമാന്‍ഡ് സെന്ററും വളരെ ശാസ്ത്രീയമായ രീതിയിലാണ് പ്രവര്‍ത്തിക്കുന്നത് എന്നും ഞാന്‍ അറിഞ്ഞു. രോഗികള്‍ക്കും സാധാരണക്കാര്‍ക്കും ആവശ്യമായ എല്ലാ ക്രമീകരണങ്ങളും സാധ്യമാക്കുന്നതിന് സാങ്കേതിക വിദ്യയെ നിങ്ങള്‍ ഉപയോഗിച്ച രീതി മാതൃകാപരമായി. സ്വച്ച്ഭാരത് അഭിയാനിന്റെ കീഴില്‍ നിര്‍മ്മിച്ച് ശുചിമുറികള്‍ ഉള്‍പ്പെടെ നമ്മുടെ രാജ്യത്ത് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി രൂപീകരിക്കപ്പെട്ട പദ്ധതികളും തുടക്കം കുറിച്ച പ്രചാരണ പരിപാടികളും കൊറോണയ്ക്ക് എതിരെയുള്ള പോരാട്ടത്തെ വളരെ സഹായിച്ചു. എംപിയായി എന്നെ തെരഞ്ഞെടുത്തതിനു നന്ദി പറയാന്‍ 2014 ല്‍ ഞാന്‍ ഇവിടെ വന്നപ്പോള്‍ നിങ്ങള്‍ വളരെയധികം സ്‌നേഹം എന്നില്‍ ചൊരിയുകയും എന്നെ അനുഗ്രഹിക്കുകയും ചെയ്തുവല്ലോ. എന്നാല്‍ ഞാന്‍ എന്തു ചെയ്തു.  ആദ്യ ദിവസം തന്നെ ഞാന്‍ നിങ്ങള്‍ക്ക് ഒരു വാഗ്ദാനവും നല്‍കിയില്ല. പകരം കാശിയിലെ ജനങ്ങളോട് ചില കാര്യങ്ങള്‍ ആവശ്യപ്പെടുകയാണ് ചെയ്തത്. കാശിയെ വൃത്തിയായി സൂക്ഷിക്കുമെന്ന്  എനിക്കു വാക്കു തരാനാണ് ഞാന്‍ ആവശ്യപ്പെട്ടത്. നിങ്ങള്‍ അന്ന് എനിക്കു തന്ന വാഗ്ദാനത്തില്‍ നിന്ന്, ശുചിത്വത്തിലൂടെ  കാശിയെ രക്ഷിക്കുന്നതിനു നിങ്ങള്‍ നടത്തുന്ന സ്ഥിരമായ പരിശ്രമങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക പ്രയോജനം ലഭിക്കുന്നത് നാം കാണുന്നു. ആയൂഷ്മാന്‍ ഭാരത് യോജനയുടെ കീഴില്‍ നല്‍കുന്ന സൗജന്യ ചികിത്സാ സൗകര്യങ്ങളും വളരെ പ്രയോജനപ്പെടുന്നു. അതുപോലെ ഉജ്വല യോജന വഴിയായി പാചക വാതകവും ജന്‍ ധന്‍ അക്കൗണ്ടുകളും  ഫിറ്റ് ഫോര്‍ ഇന്ത്യ, യോഗ, ആയൂഷ് തുടങ്ങിയ പ്രചാരണ പരിപാടികളും.ഐക്യരാഷ്ട്ര സഭ അന്തര്‍ദേശീയ യോഗ ദിനം അംഗീകരിക്കുകയും ജൂണ്‍ 21 ന് യോഗ ദിനം ആരംഭിക്കുകയും ചെയ്തപ്പോള്‍ തുടക്കത്തില്‍ അതിനെ പരിഹസിച്ചു, വിര്‍ശിച്ചു, അതിന് വര്‍ഗീയ നിറം നല്‍കുകയും ചെയ്തു.എന്നാല്‍ ഇന്ന് കൊറോണായ്ക്ക് എതിരെയുള്ള പോരാട്ടത്തില്‍ ലോകമാസകലും യോഗ വലിയ ശീലമായി മാറിയിരിക്കുന്നു.  യോഗയെ കുറിച്ചും ആയൂഷിനെ കുറിച്ചുമുള്ള അവബോധം കോറോണയ്ക്ക് എതിരേ പോരാടനുള്ള ജനങ്ങളുടെ ശക്തി വളരെ വര്‍ധിപ്പിച്ചു.


