വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

കേബിള്‍ ടെലിവിഷന്‍ ശൃംഖലാ ചട്ടങ്ങള്‍ ഭേദഗതി ചെയ്തു


ടിവി സംപ്രേഷണവുമായി ബന്ധപ്പെട്ട് പൗരന്മാരുടെ ആവലാതികള്‍/പരാതികള്‍ പരിഹരിക്കാന്‍ നിയമപരമായ സംവിധാനം

സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കേന്ദ്ര ഗവണ്‍മെന്റ് അംഗീകാരം വേണം

Posted On: 17 JUN 2021 6:34PM by PIB Thiruvananthpuram

1994-ലെ കേബിള്‍ ടെലിവിഷന്‍ ശൃംഖലാ ചട്ടങ്ങള്‍ കേന്ദ്ര ഗവണ്‍മെന്റ് ഭേദഗതി ചെയ്തു. ഇതുസംബന്ധിച്ച വിജ്ഞാപനം ഗവണ്‍മെന്റ് ഇന്ന് പുറപ്പെടുവിച്ചു. ഇതുപ്രകാരം, 1995-ലെ കേബിള്‍ ടെലിവിഷന്‍ ശൃംഖലാ നിയമത്തിലെ വ്യവസ്ഥകള്‍ക്ക് അനുസൃതമായി ടെലിവിഷന്‍ ചാനലുകളുടെ സംപ്രേഷണത്തിലെ ഉള്ളടക്കവുമായി ബന്ധപ്പെട്ട പൗരന്മാരുടെ ആവലാതികള്‍/ പരാതികള്‍ പരിഹരിക്കുന്നതിനുള്ള നിയമപരമായ സംവിധാനം സജ്ജമാക്കും.

2. നിലവില്‍, ചട്ടങ്ങള്‍ക്ക് കീഴിലുള്ള പരിപാടി/ പരസ്യ കോഡുകളുടെ ലംഘനവുമായി ബന്ധപ്പെട്ട് പൗരന്മാരുടെ ആവലാതികള്‍ പരിഹരിക്കുന്നതിന് ഒരു മന്ത്രിതല സമിതി എന്ന സ്ഥാപന സംവിധാനം ഉണ്ട്. അതുപോലെ, വിവിധ പ്രക്ഷേപകര്‍ പരാതികള്‍ പരിഹരിക്കുന്നതിനായി സ്ഥാപനത്തിനുള്ളില്‍ സ്വയം നിയന്ത്രണ സംവിധാനവും  വികസിപ്പിച്ചിട്ടുണ്ട്. എങ്കിലും പരാതി പരിഹാര ഘടന ശക്തിപ്പെടുത്തുന്നതിന് ഒരു നിയമപരമായ സംവിധാനം ഏര്‍പ്പെടുത്തേണ്ടതിന്റെ ആവശ്യകത ഉയര്‍ന്നുവന്നു. ചില പ്രക്ഷേപകര്‍ അവരുടെ സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും നിയമപരമായ അംഗീകാരം നല്‍കണമെന്നും അഭ്യര്‍ത്ഥിച്ചിരുന്നു. ''പൊതുവായ കാരണവും ഇന്ത്യന്‍ യൂണിയനും മറ്റുള്ളവരും'' എന്ന വിഷയത്തില്‍ ബഹുമാനപ്പെട്ട സുപ്രീം കോടതി 2000-ലെ 387-ാം നമ്പര്‍ ഉത്തരവില്‍ കേന്ദ്രഗവണ്‍മെന്റ് രൂപം നല്‍കിയ പരാതി പരിഹാരത്തിനുള്ള നിലവിലുള്ള സംവിധാനത്തില്‍ സംതൃപ്തി പ്രകടിപ്പിച്ചിരുന്നു. പരാതി പരിഹാര സംവിധാനം ഔപചാരികമാക്കുന്നതിന് ഉചിതമായ നിയമങ്ങള്‍ രൂപപ്പെടുത്താനും നിര്‍ദേശിച്ചു.

3. മേല്‍പ്പറഞ്ഞ സാഹചര്യങ്ങള്‍ കണക്കിലെടുത്ത്, കേബിള്‍ ടെലിവിഷന്‍ ശൃംഖലാ ചട്ടങ്ങളില്‍ ഭേദഗതി വരുത്തി നിയമപരമായ സംവിധാനം സജ്ജമാക്കും. ഇത് സുതാര്യവും പൗരന്മാര്‍ക്ക് പ്രയോജനകരവുമാണ്. അതേസമയം, പ്രക്ഷേപകരുടെ സ്വയം നിയന്ത്രണ ചട്ടക്കൂടുകള്‍ കേന്ദ്ര ഗവണ്‍മെന്റില്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്യും.

4. നിലവില്‍ വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ അനുമതിയുള്ള 900-ത്തിലേറെ ടെലിവിഷന്‍ ചാനലുകളാണുള്ളത്.  ഇവയെല്ലാം കേബിള്‍ ടെലിവിഷന്‍ ശൃംഖലാ ചട്ടങ്ങള്‍ക്ക് വിധേയമായി പരിപാടി/ പരസ്യ കോഡ് പാലിക്കേണ്ടതുണ്ട്. പരാതി പരിഹാരത്തിനുള്ള ശക്തമായ സ്ഥാപന സംവിധാനത്തിന് വഴിയൊരുക്കുന്നതിനാല്‍ മേല്‍പ്പറഞ്ഞ വിജ്ഞാപനം ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. അതേസമയം പ്രക്ഷേപകരിലും അവരുടെ സ്വയം നിയന്ത്രിത ചട്ടക്കൂടുകളിലും ഉത്തരവാദിത്വ ബോധവും വളര്‍ത്തുന്നു.

 

 

*** 



(Release ID: 1728004) Visitor Counter : 286