ആയുഷ്‌

അന്താരാഷ്ട്ര യോഗാ ദിനത്തിനായുള്ള മുന്നൊരുക്ക സമ്മേളനം - 2021 സംഘടിപ്പിച്ചു


നമസ്തേ യോഗ ആപ്പ് പ്രകാശനം ചെയ്തു

Posted On: 12 JUN 2021 10:17AM by PIB Thiruvananthpuram

ഏഴാമത് അന്താരാഷ്ട്ര യോഗാദിനത്തിന്റെ മുന്നൊരുക്ക സമ്മേളനം ജൂണ്‍ 10ന് വൈകിട്ട് ഓണ്‍ലൈനില്‍ സംഘടിപ്പിച്ചു. രണ്ടുകേന്ദ്ര മന്ത്രിമാര്‍ക്കൊപ്പം പ്രമുഖ യോഗ ഗുരുക്കന്മാരുടെ നിരയും പരിചയസമ്പന്നരായ യോഗാ പ്രവര്‍ത്തകരും ഒത്തുചേര്‍ന്ന് വ്യക്തിയുടെയും മനുഷ്യരാശിയുടെയും നന്മയ്ക്കായി ദൈനംദിന ജീവിതം യോഗയ്ക്കായി നീക്കിവയ്ക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. ''നമസ്തേ യോഗ, യോഗയക്കായി സമര്‍പ്പിക്കുക'' എന്ന മൊബൈല്‍ ആപ്ലിക്കേഷനും ചടങ്ങില്‍ പ്രകാശനം ചെയ്തു.

 മൊറാര്‍ജി ദേശായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യോഗ(എംഡിഎന്‍ഐ)യുമായി ചേര്‍ന്ന് ആയുഷ് മന്ത്രാലയം സംഘടിപ്പിച്ച ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരിപാടിയില്‍ കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി ശ്രീ പ്രകാശ് ജാവദേക്കറും ആയുഷ് സഹമന്ത്രി ശ്രീ കിരണ്‍ റിജിജുവും അന്താരാഷ്ട്ര യോഗാദിനം 2021ലെ കേന്ദ്രവിഷയത്തിന്റെ പ്രാധാന്യം അടിവരയിട്ടു. ''യോഗയ്ക്കൊപ്പം നില്‍ക്കുക, വീട്ടിലുണ്ടായിരിക്കുക'' ' എന്നതാണ് വിഷയം. ആത്മീയ നേതാക്കളും അന്താരാഷ്ട്ര പ്രശസ്ത യോഗ ഗുരുക്കളും  ശ്രീ ശ്രീ രവിശങ്കര്‍, സദ്ഗുരു ജഗ്ഗി വാസുദേവ്, സിസ്റ്റര്‍ ശിവാനി, സ്വാമി ചിദാനന്ദ് സരസ്വതി തുടങ്ങിയവരും യോഗയുടെ സവിശേഷവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ സവിശേഷതകള്‍ക്ക് പ്രാധാന്യം നല്‍കി സംസാരിച്ചു. ആഴത്തിലുള്ള ആത്മീയ മാനങ്ങള്‍ മുതല്‍ ദൈനംദിന ജീവിതവും കോവിഡുമായി ബന്ധപ്പെട്ട പ്രയോജനവും വരെ ഉള്‍പ്പെടുന്നതാണ് യോഗ. മറ്റ് പ്രമുഖരും ഉള്‍ക്കാഴ്ചയുള്ള സന്ദേശങ്ങള്‍ നല്‍കി ചടങ്ങ് സമ്പുഷ്ടമാക്കി.

 ആരോഗ്യകരവും സന്തുഷ്ടവുമായ ജീവിതത്തിലേക്കുള്ള മാര്‍ഗമാണ് യോഗയെന്ന് ശ്രീ പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ഊര്‍ജ്ജസ്വലമായ നേതൃത്വത്തിലുള്ള കേന്ദ്ര ഗവണ്‍മെന്റ് സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കിടയിലും യോഗയെ പ്രോത്സാഹിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

അന്താരാഷ്ട്ര യോഗാദിനം  2021 നെക്കുറിച്ചു ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്യുന്ന 10 ദിവസത്തെ പരമ്പരയെക്കുറിച്ച് ആയുഷ് മന്ത്രി ശ്രീ കിരണ്‍ റിജിജു വിശദീകരിച്ചു. ''യോഗയ്ക്കൊപ്പം വീട്ടിലുണ്ടായിരിക്കുക'' എന്നതാണ ഈ പരമ്പരയുടെയും കേന്ദ്ര സന്ദേശം. ഇത് അടിയന്തിര ആരോഗ്യ ഘട്ടങ്ങളില്‍ പ്രസക്തമാണ്.  ആരോഗ്യ ഉന്നമനത്തിലും പ്രതിരോധ പ്രവര്‍ത്തനങ്ങളിലും യോഗയുടെ ഫലപ്രാപ്തി നന്നായി സ്ഥാപിക്കപ്പെട്ടിട്ടുണ്ട്.  രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും സമ്മര്‍ദ്ദം കുറയ്ക്കുന്നതിനുമുള്ള യോഗയുടെ നേട്ടങ്ങള്‍ തെളിവുകളിലൂടെ പ്രകടമായതാണ്  ''മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കൂടുതല്‍ പൗരന്മാരെ യോഗാദിനത്തിന്റെ പ്രവര്‍ത്തനത്തിലേക്ക് കൊണ്ടുവരികയെന്നതാണ് മന്ത്രാലയത്തിന്റെ ലക്ഷ്യം. അതുവഴി യോഗയിലൂടെ നമ്മുടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും ശാരീരികവും വൈകാരികവുമായ ക്ഷേമം വ്യാപിപ്പിക്കുകയാണ് ലക്ഷ്യം'' മന്ത്രി പറഞ്ഞു.
പൊതുജനങ്ങള്‍ക്കു യോഗയെയും യോഗാദിനത്തെയും കുറിച്ചു വിവരങ്ങള്‍ നല്‍കുന്നതിനാണ് ആപ്പ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. യോഗയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും വലിയ ഒരു വിഭാഗം ജനങ്ങള്‍ക്ക് അത് പ്രാപ്യമാക്കുന്നതിനും ആപ്പ് ലക്ഷ്യമിടുന്നു.

