ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ് വാക്‌സിനേഷന്‍ സംബന്ധിച്ച വിശദീകരണം
കോവിഡ് വാക്‌സിനേഷനെ കുറിച്ച് സാധാരണ ചോദിക്കപ്പെടുന്ന ചോദ്യങ്ങള്‍
അലര്‍ജിയുള്ളവര്‍ക്ക് വാക്‌സിനെടുക്കാമോ?
ഗര്‍ഭിണികള്‍ക്ക് കോവിഡ് 19 വാക്‌സിനെടുക്കാമോ? മുലയൂട്ടുന്ന അമ്മമാര്‍ക്കോ?
വാക്‌സിനെടുക്കുന്നതിലൂടെ ആവശ്യമായത്ര ആന്റിബോഡികള്‍ ഉല്‍പാദിപ്പിക്കപ്പെടുമോ?
വാക്‌സിനെടുത്താല്‍ രക്തം കട്ടപിടിക്കുന്നതു സാധാരണമാണോ?
എനിക്ക് കോവിഡ് ബാധ ഉണ്ടാകുന്നപക്ഷം എത്ര ദിവസം കഴിഞ്ഞ് വാകിസനെടുക്കാം?
Posted On:
08 JUN 2021 10:17AM by PIB Thiruvananthpuram
അലര്‍ജിയുള്ളവര്‍ക്ക് വാക്‌സിനെടുക്കാമോ?
ഗര്‍ഭിണികള്‍ക്ക് കോവിഡ് 19 വാക്‌സിനെടുക്കാമോ? മുലയൂട്ടുന്ന അമ്മമാര്‍ക്കോ?
വാക്‌സിനെടുക്കുന്നതിലൂടെ ആവശ്യമായത്ര ആന്റിബോഡികള്‍ ഉല്‍പാദിപ്പിക്കപ്പെടുമോ?
വാക്‌സിനെടുത്താല്‍ രക്തം കട്ടപിടിക്കുന്നതു സാധാരണമാണോ?
എനിക്ക് കോവിഡ് ബാധ ഉണ്ടാകുന്നപക്ഷം എത്ര ദിവസം കഴിഞ്ഞ് വാകിസനെടുക്കാം?
കോവിഡ് വാക്‌സിനേഷന്‍ സംബന്ധിച്ചു ജനങ്ങള്‍ സാധാരണ ചോദിക്കുന്ന ചോദ്യങ്ങളാണ് ഇവ. ജൂണ്‍ ആറിന് ഞായറാഴ്ച ഡിഡി ന്യൂസിലെ പ്രത്യേക പരിപാടിയില്‍ നിതി ആയോഗ് അംഗം (ആരോഗ്യം) ഡോ. വി.കെ.പോളും ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗലേറിയയും കോവിഡ് 19 വാക്‌സിന്‍ സംബന്ധിച്ച സംശയങ്ങള്‍ക്കു മറുപടി നല്‍കിയിരുന്നു.
ശരിയായ വസ്തുതകളും അറിവും ലഭിക്കാനും രോഗബാധയില്‍നിന്നു രക്ഷ നേടുന്നതിനും വായിക്കുക. ഇവയ്ക്കും മറ്റു ചോദ്യങ്ങള്‍ക്കുമുള്ള മറുപടി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ എഫ്.എ.ക്യുവിലും കാണാം.
ഇവിടെ എംബഡ് ചെയ്യേണ്ട വീഡിയോ
അലര്‍ജിയുള്ളവര്‍ക്കു വാക്‌സിനെടുക്കാമോ?
ഡോ. പോള്‍: ഗൗരവമേറിയ അലര്‍ജിപ്രശ്‌നമുണ്ടെങ്കില്‍ വൈദ്യോപദേശം തേടിയ ശേഷം മാത്രമേ വാക്‌സിനെടുക്കാവൂ. അതേസമയം, ജലദോഷം വരുന്നതോ ത്വക്കിലുള്ള അലര്‍ജിയോ പോലുള്ള നിസ്സാരമായ അലര്‍ജിയാണെങ്കില്‍ വാക്‌സിന്‍ എടുക്കാന്‍ മടിക്കേണ്ടതില്ല.
