രാസവസ്തു, രാസവളം മന്ത്രാലയം
മ്യൂക്കോർമൈക്കോസിസ് ചികിത്സയ്ക്ക് ആവശ്യമായ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കുന്നതിന് ഭരണകൂടം സ്വീകരിച്ച നടപടികൾ
Posted On:
17 JUN 2021 1:41PM by PIB Thiruvananthpuram
ന്യൂഡൽഹി, ജൂൺ 17, 2021
കോവിഡിനെ തുടർന്ന് ബാധിക്കുന്ന മ്യൂക്കോർമൈക്കോസിസ് രോഗികൾക്ക് ഡോക്ടർമാർ നിർദ്ദേശിക്കുന്ന മരുന്നായ ആംഫോടെറിസിൻ-ബിയുടെ ആവശ്യകത ചില സംസ്ഥാനങ്ങളിൽ പെട്ടെന്ന് ഉയരുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. സംസ്ഥാനങ്ങൾ, കേന്ദ്രഭരണ പ്രദേശങ്ങൾ, കേന്ദ്ര ആരോഗ്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ചികിത്സയിൽ കഴിയുന്ന രോഗികൾക്കായി 6.67 ലക്ഷം ആംഫോടെറിസിൻ-ബി വൈലുകൾ ലഭ്യമാക്കാൻ ഭരണകൂടത്തിന് സാധിച്ചിട്ടുണ്ട്. ഈ രോഗത്തിന്റെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മറ്റ് മരുന്നുകളായ ആംഫോടെറിസിനൻ ഡിയോക്സികോലേറ്റ് (Amphotericin Deoxycholate), പോസാകൊണാസോൾ (Posaconazole) എന്നിവയ്ക്ക് പുറമെയാണ് ഇത്.
തദ്ദേശീയ ഉത്പാദനത്തിൽ നിന്നും, ഇറക്കുമതിയിലൂടെയും, മ്യൂക്കോമൈക്കോസിസ് രോഗത്തിന്റെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകളുടെ ലഭ്യത, സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (CDSCO)-ന്റെ സഹായത്തോടെ ഫാർമസ്യൂട്ടിക്കൽസ് വകുപ്പ് (DoP) തുടർച്ചയായി പരിശോധിച്ചു വരുന്നുണ്ട്.
2021 മെയ് തുടക്കത്തിൽതന്നെ ഉൽപാദനം, സംഭരണം, വിതരണം, പർച്ചേസ് ഓർഡറുകൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ ഉത്പാദകരിൽ നിന്നും ശേഖരിക്കുകയും, വിതരണവും ആവശ്യകതയും തമ്മിലെ അന്തരം പരിഹരിക്കാൻ ഇവരുടെ സഹകരണം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
ഉത്പാദകരേയും പകരം ഉപയോഗിക്കാവുന്ന മരുന്നുകളേയും തിരിച്ചറിയാനും, പുതിയ മരുന്ന് നിർമ്മാണ കേന്ദ്രങ്ങൾക്ക് അടിയന്തര അനുമതി നൽകാനും ഫാർമസ്യൂട്ടിക്കൽ വകുപ്പും, ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (DCGI)-യും വ്യവസായ മേഖലയുമായി ഫലപ്രദമായി സഹകരിച്ച് പ്രവർത്തിച്ചിട്ടുണ്ട്. ലൈസൻസിങ്, അസംസ്കൃത വസ്തുക്കളുടെ ലഭ്യത, ഇറക്കുമതി അനുമതി എന്നിവയുമായി ബന്ധപ്പെട്ട ഉത്പാദകരുടെയും, ഇറക്കുമതിക്കാരുടെയും വിവിധ ആശങ്കകൾ അതിവേഗം തന്നെ പരിഹരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.
ലിപൊസോമൽ ആംഫോടെറിസിൻ ബി (Liposomal Amphotericin B) നിലവിൽ രാജ്യത്തെ 5 സംരംഭകരാണ് ഉത്പാദിപ്പിക്കുന്നത്. ജൂൺ മാസം ഇവർക്ക് 2.63 ലക്ഷം വൈലുകൾ പുറത്തിറക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. രാജ്യത്തെ ആറ് സംരംഭങ്ങൾക്ക് ആംഫോടെറിസിൻ ബി ലിപൊസോമൽ ഇൻജെക്ഷന്റെ ഉത്പാദന/വിപണന അനുമതി ഡിജിസിഐ നൽകിയിട്ടുണ്ട്. ഈ പുതിയ ആറ് സംരംഭങ്ങൾക്ക് ജൂണിൽ 1.13 ലക്ഷം വൈലുകൾ ഉത്പാദിപ്പിക്കാൻ കഴിയുമെന്നാണ് കണക്കാക്കുന്നത്.