 യോഗ ശാരീരിക ആരോഗ്യത്തിന്റെ കാര്യത്തില്‍ മാത്രമല്ല, മൊത്തത്തിലുള്ള ക്ഷേമവുമായും ബന്ധപ്പെട്ടതാണെന്ന് യോഗ ഗുരുക്കള്‍ ഉറപ്പിച്ചുപറയുന്നു. കോവിഡ് പകര്‍ച്ചവ്യാധിയുടെ സമയത്ത് ഇത് വളരെ പ്രാധാന്യമര്‍ഹിക്കുന്നു.'യോഗ ജീവിതത്തെക്കുറിച്ചാണ്, നമ്മുടെ ജീവിതശൈലിയില്‍ മാറ്റം വരുത്തേണ്ട മാര്‍ഗമാണ് യോഗ പരിശീലിപ്പിക്കുന്നത്'  അവര്‍ ചൂണ്ടിക്കാട്ടി. ഇന്നത്തെ ലോകം പ്രതിസന്ധിയിലാണെന്നും പകര്‍ച്ചവ്യാധികള്‍ക്കിടയിലും യോഗ അതിനുള്ള വഴി കാണിക്കുന്നുവെന്നും ശ്രീ ശ്രീ രവിശങ്കര്‍ പറഞ്ഞു.  സദ്ഗുരു ജഗ്ഗി വാസുദേവ യോഗയുടെ പ്രായോഗിക വശത്തെക്കുറിച്ച് ഊന്നിപ്പറയുകയും യോഗ പരിശീലിക്കുന്നവര്‍ ആനന്ദകരമായ ജീവിതം നയിക്കുകയും ചെയ്യുന്നുവെന്ന് ആവര്‍ത്തിക്കുകയും ചെയ്തു. പണ്ടുമുതലേ പരിശീലിക്കുന്ന ഒരു ചികില്‍സാ രീതി മാത്രമല്ല, ജീവിതരീതി കൂടിയാണ് യോഗയെന്ന് സ്വാമി ചിദാനന്ദ് സരസ്വതി പറഞ്ഞു.  സമഗ്ര ജീവിതത്തിന്റെ ഒരു ശാസ്ത്രമാണ് യോഗയെന്ന് വ്യാസ സര്‍വകലാശാല ചാന്‍സലര്‍ എച്ച് ആര്‍ നാഗേന്ദ്ര പറഞ്ഞു. സാജി ജയദേവ, സിസ്റ്റര്‍ ശിവാനി, സ്വാമി ഭാരത് ഭൂഷണ്‍, പ്രൊഫ. തനുജ നേസരി, ഡോ. ബി.എന്‍ ഗംഗാധര്‍, ശ്രീ കമലേഷ് ഡി. പട്ടേല്‍, ശ്രീ ഒ. പി. തിവാരി, യോഗാചാര്യ ശ്രീ എസ്. ശ്രീധരന്‍ എന്നിവരും സംസാരിച്ചു.

 ആയുഷ് സെക്രട്ടറി വി.ഡി. രാജേഷ് കോട്ടെച്ചയും ജോയിന്റ് സെക്രട്ടറി പി എന്‍ രഞ്ജിത് കുമാറും ആയുഷ് മന്ത്രാലയം വഹിച്ച പങ്കിനെക്കുറിച്ചും യോഗാ വ്യാപനത്തെ സഹകരണപരമായ രീതിയില്‍ സുഗമമാക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധതയെക്കുറിച്ചും വിശദീകരിച്ചു.

യോഗാ നടപടിക്രമത്തിന്റെ വിവിധ വശങ്ങളെക്കുറിച്ചുള്ള 10 എപ്പിസോഡ് പരമ്പര  ജൂണ്‍ 12 മുതല്‍ 21 വരെ ഡിഡി ഇന്ത്യയില്‍ സംപ്രേഷണം ചെയ്യും.  മൊറാര്‍ജി ദേശായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യോഗ (എംഡിഎന്‍ഐ) ആണ് പരമ്പര് നിര്‍മ്മിച്ചിരിക്കുന്നത്.

 എംഡിഎന്‍ഐവൈ ഡയറക്ടര്‍ ഐ.വൈ ഡോ. ബസവ റെഡ്‌ഡിയും   ആയുഷ് മന്ത്രാലയത്തിന്റെ മാധ്യമ ഉപദേഷ്ടാവ് സഞ്ജയ് ദേവും പാനല്‍ ചര്‍ച്ചയും ഏകോപിപ്പിച്ചു.
 


(Release ID: 1726475) Visitor Counter : 206