സുഹൃത്തുക്കളെ,


മാധവന്റെ കൃപകൊണ്ട് ബനാറസ് നഗരം ആത്മീയ യോഗ്യതയാല്‍ നിറഞ്ഞി കവിയുകയാണ്. ആദ്യ തരംഗത്തിലും രണ്ടാം തരംഗത്തിലും ഇവിടുത്തെ ജനങ്ങള്‍ ക്ഷമയുടെയും സേവനത്തിന്റെയും ദൃഷ്ടാന്തങ്ങളായി മാറി. കാശിയിലെ ജനങ്ങളും സാമൂഹിക സംഘടനകളും നിരന്തരമായി രോഗികളെയും പാവപ്പെട്ടവരെയും വൃദ്ധരെയും സ്വന്തം കുടുംബാംഗത്തെ എന്ന പോലെ  പരിചരിക്കുകയും  അവരെകുറിച്ച് ആകുലപ്പെടുകയും ചെയ്യുന്നു.കാശി പൂര്‍ണമായും സമര്‍പ്പിത മനസോടെ പ്രവര്‍ത്തിക്കുന്നതിനാല്‍ ഒരു കുടുംബവും ഭക്ഷണത്തെക്കുറിച്ച് വേവലാതിപ്പെടുന്നില്ല. പാവപ്പെട്ടവര്‍ ആരും മരുന്നുകളെ കുറിച്ച് വ്യാകുലപ്പെടുന്നുമില്ല. ജനക്കൂട്ടത്തെ ഒഴിവാക്കി രോഗവ്യാപനം തടയുന്നതിനായി എത്രയോ വ്യാപാരികളാണ് കടകള്‍ അടച്ചുകൊണ്ട് സ്വയം മുന്നോട്ടു വന്നിരിക്കുന്നത്. ഇവര്‍ ആരും തങ്ങല്‍ക്കുണ്ടാകുന്ന സാമ്പത്തിക നഷ്ടത്തെ കുറിച്ച് ദുഖിക്കുന്നില്ല.മറിച്ച് ഉള്ള വിഭവങ്ങളുമായി സേവനത്തില്‍ പങ്കു ചേര്‍ന്നിരിക്കുന്നു. നിങ്ങളുടെ സേവന മനോഭാവം ആരെയും കീഴടക്കാന്‍ പോന്നതാണ്.  പക്ഷെ എനിക്കറിയാം ഇത് അന്നപൂര്‍ണേശ്വരിയുടെ ഈ നഗരത്തിന്റെ സഹജ സ്വഭാവമാണ്. മനുഷ്യര്‍ക്കു സേവനം ചെയ്യുക എന്നതാണ് ഇവിടുത്തെ ഒരു ആരാധനാ മന്ത്രം.