ഡോ. ഗലേറിയ: അലര്‍ജിക്കു മരുന്നു കഴിക്കുന്നവരാണെങ്കില്‍ വാക്‌സിനെടുക്കുമ്പോള്‍ മരുന്നു നിര്‍ത്തരുത്. കഴിക്കുന്നതു തുടരണം. വാക്‌സിനേഷന്‍ നിമിത്തമുണ്ടാകാവുന്ന അലര്‍ജി കൈകാര്യം ചെയ്യുന്നതിനുള്ള സംവിധാനം വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ ഉറപ്പാക്കേണ്ടതാണ്. അതിനാല്‍ത്തന്നെ, ഗുരുതരമായ അലര്‍ജിയുണ്ടെങ്കിലും മരുന്നു കഴിക്കുന്നതു തുടര്‍ന്നുകൊണ്ട് വാക്‌സിനെടുക്കണമെന്നാണു ഞങ്ങളുടെ ഉപദേശം.
ഗര്‍ഭിണികള്‍ക്ക് കോവിഡ് 19 വാക്‌സിനെടുക്കാമോ?
ഡോ. പോള്‍: ഇപ്പോഴത്തെ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം (2021 മെയ് 19ലെ പി.ഐ.ബി. റിലീസ് https://pib.gov.in/PressReleasePage.aspx?PRID=1719925 വായിക്കുക) ഗര്‍ഭിണികള്‍ക്കു വാക്‌സിന്‍ നല്‍കരുത്. വാക്‌സിന്‍ പരീക്ഷണത്തില്‍നിന്നു ലഭ്യമായ വിവരങ്ങള്‍ വെച്ച് ഗര്‍ഭിണികള്‍ക്കു വാക്‌സിന്‍ നല്‍കാമെന്ന തീരുമാനമെടുക്കാന്‍ ഡോക്ടര്‍മാര്‍ക്കോ ശാസ്ത്ര ലോകത്തിനു സാധിക്കാത്തതിനാലാണ് ഇത്. ശാസ്ത്രീയമായ അറിവിന്റെ പിന്‍ബലത്തില്‍ ഇക്കാര്യത്തില്‍ ഏതാനും ദിവസത്തിനകം കേന്ദ്ര ഗവണ്‍മെന്റ് വ്യക്തത വരുത്തും.
പല കോവിഡ് വാക്‌സിനുകളും ഗര്‍ഭിണികള്‍ക്കു സുരക്ഷിതമാണെന്നു കണ്ടെത്തിവരികയാണ്. നമ്മുടെ രണ്ട് വാക്‌സിനുകളും ആ കൂട്ടത്തില്‍ പെടുമെന്ന പ്രത്യാശയിലാണു നാം. വളരെ കുറഞ്ഞ സമയംകൊണ്ടാണു വാക്‌സിന്‍ കണ്ടുപിടിക്കപ്പെട്ടത് എന്നതിനാലും ആദ്യം നടത്തുന്ന പരീക്ഷണങ്ങളില്‍ ഗര്‍ഭിണികളെ ഉള്‍പ്പെടുത്താറില്ല എന്നതിനാലും സുരക്ഷ മാനിച്ച് അല്‍പം കാത്തിരിക്കാനാണു ജനങ്ങളോടു ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നത്.
ഡോ. ഗലേറിയ: പല രാജ്യങ്ങളും ഗര്‍ഭിണികള്‍ക്കു വാക്‌സിന്‍ നല്‍കിത്തുടങ്ങി. യു.എസ്. എഫ്.ഡി.എ. ഫൈസര്‍, മോഡേണ വാക്‌സിനുകള്‍ക്ക് അംഗീകാരം നല്‍കിക്കഴിഞ്ഞു. കോവാക്‌സിനും കോവിഷീല്‍ഡും സംബന്ധിച്ച വിവരങ്ങള്‍ ഉടന്‍ പുറത്തുവരും. കുറച്ചു കാര്യങ്ങള്‍ ഇപ്പോള്‍ തന്നെ അറിയാം. ആവശ്യമായ മുഴുവന്‍ വിവരങ്ങളും അല്‍പ ദിവസത്തിനകം ലഭിക്കുമെന്നും അതോടെ ഇന്ത്യയിലെ ഗര്‍ഭിണികള്‍ക്കു വാക്‌സിന്‍ നല്‍കുന്നതിന് അംഗീകാരം നല്‍കാന്‍ കഴിയുമെന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.
മുലയൂട്ടുന്ന അമ്മമാര്‍ക്കു കോവിഡ് 19 വാകിസനെടുക്കാമോ?
ഡോ.പോള്‍: ഇതു സംബന്ധിച്ചു വ്യക്തമായ മാര്‍ഗരേഖയുണ്ട്. മുലയൂട്ടുന്ന അമ്മമാര്‍ക്കു വാക്‌സിന്‍ പൂര്‍ണമായും സുരക്ഷിതമാണ്. പേടിക്കേണ്ട ആവശ്യമേയില്ല. വാക്‌സിനേഷനു മുന്‍പോ ശേഷമോ മുലയൂട്ടുന്നതു നിര്‍ത്തിവെക്കേണ്ട കാര്യവുമില്ല.
