പ്രധാനമന്ത്രിയുടെ ഓഫീസ്‌

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സംഘടിപ്പിച്ച 12-ാം ക്ലാസ് വിദ്യാര്‍ത്ഥികളുടെ വെര്‍ച്വല്‍ ഒത്തുചേരലില്‍ പൊടുന്നനെ പങ്കുചേര്‍ന്ന് പ്രധാനമന്ത്രി വിസമയിപ്പിച്ചു


12-ാം ക്ലാസ് പരീക്ഷ റദ്ദാക്കിയതിന് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പ്രധാനമന്ത്രിയോട് നന്ദി പറഞ്ഞു

Posted On: 03 JUN 2021 9:41PM by PIB Thiruvananthpuram

12-ാം ക്ലാസ് വിദ്യാര്‍ത്ഥികളെയും അവരുടെ രക്ഷാകര്‍ത്താക്കളെയും പങ്കെടുപ്പിച്ചു കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സംഘടിപ്പിച്ച വെര്‍ച്വല്‍ കൂടിച്ചേരലില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും അപ്രതീക്ഷിതമായി പങ്കുചേര്‍ന്ന് അവരെ സന്തോഷകരമായ ആശ്ചര്യത്തിലാക്കി. സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ബോര്‍ഡ് പരീക്ഷ റദ്ദാക്കിയത് കണക്കിലെടുത്താണ് വിദ്യാഭ്യാസ മന്ത്രാലയം കൂടിച്ചേരല്‍ സംഘടിപ്പിച്ചത്. അപ്രതീക്ഷിതമായി  പ്രധാനമന്ത്രിയെ കണ്ട് ആശ്ചര്യത്തോടെ പുഞ്ചിരി തൂകിയ വിദ്യാര്‍ത്ഥിയോട് ''നിങ്ങളുടെ ഓണ്‍ലൈന്‍ യോഗത്തെ ഞാന്‍ ശല്യപ്പെടുത്തിയില്ലെന്ന് പ്രതീക്ഷിക്കുന്നു'' എന്നു പറഞ്ഞാണ് പ്രധാനമന്ത്രി ആരംഭിച്ചത്. പരീക്ഷയുമായി ബന്ധപ്പെട്ടു കുട്ടികളിലും രക്ഷിതാക്കളിലുമുയര്‍ന്ന സമ്മര്‍ദ്ദം ശ്രദ്ധയില്‍പ്പെട്ട നിമിഷത്തിന്റെ കനം കുറച്ചുകൊണ്ടാണ് മോദി വിദ്യാര്‍ത്ഥികളുമായി നേരിയ ആശ്വാസകരമായ നിമിഷങ്ങള്‍ പങ്കുവെച്ചത്. സ്വന്തം വ്യക്തിപരമായ അനുഭവങ്ങള്‍ പങ്കുവെച്ചുകൊണ്ട് അദ്ദേഹം വിദ്യാര്‍ത്ഥികളെ ആശ്വസിപ്പിച്ചു. പഞ്ച്കുല യില്‍ നിന്നുള്ള ഒരു വിദ്യാര്‍ത്ഥി കഴിഞ്ഞ കുറേ നാളുകളായി അനുഭവിക്കുന്ന പരീക്ഷയുടെ പിരിമുറുക്കത്തെക്കുറിച്ച് സംസാരിച്ചപ്പോള്‍ പ്രധാനമന്ത്രി ആ കുട്ടിയുടെ താമസസ്ഥലത്തെക്കുറിച്ച് ചോദിച്ചറിഞ്ഞു. താനും വളരെക്കാലം ആ പ്രദേശത്ത് താമസിച്ചതായി അദ്ദേഹം അറിയിച്ചു.

 കുട്ടികള്‍ പ്രധാനമന്ത്രിയുമായി അവരുടെ ആശങ്കകളും തുറന്ന കാഴ്ചപ്പാടുകളും സ്വതന്ത്രമായി പങ്കിട്ടു. പകര്‍ച്ചവ്യാധിക്കാലത്തെ പരീക്ഷകള്‍ റദ്ദാക്കിയതിന് ഹിമാചല്‍ പ്രദേശിലെ സോളനില്‍ നിന്നുള്ള ഒരു വിദ്യാര്‍ത്ഥി പ്രധാനമന്ത്രിയോട് നന്ദി പറഞ്ഞു; ഇത് ഒരു നല്ല തീരുമാനമാണെന്ന് പ്രശംസിച്ചു. ചില ആളുകള്‍ മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിക്കുന്നില്ലെന്ന് ഒരു വിദ്യാര്‍ത്ഥിനി വിലപിച്ചു. തന്റെ പ്രദേശത്ത് അവര്‍ സംഘടിപ്പിച്ച ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളെക്കുറിച്ചും കുട്ടി വിശദീകരിച്ചു. പകര്‍ച്ചവ്യാധിയുടെ അപകടത്തെക്കുറിച്ച് ആശങ്കാകുലരായതിനാല്‍ത്തന്നെ പ്രധാനമന്ത്രിയുടെ സാന്നിധ്യവും അദ്ദേഹവുമായുള്ള ആശയവിനിമയവും വിദ്യാര്‍ത്ഥികള്‍ക്കു നല്‍കിയത് തെളിഞ്ഞ ആശ്വാസം.
പരീക്ഷ റദ്ദാക്കാനുള്ള തീരുമാനത്തിന് ഭൂരിഭാഗം പേരും പ്രധാനമന്ത്രിയോട് നന്ദി പറഞ്ഞു. വളരെ ക്രിയാത്മകമായ തീരുമാനം എന്നാണ് മാതാപിതാക്കളും പ്രതികരിച്ചത്. തുറന്നതും ആരോഗ്യകരവുമായ ചര്‍ച്ചയുടെ ആവേശത്തില്‍, പ്രധാനമന്ത്രി എല്ലാ മാതാപിതാക്കളെയും ആശയവിനിമയത്തില്‍ പങ്കുചേരാന്‍ ആഹ്വാനം ചെയ്തു.