സുഹൃത്തുക്കളെ,


നിങ്ങളുടെതീവ്ര തപസും  കൂട്ടായ പരിശ്രമങ്ങളും മൂലം നിങ്ങള്‍ ഈ മഹാമാരിയെ വലിയ അളവു വരെ പിടിച്ചു നിര്‍ത്തി. ഇനിയും വിശ്രമിക്കാന്‍ സമയമായിട്ടില്ല. നീണ്ട പോരാട്ടമാണ് നാം നടത്തേണ്ടിയിരിക്കുന്നത്.  ഇനി ബനാറസിന്റെയും പൂര്‍വാഞ്ചലിന്റെയും  ഗ്രാമ പ്രദേശങ്ങളിലേയ്ക്കാണ് നമ്മുടെ ശ്രദ്ധ ധാരാളമായി തിരിയേണ്ടത്. രോഗിയുടെ വീട്ടുപടിക്കല്‍ ചികിത്സ എത്തിക്കുക എന്നതാണ് നമ്മുടെ പുതിയ മുദ്രാവാക്യം. ഇക്കാര്യം നാം വിസ്മരിക്കരുത്.  എത്രത്തോളം രോഗിയുടെ വീട്ടുപടിക്കല്‍ ചികിത്സയെ നാം എത്തിക്കുന്നുവോ ആരോഗ്യ സംവിധാനത്തിന് അത്രത്തോളം ഭാരം കുറയും. രണ്ടാമതായി കാശി കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചത് മൈക്രോ കണ്ടെയിന്‍മെന്റ് സോണുകളിലാണ്.  അതിന്റെ പ്രയോജനം ലഭിക്കുന്നുമുണ്ട്.  ഗ്രാമങ്ങളിലും നഗരങ്ങളിലും സൂക്ഷ്മ രോഗവ്യാപന മേഖലകള്‍ രൂപീകരിച്ച് മരുന്നു വിതരണം നടത്തുകയും ഗ്രാമങ്ങളിലെ ജനങ്ങള്‍ക്ക് മെഡിക്കല്‍ കിറ്റുകള്‍ ലഭ്യമാക്കുകയും ചെയത് നടപടി വളരെ നല്ല സംരംഭമാണ്. ഈ പരിപാടി കഴിയുന്നത്ര ഗ്രാമീണ മേഖലകളില്‍ വിപുലപ്പെടുത്തേണ്ടതാണ്. ഡോക്ടര്‍മാരെയും പരിശോധനാ ലബോറട്ടറികളെയും ഇ- മാര്‍ക്കറ്റിംങ് കമ്പനികളെയും പരസ്പരം ബന്ധിപ്പിച്ചുകൊണ്ട്, ഏര്‍പ്പെടുത്തിയിരിക്കുന്ന കാശി കാവച്ച് എന്ന ടെലി മെഡിസിന്‍ സംവിധാനം പുതുമയാര്‍ന്ന പരീക്ഷണമാണ്.ഗ്രാമങ്ങളിലുള്ളവര്‍ക്ക് ഇതിന്റെ പ്രയോജനം ഉറപ്പു വരുത്തുന്നതിന് പ്രത്യേക പ്രചാരണ പരിപാടി സംഘടിപ്പിക്കണം. മുതിര്‍ന്നവരും യുവാക്കളുമായ  അനേകം ഡോക്ടര്‍മാര്‍ യുപിയിലെ ഗ്രാമീണ മേഖലകളില്‍ ടെലിമെഡിസിന്‍ വഴി സേവനം ചെയ്യുന്നുണ്ട്. അവരെ നമുക്കൊപ്പം ചോര്‍ത്ത് ഇത് വിപുലപ്പെടുത്തണം. നമ്മുടെ ആഷാ, എഎന്‍എം സഹോദരിമാരും ഗ്രാമങ്ങളില്‍ നടക്കുന്ന ഈ പോരാട്ടത്തില്‍ വളരെ സുപ്രധാന പങ്കാണ് വഹിക്കുന്നത്. അവരുടെഅനുഭവങ്ങളും കഴിവുകളും  പരമാവധി ഉപയോഗപ്പെടുത്തുക.