ആംഫോടെറിസിൻ ബി ലിപൊസോമൽ ഇൻജെക്ഷന്റെ തദ്ദേശീയ ഉത്പാദനം 2021 ഏപ്രിലിൽ 62,000 വൈലുകൾ ആയിരുന്നുവെങ്കിൽ, 2021 മെയിൽ ഇത് 1.63 ലക്ഷമായി വർദ്ധിച്ചു. ജൂൺ മാസം ഇത് 3.75 ലക്ഷത്തിൽ എത്തും എന്നാണ് കണക്ക് കൂട്ടുന്നത്.
ലോകമെമ്പാടുമുള്ള വിവിധ നയതന്ത്ര കാര്യാലയങ്ങളുടെ സഹായത്തോടെ ആംഫോടെറിസിൻ ബി/ലിപൊസോമൽ ആംഫോടെറിസിൻ ബി ഇൻജെക്ഷനുകളുടെ പുതിയ ഉത്പാദന കേന്ദ്രങ്ങൾ, മ്യൂക്കോർമൈക്കോസിസിനു ഉപയോഗിക്കാവുന്ന മറ്റു മരുന്നുകൾ എന്നിവ വിദേശകാര്യമന്ത്രാലയം കണ്ടെത്തിയിട്ടുണ്ട്. ഇങ്ങനെ കണ്ടെത്തിയിട്ടുള്ള രാജ്യങ്ങളിൽ ഓസ്ട്രേലിയ, റഷ്യ, ജർമ്മനി, അർജന്റീന, ബെൽജിയം, ചൈന എന്നീ രാജ്യങ്ങളിൽ നിന്നും ലിപൊസോമൽ ആംഫോടെറിസിൻ ബി ലഭ്യമാക്കുന്നതിന് നടപടികൾ സ്വീകരിക്കണമെന്ന് ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ലഭ്യമായ മരുന്നുകളുടെ നീതിപൂർവ്വകമായ വിതരണം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ദേശീയ തലത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളുടെ അനുപാതത്തിൽ, സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും മരുന്നു വിഹിതം നൽകുന്നു. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ പോർട്ടലിൽ സംസ്ഥാനങ്ങൾ നേരിട്ട് നൽകുന്ന രോഗികളുടെ വിവരങ്ങളിൽ നിന്നാണ് ഒരു സംസ്ഥാനത്തെ രോഗികളുടെ എണ്ണം സംബന്ധിച്ച അന്തിമ എണ്ണം ധാരണയാവുക.
ഒരു പ്രത്യേക നഗരത്തിലെ/ആശുപത്രികളിലെ മരുന്നു വിതരണത്തിനു അതാതു സംസ്ഥാന ഭരണകൂടങ്ങൾ നടപടികൾ സ്വീകരിക്കുന്നതാണ്. തങ്ങൾക്ക് അനുവദിച്ചിട്ടുള്ള വിഹിതം അനുസരിച്ച് സംസ്ഥാന ഭരണകൂടങ്ങൾ ഉത്പാദകരിൽ നിന്നും നേരിട്ട് ലിപൊസോമൽ ആംഫോടെറിസിൻ ബി വാങ്ങുന്നതാണ്. ലഭിക്കുന്ന മരുന്നുകൾ ആശുപത്രികൾക്ക് ലഭ്യമാക്കാനുള്ള തുടർനടപടികളും സംസ്ഥാനങ്ങൾ സ്വീകരിക്കും
2021 ജൂൺ 14 വരെ ഉള്ള കണക്കുകൾ പ്രകാരം, ഫാർമസ്യൂട്ടിക്കൽസ് വകുപ്പ്, വിവിധ സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളിൽ 6,67,360 വൈലുകളാണ് ലഭ്യമാക്കിയിട്ടുള്ളത്. ഇത് കൂടാതെ, ജൂൺ 14ന് 53,000 കൺവെൻഷനൽ ആംഫോടെറിസിൻ ബി വൈലുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ലഭ്യമാക്കിയിട്ടുണ്ട്.
RRTN/SKY
(Release ID: 1727910)
Visitor Counter : 226