(https://pib.gov.in/PressReleasePage.aspx?PRID=1719925)
വാക്‌സിനെടുക്കുക വഴി ആവശ്യത്തിന് ആന്റിബോഡി ഉല്‍പാദിപ്പിക്കപ്പെടുമോ?
ഡോ. ഗലേറിയ: ഉല്‍പാദിപ്പിക്കപ്പെടുന്ന ആന്റിബോഡികളുടെ അളവു മാത്രംവെച്ച് വാക്‌സിനുകളുടെ ഫലപ്രാപ്തി നാം കണക്കാക്കരുതെന്നതു വളരെ പ്രധാനമാണെന്നു തിരിച്ചറിയണം. വാക്‌സിനുകള്‍ പലതരത്തിലുള്ള സംരക്ഷണം നല്‍കുന്നു- ആന്റിബോഡികള്‍ വഴിയുള്ളതോ സെല്‍ മീഡിയേറ്റഡ് ഇമ്മ്യൂണിറ്റി വഴിയുള്ളതോ മെമ്മറി സെല്‍ (നമുക്കു രോഗബാധയുണ്ടായാല്‍ കൂടുതല്‍ ആന്റിബോഡികള്‍ ഉല്‍പാദിപ്പിക്കുന്നവ) വഴിയുള്ളതോ പോലെ. ഇതുവരെ പുറത്തുവന്നിട്ടുള്ള ഫലപ്രാപ്തി സംബന്ധിച്ച ഫലങ്ങള്‍ പരീക്ഷണങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഓരോ പരീക്ഷണത്തിന്റെയും പഠന രീതി അല്‍പാല്‍പം വ്യത്യസ്തവുമാണ്.
കോവാക്‌സിന്‍, കോവിഷീല്‍ഡ്, സ്പുട്‌നിക് വി എന്നീ വാക്‌സിനുകളെല്ലാം ഏറെക്കുറെ തുല്യമായി ഫലപ്രദമാണെന്ന് ഇതുവരെയുള്ള ഡാറ്റ ചൂണ്ടിക്കാട്ടുന്നു. ഈ വാക്‌സിന്‍, ആ വാക്‌സിന്‍ എന്നു ചിന്തിക്കാതെ നിങ്ങള്‍ക്കു ലഭ്യമായ വാക്‌സിനെടുക്കുക. അതുവഴി നിങ്ങളും കുടുംബവും സുരക്ഷിതമായിരിക്കുക.
ഡോ. പോള്‍: വാക്‌സിനേഷനു ശേഷം ആന്റിബോഡി ടെസ്റ്റ് നടത്തണമെന്നു ചിന്തിക്കുന്നവരുണ്ട്. എന്നാല്‍, ആന്റിബോഡികള്‍ മാത്രമല്ല ഒരാളുടെ പ്രതിരോധത്തെ സൂചിപ്പിക്കുന്നത് എന്നതിനാല്‍ ഇത് ആവശ്യമില്ല. ടി-സെല്ലുകളോ മെമ്മറി സെല്ലുകളോ നിമിത്തമാണിത്. നമ്മുടെ ശരീരത്തില്‍ വാക്‌സിനെത്തുമ്പോള്‍ ഇവയ്ക്കു ചില മാറ്റങ്ങള്‍ സംഭവിക്കുന്നു. അതുവഴി കരുത്തും പ്രതിരോധ ശേഷിയും നേടുന്നു. ടി-സെല്ലുകള്‍ അസ്ഥികളുടെ മജ്ജയിലാണെന്നതിനാല്‍ ആന്റിബോഡി ടെസ്റ്റുകളിലൂടെ കണ്ടെത്താനാവില്ല. അതിനാല്‍ ഞങ്ങളുടെ അഭ്യര്‍ഥന വാക്‌സിനെടുക്കുംമുന്‍പോ ശേഷമോ ആന്റിബോഡി ടെസ്റ്റ് നടത്തേണ്ടെന്നും ലഭ്യമായ വാക്‌സിന്‍ ഏതാണോ അത് എടുക്കണമെന്നും രണ്ടു ഡോസുകളും യഥാസമയം എടുക്കണമെന്നും കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കണമെന്നുമാണ്. കോവിഡ് 19 ബാധിച്ചവര്‍ വാക്‌സിന്‍ എടുക്കേണ്ടതില്ലെന്ന തെറ്റിദ്ധാരണയും വെച്ചുപുലര്‍ത്തരുത്.