സുഹൃത്തുക്കളെ,


രണ്ടാം തരംഗത്തില്‍ പ്രതിരോധ മരുന്നിന്റെ സുരക്ഷിതത്വവും നാം കണ്ടു. പ്രതിരോധ കുത്തിവയ്പിന്റെ സുരക്ഷയില്‍ ഉറപ്പോടെ ജനസേവനത്തിനു നമ്മുടെ മുന്‍നിര പ്രവര്‍ത്തകര്‍ക്കു വലിയ അളവു വരെ സാധിച്ചു.  സമീപ ഭാവിയില്‍ ഈ സുരക്ഷാ കവചം  എല്ലാവരിലും എത്തും. നമ്മുടെ ഊഴം വരുമ്പോള്‍ നമുക്കും കുത്തിവയ്പു ലഭിക്കും. കൊറോണയ്ക്ക് എതിരെയുള്ള പോരാട്ടം ഒരു സംഘടിത പ്രവര്‍ത്തനം ആയതുപോലെ പ്രതിരോധ കുത്തിവയ്പും കൂട്ടുത്തരവാദിത്വമായി മാറണം.


സുഹൃത്തുക്കളെ,


സചേതനമായ പരിശ്രമങ്ങള്‍ ഉണ്ടാവുമ്പോള്‍ അവിടെ സേവന മനോഭാവം ഉണ്ടാവും ജനങ്ങള്‍ ബുദ്ധിമുട്ട് മനസിലാക്കും, അവിടെ ശാസ്ത്രനേതൃത്വ സമീപനവും ഉണ്ടാകും. അപ്പോള്‍ രാജ്യത്തു നടത്തിയ പ്രവര്‍ത്തനങ്ങളും ദൃശ്യമാകും. നേരത്തെ പൂര്‍വാഞ്ചലില്‍ കുട്ടികളിലുണ്ടായ മെനഞ്ചെറ്റിസിന്റെ സംഹാരം ഞാന്‍ ഓര്‍ക്കുന്നു. മെനഞ്ചേറ്റിസ് ഓരോ വര്‍ഷവും ആയിരക്കണക്കിനു കുട്ടികളുടെ ദാരുണ മരണത്തിനു കാരണമായിരുന്നു. നമ്മുടെ മുഖ്യമന്ത്രി യോഗിജി നേരത്തെ എംപിയായിരുന്നു. നമ്മുടെ കുട്ടികള്‍ ഓരോരുത്തരായി മരണത്തിനു കീഴടങ്ങിയ സമയത്ത് അദ്ദേഹം പാര്‍ലിമെന്റില്‍ പൊട്ടിത്തെറിച്ചു. കുട്ടികളുടെ ജീവന്‍ രക്ഷിക്കുന്നതിന് എന്തെങ്കിലും ക്രമീകരണം ചെയ്യണമെന്ന് അന്നത്തെ ഗവണ്‍മെന്റിനോട് അദ്ദേഹം അഭ്യര്‍ത്ഥിക്കുമായിരുന്നു. ആയിരക്കണക്കിനു കുഞ്ഞുങ്ങള്‍ മരിച്ചപ്പോള്‍ അദ്ദേഹം നിലവിളിക്കുമായിരുന്നു. ഇതേ വര്‍ഷങ്ങളോളം തടര്‍ന്നു. യോഗിജി പാര്‍ലിമെന്റില്‍ അദ്ദേഹത്തിന് സാധിക്കുന്നതെല്ലാം ചെയ്തു.  