പ്രധാനമന്ത്രിയുടെ ഓഫീസ്‌

മരുവല്‍ക്കരണം, ഭൂശോഷണം, വരള്‍ച്ച എന്നിവ സംബന്ധിച്ച ഐക്യരാഷ്ട്ര സഭയുടെ ഉന്നതതല സംഭാഷണ'ത്തില്‍ പ്രധാനമന്ത്രി നടത്തിയ മുഖ്യപ്രഭാഷണം

Posted On: 14 JUN 2021 8:28PM by PIB Thiruvananthpuram

പൊതുസഭയുടെ ബഹുമാനപ്പെട്ട അധ്യക്ഷന്‍,

മഹതികളേ മഹാന്മാരേ,

നമസ്‌കാരം

ഈ ഉന്നതതല സംഭാഷണ പരിപാടി സംഘടിപ്പിച്ചതിന് പൊതുസഭാധ്യക്ഷന് ഞാന്‍ നന്ദി അറിയിക്കുന്നു.

എല്ലാ ജീവജാലങ്ങള്‍ക്കും ഉപജീവനമാര്‍ഗങ്ങള്‍ക്കും പിന്തുണയേകുന്ന അടിസ്ഥാന ഘടകമാണ് ഭൂമി. മാത്രമല്ല, ജീവിതശൃംഖല എന്നത് ഒരു പരസ്പര ബന്ധിത സംവിധാനമായി പ്രവര്‍ത്തിക്കുന്നുവെന്ന് നമുക്കെല്ലാം അറിയാം. ദുഃഖകരമെന്നു പറയട്ടെ, ഭൂശോഷണം ഇന്ന് ലോകത്തിന്റെ മൂന്നില്‍ രണ്ട് ഭാഗത്തെയും ബാധിക്കുകയാണ്. ഇത് കണക്കിലെടുക്കാതിരുന്നാല്‍, അത് നമ്മുടെ സമൂഹങ്ങള്‍, സമ്പദ്വ്യവസ്ഥകള്‍, ഭക്ഷ്യസുരക്ഷ, ആരോഗ്യം, ജീവിതസുരക്ഷ, ജീവിത നിലവാരം എന്നിവയുടെ അടിത്തറ കാര്‍ന്നുതിന്നും. അതിനാല്‍, ഭൂമിക്കും അതിന്റെ വിഭവങ്ങള്‍ക്കുംമേലുള്ള കടുത്ത സമ്മര്‍ദ്ദം നാം കുറയ്‌ക്കേണ്ടതുണ്ട്. തീര്‍ച്ചയായും, ഒരുപാട് ജോലികള്‍ നമുക്ക് മുന്നിലുണ്ട്. എന്നാല്‍, നമുക്ക് അത് ചെയ്യാന്‍ കഴിയും. നമുക്ക് ഒരുമിച്ചത് ചെയ്യാന്‍ കഴിയും.


ബഹുമാനപ്പെട്ട അധ്യക്ഷന്‍,

ഇന്ത്യയില്‍, ഞങ്ങള്‍ എല്ലായ്‌പ്പോഴും മണ്ണിന് പ്രാധാന്യം നല്‍കുകയും പവിത്രമായ ഭൂമിയെ ഞങ്ങളുടെ അമ്മയായി കണക്കാക്കുകയും ചെയ്യുന്നു. അന്താരാഷ്ട്ര വേദികളില്‍ ഭൂശോഷണ പ്രതിസന്ധികള്‍ ഉയര്‍ത്തിക്കാട്ടുന്നതിന് ഇന്ത്യ മുന്‍കൈയെടുത്തു. 2019-ലെ ഡല്‍ഹി പ്രഖ്യാപനം ഭൂമിയുടെ മികച്ച ലഭ്യതയും മേല്‍നോട്ടവും സാധ്യമാക്കാനും സ്ത്രീ പുരുഷ ലിംഗ സംബന്ധിയായ പരിവര്‍ത്തന പദ്ധതികള്‍ക്ക് പ്രാധാന്യം കൊടുക്കുവാനും ആഹ്വാനം ചെയ്തു. ഇന്ത്യയില്‍, കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഏകദേശം 3 ദശലക്ഷം ഹെക്ടര്‍ വനമേഖല കൂട്ടിച്ചേര്‍ത്തു. ഇത് സംയോജിത വനമേഖലയെ രാജ്യത്തിന്റെ മൊത്തം വിസ്തൃതിയുടെ നാലിലൊന്നായി വര്‍ധിപ്പിച്ചു.