 പരീക്ഷ റദ്ദാക്കിയതിനുശേഷം ഉണ്ടായ പെട്ടെന്നുള്ള ശൂന്യതയെക്കുറിച്ച് പ്രധാനമന്ത്രി ചോദിച്ചപ്പോള്‍ ഒരു വിദ്യാര്‍ത്ഥി മറുപടി പറഞ്ഞു, 'സര്‍, പരീക്ഷകള്‍ ഒരു ഉത്സവമായി ആഘോഷിക്കണമെന്ന് അങ്ങ് പറഞ്ഞിട്ടുണ്ട്. അതിനാല്‍, പരീക്ഷകളേക്കുറിച്ച് എന്റെ മനസ്സില്‍ ഭയമില്ലായിരുന്നു.'  ഗുവാഹത്തിയില്‍ നിന്നുള്ള ഒരു വിദ്യാര്‍ത്ഥിനി പത്താം ക്ലാസ് മുതല്‍ വായിച്ചുകൊണ്ടിരുന്ന പ്രധാനമന്ത്രിയുടെ 'പരീക്ഷാ വാരിയേഴ്‌സ്' എന്ന പുസ്തകത്തെ അഭിനന്ദിച്ചു. അനിശ്ചിതാവസ്ഥയുടെ കാലത്തെ നേരിടാന്‍ ഒരു വലിയ സഹായമായി വിദ്യാര്‍ത്ഥികള്‍ യോഗയെക്കുറിച്ചു പരാമര്‍ശിച്ചു.

 ആശയവിനിമയം വളരെ സ്വാഭാവികമായിരുന്നു. അതിലേക്ക് എത്തിക്കുന്നതിന് പ്രധാനമന്ത്രിതന്നെ ഒരു ഉപായം ആവിഷ്‌കരിക്കേണ്ടിവന്നു. എല്ലാ വിദ്യാര്‍ത്ഥികളോടും അവരുടെ തിരിച്ചറിയല്‍ നമ്പര്‍ ഒരു കടലാസില്‍ എഴുതാന്‍ ആവശ്യപ്പെട്ടു. അതു നോക്കി അവരെ വിളിക്കാനും സംസാരം ഏകോപിപ്പിക്കാനും കഴിയും. ഉത്സാഹികളായ വിദ്യാര്‍ത്ഥികള്‍ സന്തോഷത്തോടെ ആ രീതി പിന്തുടര്‍ന്നു. ചര്‍ച്ചയുടെ വിഷയങ്ങള്‍ വിപുലീകരിക്കുന്നതിനായി പരീക്ഷ റദ്ദാക്കല്‍ തീരുമാനത്തില്‍ നിന്ന്  നൃത്തം, യൂട്യൂബ് മ്യൂസിക് ചാനലുകള്‍, വ്യായാമം, രാഷ്ട്രീയം എന്നിവയിലേക്കും പ്രധാനമന്ത്രി മാറി. വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും വിശാലമായി കാര്യങ്ങളോടു പ്രതികരിച്ചു. സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷങ്ങളേക്കുറിച്ച്, സ്വന്തം പ്രദേശങ്ങളേ ശരിയായി മനസ്സിലാക്കുകകൂടി ചെയ്ത് ഒരു ലേഖനം എഴുതാന്‍ പ്രധാനമന്ത്രി അവരോട് ആവശ്യപ്പെട്ടു.

 പൊതു പങ്കാളിത്തത്തിലൂടെയും കൂട്ടായ്മയിലൂടെയും കോവിഡ് 19 ന്റെ രണ്ടാം തരംഗത്തിനിടയില്‍ കണ്ട സംഘബോധത്തിനു പ്രധാനമന്ത്രി വിദ്യാര്‍ത്ഥികളെ പ്രശംസിച്ചു. ഐപിഎല്‍, ചാമ്പ്യന്‍സ് ലീഗ് കാണുമോ അതോ ഒളിമ്പിക്‌സ് അല്ലെങ്കില്‍ അന്താരാഷ്ട്ര യോഗ ദിനത്തിനായി കാത്തിരിക്കുമോ എന്ന് പ്രധാനമന്ത്രി വിദ്യാര്‍ത്ഥികളോട് ചോദിച്ചു. കോളേജ് പ്രവേശനത്തിനുള്ള പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കാന്‍ തനിക്ക് ഇപ്പോള്‍ മതിയായ സമയം ലഭിച്ചു എന്നായിരുന്നു ഒരു വിദ്യാര്‍ത്ഥിയുടെ മറുപടി.   പരിക്ഷ റദ്ദാക്കലിനുശേഷമുള്ള അവരുടെ സമയം ഫലപ്രദമായി വിനിയോഗിക്കാന്‍ അദ്ദേഹം വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടു.


(Release ID: 1724255) Visitor Counter : 193