എന്നാല്‍ അദ്ദേഹം യുപിയുടെ മുഖ്യമന്ത്രി ആയതോടെ അദ്ദേഹം മെനഞ്ചെയ്റ്റ്‌സിനെതിരെ ഇന്ത്യ ഗവണ്‍മെന്റിന്റെ സഹായത്തോടെ ഒരു ബഹുജന പരിപാടിക്കു തുടക്കമിട്ടു. അതെക്കുറിച്ച് നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാം.  ഇന്ന് അനേകം കുഞ്ഞുങ്ങളുടെ ജീവനുകള്‍ രക്ഷിക്കുന്നതില്‍ നാം വിജയിച്ചിരിക്കുന്നു. ഈ രോഗത്തെ  നിയന്ത്രണത്തിലാക്കുന്നതിനു നമുക്കു സാധിച്ചിരിക്കുന്നു.പൂര്‍വാഞ്ചലിലെ ജനങ്ങള്‍ക്കും കുഞ്ഞുങ്ങള്‍ക്കുമാണ് ഇതിന്റെ കൂടുതല്‍ പ്രയോജനം ലഭിച്ചത്.  സമാന ബോധ്യത്തോടും ജാഗ്രതയോടും കൂടി നാം പ്രവര്‍ത്തനം തുടരണമെന്നാണ് ഈ ഉദാഹരണം സൂചിപ്പിക്കുന്നത്. രൂപം മാറിക്കൊണ്ടിരിക്കുന്ന അദൃശ ശത്രുവിനെതിരെയാണ് നമ്മുടെ പോരാട്ടം എന്നു നാം ഓര്‍മ്മിക്കണം. ഈ യുദ്ധത്തില്‍ നമുക്ക് നമ്മുടെ കുഞ്ഞുങ്ങളെ കൊറോണയില്‍ നിന്നു രക്ഷിക്കണം, അവര്‍ക്കായി പ്രത്യേക തയാറെടുപ്പുകള്‍ നടത്തുകയും വേണം. അടുത്തയിടെ ഞാന്‍ യുപിയിലെ ഉദ്യോഗസ്ഥരുമായി സംസാരിച്ചപ്പോള്‍ നിങ്ങളുടെ ചീഫ് സെക്രട്ടറി തിവാരി ജി എന്നോടു പറയുകയുണ്ടായി,  കുട്ടികള്‍ കൊറോണ ബാധിതരായാല്‍ ചികിത്സിക്കാനുള്ള ഒരു സമഗ്ര സംവിധാനം വികസിപ്പിച്ചിട്ടുണ്ട് എന്ന്. ഇക്കാര്യത്തില്‍ ഉത്തര്‍ പ്രദേശ് ഗവണ്‍മെന്റ് നന്നായി പ്രവര്‍ത്തിക്കുന്നു എന്നിതില്‍ എനിക്ക് വളരെ ആഹ്ലാദം തോന്നി. വളരെയധികം കാര്യങ്ങള്‍ തുടങ്ങികഴിഞ്ഞു.