ഭൂശോഷണ നിഷ്പക്ഷതയില്‍ ദേശീയ പ്രതിബദ്ധത ഉറപ്പാക്കുന്നതിനുള്ള പാതയിലാണ് ഞങ്ങള്‍. 2030-ഓടെ ശോഷണം സംഭവിച്ച 26 ദശലക്ഷം ഹെക്ടര്‍ ഭൂമി പുനഃസ്ഥാപിക്കുന്നതിനും ഞങ്ങള്‍ ശ്രമിക്കുന്നു. 2.5 മുതല്‍ 3 ബില്യണ്‍ ടണ്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിനു തുല്യമായി കാര്‍ബണ്‍ ആഗിരണ ക്ഷമത പ്രാപ്തമാക്കാനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയ്ക്ക് ഇത് കാരണമാകും.

മണ്ണിന്റെ മികച്ച സ്ഥിതി, ഭൂമിയുടെ ഉയര്‍ന്ന ഉല്‍പ്പാദനക്ഷമത, ഭക്ഷ്യസുരക്ഷ, മെച്ചപ്പെട്ട ഉപജീവനമാര്‍ഗ്ഗം എന്നിവയുടെ മികച്ച ചക്രത്തിനു തുടക്കം കുറിക്കാന്‍ ഭൗമപുനഃസ്ഥാപനത്തിനു കഴിയുമെന്നു ഞങ്ങള്‍ വിശ്വസിക്കുന്നു. ഇന്ത്യയുടെ പല ഭാഗങ്ങളിലും ഞങ്ങള്‍ ചില പുതിയ സമീപനങ്ങള്‍ സ്വീകരിച്ചു. ഉദാഹരണമായി, ഗുജറാത്തിലെ റാന്‍ ഓഫ് കച്ചിലെ ബന്നി പ്രദേശത്ത് ഭൂശോഷണം വര്‍ധിക്കുകയും മഴലഭ്യത തീരെ കുറയുകയും ചെയ്തു. ആ പ്രദേശത്ത്, പുല്‍മേടുകള്‍ സ്ഥാപിച്ചാണ് ഭൗമപുനഃസ്ഥാപനം സാധ്യമാക്കിയത്. ഇത് ഭൂശോഷണ നിഷ്പക്ഷത കൈവരിക്കാന്‍ സഹായിച്ചു. മൃഗസംരക്ഷണം പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഗ്രാമീണ മേഖലയിലെ പ്രവര്‍ത്തനങ്ങളെയും ഉപജീവനത്തെയും ഇത് പിന്തുണയ്ക്കുന്നു. അതുപോലെ തന്നെ, തദ്ദേശീയ ആശയങ്ങള്‍ പ്രോത്സാഹിപ്പിച്ചുകൊണ്ട് ഭൗമപുനഃസ്ഥാപനത്തിനായി ഫലപ്രദമായ നയങ്ങള്‍ വിഷ്‌കരിക്കേണ്ടതുണ്ട്.

ബഹുമാനപ്പെട്ട അധ്യക്ഷന്‍,

ഭൂശോഷണം  വികസ്വര രാജ്യങ്ങള്‍ക്ക് കടുത്ത വെല്ലുവിളിയാണുയര്‍ത്തുന്നത്. ദക്ഷിണ-ദക്ഷിണ സഹകരണം കണക്കിലെടുത്ത്, ഭൗമപുനഃസ്ഥാപനത്തിനുള്ള നയങ്ങള്‍ വികസിപ്പിക്കുന്നതിന് ഇന്ത്യ ഒപ്പമുള്ള വികസ്വര രാജ്യങ്ങളെ സഹായിക്കുന്നുണ്ട്. ഭൂശോഷണ പ്രശ്‌നങ്ങളില്‍ ശാസ്ത്രീയ സമീപനം പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു മികവിന്റെ കേന്ദ്രവും ഇന്ത്യയില്‍ തുടങ്ങുന്നു. 

ബഹുമാനപ്പെട്ട അധ്യക്ഷന്‍,

മനുഷ്യന്റെ പ്രവര്‍ത്തനം മൂലമുണ്ടായ ഭൂമിയുടെ നാശനഷ്ടത്തിനു പരിഹാരം കാണേണ്ടത് മനുഷ്യരാശിയുടെ കൂട്ടായ ഉത്തരവാദിത്വമാണ്. നമ്മുടെ ഭാവിതലമുറയ്ക്കായി ആരോഗ്യകരമായ ഒരു ഗ്രഹത്തെ വിട്ടുനല്‍കുക എന്നത് നമ്മുടെ പവിത്രമായ കടമയാണ്. അവരുടെയും നമ്മുടെയും നല്ലതിനായി, ഈ ഉന്നതതല സംഭാഷണത്തില്‍ ഫലപ്രദമായ ചര്‍ച്ചകള്‍ക്കായി ഞാന്‍ ആശംസകള്‍ നേരുന്നു.

 

നന്ദി.

വളരെയധികം നന്ദി.

*****(Release ID: 1727099) Visitor Counter : 210