വാണിജ്യ വ്യവസായ മന്ത്രാലയം
ശുദ്ധമായ പരിസ്ഥിതിയും, സുസ്ഥിരവും സമഗ്രവുമായ വികസനവുമാണ് ഭാരതത്തിന്റെ മുൻഗണന വിഷയങ്ങൾ എന്ന് ശ്രീ പിയൂഷ് ഗോയൽ
Posted On:
14 JUN 2021 5:51PM by PIB Thiruvananthpuram
ന്യൂഡൽഹി, ജൂൺ 14, 2021
ഇന്ത്യയുടെ ആളോഹരി കാർബൺഡയോക്സൈഡ് പുറന്തള്ളൽ, വലിയ സമ്പത്ത് വ്യവസ്ഥ സ്വന്തമായുള്ള രാജ്യങ്ങൾക്കിടയിലെ ഏറ്റവും കുറഞ്ഞത് ആണെന്ന് വാണിജ്യ-വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയൽ. എങ്കിലും 2030ഓടെ പുനരുപയോഗ ഊർജ്ജത്തിൽ നിന്നും 450 ഗിഗാവാട്സ് ഊർജ്ജം എന്ന ഇന്ത്യയുടെ വലിയ ലക്ഷ്യം, ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസനം - സുസ്ഥിര വികസന ലക്ഷ്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട 2030 അജണ്ടയോടുള്ള പ്രതിജ്ഞാബദ്ധതയാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കോവിഡാനന്തര ലോകത്ത്, വർദ്ധിതവീര്യത്തോടെ കാലാവസ്ഥ സംരക്ഷണവുമായി ബന്ധപ്പെട്ട ലക്ഷ്യങ്ങൾ പൂർത്തീകരിക്കാൻ ശ്രമിക്കുമെന്ന് 2021ലെ ഐക്യരാഷ്ട്ര വ്യാപാര ഫോറത്തിൽ സംസാരിക്കവേ അദ്ദേഹം ഉറപ്പു നൽകി. കാലാവസ്ഥ സംബന്ധിയായ വിഷയങ്ങളിൽ നീതിപൂർവകമായ ഇടപെടലുകൾ (ക്ലൈമറ്റ് ജസ്റ്റിസ്) സംരക്ഷിക്കപ്പെടണമെന്നും, തങ്ങളുടെ ഉപഭോഗ രീതികളിൽ പുനർവിചിന്തനം നടത്താൻ വികസിത രാഷ്ട്രങ്ങൾ തയ്യാറാകണമെന്നും, സുസ്ഥിര ജീവിത രീതികൾ ശീലിക്കാൻ അവർ ശ്രദ്ധ നൽകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ഈ മേഖലയിൽ കരുത്തുറ്റ നടപടികളാണ് ഇന്ത്യ സ്വീകരിച്ചിട്ടുള്ളത് എന്നും കേന്ദ്രമന്ത്രി ഓർമിപ്പിച്ചു. നാഷണലി ഡിറ്റർമിൻഡ് കോൺട്രിബ്യൂഷൻ (NDC), രണ്ട് ഡിഗ്രി സെൽഷ്യസിന് അനുഗുണമായി തുടരുന്ന വളരെ ചുരുക്കം രാജ്യങ്ങളിലൊന്നായി ഇന്ത്യയ്ക്ക് മാറാൻ സാധിച്ചത് അതുകൊണ്ടാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതിനുപുറമേ അന്താരാഷ്ട്ര സൗരോർജ സഖ്യം, ദുരന്തങ്ങളെ അതിജീവിക്കാൻ കഴിയുന്ന അടിസ്ഥാനസൗകര്യങ്ങൾക്കായുള്ള സഖ്യം തുടങ്ങിയ ആഗോള മുന്നേറ്റങ്ങൾക്ക് പ്രോത്സാഹനം നൽകാനും നമുക്ക് സാധിച്ചു.
വ്യാപാര നയങ്ങളെയും, കാലാവസ്ഥാ സംരക്ഷണ ലക്ഷ്യങ്ങളെയും വേർതിരിച്ച് കാണണമെന്നും ശ്രീ ഗോയൽ അഭ്യർത്ഥിച്ചു. വ്യാപാര ചർച്ചകളുടെ ഭാഗമായി അല്ല, മറിച്ച് UNFCCC ചട്ടക്കൂട്, പാരീസ് ഉടമ്പടി എന്നിവയ്ക്ക് കീഴിൽ വേണം കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത്തരം ലക്ഷ്യങ്ങൾ നേടിയെടുക്കാനുള്ള ഏറ്റവും മികച്ച വഴികൾ വ്യാപാര കരാറുകൾ അല്ല എന്നും അദ്ദേഹം ഓർമപ്പെടുത്തി.
വികസിത രാഷ്ട്രങ്ങൾ മുന്നോട്ടുവയ്ക്കുന്ന അജണ്ടകൾക്ക് മാത്രമായി പ്രത്യേക പ്രാധാന്യം നൽകാൻ സാധിക്കില്ല എന്ന് വ്യക്തമാക്കിയ ശ്രീ ഗോയൽ, കാർഷിക സബ്സിഡികളിലെ അസമത്വങ്ങൾ അടക്കം ദീർഘനാളായി നടപടികൾ കാത്തുകിടക്കുന്ന വിഷയങ്ങൾക്കും പരിഹാരം കാണേണ്ടതുണ്ട് എന്നും അഭിപ്രായപ്പെട്ടു.
ആഗോള സമൂഹത്തിലെ സാമ്പത്തിക ചട്ടക്കൂടുകളെ നിർണയിക്കുന്ന വായ്പാ റേറ്റിംഗ് ഏജൻസികളായ അന്താരാഷ്ട്ര നാണ്യനിധി (IMF) പോലെയുള്ളവ, വികസ്വര-അവികസിത രാഷ്ട്രങ്ങളോട് നീതിയുക്തമായി പെരുമാറുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു.
ലഭ്യമായ പാരിസ്ഥിതിക സൗഹൃദ സാങ്കേതികവിദ്യകൾ വികസ്വര രാഷ്ട്രങ്ങൾക്ക് കുറഞ്ഞ ചിലവിൽ ലഭ്യമാക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തേണ്ടതിന്റെ ആവശ്യകത കേന്ദ്രമന്ത്രി എടുത്തുപറഞ്ഞു. വികസ്വര രാഷ്ട്രങ്ങൾക്ക് ചിലവുകുറഞ്ഞ പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യകൾ ലഭ്യമാക്കുന്നതിന് വികസിത രാഷ്ട്രങ്ങൾ മുൻകൈയെടുക്കണമെന്ന് അഭിപ്രായപ്പെട്ട ശ്രീ ഗോയൽ, വികസ്വര രാഷ്ട്രങ്ങളിൽ ഉത്പാദിപ്പിച്ച പരിസ്ഥിതി സൗഹൃദ ഉൽപ്പന്നങ്ങൾക്ക് മികച്ച വിപണി ലഭ്യമാക്കാൻ അവർ ശ്രദ്ധിക്കണമെന്നും ഓർമ്മിപ്പിച്ചു.
(Release ID: 1727158)
Visitor Counter : 154