സുഹൃത്തുക്കളെ,


ഈ പോരാട്ടത്തില്‍ മറ്റൊരു വെല്ലുവിളിയായി ബ്ലായ്ക്ക് ഫങ്കസും ദിവസങ്ങള്‍ക്കു മുമ്പ് രംഗപ്രവേശം  ചെയ്തിരിക്കുന്നു.ഇതിനെ കൈകാര്യം ചെയ്യുന്നതിനുള്ള അത്യാവശ്യ മുന്‍കരുതലുകളും ക്രമീകരണങ്ങളും വളരെ പ്രാധാന്യമര്‍ഹിക്കുന്നു. നിങ്ങളോടു സംസാരിക്കുമ്പോള്‍ ഇക്കാര്യത്തില്‍ എനിക്ക് അറിയാവുന്ന കാര്യങ്ങളാണ് ഞാന്‍ പങ്കുവയ്ക്കുന്നത്.


സുഹൃത്തുക്കളെ,


രണ്ടാം തരംഗത്തിലെ  രോഗവ്യാപനം കുറഞ്ഞിട്ടും ഭരണകൂടം  കൊറോണയെ നേരിടാന്‍ സ്വീകരിച്ച നടപടികള്‍ തുടരുകയാണ്. അതെസമയം തന്നെ രോഗികളുടെ എണ്ണവും സാഹചര്യങ്ങളും നാം തുടര്‍ച്ചയായി നിരീക്ഷിക്കണം. ബനാറസില്‍ നിങ്ങള്‍ കൈവരിച്ച നേട്ടത്തിന്റെ അനുഭവം പൂര്‍ഞ്ചല്‍ മുഴുവനിലും സംസ്ഥാനത്തുടനീളവും പ്രയോജനപ്പെടുത്തണം. ഡോക്ടര്‍മാരുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും അനുഭവങ്ങള്‍ നിങ്ങളുടെ കൂട്ടായ്മകളില്‍ പങ്കുവയ്ക്കണം എന്നു ഞാന്‍ ആഗ്രഹിക്കുന്നു.  ഉദ്യോഗസ്ഥരും അവരുടെ അനുഭവങ്ങളും അഭിപ്രായങ്ങളും ഗവണ്‍മെന്റിനെ അറിയിക്കണം. എങ്കില്‍ മാത്രമെ മറ്റു സ്ഥലങ്ങളിലും നിങ്ങളുടെ നല്ല നടപടികള്‍ അനുവര്‍ത്തിച്ച് പ്രയോജനപ്പെടുത്താന്‍ സാധിക്കൂ. എനിക്ക് ജനപ്രതിനിധികളോടു പറയാനുള്ളത്,  ഭാരിച്ച അനേകം ഉത്തരവാദിത്വങ്ങള്‍ക്കിടയിലാണ് നിങ്ങള്‍ ഈ പ്രവര്‍ത്തനങ്ങളില്‍ വിശ്രമമെന്യേ ഏര്‍പ്പെടുന്നത്. അതിനിടെ, ചിലപ്പോള്‍ ജനങ്ങളുടെ അതൃപ്തി കേള്‍ക്കേണ്ടി വന്നേക്കാം. അപ്പോഴെല്ലാം നിങ്ങളുടെ വിനയവും അവബോധവും സാധാരണക്കാര്‍ക്ക് ലേപനം പോലെയാവും എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഈ ജനകീയ മുന്നേറ്റത്തില്‍ പങ്കാളികളാകുകയും  നയിക്കുകയും ചെയ്ത എല്ലാ ജനപ്രതിനിധികളേയും ഞാന്‍ എന്റെ സംതൃപ്തി അറിയ്ക്കുന്നു. ഒരു  പൗരന് പോലും എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ അയാളുടെ കാര്യവും ജനപ്രതിനിധികളുടെ സ്വാഭാവിക ഉത്തരവാദിത്വമാണ് എന്നു നാം  ഓര്‍മ്മിക്കണം. ഇക്കാര്യം അധികാരികളുടെയും ഗവണ്‍മെന്റിന്റെയും  ശ്രദ്ധയില്‍ കൊണ്ടുവരണം, പരിഹാരം ഉറപ്പാക്കണം. നമ്മുടെ സംഘടിതമായ ശ്രമങ്ങള്‍ സദ്ഫലങ്ങള്‍ കൊണ്ടുവരും എന്ന് എനിക്ക് ഉറപ്പുണ്ട്. ബാബ വിശ്വവനാഥന്റെ അനുഗ്രഹത്താല്‍ വൈകാതെ കാശി ഈ യുദ്ധം ജയിക്കും. നിങ്ങള്‍ക്കെല്ലാവര്‍ക്കും ആയുരാരോഗ്യം ആശംസിക്കുന്നു. ബാബ വിശ്വനാഥന്റെ കാലടികളില്‍ നിങ്ങളുടെ ആരോഗ്യത്തിനായി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. മനുഷ്യരാശിയുടെ മുഴുവന്‍ ക്ഷേമം ബാബ വിശ്വനാഥന്റെ കരങ്ങളിലാകയാല്‍ അവിടുത്തോട് ഒരു പ്രത്യേക മേഖലയ്ക്കായി എന്തെങ്കിലും ചോദിക്കുന്നത് ഉചിതമാവില്ല. നിങ്ങളും കുടംബാംഗങ്ങളും ആരോഗ്യം ഉണ്ടാവട്ടെ. ഈ ആശംസകളോടെ നിങ്ങള്‍ക്കെല്ലാവര്‍ക്കും വളരെ നന്ദി.



(Release ID: 1728427) Visitor Counter : 186