തൊഴില്‍, ഉദ്യോഗ മന്ത്രാലയം

കോവിഡ് 19 മൂലം മരണമടയുന്ന തൊഴിലാളികളുടെ ആശ്രിതര്‍ക്ക് കേന്ദ്ര തൊഴില്‍ മന്ത്രാലയം സുപ്രധാന സാമൂഹിക സുരക്ഷാ ആശ്വാസം പ്രഖ്യാപിച്ചു


Posted On: 30 MAY 2021 2:04PM by PIB Thiruvananthpuram

കോവിഡ് 19 മഹാമാരി ബാധിച്ചു മരിക്കുന്നവരുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവിന്റെ പശ്ചാത്തലത്തില്‍ കുടുംബാംഗങ്ങളുടെ ക്ഷേമത്തെക്കുറിച്ചുള്ള തൊഴിലാളികളുടെ ഭയവും ഉത്കണ്ഠയും പരിഹരിക്കുന്നതിന് കേന്ദ്ര തൊഴില്‍ മന്ത്രാലയം എംപ്ലോയീസ് സ്‌റ്റേറ്റ് ഇന്‍ഷുറന്‍സ കോര്‍പറേഷന്‍ (ഇഎസ്‌ഐസി), എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ) പദ്ധതികളിലൂടെ തൊഴിലാളികള്‍ക്ക് അധിക ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു. തൊഴിലുടമയ്ക്ക് അധികച്ചിലവില്ലാതെ തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട സാമൂഹിക സുരക്ഷ നല്‍കാനാണ് ശ്രമിക്കുന്നത്.

 നിലവില്‍ ഇഎസ്‌ഐസിക്ക് കീഴില്‍ ഇന്‍ഷ്വര്‍ ചെയ്ത വ്യക്തികള്‍ക്കായി മരണാനന്തരം അല്ലെങ്കില്‍ തൊഴില്‍ സമയത്തെ പരിക്ക് മൂലം അംഗവൈകല്യം സംഭവിച്ചാല്‍ ഭാര്യയ്‌ക്കോ വിധവയായ അമ്മയ്‌ക്കോ ആയുഷ്‌കാലത്തേയ്ക്ക് ,  അല്ലെങ്കില്‍ പ്രായപൂര്‍ത്തിയാകാത്ത മക്കള്‍ക്ക് 25 വയസ്സ് തികയുന്നത് വരെ അയാളുടെ ജീവിതകാലത്തെ ശരാശരി ദിവസശമ്പളത്തിന്റെ 90 ശതമാനത്തിനു തുല്യമായ തുക പെന്‍ഷനായി ലഭിക്കും. മകളാണെങ്കില്‍ അവളുടെ വിവാഹം വരെ ഈ ആനുകൂല്യം നല്‍കും.

 കോവിഡ് രോഗം കണ്ടെത്തുന്നതിനു മുമ്പായി ഇഎസ്‌ഐസിയുടെ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വ്യക്തികള്‍ മരിച്ചാല്‍ ആശ്രിത കുടുംബാംഗങ്ങള്‍ക്ക് ഇനിപ്പറയുന്ന വ്യവസ്ഥകള്‍ക്ക് വിധേയമായി, തൊഴില്‍ വേളയിലെ പരിക്ക് മൂലം മരിക്കുന്ന വ്യക്തികളുടെ ആശ്രിതര്‍ക്ക് ലഭിക്കുന്ന അതേ ആനുകൂല്യങ്ങള്‍ അതേ അളവില്‍ ലഭിക്കാന്‍ അര്‍ഹതയുണ്ടായിരിക്കുമെന്ന്  ഇഎസ്‌ഐ പദ്ധതിക്കു കീഴില്‍ ഇന്‍ഷ്വര്‍ ചെയ്ത വ്യക്തികളുടെ കുടുംബങ്ങളെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമായി തീരുമാനിച്ചു:

1. മരണത്തില്‍ കലാശിക്കുന്ന കോവിഡ് രോഗം കണ്ടെത്തുന്നതിന് കുറഞ്ഞത് മൂന്ന് മാസം മുമ്പെങ്കിലും ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം.

2. മരണത്തിന് കാരണമാകുന്ന കോവിഡ് രോഗനിര്‍ണയത്തിന് തൊട്ടുമുമ്പുള്ള ഒരു വര്‍ഷ കാലയളവില്‍, മരണമടഞ്ഞ വ്യക്തികുറഞ്ഞത് 78 ദിവസമെങ്കിലും ജോലി ചെയ്തിരിക്കണം.

അര്‍ഹതാ വ്യവസ്ഥകള്‍ ശരിയായിരിക്കുന്ന, കാവിഡ്‌രോഗം മൂലം മരണമടഞ്ഞ വ്യക്തിയുടെ ആശ്രിതര്‍ക്ക് അയാളുടെ ജീവിതത്തിലെ ശരാശരി ദൈനംദിന വേതനത്തിന്റെ 90% പ്രതിമാസ പെന്‍ഷന്‍ ലഭിക്കും. 2020 മാര്‍ച്ച് 20 മുതല്‍ രണ്ട് വര്‍ഷത്തേക്കാണ് ഈ പദ്ധതിയുടെ പ്രാബല്യം.