വാക്‌സിനെടുത്താല്‍ രക്തം കട്ടപിടിക്കുന്നതു സാധാരണമാണോ?
ഡോ. പോള്‍: ചിലരില്‍, വിശേഷിച്ച് ആസ്ട്ര-സെനേക വാക്‌സിന്‍ എടുത്തവരില്‍, ഇങ്ങനൊയൊരു പ്രശ്‌നം വന്നിരുന്നു. ഈ അപകട സാധ്യത ഉണ്ടായത് യൂറോപ്പിലാണ്. അതാകട്ടെ, യുവാക്കളിലും. അവരുടെ ജീവിതശൈലിയും ശരീര പ്രകൃതിയും ജനിതക സവിശേഷതകളുമാണു കാരണം. എന്നാല്‍, ഇന്ത്യയില്‍ നാം ഇതു സംബന്ധിച്ചു പരിശോധന നടത്തിയിരുന്നു. ഇത്തരം സംഭവങ്ങള്‍ അവഗണിക്കത്തക്കവിധം കുറവാണെന്ന് ഉറപ്പുനല്‍കാന്‍ ആഗ്രഹിക്കുന്നു. നമ്മുടെ രാജ്യത്തുള്ളതിനെ അപേക്ഷിച്ച് 30 ഇരട്ടി കൂടുതലാണ് ഈ പ്രശ്‌നം യൂറോപ്പില്‍.
ഡോ. ഗലേറിയ: അമേരിക്കയിലെയും യൂറോപ്പിലെയും ജനങ്ങളെ അപേക്ഷിച്ച് ശസ്ത്രകിയയ്ക്കു ശേഷം രക്തം കട്ടപിടിക്കുന്ന പ്രശ്‌നം ഇന്ത്യയില്‍ കുറവാണെന്നു നേരത്തേ തന്നെ വെളിപ്പെട്ടിട്ടുള്ളതാണ്. ഈ പാര്‍ശ്വഫലം, അതായത് വാക്‌സിന്‍ നിമിത്തമുണ്ടാകുന്ന ത്രോംബോസിസ് അഥവാ ത്രോംബോസൈറ്റോപീനിയ, യൂറോപ്പില്‍ ഉള്ളതിന് അപേക്ഷിച്ച് ഇന്ത്യയില്‍ വളരെ വിരളമാണ്. അതിനാല്‍, ഇതിനെ ഭയക്കേണ്ടതില്ല. നേരത്തേ കണ്ടെത്താന്‍ സാധിക്കുന്നപക്ഷം ഇതിനു ചികിസല്‍യുണ്ടു താനും.
കോവിഡ് ബാധയുണ്ടായാല്‍ എത്ര ദിവസം കഴിഞ്ഞ് എനിക്കു വാക്‌സിനെടുക്കാം?
ഡോ. ഗലേറിയ: ഏറ്റവും ഒടുവിലത്തെ മാര്‍ഗരേഖ പ്രകാരം കോവിഡ് ബാധിതനായ ഒരു വ്യക്തിക്ക് രോഗമുക്തി ലഭിച്ച് മൂന്നു മാസം കഴിഞ്ഞാല്‍ വാക്‌സിനെടുക്കാം. ഇങ്ങനെ ചെയ്താല്‍ ശരീരത്തിനു പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സാധിക്കുകയും വാക്‌സിന്‍ കൂടുതല്‍ ഫലപ്രമായിത്തീരുകയും ചെയ്യും. (https://pib.gov.in/PressReleasePage.aspx?PRID=1719925).
രണ്ടു വിദഗ്ധരും- ഡോ. പോളും ഡോ. ഗലേറിയയും ഇന്ത്യയില്‍ ഇതുവരെ കണ്ട ജനിതക വകഭേദങ്ങള്‍ക്കെല്ലാം എതിരെ നമ്മുടെ വാക്‌സിനുകള്‍ ഫലപ്രദമാണെന്ന് ഊന്നിപ്പറയുകയും ആവര്‍ത്തിക്കുകയും ചെയ്തു. ഗ്രാമങ്ങളിലോ വിദൂര സ്ഥലങ്ങളിലോ ഉള്ള ചിലര്‍ വെച്ചുപുലര്‍ത്തുന്ന തെറ്റിദ്ധാരണയാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാക്‌സിനെടുക്കുക വഴി നമ്മുടെ പ്രതിരോധ ശേഷി കുറയുകയോ മരണം സംഭവിക്കുകയോ ചെയ്യും എന്നതെന്ന് അവര്‍ പറഞ്ഞു.
***
(Release ID: 1725270)
Visitor Counter : 2176
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Bengali
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada