മന്ത്രിസഭ

ഷാങ്ഹായ് സഹകരണ സംഘടനയിലെ എല്ലാ അംഗരാജ്യങ്ങളും തമ്മില്‍ ''ബഹുജന മാധ്യമ മേഖലയിലെ സഹകരണം'' സംബന്ധിച്ച കരാര്‍ ഒപ്പുവച്ചതിനും അംഗീകരിച്ചതിനും കേന്ദ്ര മന്ത്രിസഭയുടെ അനുമതി

Posted On: 02 JUN 2021 12:55PM by PIB Thiruvananthpuram

ഷാങ്ഹായ് സഹകരണ സംഘടനയിലെ എല്ലാ അംഗരാജ്യങ്ങളും തമ്മില്‍ ''ബഹുജന മാധ്യമ മേഖലയിലെ സഹകരണം'' സംബന്ധിച്ച കരാര്‍ ഒപ്പുവച്ചതിനും അത് അംഗീകരിച്ചതിനും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം  മുന്‍കാല പ്രാബല്യത്തോടെ അനുമതി നല്‍കി.  2019 ജൂണിലാണ്  കരാര്‍ ഒപ്പുവച്ചത്.
ബഹുജന മാധ്യമ മേഖലയിലെ സംഘടനകള്‍ക്കിടയില്‍ തുല്യവും പരസ്പര പ്രയോജനകരവുമായ സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനാണ് കരാര്‍. ഓരോ വര്‍ഷവും പരസ്പര സഹകരണത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുകയും അതുവഴി തുല്യത ഉറപ്പാക്കുകയും ചെയ്യും. അംഗരാജ്യങ്ങള്‍ക്ക് ബഹുജന മാധ്യമ രംഗത്ത് മികച്ച രീതികളും പുതിയ കണ്ടുപിടുത്തങ്ങളും പങ്കിടാന്‍ ഈ കരാര്‍ അവസരമൊരുക്കും.
തങ്ങളുടെ രാജ്യത്തെ ജനങ്ങളുടെ ജീവിതത്തെക്കുറിച്ചുള്ള അറിവ് കൂടുതല്‍ ആഴത്തിലാക്കുന്നതിന് ബഹുജന മാധ്യമങ്ങളിലൂടെ വിവരങ്ങള്‍ പരസ്പരം വിശാലമായി കൈമാറുന്നതിന് അനുകൂലമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കുക കരാറിന്റെ ലക്ഷ്യങ്ങളില്‍പ്പെടുന്നു.
രാജ്യങ്ങളിലെ ബഹുജന മാധ്യമ എഡിറ്റോറിയല്‍ ഓഫീസുകള്‍, ബഹുജന മാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രസക്തമായ മന്ത്രാലയങ്ങള്‍, ഏജന്‍സികള്‍, സംഘടനകള്‍ എന്നിവ തമ്മിലുള്ള സഹകരണം; പ്രത്യേക കരാറുകളിലൂടെ ഉള്‍പ്പെടെ പങ്കെടുക്കുന്നവര്‍ തന്നെ നിര്‍ണ്ണയിക്കേണ്ട കൃത്യമായ ഉപാധികളും നിഗമനങ്ങളും;  ലഭ്യമായ തൊഴില്‍ അനുഭവം പഠിക്കുന്നതിനും ബഹുജന മാധ്യമ രംഗത്ത് യോഗങ്ങള്‍, സെമിനാറുകള്‍, സമ്മേളങ്ങള്‍ എന്നിവ നടത്തുന്നതിനും അതാതു രാജ്യങ്ങളിലെ പത്രപ്രവര്‍ത്തകരുടെ തൊഴില്‍സംഘടനകള്‍ക്കിടയില്‍ തുല്യവും പരസ്പര പ്രയോജനകരവുമായ സഹകരണം പ്രോത്സാഹിപ്പിക്കുക;
ടെലിവിഷന്‍, റേഡിയോ പരിപാടികളുടെ പ്രക്ഷേപണത്തിന് സഹായിക്കുക, രാജ്യത്തിന്റെ അതിര്‍ത്തിക്കുള്ളില്‍ നിയമപരമായി വിതരണം ചെയ്യുക, രാജ്യങ്ങളുടെ നിയമനിര്‍മ്മാണത്തിന്റെ ആവശ്യകതകള്‍ നിറവേറ്റുന്നുവെങ്കില്‍ വിവരസാമഗ്രികളുടെയും വിവരങ്ങളുടെയും നിയമപരമായ പ്രക്ഷേപണവും അവയുടെ വിതരണവും നടത്തുക;
ബഹുജന മാധ്യമ മേഖലയിലെ അനുഭവ വിനിമയ വിദഗ്ധരെയും പ്രത്യേക വൈദഗ്ധ്യമുള്ളവരെയും പ്രോത്സാഹിപ്പിക്കുക, മാധ്യമ പ്രൊഫഷണലുകളെ പരിശീലിപ്പിക്കുന്നതിന് പരസ്പര സഹായം നല്‍കുക, ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ, ശാസ്ത്ര-ഗവേഷണ സ്ഥാപനങ്ങള്‍ക്കും സംഘടനകള്‍ക്കുമിടയില്‍ സഹകരണം പ്രോത്സാഹിപ്പിക്കുക. എന്നിവയാണ് കരാറിന്റെ  ഉള്ളടക്കം . 


..................


(Release ID: 1723695) Visitor Counter : 234