 ഇപിഎഫ്ഒയുടെ ഇഡിഎല്‍ഐ (എംപ്ലോയീസ് ഡെപ്പോസിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ്) പദ്ധതിയിലെ അംഗത്തിനു മരണമുണ്ടായാല്‍ ആശ്രിതരായ എല്ലാ കുടുംബാംഗങ്ങള്‍ക്കും ഇഡിഎല്‍ഐയുടെ ആനുകൂല്യങ്ങള്‍ നേടാന്‍ അര്‍ഹതയുണ്ട്. നിലവില്‍ ഈ പദ്ധതിക്കു കീഴില്‍, ഒരു തൊഴിലാളിയുടെ മരണാനന്തരം കുടുംബത്തിനു കിട്ടുന്ന ആനുകൂല്യങ്ങള്‍ക്ക് ഗ്രാറ്റുവിറ്റിക്ക് അര്‍ഹമായ ഏറ്റവും കുറഞ്ഞ സേവനത്തിന്റെ ആവശ്യമില്ല, ഇപിഎഫ് ആന്റ് എംപി ( എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ആന്റ് മിസലേനിയസ് പ്രൊവിഷന്‍സ്) നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം തൊഴിലാളി രോഗിയാവുകയും വര്‍ഷത്തില്‍ 91 ദിവസം ജോലിക്ക് എത്താന്‍ കഴിയുകയും ചെയ്താല്‍ വേതനത്തിന്റെ 70 ശതമാനം കുടുംബ പെന്‍ഷനായി നല്‍കുന്നുണ്ട്.

 തൊഴില്‍ മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ ഇനിപ്പറയുന്ന ഭേദഗതികള്‍ വരുത്തി:

1. മരണമടഞ്ഞ ജീവനക്കാരന്റെ കുടുംബാംഗങ്ങള്‍ക്ക് പരമാവധി ആനുകൂല്യ തുക 6 ലക്ഷത്തില്‍ നിന്ന് 7 ലക്ഷമായി ഉയര്‍ത്തി.

2. മരണത്തിന് മുമ്പ് ഒന്നോ അതിലധികമോ സ്ഥാപനങ്ങളില്‍ 12 മാസത്തേക്ക് തുടര്‍ച്ചയായി അംഗമായിരുന്ന ജീവനക്കാരുടെ അര്‍ഹതയുള്ള കുടുംബാംഗങ്ങള്‍ക്ക് 2.5 ലക്ഷം രൂപ ഏറ്റവും കുറഞ്ഞ ആനുകൂല്യം, അതേ സ്ഥാപനത്തില്‍ 12 മാസത്തേക്ക് തുടര്‍ച്ചയായ തൊഴില്‍ നല്‍കുന്നതിന് പകരം നല്‍കും. ഒരു സ്ഥാപനത്തില്‍ തുടര്‍ച്ചയായ ഒരു വര്‍ഷം ജോലി ചെയ്യാത്ത കരാര്‍, താല്‍ക്കാലിക തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുന്നത് ഒഴിവാക്കാന്‍ ഇത് ഗുണം ചെയ്യും.

3. 2020 ഫെബ്രുവരി 15 മുതല്‍ മുന്‍കാലാടിസ്ഥാനത്തില്‍ കുറഞ്ഞത് 2.5 ലക്ഷം നഷ്ടപരിഹാരം നല്‍കുന്നത് പുനസ്ഥാപിക്കും.
 
4. വരുന്ന 3 വര്‍ഷത്തിനുള്ളില്‍, അതായത്, 2021-22 മുതല്‍ 2023-24 വരെയുള്ള വര്‍ഷങ്ങളില്‍ ഇഡിഎല്‍ഐ ഫണ്ടില്‍ നിന്ന് യോഗ്യതയുള്ള കുടുംബാംഗങ്ങള്‍ക്ക് 50000 രൂപ അധിക ആനുകൂല്യം ഉള്‍പ്പെടെ നല്‍കുന്നതിന് 2185 കോടി രൂപ ചെലവാകുമെന്ന് കണക്കാക്കുന്നു.

5. പതിനായിരത്തോളം തൊഴിലാളികളുടെ കോവിഡ് മരണങ്ങള്‍ മൂലമുള്ള അധിക അപേക്ഷകള്‍ ഉള്‍പ്പെടെ 50,000 കുടുംബങ്ങള്‍ ആശ്രിത സഹായ അപേക്ഷകള്‍ സമര്‍പ്പിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.

 ഈ ക്ഷേമ നടപടികള്‍ കോവിഡ് -19 രോഗം മൂലം മരണമടഞ്ഞ തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് ആവശ്യമായ പിന്തുണ നല്‍കുകയും പകര്‍ച്ചവ്യാധിയുടെ ഈ വെല്ലുവിളി നിറഞ്ഞ കാലത്ത് സാമ്പത്തിക ഞെരുക്കങ്ങളില്‍ നിന്ന് അവരെ സംരക്ഷിക്കുകയും ചെയ്യും.

 

***



(Release ID: 1722925) Visitor Counter : 417